‌ഉമ്മ കൊണ്ടൊരു സൂത്രവിദ്യ

penakathi
SHARE

മായാജാലപ്രകടനത്തിന്റെ ഇടവേളയിൽ അഖിൽ ചക്രവർത്തി എന്ന മാന്ത്രികന്റെ അരികിലെത്തി ഒരു യുവതി  ചോദിച്ചു... നിങ്ങൾക്കു സത്യത്തിൽ കൺകെട്ട് അറിയാമോ?

മജീഷ്യൻ ഒരു മാന്ത്രികപ്പൂച്ചയെപ്പോലെ ചിരിച്ചു..  എന്താണ് നിനക്ക് സംശയം ?

അവൾ പറഞ്ഞു.. എങ്കിൽ എന്റെ ഭർത്താവിന്റെ മുന്നിൽവച്ച് അദ്ദേഹം കാണാതെ നിങ്ങൾക്ക് എന്നെ ചുംബിക്കാമോ? 

മജിഷ്യൻ നോക്കി. സുന്ദരിയായ ഒരു യുവതി വെല്ലുവിളിപോലെ മുന്നിൽ.  അതുവരെ ചെയ്യാത്ത മായാജാലപ്രകടനത്തിലൂടെ അവളെ ഒരു മുയൽക്കുട്ടിയാക്കി കൂട്ടിലിടാൻ മജീഷ്യന്റെ വിരലുകൾ വിറച്ചു. 

മജീഷ്യൻ ചോദിച്ചു.. എന്താണ് നിന്റെ പേര് ?

അവൾ പറഞ്ഞു..  മായാറാണി മേനോൻ. ഇനി നിങ്ങളുടെ അടുത്ത സംശയത്തിനുള്ള ഉത്തരം കൂടി ഞാൻ പറയാം. എന്റെ ഭർത്താവ് ഈ സദസ്സിന്റെ മുൻനിരയിലുണ്ട്. 

മജീഷ്യൻ മുന്നോട്ടു വച്ച മൂക്ക് പിന്നോട്ടു വലിച്ചിട്ടു പറഞ്ഞു... നീ പറഞ്ഞതുപോലെ ചെയ്യാൻ എനിക്കു കഴിയും.  പക്ഷേ നിനക്ക് എന്താണ് എന്നോട് ഇങ്ങനെയൊരു ആഗ്രഹം തോന്നാൻ കാരണം ? 

അവൾ പറഞ്ഞു.. എനിക്ക് മാന്ത്രികന്മാരെ പണ്ടേ ഇഷ്ടമാണ്.  നിങ്ങൾ കാഴ്ചയിൽ സുന്ദരനാണ്. നിങ്ങളുടെ വിരലുകൾ ചലിക്കുമ്പോൾ അന്തരീക്ഷത്തിൽ മഴവില്ലുകൾ വിരിയുന്നുണ്ട്.

മജീഷ്യൻ പറഞ്ഞു..  നീ സൂത്രക്കാരിയാണ്. നീ പറയുന്നത് കള്ളമാണ്. കള്ളം പറയുമ്പോൾ പെൺകുട്ടികളുടെ കൺപീലികൾ സെക്കൻഡിൽ 58 തവണ സ്പീഡിൽ ഇളകാറുണ്ട്. നിന്റെ കൺപീലികളും ചലിക്കുന്നത് എനിക്കുകാണാം. 

അവൾ പറഞ്ഞു.. മനസ്സിലെ മോഹങ്ങൾ തുറന്നു പറയുമ്പോൾ 76 തവണയാണ് പീലികൾ നൃത്തം ചെയ്യുന്നത്. എന്റെ കൺപീലികൾ അത്രയും തവണ ഇളകുന്നത് ഞാനും അറിയുന്നുണ്ട്. ഞാൻ പറയുന്നത് വിശ്വസിച്ചാലെന്താ.. നിങ്ങൾ ശരിക്കും സുന്ദരനാണ്.

മജീഷ്യൻ ഇളംചിരിയോടെ പറഞ്ഞു.. ഈ ലോകത്തെ എല്ലാ മജീഷ്യന്മാരും സുന്ദരന്മാരാണ്.  കാരണം സൗന്ദര്യം ഒരു മാജിക് ആണ്. 

വസ്തുക്കളെ അപ്രത്യക്ഷമാക്കാനായി സ്റ്റേജിൽ ഒരുക്കി വച്ച വലിയ കറുത്ത പെട്ടി ചൂണ്ടിക്കാണിച്ചിട്ട് മജീഷ്യൻ അവളോടു ചോദിച്ചു... ഇതൊരു മാന്ത്രികച്ചതുരമാണ്.  ഇതിനുള്ളിൽ വച്ച് ഞാൻ നിന്നെ ചുംബിച്ചാൽപ്പോരേ.. ? നിന്റെ ഭർത്താവ് ഉൾപ്പെടെ പുറത്തുള്ള എല്ലാവരും ആ സമയം കാണുന്നത് കുറെ ചുവന്ന തത്തകൾ ഇതിനുള്ളിൽ നിന്നു ചിറകടിച്ച് ഉയരുന്നതു മാത്രമായിരിക്കും..

