വിക്ടർ ജോർജ്: സൗഹൃദങ്ങൾ ഫ്ളാഷ് മിന്നുമ്പോൾ

victorgeorge
SHARE

ജൂലൈ മാസം വിക്ടർ ജോർജിനെ അടയാളപ്പെടുത്തുന്നു.

എന്റെയും എന്നെപ്പോലെ ഒരായിരം പേരുടെയും പ്രിയ സുഹൃത്തായ വിക്‌ടർ ജോർജ് ഒരു വിശ്രുതനായ ഫൊട്ടോഗ്രഫറെന്നതിനെക്കാളുപരി ഇപ്പോൾ ഒരു മിത്ത് ആണ്. വിക്‌ടർ ജോർജിനെക്കുറിച്ച് ഏറ്റവുമധികം കവിതകൾ വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ. വിക്‌ടറെപ്പറ്റി മനോരമയുടെ ഞായറാഴ്‌ചയിലേക്ക് വന്ന കവിതകൾ നൂറു കണക്കിനാണ്.

അന്നൊരിക്കൽ തപാലിൽ വന്ന കവിതയിൽനിന്ന് മൂന്നുവരി ഓർമയിലുണ്ട്.

കേട്ടീലയോ ഹൃദയകവാടം തകർത്തോരു വാർത്ത

വെള്ളിയാനിയിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ വിക്‌ടർ

പരിസരം നോക്കാതെ..

ഇങ്ങനെ നീളുന്ന ഈ രചനയെ ഒറ്റക്കേൾവിയിൽ നിങ്ങൾ നിസ്സാരമായി കണ്ടേക്കാം.

പക്ഷേ ഈ കവിതയ്‌ക്ക് അതിനുമപ്പുറം ഒരു തലമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.

വിക്‌ടർ മരിച്ചത് 2001 ജൂലൈ ഒമ്പതിനാണ്. 

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്ന് ഏലിക്കുട്ടി എന്നൊരു സ്‌ത്രീ ഈ കവിതയെഴുതിയത് 2008 ജൂൺ 27ന്. 

ഏലിക്കുട്ടി ഒരു യുവതിയോ മധ്യവയസ്‌കയോ എന്നറിയാനുള്ള സൂചകങ്ങളൊന്നും കവിതയിലോ ആമുഖക്കുറിപ്പിലോ ഇല്ല. പേരിന്റെ  വിശേഷം കൊണ്ടും കൈയക്ഷരത്തിന്റെ പ്രായം നോക്കിയും കവിതയുടെ സാഹിത്യമൂല്യം നോക്കിയും അവർ അമ്പതു കഴിഞ്ഞ വീട്ടമ്മയെന്നു ഞാൻ സ്വയം കണക്കാക്കുന്നു. 

ഈ വീട്ടമ്മ വിക്‌ടർ ജോർജെന്ന കോട്ടയം സ്വദേശിയുടെ ബന്ധുവോ, ശത്രുപോലുമോ അല്ല. വിക്ടറുടെ മരണത്തിന് ഏഴുവർഷങ്ങൾക്കു ശേഷം അവരുടെ മനസ്സിൽ വിക്‌ടർ ജോർജ് 198 വാക്കുകൾ കൊണ്ട് തീർത്ത ഒരു കവിതയായി പിറക്കണമെങ്കിൽ ഒരുപാടു കാര്യങ്ങൾ അതിനു പശ്‌ചാത്തലമായിട്ടുണ്ടാകും.

വിക്‌ടർ എന്ന ഫോട്ടോഗ്രാഫറുടെ ചില ചിത്രങ്ങളെങ്കിലും അവരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്!

വിക്‌ടർ ജോർജെന്ന വ്യക്‌തിയെപ്പറ്റി ഏലിക്കുട്ടി എവിടെയൊക്കെയോ എന്തൊക്കെയോ വായിച്ചിട്ടുണ്ട്!

കറന്റ് ചാർജ് അടയ്‌ക്കുന്ന ദിവസവും പാൽക്കാരിയുടെ ഫോൺ നമ്പരും അപ്പന്റെ തൊണ്ണൂറാം പിറന്നാളും പോലെ വിക്‌ടർ ജോർജിന്റെ മരണ ദിവസവും അവർ ഓർമിച്ചുവയ്‌ക്കുന്നുണ്ട്!

