കൃത്യം 12നും 12.30നും ഇടയ്ക്ക്.. !

HIGHLIGHTS
  • അയാളെ എങ്ങനെ ഒഴിവാക്കുമെന്നു പറയൂ ?
  • നിന്റെ ഫോൺ നമ്പർ എങ്ങനെയാ അവനു കിട്ടിയത് ?
penakathy-column-by-by-vinod-nair
SHARE

ഗൾഫിലുള്ള ഭർത്താവിന് രാത്രിയിൽ ഭാര്യ ടിങ് എന്ന ശബ്ദത്തിൽ വാട്സാപ്പ് മെസേജ് അയച്ചു: നാട്ടിൽ ഒരുത്തൻ എന്നെ ഭയങ്കരമായി ശല്യപ്പെടുത്തുന്നു.

ഭർത്താവ് ഉടനെ ഫോൺ വിളിച്ചിട്ട് ഭാര്യയോടു ചോദിച്ചു.. ഞാൻ ഇപ്പോൾത്തന്നെ വരണോ?

ഭാര്യ പറഞ്ഞു.. നിങ്ങൾ ചുമ്മാ കോമഡി പറയരുത്. ഞാൻ വളരെ സീരിയസായി ചോദിക്കുവാ. അയാളെ എങ്ങനെ ഒഴിവാക്കുമെന്നു പറയൂ ?

ഭർത്താവും സീരിയസായി.... എന്താണ് അയാളെക്കൊണ്ടുള്ള ശല്യം ?

ഭാര്യ പറയാൻ തുടങ്ങി..  രണ്ടാഴ്ച മുമ്പ് ഒരു ദിവസം രാവിലെ ഞാൻ സ്കൂട്ടറിൽ ഓഫിസിൽ പോകുമ്പോൾ അയാളും അതേ റൂട്ടിൽ ബൈക്കിൽ വരുന്നുണ്ടായിരുന്നു. പാലച്ചുവട് ജംക്ഷനിലെ ഗാന്ധിപ്രതിമ കഴി‍ഞ്ഞ് ആ പൂട്ടിക്കിടക്കുന്ന ലൈബ്രറിയില്ലേ.. അവിടത്തെ വളവിൽ വച്ച് അയാൾ എന്റെ ഒപ്പം ഒരേ സ്പീഡിൽ ബൈക്ക് ഓടിക്കാൻ തുടങ്ങി. എന്നിട്ട് എന്നോടു പറഞ്ഞു..  സ്കൂട്ടർ ഓടിക്കുമ്പോൾ ഷാൾ കെട്ടി വയ്ക്കണം..  ഇങ്ങനെ കാറ്റിൽ പറക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും ആക്സിഡന്റ് ഉണ്ടാകും.

ഭർത്താവ് ചോദിച്ചു..   എന്നിട്ടോ ? നീയെന്തു പറഞ്ഞു.. ?

ഞാൻ സ്കൂട്ടർ നിർത്തി.  അയാളും നിർത്തി. ഞാൻ താങ്ക്സ് പറഞ്ഞു. അപ്പോൾ അയാൾ ഇറങ്ങി വന്നിട്ട് നമ്മുടെ സ്കൂട്ടറിന്റെ ഡാഷ് ബോർഡിലെ ഒരു ചുവന്ന സിംബൽ തൊട്ടു കാണിച്ചു.  സ്കൂട്ടർ സ്റ്റാർട്ടാക്കിയാൽ അതു കത്തും. ആ സിംബൽ കണ്ടാൽ ചുരിദാറിന്റെ ഷാൾ ചുരുട്ടി കെട്ടിവച്ചിരിക്കുന്നതു പോലെ തോന്നും. അതു കത്തുമ്പോൾ ഷാളിന്റെ കാര്യം ഓർമിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു.

ഭർത്താവു പറഞ്ഞു.. എന്റെ ഷൈലജേ, നിന്റെ സ്വഭാവത്തിന് അതൊക്കെ മറന്നു പോകും. പെട്രോൾ തീർന്നതിന്റെ സിംബൽ കണ്ടിട്ട് ഹെഡ് ലൈറ്റ് കത്തിക്കിടക്കുവാണെന്നു വിചാരിച്ച ആളാ നീ. പിറ്റേന്ന് നീ സിംബൽ കണ്ടയുടനേ ഷാൾ കെട്ടിയിട്ടോ ?

