അമ്മയ്ക്ക് ഒരു നേഴ്‍സി കില്ലിങ് !

Mercy Killing
SHARE

അമ്മ ഒരു മാസമായി ഐസിയുവിലാണ്. 

എന്തിനാണെന്ന് അമ്മയ്ക്കറിയില്ല.

നേർത്ത നൂൽപ്പാലത്തിലൂടെ വേച്ചും വിറച്ചും പതറിയും ഇടറിയും അങ്ങോട്ടുമിങ്ങോട്ടും അമ്മ നടന്നുകൊണ്ടിരിക്കുന്നു !

പ്രവേശനമില്ല എന്ന് എഴുതിയ കണ്ണാടി വാതിലിലൂടെ ഇടയ്ക്കിടെ നഴ്സുമാർ ഉള്ളിലേക്ക് കയറിപ്പോവുകയും പിന്നെ ഇറങ്ങിവരികയും ചെയ്യുന്നത് നോക്കിയിരിക്കലായി ഞങ്ങൾ മക്കളുടെ ജോലി. അതു കാൺകെ അമ്മ പണ്ടെങ്ങോ കാണിച്ചു തന്ന അടുക്കളയുടെ പിന്നിലെ തേനീച്ചക്കൂട് ഓർമ വന്നു. യൂണിഫോമിട്ട തേനീച്ചകൾ ആരെയും മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് കയറിപ്പോവുകയും പുറത്തിറങ്ങുകയും ചെയ്യുന്നതുപോലെ.. 

ഐസിയുവിന്റെ നെറ്റിയിൽ ചുവപ്പും പച്ചയും നിറത്തിൽ രണ്ടു ബൾബുകൾ പരസ്പരം ആലോചിച്ചെന്ന പോലെ കത്തുകയും കെടുകയും ചെയ്യുന്നുണ്ടായിരുന്നു.

രണ്ടോ മൂന്നോ കർട്ടനിട്ട സ്വകാര്യതയുടെ ഉള്ളിൽ നിന്ന് ആരൊക്കെയോ ഇറങ്ങി വന്ന് അമ്മയെപ്പറ്റി ആധികാരികമായി ഓരോന്നു പറയുന്നതു കേൾക്കെ മകൻ എന്നുള്ള ആത്മവിശ്വാസം എനിക്കു നഷ്ടപ്പെടാൻ തുടങ്ങി. അമ്മ സത്യത്തിൽ ഇപ്പോൾ ആരുടേതാണ് !

ഡോക്ടർ പറഞ്ഞു.. നിങ്ങളുടെ അമ്മ ഈയിടെയായി‍ നിങ്ങളുടെ പേര് മറന്നു പോയെന്നു തോന്നുന്നു. അംനീഷ്യയുടെ സിംപ്റ്റംസ് കാണിക്കുന്നുണ്ട്. 

ഞാൻ സംശയിച്ചു.. എന്റെ പേര്...?

ഡോക്ടർ ഒറ്റച്ചാട്ടത്തിന് വേലിചാടി.... അതേ.. നിങ്ങളുടെ പേര് ! നിങ്ങളും അതു മറന്നുപോയോ.. എനിക്ക് ഓർമയുണ്ട്. വിനീത് വാസുദേവൻ എന്നാണ് നിങ്ങളുടെ പേര്.. ശരിയല്ലേ.. ?

ഞാൻ പറഞ്ഞു.. പനിയെന്നു കേൾക്കുമ്പോഴേ തുടയിൽ കുത്തിവയ്ക്കല്ലേ, ഡോക്ടർ.. ഞാൻ പറഞ്ഞു വന്നത് അമ്മയുടെ കാര്യമാണ്.   അമ്മ ഒരിക്കലും എന്റെ ആ നീളൻ പേര് ഓർത്തിരുന്നില്ല. അത് അച്ഛൻ ഇട്ട പേരാണ്. അമ്മയ്ക്കു ഞാൻ എന്നും വെറും കുഞ്ചുവാണ്.