കാരണം കേരളത്തിലെ അസംഖ്യം മലയാളികൾക്കെന്ന പോലെ അവർക്കും വിക്‌ടർ ജോർജ് സ്വന്തപ്പെട്ട ആരോ ആണ് !

ഇതിലൊക്കെ ഉപരി വിക്‌ടറുടെ വേർപാടിന്റെ ഓർമ എന്തെങ്കിലും എഴുതണമെന്ന തോന്നലായി അവരുടെ മനസ്സിനെ പ്രേരിപ്പിക്കുന്നു.

മഴയും ഇടിയും കാറ്റും പൂമ്പാറ്റയും കിളിനാദവും പ്രണയവും നൈരാശ്യവും കാമവും ഈശ്വരനുമൊക്കെ സൃഷ്‌ടിക്കു പ്രചോദനമാകും പോലെ വിക്‌ടർ ജോർജ് എന്ന മനുഷ്യനും എന്നെക്കുറിച്ച് എഴുതൂ, വരയ്‌ക്കൂ എന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരുപാടുപേരെ പ്രേരിപ്പിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.

ഇത് ഒരു വാർത്തയുടെയോ ചിത്രത്തിന്റെയോ ബൈലൈൻ ആ വാർത്തയെക്കാൾ വലുതായി വലുതായി ആകാശംമുട്ടെയായി അനശ്വരമാകുന്ന നിമിഷമാണ്. പത്രപ്രവർത്തകർ സ്വകാര്യമായി മോഹിക്കുന്നത് ഈ നിമിഷമാണ്. പത്രപ്രവർത്തകരുടെ ചർച്ചാവലയങ്ങൾക്കു പുറത്തേക്കു വളർന്ന് ബൈലൈനുകൾ മെഗാലൈനുകളാവുന്ന അപൂർവസുന്ദര ചരിത്രമാണിത്.

വിക്‌ടർ ജീവിച്ചിരുന്ന കാലത്ത് മനോരമയിൽ പിക്‌ചർ കോർഡിനേറ്ററായിരുന്നത് ഇന്നും എന്റെ മനസ്സിലെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. വിക്‌ടറുടേതായി ലോകം കാണുന്ന പ്രശസ്‌തമായ പല ചിത്രങ്ങളും ആദ്യം കണ്ട പത്തുപേരിൽ ഒരാളാവാനും അങ്ങനെ എനിക്കു ഭാഗ്യം കിട്ടി.

വൈകിട്ട് 6.45നാണ് കോട്ടയത്ത് മനോരമയിലെ ഈവ്‌നിങ് കോൺഫറൻസ്. 

അതിനു മുമ്പ് ആറരയോടെയാണ് പലപ്പോഴും എഡിറ്റോറിയൽ റൂമിലേക്കു വിക്‌ടറുടെ വരവ്. നിശ്ശബ്‌ദമായ കാലടികളോടെയാണ് വിക്‌ടർ നടക്കുകയെന്നു തോന്നിയിട്ടുണ്ട്. 

ആ മുഖത്ത് കെടാതെ നിൽക്കുന്ന മനോഹരമായൊരു പുഞ്ചിരിയുണ്ടാവും.  

വിക്‌ടറുടെ ഈ വരവിനു വേണമെങ്കിൽ ഫൊട്ടോഗ്രഫിയുമായി ഒരു ബന്ധം കണ്ടെത്താം. ക്യാമറയുടെ ഫ്‌ളാഷുകൾ മിന്നുമ്പോൾ വെളിച്ചമേയുണ്ടാകാറുള്ളൂ, ശബ്‌ദമില്ലല്ലോ!

ആ വരവ് ഒരു സൂചനയാണ്. ഒരു നല്ല ചിത്രം കിട്ടിയിട്ടുണ്ടെന്ന സൂചന.

ഡിജിറ്റൽ യുഗം വന്നിട്ടില്ല. പ്രിന്റുകളാണ്. കൈവശം ഒന്നോ രണ്ടോ പ്രിന്റുകളുണ്ടാവും.