ഭാര്യ പറഞ്ഞു.. ഇല്ലെന്നേ..  പിറ്റേ ദിവസം ആ ബ്ളാക്ക് കുർത്തിയാണ് ഇട്ടത്. അന്നു ഞാൻ ഷാൾ ഇട്ടില്ല.

അന്നും അയാൾ ശല്യപ്പെടുത്തിയോ ?

അന്ന് അയാളെ കണ്ടില്ല. 

പിന്നെന്താ കുഴപ്പം ? ഇതൊക്കെ സാധാരണ റോഡിൽ വച്ച് എല്ലാവരും ചെയ്യുന്ന കാര്യങ്ങളാ. ബൈക്കിന്റെ സ്റ്റാൻഡ് ഇട്ട് ഓടിക്കുന്നവരെ കണ്ടാൽ ഞാനും പറയാറുണ്ട്. നീയതു വിട്ടുകളയ്. ഞാൻ അടുത്ത ഓണത്തിനേ വരുന്നുള്ളൂ.

അങ്ങനെയല്ല, സതീഷേട്ടാ.. രണ്ടാം ദിവസം അയാളെ ഞാൻ കണ്ടില്ലെങ്കിലും അയാൾ എന്നെ കണ്ടു.  ഞാൻ സ്കൂട്ടർ ഓടിക്കുമ്പോഴുള്ള കുറെ കുഴപ്പങ്ങൾ അയാൾ അടുത്ത ദിവസം എനിക്ക് വാട്സാപ്പ് ചെയ്തു തന്നു.  ട്രാഫിക് സിഗ്നലിലൊക്കെ ഞാൻ റോഡിന്റെ നടുവിൽ കയറ്റിയാണ് നിർത്തുന്നത്. ടേണിങ്ങിൽ ഇൻഡിക്കേറ്റർ ഇടാറേയില്ല. ഓവർടേക് ചെയ്യുമ്പോൾ ഹോണും അടിക്കാറില്ല. സിഗ്നൽ കാണിക്കുന്നത് വള കിലുക്കുന്നതുപോലെയാണ്. ഞാൻ സ്കൂട്ടർ ഓടിക്കുമ്പോൾ ബ്രേക്ക് ലൈറ്റ് കത്തിക്കിടക്കുന്നുണ്ട്. അതിനു കാരണം ഫ്രണ്ട് ബ്രേക്കിൽ കൈവച്ച് ഓടിക്കുന്നതുകൊണ്ടാണ്. ടയറിന് ലൈഫ് കിട്ടില്ലെന്നാണ് അയാളു പറയുന്നത്. പിന്നെ സ്കൂട്ടർ നിർത്തുന്നതിനു കുറേ മുമ്പേ ഞാൻ കാല് താഴ്ത്തുന്നത് നല്ല കറക്ടായിട്ടാണ്. അതു കണ്ടാൽ പക്ഷികൾ പറന്നിറങ്ങുന്നതുപോലെ തോന്നുമെന്ന് അയാൾ പറഞ്ഞു. ഇതിന്റെയൊക്കെ ഫോട്ടോയും അയാൾ എടുത്തിട്ടുണ്ടെന്നേ.. ! അത് അയച്ചു തരാമെന്നു പറഞ്ഞു. 

ഭർത്താവിനു ദേഷ്യം വന്നു.. ആ മെസേജ് എനിക്കു ഫോർവേഡ് ചെയ്യൂ..

ഭാര്യ പറഞ്ഞു.. സോറി സതീഷേട്ടാ, ഞാനതു ഡെലീറ്റ് ചെയ്തു. പക്ഷേ ഇപ്പോൾ സ്കൂട്ടർ ഓടിക്കുമ്പോൾ ഈ പറഞ്ഞതെല്ലാം തെറ്റാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.

ഭർത്താവ് പറഞ്ഞു.. ശരി, ശരി.. നിന്റെ ഫോൺ നമ്പർ എങ്ങനെയാ അവനു കിട്ടിയത് ?