ഡോക്ടർ ഒരു പുതിയ സാധ്യത തുറന്നു കിട്ടിയതുപോലെ പറഞ്ഞു...  ഓകെ. അടുത്ത തവണ ഞാൻ‍ കുഞ്ചു എന്ന സ്പെസിമെൻ ഉപയോഗിച്ച് നിങ്ങളുടെ അമ്മയുടെ മെമ്മറി ചെക്ക് ചെയ്യാം.

ഡോക്ടർമാരെല്ലാം ഇതുപോലെയാണ്. എല്ലാവരുടെയും രോഗത്തിനു മരുന്നുണ്ടെന്ന് അവർ വിശ്വസിക്കുന്നു. എന്നിട്ട് ഒരു ദിവസം എല്ലാവരെയും പോലെ അവരും രോഗം വന്നു മരിച്ചു പോകുന്നു. എനിക്കു ചിരി വന്നു.

എന്നും വൈകിട്ട് അഞ്ച് മുപ്പതിനായിരുന്നു അമ്മയെ കാണാൻ ആശുപത്രിക്കാർ അനുവദിച്ച നല്ലനേരം.

എസിയുവിൽ കയറാൻനേരം നഴ്സുമാർ തന്ന നീളൻ കോട്ട് എനിക്ക് ഒട്ടും ചേരുന്നുണ്ടായിരുന്നില്ല. ആ കോട്ടിട്ട് കയറിച്ചെന്നതുകൊണ്ടാവാം അമ്മ എന്നെ സംശയത്തോടെ നോക്കി. 

ഞാൻ അമ്മയുടെ മുടിയിൽ മെല്ലെ തഴുകി. കുറെനാളായി അമ്പലക്കുളത്തിൽ കുളിക്കാത്തുകൊണ്ടാവാം അമ്മയുടെ മുടിയിഴകൾ വിദേശത്തു നിന്നു കൊണ്ടുവന്ന ഒരു പഴയ വയലിന്റെ കമ്പികൾ പോലെ തോന്നിച്ചു. അവയിൽ തൊടുമ്പോൾ താരാട്ടുപാട്ടിന്റെ സംഗീതം ഞാൻ കേട്ടു.. 

ഞാൻ മെല്ലെ വിളിച്ചു.. അമ്മേ..

അമ്മ പറഞ്ഞു... വിനീത് വാസുദേവൻ അല്ലേ... ?

അടുത്തു നിന്ന നഴ്സിന്റെ ആത്മഹർഷം ഒരു വെളുത്ത മന്ദാരപ്പൂവായി ചുണ്ടിൽ വിടർന്നു.  അവൾ പറഞ്ഞു.. കുറെ നേരമായി ഈ പേര് അമ്മയെക്കൊണ്ടു പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. ഈശോയ്ക്ക് താങ്ക്സ്.. 

ഞാൻ നിസ്സഹായനായി അമ്മയെ നോക്കി. അമ്മ ഒരുപാട് അർഥങ്ങളുളള ചിരി ചിരിച്ചു. അതിൽ രോഗിയുടെ നിസ്സഹായത നിഴലിച്ചു.

അമ്മ ചോദിച്ചു..  മോനേ, കുഞ്ചൂ..  കണ്ണടയ്ക്കുമ്പോൾ ഞാൻ പലതും കാണുന്നുണ്ട്. നമ്മുടെ വെളുത്ത ആട്ടിൻകുട്ടി, അതിന്റെ ചുണ്ടിലെ പാൽപ്പത,  നിന്റെ അച്ഛന്റെ ഇസ്തരിയിട്ട ഉടുപ്പുകൾ, നമ്മുടെ നെൽപ്പാടം, സന്ധ്യയ്ക്കു കൊളുത്തുന്ന വിളക്ക്..

നഴ്സ് പറഞ്ഞു....  ഈയിടെയായി ഒരുപാട് ഹാലൂസിനേഷൻസ് ഉണ്ട്. അതിനും മെഡിസിൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്..