ആ ചിത്രങ്ങൾ ന്യൂസ് എഡിറ്ററുടെയോ ചീഫ് ന്യൂസ് എഡിറ്ററുടെയോ മേശ മേൽവച്ച് വിക്‌ടർ നിൽക്കും. 

ആ നിൽപ്പിനു പോലും ഒരു പ്രത്യേകതയുണ്ട്. കാലുകൾ പിണച്ചു വച്ചാണ് പലപ്പോഴും വിക്‌ടർ നിൽക്കുക. ഭഗവാൻ ശ്രീകൃഷ്‌ണന്റെ നിൽപ് എന്നു ഞാൻ വിക്‌ടറോടു തമാശയായി പറഞ്ഞിട്ടുണ്ട്. 

ആ നിൽപ്പുകൾ മനോരമയ്‌ക്കു നഷ്‌ടമായിട്ട് 19 വർഷം കഴിഞ്ഞു..

കഥയെഴുത്തുകാരാകാൻ ആഗ്രഹിക്കുന്നവരുടെ ശല്യപ്പെടുത്തൽ സഹിക്കാൻ വയ്യാഞ്ഞിട്ടാവാമെന്നു ഞാൻ വിശ്വസിക്കുന്നു എം.ടി. വാസുദേവൻ നായർ ഒരു പുസ്‌തകമെഴുതി. കാഥികന്റെ പണിപ്പുര. എങ്ങനെ കഥ എഴുതണം, എങ്ങനെ കഥ എഡിറ്റ് ചെയ്യണം എന്ന് ആ പുസ്‌തകത്തിൽ അദ്ദേഹം വിശദമായി പറയുന്നുണ്ട്.

ഒരു തോട്ടക്കാരൻ പൂന്തോട്ടം ഒരുക്കുന്നതിന്റെ ഉദാഹരണമാണ് എം.ടി അതിൽ പറയുന്നത്. കളകൾ പറിച്ചു കളഞ്ഞ് ചെടികൾ കൃത്യമായി വെട്ടി പൂക്കളുടെ ഭംഗി പുറത്തുകാണുംവിധം പൂന്തോട്ടം ഒരുക്കുംപോലെ വേണം കഥകൾ എഡിറ്റ് ചെയ്യാൻ. ഭംഗി നഷ്‌ടപ്പെടരുത്. പൂക്കളെല്ലാം ശേഷിക്കണം. കളകളും പാഴ്‌ച്ചെടികളും അവശേഷിക്കുകയുമരുത്.

വാർത്തകളുടെയും ചിത്രങ്ങളുടെയും എഡിറ്റിങ്ങിലെ ആദ്യ മലയാള പാഠവും ഇതുതന്നെയെന്നു ഞാൻ കരുതുന്നു. ഈ പാഠവും പഠിച്ച് പാസായി ചെല്ലുന്ന പിക്‌ചർ എഡിറ്റർമാർ വിക്‌ടറുടെ മുന്നിൽ തോൽക്കുകയേയുള്ളൂ. ഒരിഞ്ചുപോലും കത്രിക വയ്‌ക്കാൻ പറ്റാത്തൊരു ഫ്രെയിമായിരുന്നു എന്നും വിക്‌ടറുടെ ചിത്രങ്ങൾ.

ടൈറ്റ് ഫ്രെയിമിങായിരുന്നു വിക്‌ടറുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ഫൊട്ടോഗ്രാഫറേയല്ലാത്ത ഞാൻ പറയേണ്ടതില്ല.

അത്തരം ഒരുപാടു ടൈറ്റ് ഫ്രെയിമുകളെപ്പറ്റി വേണമെങ്കിൽ പറയാം. ചുക്കിച്ചുളിഞ്ഞ വിരലുകളും ഊന്നുവടിയും ചേർത്തുള്ള തകഴി മുത്തച്‌ഛന്റെ ആ മുഖഭാവവും ദൈവത്തിന്റെ സ്വന്തം വിരലുകൾ മുഖത്തോടു ചേർത്തുള്ള ആർട്ടിസ്‌റ്റ് നമ്പൂതിരിയുടെ ആ ക്ലോസപ്പും ക്യാൻവാസിന്റെ നാലതിരുകൾക്കുള്ളിലേക്ക് അത്ഭുതങ്ങളെ ആവാഹിക്കുന്ന ആ മഹാഛായാഗ്രാഹകന്റെ മാന്ത്രികത നമ്മെ ഓർമിപ്പിക്കുന്നു.