അയാള് ഫെയ്സ് ബുക്കിൽ റിക്വസ്റ്റ് അയച്ചപ്പോൾ ഞാൻ അക്സെപ്റ്റ് ചെയ്തു. 

അതെന്തിനാ അക്സെപ്റ്റ് ചെയ്തത് ? എന്റെ റിക്വസ്റ്റ് പോലും നീ അക്സ്പെറ്റ് ചെയ്യാതെ പെൻഡിങ് ആണു കേട്ടോ...

അതുപിന്നെ സതീഷേട്ടൻ എന്തിനാ എനിക്ക് റിക്വസ്റ്റ് അയയ്ക്കുന്നെ.. ഞാനല്ലേ സതീഷേട്ടന് അയയ്ക്കേണ്ടത്. ഇയാളുടെ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തില്ലെങ്കിൽ അയാളോടു കാര്യങ്ങൾ ചോദിക്കാൻ പറ്റുമോ ? എന്തിനാ ഇതൊക്കെ കണ്ടുപിടിച്ച് വാട്സാപ് ചെയ്യുന്നതെന്ന് ഒരുദിവസം ഞാൻ അയാളോടു കലിപ്പിച്ചു ചോദിച്ചു. അയാൾ പറയുവാ, അയാള് റോഡിലെ നിരീക്ഷകൻ ആണെന്ന്..  ഇത്തരം കാര്യങ്ങൾ ഒബ്സർവ് ചെയ്യുന്നത് അയാളുടെ ഹോബിയാണ്. 

അതു കേട്ടതോടെ ഭർത്താവിന് കാര്യങ്ങളറിയാൻ തിടുതിടുപ്പായി.. അയാൾക്ക് എത്ര വയസ്സുണ്ട് ?

അതറിയില്ല. പക്ഷേ ബേത്ഡേ ഓഗസ്റ്റ് 15 ആണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ! സതീഷേട്ടനെക്കാൾ കുറച്ചൂടെ ചെറുപ്പമാ.. എന്റെ പ്രായമൊക്കെ കാണും. 

ഭർത്താവ് ചോദിച്ചു.. വേറെന്തൊക്കെയാണ് അയാളുടെ ഒടുക്കത്തെ ഒബ്സർവേഷൻ ?

ചില കാര്യങ്ങളൊക്കെ നല്ല ഒബ്സർവേഷനാ, സതീഷേട്ടാ.. സ്കൂട്ടറിന്റെ രണ്ടു മിററും കൃത്യമായി വയ്ക്കാൻ ഒരു ടെക്നിക് ഉണ്ട്. അതും അയാൾ പറഞ്ഞു തന്നു. റോഡിൽ നമ്മുടെ തൊട്ടുപിന്നിൽ ടുവീലർ ഓടിക്കുന്ന ആളുടെ മുഖം നമ്മുടെ രണ്ടു കണ്ണാടിയിലും ഒരുപോലെ കാണാൻ പറ്റുന്ന വിധം മിറർ സെറ്റ് ചെയ്യണം.  അപ്പോൾ പിന്നാലെ വരുന്നയാൾക്ക് നമ്മുടെ മുഖവും കാണാൻ പറ്റും. അതാണ് കറക്ട് പൊസിഷൻ. പലപ്പോഴും ഞാൻ മിറർ വയ്ക്കുന്നത് കൃത്യമായിട്ടല്ലെന്ന് അയാൾ കണ്ടുപിടിച്ചു. അയാൾക്ക് പിന്നിൽ നിന്നു നോക്കിയാൽ എന്റെ മുഖം കാണാൻ‌ പറ്റുന്നില്ല. 

ഭർത്താവ് പറഞ്ഞു.. പൊലീസുകാരു പോലും സീറ്റ് ബെൽറ്റ് ഇടാത്ത നാടാണ്. ഇപ്പോഴുള്ള കൃത്യതയൊക്കെ മതി. കണ്ണാടിയിലൊന്നും അത്ര കാര്യമില്ല.

