നസീർ സാർ എന്തു സോഫ്റ്റായിട്ടാണ് സ്പർശിക്കുന്നത് !

penakathi-kariachan-fareweell-kiss-article-image
വര: മുരുകേശ് തുളസിറാം
SHARE

ഒരു മതിലിനപ്പുറം ലിസി, ഇപ്പുറം സിസി. ആ മതിലായിരുന്നു കരിമ്പിൽ കറിയാച്ചൻ !

കറിയാച്ചന് ഹൈറേഞ്ചിൽ പഴങ്ങളുടെ ബിസിനസാണ്. തേൻതുള്ളിക്കട എന്ന മധുരമുള്ള പേര് പഴക്കടകൾക്കു കണ്ടുപിടിച്ചു കൊടുത്തതും പച്ച മുന്തിരിക്കുലകൾ കൊണ്ട് കടയുടെ എംബ്ളം ഡിസൈൻ ചെയ്തതും ലിസിയാണ്. ലിസി കറിയാച്ചന്റെ അയൽവാസിയും ചിത്രകാരിയുമാണ്. സിസിയാണ് ഭാര്യ. 

കട്ടപ്പന ടൗണിൽ കറിയാച്ചന്റെ വീട് ഒന്നരയേക്കർ പറമ്പിന്റെ നടുക്കാണ്. തൊട്ടുചേർന്ന് രണ്ടരയേക്കറിൽ ലിസിയുടെ വീട്.  പറമ്പിന് ഒത്ത നടുവിലൂടെ സ്കെയിൽ വച്ചു വരച്ചതുപോലെ റോഡ്. റോഡ് തീരുന്നിടം ചതുരത്തിൽ പണിത രണ്ടു നിലയുള്ള വീട്. അൽപം മാറി ഒരു ഔട്ട്ഹൗസ്.  ലിസി ചിത്രരചനയ്ക്ക് ഉപയോഗിക്കുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റാണ് അത്. ഒരു കുളം, പിന്നെ വൃത്തിയുള്ള പൂന്തോട്ടം.  

സഖികളിൽ സുന്ദരി അനാർക്കലി എന്നു പറയുന്നതുപോലെ വീടുകളിൽ സുന്ദരി ലിസിയുടേതാണ്. 

രണ്ടു വീടുകളുടെയും നടുവിലുള്ള നീണ്ട മതിലിൽ ഒരിടത്ത് ചതുരത്തിൽ മൂന്നു ദ്വാരങ്ങൾ ഉണ്ട്!  ഗൃഹനാഥനായ ഒരു വലിയ ചതുരം, അൽപം ചെറുതായി അതിന്റെ ഭാര്യ, പിന്നെ ഒരു കുട്ടി ചതുരം ! 

വീടു പണി കഴിഞ്ഞ് പിന്നീട് ആർക്കിടെക്ട് നിരഞ്ജൻ പർണശാലയുടെ നിർദേശപ്രകാരം കറിയാച്ചൻ നിർമിച്ചതാണ് ആ ചതുരങ്ങൾ. വാസ്തുശാസ്ത്ര പ്രകാരം കിഴക്കു ഭാഗത്തേക്കുള്ള നോട്ടം പൂർണമായും കെട്ടിയടയ്ക്കരുത്.  അത് വാസ്തുപുരുഷനെ ശ്വാസംമുട്ടിക്കും.  വീടിന്റെ ചൈതന്യം കെടുത്തും. അതോടെ ലിസിയുടെ അനുവാദത്തോടെയും സിസിയുടെ പൂർണ സമ്മതത്തോടെയുമാണ് മതിലിൽ ദ്വാരങ്ങളിട്ടത്. ഒരു ദ്വാരമിടാനേ നിരഞ്ജൻ പറഞ്ഞുള്ളൂ. മൂന്നാക്കിയത് ലിസി പറഞ്ഞിട്ടാണ്. മൂന്ന് ദ്വാരങ്ങൾ ആയാൽ സിമട്രിക്കലാകും.  കാണാൻ ചേലുണ്ടാകും. ‍‍ആ ഡിസൈനും ലിസി വരച്ചതാണ്.  