ഞാൻ മുടിയിൽ തഴുകെ അമ്മ മെല്ലെ സുഖമുള്ള മയക്കത്തിലേക്ക് വീണു.  ഞാൻ അമ്മയുടെ നിറുകയിൽ ഒരുമ്മ കൊടുത്തു. അത് നഴ്സിന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി.   ഉമ്മ വീണ ഭാഗത്ത് എന്റെ ചുണ്ടിലെ നനവിന്റെ ഇലപ്പാടുകൾ പറ്റിയിരുപ്പുണ്ടോയെന്ന് നഴ്സ് സൂക്ഷിച്ചു നോക്കുന്നതു കണ്ട് ഞാൻ ചോദിച്ചു.. യൂ ഓൾസോ നീഡ് വൺ ?

അവൾ ചിരിച്ചു. 

ഞാൻ മുറിവിട്ടിറങ്ങി. 

പുറത്ത് പകലിനും രാത്രിക്കും വേണ്ടാത്തതുപോലെ സായംസന്ധ്യ വന്നു വിളക്കു കൊളുത്തിയിട്ട് ഇരുളിലേക്ക് ഒതുങ്ങി നിന്നു.  

സന്ധ്യയ്ക്ക് വീട്ടിൽ പെൺകുട്ടികളുണ്ടെങ്കിൽ നിലവിളക്കു കൊളുത്തിയില്ലെങ്കിലും കുഴപ്പമില്ലെന്ന് അമ്മ പറയുമായിരുന്നു.

ആൺകുട്ടികളുണ്ടെങ്കിലോ അമ്മേ എന്ന് ഒരിക്കൽ ചോദിക്കെ അമ്മ പറഞ്ഞു...  പിന്നെ കാവൽനായ വേറെ വേണ്ട...

അതുകേട്ട് അനിയത്തി പൂവിരിയും പോലെ ചിരിച്ചപ്പോൾ എനിക്കു മനസ്സിലായി നിലവിളക്കു വേറെ വേണ്ടെന്ന്.

ഇന്നലെ വൈകിട്ട് ഐസിയുവിൽ നിന്നിറങ്ങി വന്ന് ഡോക്ടർ പറഞ്ഞു... അമ്മയുടെ കണ്ടിഷൻ അൽപം ക്രിട്ടിക്കലാണ്. ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്.. നിങ്ങൾ ബിലീവേഴ്സ് ആണെങ്കിൽ പ്രാർഥിച്ചോളൂ..

ഞാ‍ൻ ചോദിച്ചു.. എന്തിന്  ?

ഡോക്ടർക്കു ദേഷ്യം വന്നു. അദ്ദേഹം ഈർഷ്യയോടെ വിശദീകരിച്ചു.. നിങ്ങളുടെ അമ്മയുടെ അവസ്ഥ തീർത്തും അൺപ്രെഡിക്റ്റബിൾ ആണ്.  ചിലപ്പോൾ അടുത്ത നിമിഷംതന്നെ ഒരു സാഡ് ന്യൂസ് ഞങ്ങൾക്കു പറയേണ്ടി വരും.  ചിലപ്പോൾ വൺ ഇയർ... ടെൻ ഇയേഴ്സ് വരെ ഇങ്ങനെ കിടന്ന കേസുകളുമുണ്ട്..

ഞാൻ ചോദിച്ചു. അമ്മയുടെ അവസ്ഥയെപ്പറ്റി അമ്മയ്ക്ക് അറിയാമോ?

ഡോക്ടർ കഴുത്തിൽ ചുറ്റിക്കിടന്ന ജീവനില്ലാത്ത  പാമ്പിനെ കൈയിലെടുത്തുകൊണ്ടു പറഞ്ഞു.. ഇത്തരം കാര്യങ്ങളിൽ മെഡിക്കൽ സയൻസിന് കൃത്യമായ ഒരുത്തരം പറയാൻ കഴിയില്ല.  സ്റ്റെതസ്കോപ്പിൽ കേൾക്കുന്ന ശബ്ദങ്ങളേ ഞങ്ങൾക്കു കേൾക്കാൻ കഴിയൂ.. 

ഇന്നലെ വൈകിട്ട് കാണുമ്പോൾ അമ്മ ഉറങ്ങുകയായിരുന്നു.  ആരോ നിർബന്ധിച്ച് ഉറക്കിയതുപോലെ തോന്നി.. വയർ തുളച്ച് ആറാമത്തെ ട്യൂബും അമ്മയുടെ ഉടലിൽ ആയിക്കഴിഞ്ഞു. 

