ടച്ചിങ്സ്

HIGHLIGHTS
  • സർഗാത്മകത കടന്നുവരുന്ന വഴികൾ
Kadhakkoottu1200-July31
എ.പി. ആൻഡ്രൂസുകുട്ടി, ഇ. ഇക്കണ്ടവാരിയർ, കുമാരനാശാൻ, അയ്യപ്പപ്പണിക്കർ
SHARE

ഉറങ്ങാനിരുന്നവരെയൊക്കെ ഉണർത്തിവിട്ട ഒരു വെടിക്കെട്ടിനെപ്പറ്റി പറയട്ടെ. ഭാഷാപോഷിണിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഒരു സെമിനാർ നടക്കുന്നു. ഉച്ചയൂണു കഴിഞ്ഞ് കേരള സർവകലാശാലാ ലിംഗ്വിസ്റ്റിക്സിലെ ഡോ. എ പി ആൻഡ്രൂസുകുട്ടിയുടെ പ്രഭാഷണമാണ്. മനോരമയുടെ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വയുടെ മുൻ അധ്യാപകനാണെങ്കിലും എനിക്കു പരിചയമൊന്നുമില്ലാത്ത വ്യക്തി. എനിക്കാണെങ്കിൽ ഉച്ചയൂണു കഴിഞ്ഞ് ഒന്നു മയങ്ങുന്ന സ്വഭാവവുമുണ്ട്. അതുകൊണ്ട് മയങ്ങിയാലും ആരും ശ്രദ്ധിക്കാതിരിക്കാൻ പുറകിലത്തെ ഒരു പന്തിയിൽ പോയി ഇരുന്നു.

വ്യാകരണത്തെപ്പറ്റിയാണ് ആൻഡ്രൂസുകുട്ടിയുടെ പ്രഭാഷണം. ‌ഉറങ്ങാൻ പറ്റിയ വിഷയം.

വിട്ടുവീഴ്ചയില്ലാത്ത വൈയാകരണനായ പന്മന രാമചന്ദ്രൻ നായർ ‘അബദ്ധപഞ്ചാംഗങ്ങൾ’ എന്നപേരിൽ ‘മാതൃഭൂമി’യിൽ ഒരു പരമ്പര എഴുതിക്കൊണ്ടിരിക്കുന്ന കാലമാണത്. സർവാദരണീയനായ പന്മനസാറിന്റെ പേരു പറയാതെ പ്രസംഗത്തിനിടയിൽ ആൻഡ്രൂസുകുട്ടി ഒരു തട്ടുതട്ടി; വ്യാകരണനിയമങ്ങളെടുത്തടിച്ച് കുട്ടികളെ മലയാളത്തിൽനിന്ന് ഓടിക്കരുത്. ഇത്തരം കാര്യങ്ങളിൽ നമുക്കൊരു പന്മനസ്സല്ല, സന്മനസ്സാണു വേണ്ടത്.

ദൈവമേ, പേരു പറയാതെ പറഞ്ഞ് എന്തൊരുതട്ട്. ആൻഡ്രൂസു കുട്ടിയുടെ നർമത്തിലേക്കുള്ള എന്റെ പ്രവേശികയായിരുന്നു അത്. ഉറക്കം ഏതുവഴി പോയെന്നു പിടികിട്ടിയില്ല.

ഇങ്ങനെയൊക്കെ പറയാനും എഴുതാനുമുള്ള സർഗാത്മകത എവിടെനിന്നു വരുന്നുവെന്ന് നാം അദ്ഭുതപ്പെട്ടുപോകും.

ജലദോഷത്തിനു മരുന്നു കഴിച്ചാൽ ഏഴു ദിവസംകൊണ്ടു മാറും, മരുന്നു കഴിച്ചില്ലെങ്കിൽ ഒരാഴ്ചയെടുക്കും എന്നു പറഞ്ഞത് ആരാണ്?

പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഇന്ത്യയിലെ അമേരിക്കൻ അംബാസഡറുമായിരുന്ന ജോൺ കെന്നത്ത് ഗാൽബ്രയിത്തിന്റെ പ്രസിദ്ധമായ ഒരു നിർവചനമുണ്ട്; മുതലാളിത്ത വ്യവസ്ഥയിൽ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നു. കമ്യുണിസത്തിലാകട്ടെ നേരെ തിരിച്ചാണ്.

കൊച്ചിയിൽ ഇക്കണ്ടവാരിയർ പ്രധാനമന്ത്രിയായപ്പോൾ

‘‘ഇക്കണ്ടവാരിയർമാരൊക്കെയുണ്ടായിട്ട് പ്രധാനമന്ത്രിയാക്കാൻ ഇക്കണ്ടവാരിയരെ മാത്രമല്ലേ കണ്ടുള്ളൂ’’ എന്നു പറഞ്ഞയാളുടെ പേരു മറന്നുപോയതിന്റെ ദുഃഖം എനിക്ക് ഇതുവരെ തീർന്നിട്ടില്ല.

എഴുതിക്കിട്ടിയ പാട്ടിന്റെ വരികൾ നോക്കി സംഗീതസംവിധായകൻ രവീന്ദ്രൻ വയലാർ ശരത്ചന്ദ്ര വർമയോടു പറഞ്ഞ വാചകം എങ്ങനെ മറക്കാനാണ്?

നീ വയലാറിന് പി. ഭാസ്കരനിലുണ്ടായ മകനാണ്.

ഒരേ കാര്യംതന്നെ രണ്ടുപേര്‍ പറയുമ്പോഴുള്ള വ്യത്യാസം കൂടി നോക്കുക. ‘ഒരു വിലാപം’ എന്ന കൃതിയിൽ സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്.

