ഞാൻ.. പ്രകാശന്റെ അച്ഛൻ

HIGHLIGHTS
  • ഏതു പെൺകുട്ടിയെയായാലും ഇംപ്രസ് ചെയ്യേണ്ടത് ആദ്യത്തെ ഒരാഴ്ചയാണ്
  • പ്രണയത്തിലും ട്രാഫിക്കിലും ശ്രദ്ധിക്കേണ്ട കാര്യം ക്രോസിങ്ങാണ്
prakashan-father-and-his-advices
SHARE

വിവാഹത്തലേന്നു വൈകുന്നേരം കാമുകന്റെ വീട്ടിലേക്കു കാമുകി ഫോൺ വിളിച്ചു.

ഫോണെടുത്തത് കാമുകന്റെ അച്ഛൻ...

കാമുകി.. പ്രകാശന്റെ വീടാണോ? പ്രകാശനെ ഒന്നു കിട്ടുമോ?

അച്ഛന്റെ മറുപടി:  പ്രകാശന്റെ വീടല്ല.. പക്ഷേ പ്രകാശൻ ഇവിടെയാണ് താമസിക്കുന്നത് ? ആരാ ? അവന്റെ കാമുകിയാണോ?

പെൺകുട്ടിയൊന്നു ചമ്മി. അവൾ ദേഷ്യത്തോടെ ചോദിച്ചു.. കാമുകിയാണെങ്കിൽ.. ? നിങ്ങളവനെ എനിക്കു കല്യാണം കഴിച്ചു തരുവോ?

പ്രകാശന്റെ അച്ഛൻ:..  അവനെ അന്വേഷിച്ച് 12 പെൺകുട്ടികൾ ഇതുവരെ വിളിച്ചു. നീ പതിമൂന്നാമത്തെയാണ്.  ലേറ്റായല്ലോ, കുട്ടീ.. 

പ്രകാശന്റെ അമ്മ ഇതു കേട്ടു നിൽപ്പുണ്ടായിരുന്നു. അവർ ചോദിച്ചു... എന്റെ മനുഷ്യാ നിങ്ങളെന്താ ഈ പറഞ്ഞത് ? വിളിച്ചത് ഒരു പെൺകുട്ടിയല്ലേ ?

അതു ശരിയാണ്. പക്ഷേ എന്റെ മകനെ രക്ഷിക്കേണ്ടത് എന്റെ കടമയല്ലേ, രാധേ.. ! 

ഇതായിരുന്നു പ്രകാശന്റെ അച്ഛൻ ! പ്രകാശന്റെ സംരക്ഷണത്തിനായി പ്രകാശനു മുമ്പേ പിറവിയെടുത്തയാൾ !

13 കാമുകിമാർ എന്നൊക്കെ പുള്ളി അൽപം കൂട്ടിപ്പറഞ്ഞതാണെങ്കിലും തൃപ്പൂണിത്തുറയ്ക്കു തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി പ്രകാശനു കുറെ കാമുകിമാരുണ്ടായിരുന്നു. അതൊക്കെ വളരെ കൃത്യമായ ധാരണകളോടെയും ആസൂത്രണത്തോടെയും അവൻ കണ്ടെത്തിയ പെൺകുട്ടികളുമായിരുന്നു.

ഭരതനാട്യത്തിൽ റിസർച്ച് ചെയ്യുന്ന അനാമിക നമ്പ്യാർ എന്ന കാമുകി കണ്ണൂർ സ്വദേശിനിയാണ്.  എറണാകുളത്ത് കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷിനു പഠിക്കുന്ന ഏഞ്ചൽ മേരി യേശുദാസൻ എന്ന കാമുകി  ഫോർട്ട് കൊച്ചിക്കാരിയാണ്.  ഐഇഎൽടിഎസ് കോഴ്സ് പഠിക്കുന്ന അമല കുര്യച്ചൻ കാഞ്ഞിരപ്പള്ളിയിൽ നിന്നാണ്. കുമരകത്ത് ഹോംസ്റ്റേ നടത്തുന്ന പഞ്ചാബി ഫാമിലിയിലെ ഏക പെൺതരി ഗായത്രി ഗീതാഞ്ജലിയുടെ ഹോബി ബേഡ് വാച്ചിങ് ! ആറുമാസത്തിലൊരിക്കൽ കാമുകന്മാരെ മാറ്റുന്ന ഷെല്ലി പവിത്രന്റെ ഇഷ്ടം വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയാണ്. അവളിപ്പോൾ അമസോൺ കാടുകളിൽ മൃഗങ്ങളുടെ ചുണ്ടിൽ വിരിയുന്ന ചിരിയെക്കുറിച്ച് ഒരു ഫോട്ടോഫീച്ചർ തയാറാക്കുന്ന തിരക്കിലാണ്.