കറിയാച്ചന് വീട്ടിൽ മുയൽ ഫാമുണ്ട്.  സിബു, ബിബു, നിബു, ലിബു എന്നു തുടങ്ങി മബു എന്നു വരെ പേരുള്ള 12 വെള്ള മുയലുകൾ. കറിയാച്ചന് മുയലിറച്ചി ഇഷ്ടമാണ്. പത്തിരിക്കു കറിയായി അരപ്പു ചേർത്ത് മൂപ്പിച്ച മുയലിറച്ചി പോലെ വേറൊന്നില്ല. പക്ഷേ വീട്ടിലെ മുയലിനെ കൊല്ലാൻ ഇഷ്ടമില്ല.  ഈ കാര്യം മനസ്സിലാക്കിയ മുയലുകൾ മൃത്യുഭയമില്ലാതെ സ്വതന്ത്രരും ധീരരുമായി തുള്ളി നടന്നു.

മുയലുകളിൽ വികൃതിയാണ് സിബു. അവൻ കറിയാച്ചന്റെ ജീപ്പ് കണ്ടാൽ ഓടി വരും. ജീപ്പിന്റെ നേരെ മുന്നിൽ വന്ന് എളിയിൽ കൈകുത്തി മീശ വിറപ്പിച്ച് രണ്ടുകാലിൽ  നിൽക്കും. 

എന്നിട്ട് ഒറ്റയോട്ടമാണ്. പിടിക്കാമെങ്കിൽ പിടിച്ചോ കറിയാച്ചാ.. 

കറിയാച്ചൻ പിന്നാലെയോടും..

രണ്ടാളും കൂടെ മുറ്റത്തൂടെ മൽസരിച്ച് ഓടി പറമ്പിലേക്കു ചാടി ജാതിച്ചുവട്ടിൽ ചെല്ലുമ്പോൾ മുയൽ ഒരു ജാതി നോട്ടം നോക്കിയിട്ട് മതിലിലെ ദ്വാരത്തിലൂടെ ലിസിയുടെ പറമ്പിലേക്ക് ഒറ്റച്ചാട്ടമാണ്.

അതോടെ കറിയാച്ചൻ പതുങ്ങിച്ചെന്ന് ആ ദ്വാരത്തിലൂടെ കൈ അപ്പുറത്തേക്കു നീട്ടി കൃത്യമായി മുയലിനെ പിടിക്കും.

ഒരു  പ്രാവശ്യം കൈനീട്ടിയപ്പോൾ പിടി കിട്ടിയത് മുയലല്ല, മുയലിനെക്കാൾ ചഞ്ചലവും ചടുലവുമായ എന്തോ ഒന്ന് ! അത് കൈകൾക്കുള്ളിൽ ഇരുന്ന് ഇളകുന്നു, ചാടുന്നു, പുളയുന്നു, വിട്ടുപോകുന്നില്ല. 

കറിയാച്ചൻ ശബ്ദം താഴ്ത്തി വിളിച്ചു,, ലിസീ..

അപ്പുറത്തുനിന്ന് ലിസി തിരിച്ചു വിളിച്ചു... കറീ..

ലിസീ നീയെന്തെടുക്കുവാ..

കറീ, ഞാൻ ചിത്രം വരയ്ക്കുവാ..

എന്തു ചിത്രം ?

ആകാശം, മേഘങ്ങൾ, പൂക്കൾ, മഴ, പിന്നെ ഒരു പകൽ നക്ഷത്രം.

വരച്ചു തീർന്നോ? 

ഇല്ല !

കൈ വിടണോ?

വേണ്ടാന്നു തോന്നുന്നു. 