വിക്‌ടർ ജോർജ് നല്ലൊരു കൂട്ടുകാരനായിരുന്നു. നല്ലൊരു പാട്ടുകാരനുമായിരുന്നു. മമ്മൂട്ടിയും മോഹൻലാലും യേശുദാസും ഒഎൻവിയും സക്കറിയയും വികെഎന്നും എൻ.എസ്. മാധവനും പി.ടി. ഉഷയും ഒക്കെ ഉൾപ്പെടെ പ്രശ്‌സതരുടെ മുൻ നിര മുതൽ കുമളിയിൽ അർധരാത്രിയുടെ നാലാം യാമങ്ങളിൽ തേനെടുക്കാൻ കൂറ്റൻ ഇലവുമരത്തിന്റെ കുടുന്തയിലേക്കു കയറിപ്പോകുന്ന നെടിയ രാജു എന്ന മന്നാൻ വരെ വിക്‌ടർക്കു കൂട്ടുകാരനായിരുന്നു.

വിക്‌ടർ ആരുടെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്‌തിരിക്കുമോ അവരൊക്കെ പിന്നീട് വിക്‌ടറുടെ ആരാധകരായിട്ടുണ്ടാവും. 

ഇവരിൽ പ്രശസ്‌തരായവരെല്ലാം വിക്‌ടറെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുപാടെഴുതി. അപ്രശസ്‌തരായവരുടെ ആത്മാനുഭവങ്ങൾ അച്ചടി മഷി പുരളാതെ ഗർഭത്തിലേ മരിച്ചു വീണു.

എല്ലാ കൂട്ടുകാർക്കും മനസ്സിൽ ഓരോ മുറി വാടകയ്‌ക്കു കൊടുത്ത കൂട്ടുകാരനായിരുന്നു വിക്‌ടർ എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഞാനും രാമനും കൃഷ്‌ണനും ശത്രുഘ്‌നും അർജുനനും വിക്‌ടറുടെ സുഹൃത്തുക്കളായിരുന്നുവെന്നു കരുതുക.  

ഞങ്ങൾ  ഓരോരുത്തർക്കും താമസിക്കാൻ വിക്‌ടറുടെ മനസ്സിൽ ഓരോ മുറിയുണ്ടാകും. 

അതുകൊണ്ടുതന്നെ മനോരമയിലെ സഹപ്രവർത്തകരുടെ എല്ലാവരുടെയും പൊതു സുഹൃത്തായിരുന്നു വിക്‌ടർ. എങ്കിലും വിക്‌ടറെപ്പറ്റി ഓരോരുത്തർക്കും പറയാനുള്ളത് ഓരോ കഥകളാണ്.

കോട്ടയം നഗരത്തിന്റെ പിന്നാമ്പുറങ്ങളിലൊന്നിലെ താഴത്തങ്ങാടിയെന്ന ഗ്രാമത്തിൽ വിക്‌ടർക്കൊരു ഒറ്റ മുറി വീടുണ്ടായിരുന്നു. ആ വീടിന്റെ ഉമ്മറത്തിണ്ണയിൽ തൊട്ടുതൊട്ട് മീനച്ചിലാർ ഒഴുകുന്നുണ്ട്.

ജോലിത്തിരക്കുകൾ വിട്ട് വെറുതെയിരിക്കാൻ വിക്‌ടർ തിരഞ്ഞെടുത്ത സങ്കേതമായിരുന്നു അത്. അവിടെ പാതിരാവോളം നീളുന്ന വിനോദ വേളകൾ എനിക്കോർമയുണ്ട്.  

വിക്‌ടർ ഒരു നല്ല മിമിക്രി ആർട്ടിസ്‌റ്റായിരുന്നുവെന്ന് ഞാൻ അറിഞ്ഞത് അത്തരമൊരു ഉത്സവരാവിലാണ്. 