ഭാര്യ വിട്ടില്ല.. അങ്ങനെ പറയല്ലേ, സതീഷേട്ടാ. അയാൾ എറണാകുളത്തുകൂടി വണ്ടി ഓടിക്കുന്ന 764 പേരുടെ ഡ്രൈവിങ്ങിലെ പ്രശ്നങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട്. കണ്ണാടി എല്ലാവരും തെറ്റിച്ചാ സെറ്റ് ചെയ്യുന്നത്. കേരളത്തിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് തെറ്റായ കണ്ണാടി സെറ്റിങ്ങാണത്രേ. 

ഭർത്താവ് പറഞ്ഞു.. ഇതൊന്നും എനിക്കു കേൾക്കേണ്ട. അയാൾ നിന്നെ എങ്ങനെയാ ശല്യപ്പെടുത്തിയതെന്നു വേഗം പറയൂ.

ഭാര്യ പറഞ്ഞു.. അയാൾ കഴിഞ്ഞ ദിവസം എനിക്കു നന്നായി ചേരുന്ന 12 ഡ്രെസുകൾ സെലക്ട് ചെയ്ത് വാട്സാപ് ചെയ്തു തന്നു. ഓരോന്നും ഓരോ ഫംക്ഷനു ചേരുന്ന ഡ്രെസുകളാണ്. ഫ്രണ്ട്സിന്റെ കല്യാണത്തിന് ലഹങ്ക, ബന്ധുക്കളുടെ കല്യാണത്തിന് കാഞ്ചീവരം സ്ട്രൈപ്സ്, അമ്പലത്തിൽ പോകുമ്പോൾ മുല്ലപ്പൂക്കളുടെ ഡിസൈനുള്ള പുളിയിലക്കര സെറ്റ്, ഓഫിസ് ഫംക്ഷനു പോകാൻ കുർത്തി വിത് ദുപ്പട്ട, സൺഡേ ഷോപ്പിങ്ങിന് ലോങ് ഹാൻഡുള്ള ചെക്ക് ഷർട് ടൈപ്പ് .. ഇങ്ങനെ കുറെയുണ്ട്.  നാലഞ്ച് ഡിസൈൻ എനിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട്  ഞാൻ ഓൺലൈനിൽ ഓർഡർ ചെയ്തു. 

ഇതൊക്കെ നീ വാങ്ങിയോ ? ആരോടു ചോദിച്ചിട്ടാ വാങ്ങിയത് ?

സതീഷേട്ടനോടു ചോദിച്ചല്ലോ.  ക്രെ‍ഡിറ്റ് കാർഡിന്റെ നമ്പർ കൊടുത്തപ്പോൾ ഞാൻ പറഞ്ഞതാണല്ലോ.. സതീഷേട്ടൻ അതിനു കുറെ സ്മൈലിയും അയച്ചു. വിന്റർ വിയറായ ഹുഡി, ഫോറിൻ ട്രിപ്പിനുള്ള വൂളൻ ഷർട്.. അതൊന്നും ഞാൻ ഓർഡർ ചെയ്തില്ല. അതൊക്കെ ആവശ്യം വരുമ്പോൾ മതിയല്ലോ..

അയാളാണോ നിന്റെ ഡ്രെസിന്റെ കാര്യം തീരുമാനിക്കുന്നത് ?

അതാ സതീഷേട്ടാ ഇപ്പോഴത്തെ പ്രശ്നം. എല്ലാ ദിവസവും രാവിലെ ആറരയ്ക്ക് അയാൾ ഗുഡ്മോണിങ് അയക്കും. അതിനൊപ്പം ഒരു സെൻ കഥയും സൂര്യോദയത്തിന്റെ ഒരു ഫോട്ടോയും കാണും. അതൊന്നും ഞാൻ വായിക്കാറില്ല. പക്ഷേ, ഗുഡ്നൈറ്റ് അങ്ങനെയല്ല. അതിന്റെ കൂടെയുള്ള മെസേജ് നോക്കാതിരിക്കാൻ പറ്റില്ല. 

അതിലെന്താ ഇത്ര വിശേഷിച്ച് ?