മുയലെവിടെ?

ഇവിടെ എന്റെ മടിയിലുണ്ട്. 

ആ മുയലിനെ ഞാൻ ഇന്നു കൊല്ലും !

ഞങ്ങൾ പെണ്ണുങ്ങളുടെ കൈകളും വെള്ളമുയലുകളെപ്പോലെയാണ്. ഇങ്ങനെ ഇറുക്കിപ്പിടിക്കരുത്.  അവയ്ക്കു ശ്വാസംമുട്ടും.

ഇറുക്കിപ്പിടിച്ചില്ലെങ്കിൽ ചാടിപ്പോയാലോ..

പൊയ്ക്കോട്ടെ. സ്നേഹത്തോടെ പിന്നാലെ ചെന്നു തിരിച്ചു പിടിച്ചു കൊണ്ടുവന്നാൽപ്പോരേ.. 

എല്ലാവരും മുയലുകളാണെന്നും എവിടെപ്പോയാലും സ്നേഹത്തോടെ ചെന്ന് തിരിച്ചു പിടിച്ചു കൊണ്ടുവരാമെന്നും കറിയാച്ചന് മനസ്സിലായത് അന്നാണ്. 

അതോടെ കറിയാച്ചൻ വീട്ടിലെ എല്ലാ മുയലുകൾക്കും സ്വാതന്ത്ര്യം കൊടുത്തു. അവ മുറ്റത്തും പറമ്പിലുമായി ഓടിനടക്കാൻ തുടങ്ങി. 

മുയലുകൾ തളിരിലകൾ തിന്നുന്നതിന് ചുംബനത്തിന്റെ ചാരുതയുണ്ട്. അതുകാണുമ്പോൾ കറിയാച്ചന് അടിവയറ്റിൽ നിന്നു പ്രണയം വരും.  മൈനാകം കടലിൽ നിന്നുയരുന്നുവോ എന്ന പാട്ടിലെപ്പോലെ.. 

പിന്നെയൊരിക്കൽ മുയലിനെത്തേടിപ്പോയ കറിയാച്ചന്റെ കൈകൾ തിരിച്ചു വന്നപ്പോൾ നഖങ്ങളിൽ നിറയെ ചായം ! ചുവപ്പ്, പച്ച, നീല, മഞ്ഞ, തവിട്ട്..

ലിസി പറഞ്ഞു.. കറീ, ഞാൻ വസന്തം എന്ന തീമിൽ ഒരു പെയിന്റിങ് ചെയ്യുവാ.

കറിയാച്ചൻ കൈയിലെടുത്തപ്പോൾ മുയലിന്റെ വെളുത്ത ഉടലിലും നിറങ്ങൾ പടർന്നു. 

മുയൽ ചിന്തിച്ചു... കഴുകാനും വയ്യ, കഴുകാതിനി വയ്യ...  

കറിയാച്ചന്റെ ഭാര്യ സിസി അറിയപ്പെടുന്ന ഒരു സ്വർണക്കടക്കാരന്റെ മകളാണ്.  പൊന്നു എന്നാണ് സിസിയുടെ വീട്ടിലെ വിളിപ്പേര്. ആ പേരിൽ ബാലനടിയായി ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. പണ്ടൊക്കെ ധനികരുടെ തറവാട്ടിലെ കുട്ടികൾ ഒരു സിനിമയിലെങ്കിലും ബാലതാരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. 