ഒരു സംഗതിയിന്നപോലെതാൻ 

വരുമെന്നാർക്കുമറിഞ്ഞിടാൻ പണി

അതേ ആശയം കുമാരനാശാന്റെ മനസ്സിലുദിച്ചപ്പോൾ എത്ര മനോഹരമായി എന്നു നോക്കുക!

ഒരു നിശ്ചയമില്ല ഒന്നിനും 

വരുമോരോ ദശവന്നപോലെ പോം.

പണ്ടൊരു ആറാം ക്ലാസുകാരൻ തന്നെ കവിത പഠിപ്പിച്ചതിനെപ്പറ്റി സജയ് കെ.വി. എഴുതിയിട്ടുണ്ട്. സർക്കാർ പള്ളിക്കൂടത്തിലെ ആ ക്ലാസിൽ സജയ് കുട്ടികളോട‌ു പറഞ്ഞു, കാക്കയെപ്പറ്റി ഒരു കവിത രചിക്കാൻ. ബിനീഷ് എന്ന കുട്ടി എഴുതിയതിങ്ങനെ:

കാക്ക കരയുമ്പോൾ സ്വന്തം പേരു പറയുന്നു.

മൗലികകാവ്യപ്രകാശത്താൽ താനാകെ അഞ്ചിപ്പോയി എന്നു സജയ്. 

മനോഹരമായ ഒരു പറ്റിക്കല്‍ കഥയുടെ ‘കാക്കേ കാക്കേ കൂടെവിടെ?’’ എന്ന പാട്ട് മഹാകവി ഉള്ളൂരിന്റെതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുള്ളവരായിരിക്കും ഇന്നു കൂടുതൽ. ആ കാക്കപ്പാട്ടിനെ ‘വാക്കേ വാക്കേ കൂടെവിടെ?’ എന്നു മാറ്റിയെഴുതിയിട്ടുണ്ട് എം. ഗോവിന്ദൻ.

തെളിവില്ലായ്മയുടെ കഷണ്ടിയിൽ കവിതകൊണ്ടുള്ള ചരിത്രമെഴുത്ത് എന്നു പി. കെ. ബാലകൃഷ്ണൻ എഴുതിയത് പൂർവസൂരികളെ വിമർശിക്കാനാണെങ്കിലും അതിന്റെ സൗന്ദര്യത്തികവു നോക്കുക.

വായിക്കാൻ ശ്ശി കഷ്ടപ്പെടണം എന്നു ചിലർ പറഞ്ഞെങ്കിലും ഏറെ വായിക്കപ്പെട്ട രണ്ടു കൃതികളിലേക്കു നോക്കാം. ഒരു മാസിക 2007ൽ ലോകത്തിലെ പല എഴുത്തുകാരോടും ചോദിച്ചു: ഇംഗ്ലിഷിൽ അവർ വായിക്കാൻ ഏറെ പ്രയാസപ്പെട്ട രചന ഏതെന്ന്. മിക്കവരും പറഞ്ഞത് ജയിംസ് ജോയ്സിന്റെ യുളീസസ് (Ulysses) ആണെന്നാണ്. അതിലെ നാൽപത്തഞ്ചു പേജ് ഒരൊറ്റ ഖണ്ഡികയാണ്. അതിനിടയ്ക്ക് യാതൊരു വിരാമചിഹ്നവുമില്ല. വായിക്കേണ്ടവർ കുറെ വിരാമചിഹ്നങ്ങൾ കയ്യിൽനിന്ന് ഇട്ടുകൊടുക്കണം.

മലയാളിയായ പ്രമുഖ എഴുത്തുകാരൻ ജീത് തയ്യിലിന്റെ ആദ്യ നോവലായ ‘നർക്കോപോളിസി’ന്റെ ആദ്യത്തെ ആറു പേജ് ഇടയ്ക്ക് പൂർണവിരാമമില്ലാത്ത ഒരൊറ്റ വാചകമാണ്.

ഇന്ന് ത്രീഡി അനിമേഷനിൽമാത്രം കണ്ടനുഭവിക്കാൻ കഴിയുന്ന ഒരു സ്പർശനസുഖം അച്ചടിച്ച അക്ഷരങ്ങളിലൂടെ നമുക്കു തന്ന അയ്യപ്പപ്പണിക്കരുടെ സർഗാത്മകതയെ എത്ര അഭിനന്ദിച്ചാലാണു മതിയാവുക? മുയലിനെ കവിതയിലാക്കിയപ്പോൾ ‘ഫഫഫ എന്തൊരു ഫതുഫതുഫ്പ്’ എന്നാണ് അദ്ദേഹം വിരലമർത്തി പാടിയത്.

നമ്മുടെ മനോധര്‍മ വായനകൾക്കുകൂടി ഇടം അവശേഷിപ്പിച്ചുകൊണ്ട് എഴുതാൻ അയ്യപ്പപ്പണിക്കരെപ്പോലെ എല്ലാവർക്കും കഴിയുമോ എന്ന ചോദ്യം ഞാൻ കേൾക്കുന്നു. ഭാഷാപിതാവു എഴുത്തച്ഛൻ പോലും ചെയ്തത് അതല്ലേ? മീൻ തൊട്ടുകൂട്ടാൻ മേൽപത്തൂർ ഭട്ടതിരിപ്പാട് പറഞ്ഞതിലൂടെ മത്സ്യം നല്ല ടച്ചിങ്സ് ആണെന്ന് ആദ്യം പറഞ്ഞത് അദ്ദേഹമല്ലേ?

English Summary: English Summary: ‘Kadhakoottu’ Column written by Thomas Jacob, Some interesting usages in languages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.