എറണാകുളത്തെ പല കാര്യങ്ങളും പുള്ളി റിമൈൻഡ് ചെയ്യും. കഴിഞ്ഞ ദിവസം വന്ന മെസേജ് ഇതായിരുന്നു. കലൂരിൽ രാവിലെ ഓട്ടോസമരമാണ്, ഇന്ന് സ്കൂട്ടറിൽ നോർത്ത് ഓവർ ബ്രിജിലൂടെ ബ്ളോക്കില്ലാതെ കൂളായി പറക്കാം. പെട്രോൾ ടാങ്കർ സമരം തുടങ്ങി, രാവിലെ തന്നെ ഫുൾ ടാങ്ക് അടിച്ചോണേ.. വൈറ്റില ജംക്ഷനിലെ വെള്ളക്കെട്ടിൽ ഒരു വലിയ കുഴിയുണ്ട്, ഇന്നലെ പന്ത്രണ്ടു പേർ അതിൽ വീണു, മിൽമയുടെ പാൽ ഷോർട്ടേജുണ്ട്, മലനാട് പല കടകളിലും സ്റ്റോക്കുണ്ട് ഇങ്ങനെയൊക്കെയുള്ള മെസേജ് എങ്ങനെയാണ് വായിക്കാതിരിക്കുന്നത്.. 

ഇവൻ നിന്നെ  ഫോൺ വിളിച്ചിട്ടുണ്ടോ ?

ഇതുവരെ വിളിച്ചിട്ടില്ല. പക്ഷേ നാളെ ഉച്ചയ്ക്കു 12നും 12.30നും ഇടയ്ക്ക് അയാൾ വിളിക്കും.  ഒരു പ്രധാന കാര്യം പറയാനാണ്.  ആ സമയം സ്കൂട്ടർ ഓടിക്കരുത്, ഫോൺ ഫ്രീയാക്കി വയ്ക്കണം എന്നൊക്കെ പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കൊരു പേടി. അതാണു ഞാൻ സതീഷേട്ടനെ വിളിച്ചത്..

മറുതലയ്ക്കൽ നിന്നു കേട്ട  ദീർഘനിശ്വാസം ഫോണിന്റെയോ ഭർത്താവിന്റെയോ എന്നു തിരിച്ചറിയാൻ പറ്റാതെ ഭാര്യ ആകാംക്ഷയോടെ വിളിച്ചു... സതീഷേട്ടാ.. 

ഉം..

എന്താ ഒന്നും പറയാത്തത് ?

എന്തു പറയാനാടീ ?

നാളെ 12നും 12.30നും ഇടയ്ക്ക്..

അവന്റെ കല്യാണമാണോ.. ഇങ്ങനെ കൃത്യം 12നും 12.30നും ഇടയ്ക്ക്. 

ഭാര്യയ്ക്കു ദേഷ്യം വന്നു.. ചുമ്മാ തമാശിക്കരുത്. ഞാൻ നാളെ ഫോൺ എടുക്കണോ, വേണ്ടയോ ? പറയൂ..

ഭർത്താവ് പറഞ്ഞു.. എടുക്കണ്ടാ..

ഭാര്യ: ഞാൻ എടുക്കും.

ഞാനല്ലേ പറഞ്ഞത് എടുക്കണ്ടാന്ന്.

എടുത്താലെന്താ കുഴപ്പം ? എടുത്തിട്ട് ഞാൻ എന്താ പറയാൻ പോകുന്നതെന്ന് സതീഷേട്ടന് അറിയാമോ?

ഇല്ല..

ഷൈലജ പറഞ്ഞു.. ഞാൻ അയാളോടു പറയും, നാളെ ഇതേ സമയത്ത് എന്നെ ഒരാൾ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ആരാണ് വിളിക്കുന്നതെന്നു അറിഞ്ഞാൽ നിങ്ങൾക്കു ദേഷ്യം വരും. നിങ്ങൾ വിളിച്ച കാര്യം അറിഞ്ഞാൽ അയാൾക്കും ദേഷ്യം വരും. അങ്ങനെയൊരാളാ.. 

ഇത്രയും പറഞ്ഞിട്ട് ഷൈലജ ഭർത്താവിനോടു ചോദിച്ചു.. എങ്ങനെയുണ്ട് സതീഷേട്ടാ, എന്റെ ഐഡിയ !

ഒന്നും പിടികിട്ടാതെ ഭർത്താവ് ഫോൺ കട്ട് ചെയ്തു. 

ഭാര്യ ആശ്വാസത്തോടെ ചിരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