നസീറും ഷീലയും അഭിനയിച്ച പമ്പരം ഒരു നൊമ്പരം എന്നോ മറ്റോ പോലെ പേരുള്ള ഒരു സിനിമയിൽ ഷീലയുടെ കുട്ടിക്കാലം അഭിനയിച്ചത് സിസിയാണ്. ചെറിയ ഫ്രോക്കും ഷൂസും ഒക്കെയിട്ട് മുടി രണ്ടായി പിന്നി വെളുത്ത റോസുകൾ മാത്രം പൂത്തു നിൽക്കുന്ന ഒരു തോട്ടത്തിൽ ഓടി നടക്കുന്ന ആ രംഗം സിനിമയിലുണ്ട്. അന്നൊക്കെ പാട്ടുസീനിൽ കുട്ടികളെ കാണിക്കുമ്പോൾ പശ്ചാത്തലത്തിൽ വെളുത്ത റോസാപ്പൂക്കളും ഷീലയെയും ജയഭാരതിയെയും ഉണ്ണിമേരിയെയും കാണിക്കുമ്പോൾ ചുവന്ന റോസാപ്പൂക്കളും മസ്റ്റായിരുന്നു. 

കൊച്ചുകുട്ടിയായ സിസിയെ നസീർ സാർ എടുത്തുകൊണ്ടു നിൽക്കുന്ന ഒരു ഫോട്ടോ ആൽബത്തിൽ ഇപ്പോഴുമുണ്ട്. ആ ഫോട്ടോ കാണുമ്പോഴൊക്കെ കറിയാച്ചന് തോന്നാറുണ്ട്, ഈ നസീർ സാർ എന്തു സോഫ്റ്റായിട്ടാണ് ആളുകളെ സ്പർശിക്കുന്നത് ! കാറ്റ് പനിനീർപ്പൂക്കളെ ഓമനിക്കുന്നതുപോലെ.. കവിത അക്ഷരങ്ങളെ തിരഞ്ഞു പിടിക്കുന്നതുപോലെ !

കാലം കൃത്യതയില്ലാതെ മുന്നോട്ടു പോയി. മഴ കഴിഞ്ഞ് വെയിലിനു പകരം മഞ്ഞുകാലം വന്നു. പിന്നെയാണ് വേനൽ വന്നത്. രണ്ടു വീടുകളിലും ഒരേ പോലുള്ള ക്രിസ്മസ് സ്റ്റാറുകൾ തൂക്കി. 

സിസിയുടെ അച്ഛൻ ടൗണിൽ രണ്ടു പുതിയ സ്വർണക്കടകൾ  തുറന്നു, സ്വർണത്തിനു വില പിന്നെയും കൂടി. 

ലിസി നാലു പെയിന്റിങ്ങുകൾ കൂടി ചെയ്തു. അപാരത, തുള്ളികളുടെ സംഗീതം, പ്രണയം എന്നീ തീമുകളിലുള്ള പെയിന്റിങ്ങുകൾക്ക് നല്ല പേരും വിലയും കിട്ടി.  വെളുത്ത മറുക് എന്ന തീമിലുള്ള പെയിന്റിങ് ലിസി ആരെയും കാണിക്കാതെ ബെഡ് റൂമിൽ ചില്ലിട്ടു വച്ചു.  

ഇതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു കറിയാച്ചന്റെ മരണം. പഴക്കടയിൽ നിൽക്കുമ്പോൾ നെഞ്ചിലൊരു തിളപ്പ്. ഒരുപാട് മുള്ളുകൾക്കിടയിലൂടെ ഞെരുങ്ങി, ദളങ്ങൾ കീറി, ചോരയൊലിപ്പിച്ച് ഒരു പൂവ് വിരിയാൻ ശ്രമിക്കുന്നതുപോലെ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ.  അതു തളർച്ചയായി. നാലോ അഞ്ചോ ദിവസം ആശുപത്രിയിൽ. പിന്നെ കൊഴിഞ്ഞു. അങ്ങനെയായിരുന്നു മരണം. 

വെള്ളിമേഘങ്ങൾ സാക്ഷി

മാലാഖമാർ സാക്ഷി

ദൈവത്തിൻ സന്നിധി തുറന്നു

ദിവ്യസുഗന്ധം പരന്നു..

ഗായകസംഘം പാടിക്കൊണ്ടിരുന്നുമ്പോഴാണ് ലിസി മരണവീട്ടിലേക്കു വന്നത്.