നഴ്സ് ഓരോന്നായി വിശദീകരിക്കാൻ തുടങ്ങി... അമ്മ ഇപ്പോൾ വെന്റിലേറ്ററിലാണ്.  ഇത് ഓക്സിജൻ ട്യൂബ്, ഇത് ലിക്വിഡ് ഫോമിൽ ഫുഡ് ഉള്ളിലേക്ക് കൊടുക്കുന്നതിനുള്ള ട്യൂബ്, ഇത് യൂറിൻ ഔട്ട്ഫ്ളോ...

ഞാൻ വെറുതെ കേട്ടുനിന്നു. 

അമ്മ വീണ്ടും ക്ഷീണിച്ചിരുന്നു. വിരലുകൾ ഉണങ്ങിയ ചെമ്പരത്തിപ്പൂക്കൾ. അതോ വാഴച്ചുണ്ടിലെ അല്ലികളോ..

മഞ്ഞുകാലത്തെ ഒരു കുഞ്ഞിക്കുരുവി അമ്മയുടെ നെഞ്ചിനുള്ളിൽ വല്ലാതെ ദുർബലയായി ചിറകടിക്കുന്നു.  ഇനിയൊരു കുഴൽകൂടിയിട്ടാൽ അതിലൂടെ പറന്നു പുറത്തുപോകുമെന്നതു പറയുന്നതുപോലെ തോന്നി.

കാലുകൾ നീരുവച്ച് വീങ്ങിയതുപോലെ..

എവിടെ നിന്നോ അമ്മയുടെ ശബ്ദം കേട്ടതുപോലെ..  എന്റെ താലി എവിടെ ? അച്ഛൻ എടുത്തോ ? നീയൊന്നു ചോദിച്ചേ..

ഞാൻ ഉറക്കെ ചോദിച്ചു.. അമ്മയെന്താ പറഞ്ഞെ.. ? എന്താ പറഞ്ഞെ..?

നഴ്സ് ആണ് മറുപടി പറഞ്ഞത്... അമ്മ രണ്ടു ദിവസമായി സംസാരിക്കുന്നില്ല.  സത്യം പറഞ്ഞാൽ ഒരു റിയാക്ഷനുമില്ല. ഇന്നലെ ഞങ്ങൾ കുഞ്ചൂ, കുഞ്ചൂ എന്ന് ചെവിയിൽ പറഞ്ഞു നോക്കി. അപ്പോൾ അമ്മയുടെ ചുണ്ടിൽ ഒരു ചിരി വന്നു. ഇന്നും അതുണ്ടായിരുന്നു. അൽപം മുമ്പ് ബോഡി ക്ളീൻ ചെയ്യുന്നതിനിടെ ചുണ്ടു തുടയ്ക്കുമ്പോൾ മാഞ്ഞു പോയെന്നു തോന്നുന്നു.

അമ്മ വീണ്ടും പറയുന്നതുപോലെ.. അച്ഛൻ  ഇന്നലെ എന്നെ തല്ലിയെടാ.. എന്തിനാണെന്നോ..? നിനക്കു മാർക്കു കുറഞ്ഞതിന്..

ഞാൻ ചോദിച്ചു.. എന്നിട്ട് അമ്മയ്ക്കു വേദനിച്ചോ..

അതിനും മറുപടി പറഞ്ഞത് നഴ്സാണ്.. ഇനിയിപ്പോൾ വേദന ഒന്നും സെൻസ് ചെയ്യില്ല. സെമി കോമ സ്റ്റേജാണ്. 

ഡോക്ടർ സമാധാനിപ്പിക്കാനായി വെറുതെ പറഞ്ഞു.. ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്..

എന്തിന് എന്നു ചോദിക്കാൻ തോന്നി. ചോദിച്ചില്ല. 

ഞാൻ കരയാനായി ഐസിയുവിനു പുറത്തിറങ്ങി...

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PENAKATHY
SHOW MORE
FROM ONMANORAMA