ഇക്കഥയെല്ലാം പ്രകാശന്റെ അച്ഛനും അറിയാം. ഇവരിൽ ആരോ ഒരാളായിരിക്കാം വിവാഹത്തിന്റെ അന്നു വൈകിട്ട് പ്രകാശന്റെ  വീട്ടിലേക്ക് ഫോൺ വിളിച്ചതും അച്ഛൻ സ്മൂത്തായി ഡീൽ ചെയ്തതും. 

വിവാഹത്തിന് രണ്ടാഴ്ച മുമ്പ് പ്രകാശനും അച്ഛനും മൊബൈൽ ഫോണുകൾ പരസ്പരം മാറി. സത്യം പറ‍ഞ്ഞാൽ പ്രകാശന്റെ  ഫോൺ വാങ്ങിയിട്ട് അച്ഛൻ സ്വന്തം ഫോൺ അവനു കൊടുത്തതായിരുന്നു. അന്നേരമാണ് പ്രകാശന് മനസ്സിലായത് തന്നെക്കാൾ കൂടുതൽ സ്മൈലികൾ ഉപയോഗിക്കാൻ അറിയാവുന്ന ആളാണ് അച്ഛനെന്ന് ! 

മധ്യപൂർവ റയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററായിരുന്നു പ്രകാശന്റെ  അച്ഛൻ. ലക്ഷ്മൺഗഞ്ച് സ്റ്റേഷനിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. റിട്ടയർ ചെയ്ത് വീട്ടിലേക്കു പോരുമ്പോൾ ഒരു ചുവപ്പു കൊടിയും ഒരു പച്ചക്കൊടിയും അദ്ദേഹം എടുത്തു കൊണ്ടുപോന്നു. ഈ രണ്ടു കൊടി മതി ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർക്കാനെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 

ലക്ഷ്മൺ ഗഞ്ച് ഒരു ചെറിയ സ്റ്റേഷനാണ്.  ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറുന്നവരാണ് ഗ്രാമവാസികളെല്ലാം.  മാസത്തിലെ അവസാന വെള്ളിയാഴ്ച ഗ്രാമത്തലവൻ രഘുവീർ പ്രസാദ് ജയിൻ റയിൽവേ ട്രാക്കിലൂടെ ജീപ്പോടിച്ചു വരും. ഒന്നാമത്തെ പ്ളാറ്റ് ഫോമിൽ ജീപ്പ് നിർത്തിയിട്ട് നീട്ടി ഹോണടിക്കും. സ്റ്റേഷൻ മാസ്റ്റർ ഓടിച്ചെല്ലുമ്പോൾ ഗ്രാമത്തലവൻ ഒരു തുണി സഞ്ചി എറിഞ്ഞു കൊടുക്കും. അതിൽ നിറയെ നോട്ടുകളാണ്. ആ മാസം ട്രെയിനിൽ കയറിയ എല്ലാ ഗ്രാമവാസികളുടെയും ടിക്കറ്റിന്റെ പണമാണത്.

സ്റ്റേഷൻ മാസ്റ്റർ വിനയത്തോടെ ചോദിക്കും.. ശൗചാലയ് കാ പൈസ ഭീ ദീജിയേ സാബ്..

ഗ്രാമത്തലവന്റെ മറുചോദ്യം.. ഏക് ഓർ ദോ..?

സബ് ആപ് കി ഔദാര്യ് ഹേ സാബ്ജി... എന്ന് സ്റ്റേഷൻ മാസ്റ്റർ.

അതോടെ ഒരു സഞ്ചിയും കൂടി എറിഞ്ഞു കൊടുക്കും. ഗ്രാമവാസികൾ റയിൽവേ സ്റ്റേഷനിലെ ശൗചാലയം ഒന്നിനും രണ്ടിനും ഉപയോഗിച്ചതിന്റെ പണം വരെ രൊക്കം ! 

പണം കിട്ടിയാൽ സ്റ്റേഷൻ മാസ്റ്റർ ഗ്രാമത്തലവന്റെ ജീപ്പിന്  ഉപചാരപൂർവം പച്ചക്കൊടി കാട്ടണം.. അതാണ് ലക്ഷ്മൺ ഗഞ്ചിലെ ആചാരം.

നാലു ട്രാക്കുകളാണ് ലക്ഷ്മൺ ഗഞ്ചിലുള്ളത്.  ഒരു ദിവസം ഉച്ചയ്ക്ക് ഒരേ പാളത്തിൽ രണ്ടു ലോക്കോ എൻജിനുകൾ നേർക്കുനേരെ പാഞ്ഞുവന്നു.  അവയുടെ നടുവിലേക്ക് ചാടിയിറങ്ങി നിന്നിട്ട് രണ്ടു കൈയുമുയർ‌ത്തി പ്രകാശന്റെ അച്ഛൻ എൻജിൻ ഡ്രൈവർമാർക്കുനേരെ അലറി:  ബദ്മാശ്.. തൂ ക്യാ കർ രഹാഹേ ? രുകോ..