കറുത്ത ബോഡിയിൽ ഫാബ്രിക് പെയിന്റുകൊണ്ട് വെളുത്ത പിച്ചിപ്പൂക്കൾ വരച്ചു ചേർത്ത സാരിയായിരുന്നു ലിസിയുടെ വേഷം.

കട്ടിയുള്ള, കറുത്ത ബോർഡറുള്ള വെളുത്ത സാരിയുടുത്ത് കറിയാച്ചന്റെ മൃതദേഹത്തിനരികെ കസേരയിൽ സിസി ഇരിക്കുന്നുണ്ടായിരുന്നു.

വെള്ളയും നീലയും പൂക്കളും പച്ച ഇലകളും കൊണ്ട് ദീർഘ ചതുരത്തിൽ തീർത്ത കൃത്രിമ പൂന്തോട്ടത്തിന്റെ നടുവിൽ പാകമെത്താതെ പൊഴിഞ്ഞ നാട്ടുമാമ്പഴം പോലെ കറിയാച്ചൻ നിത്യത പുൽകി നിശ്ചലം കിടന്നു.  ലിസി ആ മുഖത്തേക്കു തന്നെ നോക്കി നിന്നു. മേൽച്ചുണ്ടുകൾക്കു മുകളിൽ മൂക്കിന്റെ വലതുവശത്ത് ഒറ്റ നോട്ടത്തിൽ ഒരിക്കലും കാണാനാവാതെ ആ വെളുത്ത മറുക് !

മൃതദേഹത്തിന് ചുറ്റും അലങ്കാരമായി വച്ചിരുന്ന പൂക്കളുടെ ക്രമം മാറ്റണമെന്നും തലയ്ക്കൽ വച്ചിരിക്കുന്ന മൂന്നു സ്വർണക്കുരിശുകൾ എത്രയും വേഗം എടുത്തു മാറ്റണമെന്നും ലിസി ആഗ്രഹിച്ചു.  അതിനു പകരം കറുത്ത നിറമുള്ള ഒരു തടിക്കുരിശ് മതി. കറിയാച്ചന്റെ കൈകൾ നിവർത്തിപ്പിടിക്കുന്ന അത്രയും നീളമുള്ള ഒരു കുരിശ്.  അതിന്റെ നിറുകയിൽ നിന്നു താഴേക്ക് ഇളംപച്ച ഇലകളുള്ള മുന്തിരി വള്ളിക്കതിർപ്പ്. അതായിരുന്നേനെ കറിയാച്ചന് ഇഷ്ടം... ലിസി വല്ലാത്ത സങ്കടത്തോടെ ഓർത്തു. 

ഗായകസംഘം പിൻ വാങ്ങി. വൈദികർ മുന്നോട്ടു നീങ്ങി നിന്നു. സംസ്കാര ശുശ്രൂഷ നയിക്കുന്ന ഫാ. ആന്റണി നെല്ലിക്കളം പ്രസംഗിക്കാൻ തുടങ്ങി...  ദൈവം നിശ്ചയിക്കുന്നു, ദേഹം അനുസരിക്കുന്നു, ആത്മാവ് യാത്ര തുടരുന്നു..  ദൈവം ചുംബിക്കുമ്പോൾ കണ്ണുകളിൽ നിത്യനിദ്ര നിറയുന്നു.

ലിസി ഓർമിച്ചു, പഴയൊരു സംസാരം... കറീ,  എനിക്ക് ഒരേയൊരു പ്രാവശ്യം ഇയാളെ പരസ്യമായി ഹഗ് ചെയ്യണം, കിസ് ചെയ്യണം. 