അവൾ പറഞ്ഞു.. കറുത്ത പെട്ടിയുടെ മറവുണ്ടെങ്കിൽ പിന്നെ മാന്ത്രികന്റെ സഹായം എന്തിനാണ് ! ഞാൻ നിങ്ങളിൽ നിന്ന് അൽപം കൂടി ധൈര്യം പ്രതീക്ഷിക്കുന്നുണ്ട്.

മാന്ത്രികൻ പറഞ്ഞു..  ഞാൻ‌ തയാറാണ്. നീ ഭർത്താവിന്റെ അരികിലേക്ക് പൊയ്ക്കോളൂ. വേഗം.. അബ്രാ കാടബ്രാ.. !

മായാറാണി വേദിവിട്ടിറങ്ങിയതിനു പിന്നാലെ സ്റ്റേജിൽ നിന്നൊരു പ്രാവ് പറന്നുയർന്നു. അത് ഇരിക്കാനൊരു പൂങ്കൊമ്പ് തിരഞ്ഞ് ഓഡിറ്റോറിയത്തിനുള്ളിൽ ഒരുവട്ടം പറന്നു. ഒടുവിൽ മായാറാണി മേനോന്റെ തോളിൽ വന്നിരുന്നു. 

അലുക്കുകളും ചിത്രപ്പണികളുമുള്ള അവളുടെ മെറൂൺ കുർത്തിയുടെ മുകളിൽ മൂർച്ചയില്ലാത്ത നഖങ്ങളമർത്തി ഇരുന്ന് പ്രാവ് അവളെ കൗതുകത്തോടെ നോക്കാൻ തുടങ്ങി. 

ചകിതയായി മായാറാണി ചോദിച്ചു..  മാന്ത്രികനാണോ, പ്രാവാണോ? 

പ്രാവ് ശബ്ദം കുറുക്കി കുറുകി.. കുർ കുറെ..

അവൾ വീണ്ടും ചോദിച്ചു.. മറ്റാരും കാണുന്നില്ലേ ? ഇതു കൺകെട്ടാണോ?

പ്രാവ് പറഞ്ഞു... എറെ കുറെ..

അതുകേട്ട് മായാറാണി മേനോൻ ചിരിച്ചു.  അവളുടെ വിടർന്ന ചുണ്ടുകളിൽ ആ മാന്ത്രിക പ്രാവ് തന്റെ ചുണ്ടുകൾ കൊണ്ട് രണ്ട് ചില്ലക്ഷരങ്ങൾ എഴുതി. അവളുടെ ചുണ്ടിൽ നിന്ന് ലിപ്സ്റ്റിക്കിന്റെ ഒരു ചുവന്ന തരി കൊത്തിയെടുത്തു. 

പ്രാവിനെക്കണ്ട ആൾക്കൂട്ടത്തിന്റെ കൈയടികൾ കാക്കക്കൂട്ടങ്ങളായി ഓഡിറ്റോറിയത്തിൽ പറന്നുയർന്നു. ശബ്ദം കേട്ട് പേടിച്ചെന്ന പോലെ പ്രാവ് മായാറാണിയുടെ തോളിൽനിന്ന് പറന്ന് സ്റ്റേജിൽ മറഞ്ഞു. 

മായാറാണി തൊട്ടടുത്തിരുന്ന ഭർത്താവിനെ നോക്കി. അയാൾ ഒരു മാജിക് കണ്ടതുപോലെ അന്തംവിട്ടിരിക്കുകയായിരുന്നു.

അവൾ നിഷ്കളങ്കമായി ചോദിച്ചു.. വിസ്മയം അല്ലേ.. ? ആ പാവം പ്രാവ് !

ഭർത്താവ് പറഞ്ഞു.. അതെയതെ.. 

അവൾ ചോദിച്ചു.. എന്തു തോന്നി?

അയാൾ പറഞ്ഞു.. അതിന് ആരെയും പേടിയില്ലെന്ന്. സാധാരണ പ്രാവുകൾ ഇത്ര ധൈര്യത്തോടെ മനുഷ്യരുടെ അടുത്തു വരില്ല. 

അവൾ ആശ്വാസത്തോടെ പറഞ്ഞു... അതല്ലേ മായാജാലം !

മാജിക് ഷോയുടെ അടുത്ത ഇടവേളയിൽ മായാറാണി മേനോൻ വീണ്ടും മാന്ത്രികന്റെ അഖിൽ ചക്രവർത്തിയുടെ അരികിലെത്തി. മാന്ത്രികൻ ഒന്നു പേടിച്ചു പോയി... എന്തുപറ്റി? എനിക്ക് ആളുമാറിപ്പോയോ ?

