ഭർത്താക്കന്മാരും വാട്സാപ്പിലെ 4 വികാരങ്ങളും !

HIGHLIGHTS
  • കുറെ പുതിയ കറികൾ വയ്ക്കാൻ പഠിച്ചത് വിവാഹം കൊണ്ടുള്ള നേട്ടം.
  • ആഗ്രഹിക്കുമ്പോഴൊക്കെ അമ്മയുടെ കൂടെ ഉറങ്ങാൻ പറ്റാത്തത് നഷ്ടം
husbands-and-whatsapp
വര: മുരുകേശ് തുളസിറാം
SHARE

പെൻ ഡ്രൈവ്, പെൺ ഡ്രൈവ് എന്നീ വാക്കുകൾ ചേർത്ത് സ്ത്രീകളെ പരിഹസിക്കുന്ന ചില തരംതാഴ്ന്ന ജോക്കുകൾ ഭർത്താവ് ഫ്രണ്ട്സിനു ഫോർവേഡ് ചെയ്യുന്നതു കണ്ട് മടുത്തിട്ടാണ് സാവിത്രി രാത്രിയിൽ കുളിക്കാൻ തുടങ്ങിയത്. 

ഉറങ്ങാൻ നേരത്തെ കുളി അവൾക്കൊരു പ്രതിഷേധവും പ്രതീകവും പ്രതിരോധവുമായി മാറി. അതിൽ അവൾ സ്വയം നനഞ്ഞ് വിമലീകരിച്ചു. 

അത്താഴം കഴിഞ്ഞാലുടൻ അരിപ്പയിലെ വെള്ളം വാർന്നു പോകുന്നതുപോലെ എല്ലാവരും ഊണുമുറി വിട്ടുപോയാലും കുറച്ചു നേരം കൂടി സാവിത്രി അവിടെ ചുറ്റിക്കറങ്ങാറുണ്ട്. അപ്പോഴാണ് അടുക്കള അവളോടു സംസാരിക്കാറുള്ളത്. താൻ മാത്രം തൊട്ടിട്ടുള്ള 26 പാത്രങ്ങൾ അടുക്കളയിലുണ്ടെന്ന് അത്തരം ഒരു ദിവസമാണ് സാവിത്രി കണ്ടുപിടിച്ചത്.  തേയില അരിക്കുന്ന അരിപ്പ, അരിവാർക്കുന്ന തടവി, ചൂടുപാത്രങ്ങളെ തലച്ചുമടിൽ താങ്ങുന്ന ചെറിയ വട്ടപ്പിഞ്ഞാണം, സ്പൂണുകളെ വഹിക്കുന്ന സുഷിരപ്പാത്രം പോലുള്ളവ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അവയും കൂടി ചേർത്താൽ സാവിത്രിയെ മാത്രം അറിയാവുന്ന 38 പാത്രങ്ങൾ അടുക്കളയിലുണ്ട്. 

ഇത്തരം കൗതുകകരവും അലോസരപ്പെടുത്തുന്നതുമായ ചില അറിവുകളിലൂടെ കറങ്ങി നടന്ന് അടുക്കളയിലെ ലൈറ്റ് അണച്ചാലും ഒരു നിമിഷം കൂടി അവൾ അവിടെത്തന്നെ നിൽക്കും. ആ നേരത്താണ് അവൾ പോയെന്നു കരുതി പാറ്റകളും ഗൗളികളും ചാടിയിറങ്ങുന്നത്. മുന്നിൽപ്പെടുന്നവയെ അടിച്ചു കൊല്ലുന്നതോടെ അതുവരെയുള്ള അവളുടെ ഈർഷ്യ ചതഞ്ഞരയും. 

പിന്നെ മെല്ലെ മുകൾ നിലയിലെ ഹാളിൽ വന്ന് കൊട്ടക്കസേരയിലേക്കു ചായും.  മുഖമില്ലാത്ത ബലിഷ്ഠനായ ഒരു പുരുഷൻ നെഞ്ചുവിരിച്ച്, കൈകൾ വിടർത്തിപ്പിടിച്ച് ഇരിക്കുന്നതുപോലെയാണ് ആ കൊട്ടക്കസേരയുടെ ഡിസൈൻ.  ഉണങ്ങിയെടുത്ത തുണികൾ ടെറസിൽ നിന്ന് വലിച്ചൂരിക്കൊണ്ടു വന്ന് കൂട്ടിയിടാറുള്ളത് ആ കസേരയിലാണ്. സാവിത്രിക്കാണെങ്കിൽ ഉണങ്ങിയ തൂണികളുടെ മുരുമുരുപ്പിൽ അമങ്ങിയിരിക്കാൻ ഭയങ്കര ഇഷ്ടമാണ്. 