കറിയാച്ചൻ ചിരിച്ചു കൊണ്ടു പറഞ്ഞു.. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വെടിക്കെട്ടിന്റെ സമയത്ത് നിന്റെ ആഗ്രഹം സാധിച്ചു തരാം. മാലപ്പടക്കം പൊട്ടിക്കഴിഞ്ഞ് ആദ്യത്തെ നിലയമിട്ടു പൊട്ടുമ്പോൾ എല്ലാവരും ഞെട്ടും. ആ സമയത്ത് പള്ളി മുറ്റത്തു വച്ച് ആർക്കും ആരെയും കെട്ടിപ്പിടിക്കാം. 

ലിസി പറഞ്ഞു.. വെടിക്കെട്ടിന്റെ സമയത്ത് പള്ളിമുറ്റത്ത് നിൽക്കുന്നവരെല്ലാം ആകാശത്തേക്ക് നോക്കി നിൽക്കുകയായിരിക്കും. ഞാൻ കെട്ടിപ്പിടിക്കുന്നത് ആരും കാണില്ല.  എനിക്ക് അതു പോരാ.. മരിച്ചു കിടക്കുമ്പോൾ ഞാൻ കാണാൻ വരും. എല്ലാവരും കാൺകെ ഞാൻ ഇയാൾക്ക് അന്ത്യചുംബനം തരും... ആ ഉമ്മയിലൂടെ എന്റെ സ്നേഹം ലോകം അറിയും..

കറിയാച്ചൻ പറഞ്ഞു..   അപരിചിതരുടെ ചുംബനങ്ങളാണ് മരണത്തിന്റെ ആന്റിക്ളൈമാക്സ്. അങ്ങനെയുള്ളവരായിരിക്കും കൂടുതൽ.  ലിസീ, നീ വരിയിൽ ഏറ്റവും ഒടുവിൽ നിന്നാൽ മതി. അവസാനത്തെ ചുംബനം നിന്റെയായിരിക്കട്ടെ.. 

ഫാ. നെല്ലിക്കളം ചരമപ്രസംഗം തുടർന്നു... ദൈവത്തിങ്കലേക്കു നീളുന്ന അദൃശ്യമായ വരിയിൽ നിൽക്കുന്നവരാണ് നമ്മൾ. ആരാദ്യമെന്നോ അവസാനമെന്നോ പറയാനാവാത്ത സത്യമാണ് മരണം.  ഒരു തോട്ടക്കാരൻ തനിക്കേറ്റവും പ്രിയപ്പെട്ട പൂക്കൾ ആദ്യം ഇറുക്കുന്നതുപോലെ, ദൈവം പ്രിയപ്പെട്ടവരെ ആദ്യം തന്റെ കൈകളിലേക്ക് സ്വീകരിക്കുന്നു. മഹാമാരിയുടെ കാലമാണ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി സ്പർശനം പരമാവധി ഒഴിവാക്കണം. തിരുസഭയുടെ തീരുമാന പ്രകാരം അന്ത്യചുംബനങ്ങൾക്കു വിലക്കുണ്ട്.  കൂപ്പുകൈകളോടെ, ഒരു മീറ്റർ അകന്നു നിന്ന് പരേതനു വിട ചൊല്ലണമെന്ന് ബന്ധുക്കളോടും ഇടവക ജനങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്.

ലിസി കറിയാച്ചനെ നോക്കി. കൺപോളകൾ കള്ളത്തരത്തിൽ അടച്ച് ഒരു വലിയ മുയൽ ഉറക്കം നടിച്ചു കിടക്കുന്നതുപോലെ..  

പിന്നെ ലിസി അടുത്തു ചെന്ന് സിസിയുടെ തോളിൽ ഒന്നു തൊട്ടു.  സിസി മുഖമുയർത്തി. 

നെല്ലിക്കളത്തിലച്ചനാവട്ടെ വിശുദ്ധമായ നിസ്സംഗതയോടെ പ്രസംഗം തുടർന്നുകൊണ്ടേയിരുന്നു. 

English Summary : Web Column - Penakathy - Last farewell kiss to body in a casket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.