അവഞ്ചേഴ്സിലെ വില്ലന്മാരെപ്പോലെ രണ്ടു ട്രെയിൻ എൻജിനുകളും ചിന്നം വിളിച്ചു മുഖാമുഖം നിന്നു. ഭയന്നു വിറച്ച ഇരുമ്പു പാളങ്ങൾ കരകര പ്രിയ രാഗത്തിൽ തേങ്ങി. 

ഷണ്ടിങ്ങിനു പറഞ്ഞുവിട്ട പാസഞ്ചർ ട്രെയിനുകളുടെ എൻജിനുകൾ സിഗ്നൽ തെറ്റിച്ച് നേർക്കുനേരെ വന്നതാണ്.  കാരണം ഒരു പ്രേമമാണ്.  രണ്ട് എൻജിൻ ഡ്രൈവർമാർക്കും ഗ്രാമത്തിലുള്ള നന്ദിനി ലഡ്ഡുവാല എന്ന കോളജ് വിദ്യാർഥിനിയോടു പ്രേമം.  കോളജിൽനിന്നു വന്ന നന്ദിനി പ്ളാറ്റ് ഫോമിൽ നിൽക്കുന്നുണ്ട്.  അവളെ സ്വന്തം ട്രെയിനിൽ കയറ്റണമെന്ന് രണ്ടു ഡ്രൈവർമാർക്കും വാശി. അതിനു വേണ്ടി എൻജിനും ഓടിച്ചു വന്നതാണ്. 

പ്രകാശന്റെ അച്ഛൻ ചുവപ്പു കൊടി ചുരുട്ടിക്കെട്ടി.  കൊടി കെട്ടുന്ന കമ്പുകൊണ്ട് കൊടുത്തു പെൺകുട്ടിയുടെ കൈവെള്ളയിൽ രണ്ടടി.  എന്നിട്ടു പറഞ്ഞു..  ദോ എൻജിൻ, ഏക് ലഡ്കി ! മുശ്കിൽ ഹേ.. നീ ഇനി പാസഞ്ചറിൽ കേറരുത്. എന്നും നേത്രാവതി എക്സ്പ്രസിൽ പോയാൽ മതി. 

ഇതേ ടെക്നിക്കാണ് പ്രകാശന്റെ അച്ഛൻ എല്ലാ പ്രശ്നങ്ങളോടും സ്വീകരിച്ചിരുന്നത്. 

പരീക്ഷക്കാലത്ത് പഠിക്കാതെ കൂട്ടുകാരോടൊത്ത് കറങ്ങി നടന്നാൽ അച്ഛൻ അടിച്ചിരുന്നത് പ്രകാശനെയല്ല. അവന്റെ കൂടെ കറങ്ങുന്ന കൂട്ടുകാരെയാണ്. ഒരച്ഛൻ സ്വന്തം മകനെ അടിച്ചാൽ ഒരു പ്രയോജനവുമില്ല. തരംകിട്ടുമ്പോൾ മകൻ പിന്നെയും കളിക്കാൻ പോകും.  കൂട്ടുകാരെ അടിച്ചാൽ അവർ പിന്നെ പ്രകാശനെ കളിക്കാൻ കൂട്ടില്ല. 

മൂന്നാലു കാമുകിമാരായപ്പോൾ അച്ഛൻ പ്രകാശനെ ഉപദേശിച്ചു..  പ്രണയത്തിലും ട്രാഫിക്കിലും ശ്രദ്ധിക്കേണ്ട കാര്യം ക്രോസിങ്ങാണ്. ഫേസ് ടു ഫേസ് വരാതെ നോക്കണം.  ഒരു സ്റ്റേഷൻ മാസ്റ്ററുടേതുപോലെ നല്ല ശ്രദ്ധ വേണം.

ജിയോ വന്ന കാലമായിട്ടും ഒരു ഫോണും ഒരു വാട്സാപ്പും മാത്രം മതിയെന്ന്  അച്ഛൻ പ്രകാശനോടു കർശനമായി പറഞ്ഞിരുന്നു. പല കൂട്ടുകാരികൾ പല നമ്പരുകളിലൂടെ വരുന്നതാണ് മാനേജ് ചെയ്യാൻ എളുപ്പമെന്നു നിനക്ക് ഇപ്പോൾ തോന്നിയേക്കും. അത് തെറ്റായ ധാരണയാണ്. ഒരു നമ്പർ മാത്രമാണെങ്കിൽ നീ ടൈം മാനേജ്മെന്റ് പഠിക്കും. 