വിക്‌ടർ ഒരു പാട്ടുകാരനായിരുന്നു. വിക്‌ടറുടെ പാട്ടുകൾക്ക് ഒരു പ്രത്യേകതയുണ്ട്. വിക്‌ടർ പാടാനല്ല, പറയാനാണ് ഇഷ്‌ടപ്പെട്ടിരുന്നത്.

ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി..

അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്നുഞാൻ .. ഒരുമാത്ര വെറുതെ നിനച്ചുപോയി.

എന്നിങ്ങനെ ഈണത്തിന്റെ ബാധ്യതകളേയില്ലാതെ വിക്‌ടർ പറഞ്ഞുകൊണ്ടിരിക്കും. പാട്ടിന്റെ സാഹിത്യമധുരം സ്വയം ആസ്വദിച്ചുകൊണ്ടുള്ള ആത്മധ്യാനങ്ങളായിരുന്നു അവയൊക്കെ.

മനോരമയിലെ എന്റെ പഴയ സീനിയർ സഹപ്രവർത്തകൻ ജെക്കോബി ഒരിക്കലെഴുതിയ ഒരു വാചകം എന്റെ മനസ്സിൽ ഇന്നും മറക്കാതെ ബാക്കിയുണ്ട്. മഹാത്മജിയെപ്പറ്റി ആയിരുന്നു ആ കൊടുംഎഴുത്ത്. 

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നാഥനും ബലിയുമായിരുന്നു മഹാത്മജി എന്ന്.

ജെക്കോബിയിൽനിന്നു കടംകൊണ്ട് ഞാനൊരു സ്വതന്ത്ര വ്യാഖ്യാനത്തിനു ധൈര്യപ്പെടുകയാണ്.

ഇന്ത്യൻ ന്യൂസ് ഫൊട്ടോഗ്രഫിയിലെ നാഥനും ബലിയുമായിരുന്നു വിക്‌ടർ.

ആയിരം പാദസരങ്ങളിൽ നിന്ന് യേശുദാസിലെത്തിച്ച് ഞാൻ ഈ പാട്ടു നിർത്താം.

വിക്‌ടറും യേശുദാസും സമാനതകൾ ഉള്ളവരാണ് എന്നു ഞാൻ വിശ്വസിക്കുന്നു.

രണ്ടുപേരും സ്വന്തം മേഖലയിൽ ഒന്നാം നമ്പർ പേരുകാരാണ്.

രണ്ടു പേരും സുന്ദരന്മാരാണ്. രണ്ടുപേർക്കും മനോഹരമായി ചിരിക്കാൻ കഴിയുന്നു. യേശുദാസ് വെൺമയുടെ ആരാധ്യതയിൽ നമ്മളെ മോഹിപ്പിക്കുമ്പോൾ വിക്‌ടർ ജീൻസിന്റെ യുവത്വത്തിൽ നമ്മളെ ഹരംപിടിപ്പിക്കുന്നു.  

രണ്ടു പേരും പ്രായത്തെ ശരീരം കൊണ്ടും പ്രവൃത്തികൊണ്ടും രൂപംകൊണ്ടും മറി കടക്കുന്നു. 

രണ്ടു പേരും സ്വന്തം പ്രവൃത്തിപഥങ്ങളെ ജീവവായു പോലെ നെഞ്ചോടു ചേർത്ത് സൂക്ഷിച്ചു വയ്‌ക്കുന്നു. അങ്ങനെയങ്ങനെ വിക്‌ടർ ചിത്രകലയിലെ ഒരു സംഗീതമാവുന്നു.

ഇത്രയും വിശദമായി പറഞ്ഞശേഷം ഈ കുറിപ്പിന്റെ ഇൻട്രോ അവസാനം ചേർത്തുവച്ച് ഞാൻ അവസാനിപ്പിക്കുന്നു. 

എല്ലാത്തിനുമുപരി വിക്‌ടർ ഒരു മഹാനായ ന്യൂസ് ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. അദ്ദേഹം അവിസ്‌മരണീയമായ ഒരുപാടു ചിത്രങ്ങൾ എടുത്തു.

English Summary : Web Column Penakathi, remembering Victor George

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.