അൽപനേരം അവിടെയിരുന്ന് ടിവി ചാനലിലെ കുട്ടികളുടെ സംഗീത മൽസര പരിപാടിയിലൂടെ റാൻഡമായി ഒന്നു കയറിയിറങ്ങും.  കുട്ടികൾ പാടുന്ന പാട്ടുകളെല്ലാം കേൾക്കാനൊന്നും ക്ഷമയില്ല.  മിക്സ്ചറിന്റെ കുപ്പിയിൽ കൈയിട്ട് വറുത്ത കടല, അല്ലെങ്കിൽ കാഷ്യൂ മാത്രം പെറുക്കിയെടുക്കുന്നതുപോലെ ഇഷ്ടമുള്ള ചില പാട്ടുകൾ മാത്രം പെറുക്കിയെടുത്ത് കേൾക്കും.

അതിനുശേഷമാണ് ഇപ്പോൾ രാത്രിയിലെ കുളി.

ഇങ്ങനെയൊരു സംഭവം നടക്കുന്ന കാര്യം അവളുടെ ഭർത്താവ് കൃഷ്ണ മോഹൻ അറിഞ്ഞതു തന്നെ നാലാം ദിവസമാണ്. അതും അന്ന് അവൾ തേച്ചത് അനാമികപ്പൂവിന്റെ സുഗന്ധമുള്ള സോപ്പായിരുന്നതിനാൽ മാത്രം.  

അന്ന് കൃഷ്ണ മോഹൻ ചോദിച്ചു.. നീ രാത്രിയിൽ കുളിക്കാനും തുടങ്ങിയോ ?

അവൾ നിഷ്കളങ്കമായി പറഞ്ഞു.. 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള സ്ത്രീകൾ രാത്രിയിൽ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വാട്സാപ്പിൽ കണ്ടു..

അവൾ പറഞ്ഞതിലെ പരിഹാസം മനസ്സിലാക്കാതെ അയാളതു വിശ്വസിക്കുകയും ചെയ്തു. 

പുരുഷന്മാർ ഭർത്താക്കന്മാരാകുന്നതോടെ  സ്ത്രീകൾ അടക്കിപ്പറയുന്നത് തിരിച്ചറിയാനോ അടക്കിവച്ചിരിക്കുന്നത് കണ്ടെത്താനോ കഴിവില്ലാത്തവരായി മാറുന്നു. റോഡരികിലെ പരസ്യപ്പലകകളിലെന്നപോലെ എഴുതിവച്ചാലേ അവർക്കു മനസ്സിലാകൂ.

കുളി കഴിഞ്ഞ് സാവിത്രി കുറച്ചു നേരം രണ്ടാം നിലയിലെ ബാൽക്കണിയിൽ പോയി ലൈറ്റുകൾ അണച്ച് വെറുതെ നിൽക്കും. 

സന്നിധി എന്നു പേരുള്ള അവളുടെ വീടിന്റെ മുകൾ നിലയിലെ ബാൽക്കണി കുറെ സംഭവങ്ങളുടെ കേന്ദ്രമാണ്. വാഷിങ് മെഷീൻ, പിന്നെ എപ്പോഴെങ്കിലും വായിക്കാമെന്നു കരുതി അവൾ എടുത്തുവയ്ക്കാറുള്ള മാഗസിനുകൾ, ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത അക്രിലിക് പെയിന്റ് ബോട്ടിലുകൾ,  ഒന്നോ രണ്ടോ ബ്രഷുകൾ, നിന്നാൽ അര വരെ കാണാവുന്ന ഒരു കണ്ണാടി, ഏതോ രാജ്യത്തെ പൂന്തോട്ടത്തിന്റെ ചിത്രമുള്ള കലണ്ടർ.. 

ജീവിതം, വിവാഹം, മക്കൾ, മോഹങ്ങൾ എന്നിവയെപ്പറ്റി പലപ്പോഴും സാവിത്രി ആലോചിക്കുന്നത് ബാൽക്കണിയിലെ ഇരുട്ടിൽ തനിച്ചു നിൽക്കുമ്പോഴാണ്. 

അനന്തിക, അഭിറാം എന്നീ രണ്ടു മക്കൾ ജീവിതത്തിലെ നേട്ടം.

കുറെ പുതിയ കറികൾ വയ്ക്കാൻ പഠിച്ചത് വിവാഹം കൊണ്ടുള്ള നേട്ടം. 

ആഗ്രഹിക്കുമ്പോഴൊക്കെ അമ്മയുടെ കൂടെ ഉറങ്ങാൻ പറ്റാത്തത് നഷ്ടം.

കാറോടിക്കാൻ പഠിച്ചത് നേട്ടം. 