പ്രകാശൻ ഒരിക്കൽ അച്ഛനോടു ചോദിച്ചു.. അച്ഛനെന്നാണ് പ്രായമാവുക ?

അച്ഛൻ പറഞ്ഞു.. നീയുമായി കോംപെറ്റീഷൻ ഇല്ലാതാവുമ്പോൾ.. !

ഇത്തരം സംവാദങ്ങളിലൂടെയാണ് അച്ഛൻ പ്രകാശനെ വളർത്തിയെടുത്തത്.

കുറ്റാലത്ത് കുളിക്കാൻ പോയപ്പോൾ പ്രകാശൻ ചോദിച്ചു..  പേരന്റ്സ് മക്കളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കാറുണ്ട്. സൈക്കിൾ ഓടിക്കുമ്പോൾ പഞ്ചറായാലുള്ള അപകടത്തെക്കുറിച്ചു വരെ  പറഞ്ഞുതരും.  പക്ഷേ സ്വന്തം പ്രണയ പരാജയത്തെപ്പറ്റി മാത്രം ഒരു പേരന്റും മക്കളോടു പറയുന്നില്ല. എന്നു മാത്രമല്ല, ചെറുപ്പത്തിൽ പ്രണയിച്ചു നടന്നിരുന്നവർപോലും മുതിരുന്നതോടെ പ്രണയത്തിന് എതിരായ നിലപാട് എടുക്കുന്നു. അത് എന്തുകൊണ്ടാണ് ?

പ്രകാശനെ അച്ഛൻ വെള്ളച്ചാട്ടത്തിന്റെ അരികിലേക്കു കൊണ്ടു വന്നു നിർത്തി. തുള്ളികൾ തൂവാനമായി ചിതറി വീഴുന്നുണ്ടായിരുന്നു. വെയിലിൽ മഴവില്ലിന്റെ കുമിളകൾ വിരിയുകയും പൊലിയുകയും ചെയ്തുകൊണ്ടിരുന്നു.

അച്ഛൻ ചോദിച്ചു..  നിനക്കിപ്പോൾ എന്താണ് തോന്നുന്നത് ?

പ്രകാശൻ പറഞ്ഞു.. വെള്ളത്തുള്ളികളേറ്റ് ഇവിടെത്തന്നെ ജീവിതകാലം മുഴുവനും നിൽക്കാൻ.. !

അച്ഛൻ പറഞ്ഞു.. ഇതാണ് പ്രണയം.  ഇവിടെത്തന്നെ നിൽക്കാൻ തോന്നുന്നത് നിന്റെ യൗവനം. നീ നനഞ്ഞാൽ ശരിയാവില്ലെന്നു പറഞ്ഞ് കുടയുമായി വരുന്നത് എന്റെ പ്രായം.

പിന്നീടൊരിക്കൽ കോഫി ഹൗസിൽ മസാല ദോശ കഴിക്കുമ്പോൾ പ്രകാശൻ ചോദിച്ചു.. ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങളിൽ എനിക്ക് ഉപകാരമുള്ളത് ഒരെണ്ണം പറയൂ.. ?

അച്ഛൻ പറഞ്ഞു..  ഏതു പെൺകുട്ടിയെയായാലും ഇംപ്രസ് ചെയ്യേണ്ടത് ആദ്യത്തെ ഒരാഴ്ചയാണ്. അതുകഴിഞ്ഞാൽ പിന്നെ അതിനു ശ്രമിക്കരുത്. വളരെ റിയലിസ്റ്റിക്കായി നിൽക്കണം. ഒരേ കള്ളം രണ്ടു തവണ പറയരുത്.  പെൺകുട്ടികളുടെ മുന്നിൽ ഉടുപ്പിന്റെ മുകളിലത്തെ രണ്ടു ബട്ടണുകൾ അഴിച്ചിടുന്നത് ആണത്തമാണെന്ന് വിചാരിക്കരുത്.

കല്യാണത്തിന്റെ അന്നു രാവിലെ ദക്ഷിണ കൊടുക്കാൻ‌ കാലിൽ തൊടുമ്പോൾ അച്ഛനോടു പ്രകാശൻ ചോദിച്ചു.. കല്യാണത്തിനു മുന്നോടിയായിട്ട് എന്തെങ്കിലും ഉപദേശം ?

അച്ഛൻ പറഞ്ഞു.. ഒരു ഉപദേശമുണ്ട്. കല്യാണത്തിന് കാണാൻ ഭംഗിയുള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ടാകും. ശ്രദ്ധ മാറിപ്പോകരുത്. എല്ലാം ഒരാൾ കാണുന്നുണ്ടെന്ന് ഓർമ വേണം. 

അതാരാ അച്ഛാ..?

വീഡിയോഗ്രഫർ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