അവൾ പറഞ്ഞു.. ആളുമാറിപ്പോയത് കാഴ്ചക്കാർക്കല്ലേ..!  നിങ്ങൾക്ക് കൺകെട്ടിലെ ചക്രവർത്തിയാണെന്ന് എനിക്ക് മനസ്സിലായി. ഒരു സംശയം, എന്തുകൊണ്ടാണ് നിങ്ങൾ പ്രാവിന്റെ രൂപത്തിൽ വന്നത് ? ഇത്തരം കാര്യങ്ങൾക്കു വിരുതുള്ളത് തത്തകൾക്കും പരുന്തുകൾക്കുമല്ലേ ?

മജീഷ്യൻ പറഞ്ഞു.. കള്ളത്തരം ചെയ്യാൻ എളുപ്പം പ്രാവുകൾക്കാണ്. അവയെ ആരും അവിശ്വസിക്കില്ല. അവയ്ക്ക് തത്തകളെപ്പോലെ നിറമുള്ള ഉടുപ്പുകളില്ല. കുയിലുകളെപ്പോലെ പാടാനറിയില്ല. പരുന്തുകളെപ്പോലെ പ്രമാണിത്തമില്ല.  കാക്കകളെപ്പോലെ മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കില്ല. പ്രാവുകളെ ആരും അവിശ്വസിക്കില്ല. കള്ളത്തരം ചെയ്യാൻ അവയ്ക്കാണ് എളുപ്പം !

മായാറാണി പറഞ്ഞു.. നിങ്ങൾ വാക്കുകൾ കൊണ്ടും കൺകെട്ടുന്നു. കൺകെട്ട് വിദ്യ ഒരാളെക്കൂടി പഠിപ്പിക്കാമോ?

മാന്ത്രികൻ അൽപം ഗമ കാണിക്കാൻ നോക്കി. പെട്ടെന്നു വഴങ്ങാതിരിക്കുന്നതാണ് പെൺകുട്ടികൾ‌ക്കു മുന്നിൽ നല്ലത്. അയാൾ പറഞ്ഞു.. പഠിക്കുന്നത് അത്ര എളുപ്പമല്ല. നക്ഷത്രങ്ങളെ ഭൂമിയിലേക്കു കൊണ്ടുവരുന്നതുപോലെയാണ്. 

അവൾ ചിരിച്ചു... ഭൂമി നക്ഷത്രങ്ങളുടെ അരികിലേക്കു വന്നാലും മതിയല്ലോ. അതിനു തയാറാണെങ്കിലോ ?

എങ്കിൽ നിന്നെ കൺകെട്ട് പഠിപ്പിക്കാൻ ഞാൻ‌ തയാറാണെന്ന് മജീഷ്യൻ പറഞ്ഞപ്പോൾ മായാറാണി മേനോൻ തിരുത്തി... പഠിപ്പിക്കേണ്ടത് എന്നെയല്ല. 

പിന്നെ ഭർത്താവിനെയാണോ എന്നായി മജീഷ്യന്റെ സംശയം.

അവൾ പരിഹാസത്തോടെ ചിരിച്ചു..  ശുദ്ധമണ്ടത്തരം പറയല്ലേ..  ഭർത്താവിനെ കൺകെട്ട് പഠിപ്പിക്കാൻ ഏതെങ്കിലും ഭാര്യ തയാറാകുമോ ?   നിങ്ങൾ ഈ കൺകെട്ട് പഠിപ്പിക്കേണ്ടത് എന്റെ കൂട്ടുകാരനെയാണ്. 

അതെന്തിന് എന്നു ചോദിച്ചു മജീഷ്യൻ. 

മായാറാണി പറഞ്ഞു.. അവന് ഈ ലോകത്തിന്റെ മുഴുവൻ കണ്ണുകെട്ടണം.  എന്നിട്ട് ആരും കാണാതെ, ഒരാളും അറിയാതെ ഇഷ്ടമുള്ളിടങ്ങളിലൊക്കെ പോകണം.  പുലർകാലങ്ങളിൽ കുയിലും നട്ടുച്ചയ്ക്ക് വെയിലും ത്രിസന്ധ്യയ്ക്ക് മഞ്ഞിന്റെ ഭസ്മക്കുറിയും രാത്രിയിൽ നിലാവും ആവാൻ അവനു കഴിയണം.  അതിന് കൺകെട്ട് നല്ല വിദ്യയാണെന്ന് മനസ്സിലായി.

ആരാണ് ആ സുഹൃത്ത് എന്ന് അവളോടു ചോദിക്കാൻ തോന്നി മജീഷ്യന്. 

അവൾ ചിരിയോടെ പറഞ്ഞു...  ഞാൻ സത്യം പറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഇനി പറഞ്ഞാൽത്തന്നെ കള്ളമാണെന്നേ നിങ്ങൾ കരുതൂ.. അതാണ് പൊതുവേ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധി. അവർ വെറുതെ തെറ്റിദ്ധരിക്കപ്പെടുന്നു. 

ആ നിമിഷത്തിന്റെ മായാജാലക്കുരുക്കഴിക്കാൻ കഴിയാതെ മാന്ത്രികൻ അവളെ നോക്കി നിന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PENAKATHY
SHOW MORE
FROM ONMANORAMA