വരയ്ക്കാൻ പറ്റാത്തത് നഷ്ടം.

ഇങ്ങനെ ആലോചനകൾ എവിടെയുമെത്താതെ നിൽക്കുമ്പോൾ എവിടെ നിന്നെങ്കിലും പിച്ചിപ്പൂക്കളുടെ മണം അവളെ വന്നു തൊടും. അതോടെ മൂഡ് മാറി അവൾ വളരെ സന്തുഷ്ടയാകും. 

രാത്രിയിൽ വരുന്ന പൂക്കളുടെ മണം, ദൂരെ നിന്നു കേൾക്കുന്ന ഹിന്ദിപ്പാട്ടുകൾ,  ചില കിളികളുടെ ശബ്ദങ്ങൾ, അരപ്പു ചേർത്ത കറികളുടെ മണം, മഴ, നല്ല തെളിച്ചമുള്ള നിലാവ് ഒക്കെ ബാൽക്കണിയിൽ നിൽക്കെ സാവിത്രിയെ ആഹ്ളാദവതിയാക്കാറുണ്ട്. 

ഇതൊന്നും ഭർത്താവോ മക്കളോ അറിയാറില്ല. കൃഷ്ണ മോഹൻ ആ നേരമൊക്കെ വാട്സാപ്പിലും മക്കൾ ഗെയിമിലുമായിരിക്കും. 

കുട്ടികൾ പാസിങ് ദ് ബോൾ ഗെയിം കളിക്കുന്നതുപോലെയാണ് കൃഷ്ണമോഹന്റെ വാട്സാപ്പിലെ കളിയെന്ന് അവൾക്കു തോന്നാറുണ്ട്. കൈയിൽ കിട്ടുന്ന സന്ദേശങ്ങളും ചിത്രങ്ങളും എത്ര വേഗമാണ് അയാൾ മറ്റൊരാൾക്കു കൈമാറുന്നത്.  പിന്നെ അടുത്തതു കിട്ടാനുള്ള കാത്തിരിപ്പായി. 

വാട്സാപ്പിൽ മുഴുകുമ്പോൾ കൃഷ്ണ മോഹന്റെ മുഖത്തു പ്രകടമാകുന്ന വികാരങ്ങളുടെ നാലു ഫോട്ടോകൾ സാവിത്രി അയാളറിയാതെ പകർത്തി വച്ചിട്ടുണ്ട്.  അവയുടെ അർഥം അവൾ നിർവചിക്കുന്നത് ഇങ്ങനെയാണ്.

മുഖത്ത് സന്തോഷമെങ്കിൽ വായിക്കുന്നത് ചളുവായിരിക്കും.

കൗതുകം – വായിക്കുന്നത് ഉറപ്പായും അശ്ളീലമായിരിക്കും. 

ഭക്തി, ആദരം– ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ, അത്ഭുത കഥകൾ, പാട്ടുകൾ.

ശൃംഗാരം – പരിചയമുള്ള സ്ത്രീകളുടെ സ്റ്റാറ്റസ് ചിത്രങ്ങൾ നോക്കുകയായിരിക്കും..

ഈ നാലു വികാരങ്ങളാണ് പൊതുവേ പുരുഷന്മാർക്ക് വാട്സാപ്പിലൂടെ ലഭിക്കുന്നത് എന്ന് അവൾക്കു മനസ്സിലായത് സജി ചിന്താമണി എന്ന മോട്ടിവേഷനൽ സ്പീക്കറുടെ സംഭാഷണങ്ങളിൽ നിന്നാണ്. 

പറവ എന്നൊരു കൂട്ടായ്മയിൽ അംഗമാണ് സാവിത്രി. ജോലിയുള്ള, എഴുത്തും വായനയും ഇഷ്ടമുള്ള, വാട്സാപ്പിൽ ഫോർവേഡുകൾ പ്രോൽസാഹിപ്പിക്കാത്ത, സ്വതന്ത്ര ചിന്തയും നിലപാടുകളുമുള്ള വനിതകളുടെ കൂട്ടായ്മയാണ് അത്. ആ ഗ്രൂപ്പിൽ സ്ത്രീകളല്ലാതെ ഒരാൾ മാത്രമേയുള്ളൂ. പ്രമുഖ സൈക്യാട്രിസ്റ്റും കോളമിസ്റ്റും പ്രചോദന പ്രസംഗകനുമായ സജി ചിന്താമണി. 

സമൂഹത്തിലെ ചലനങ്ങൾ നിരീക്ഷിച്ച് രസകരമായി അവതരിപ്പിക്കാൻ സിദ്ധിയുള്ള ആളാണ് സജി.

പറവയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ദിവസവും രാവിലെ ആദ്യത്തെ മെസേജും രാത്രി അവസാനത്തെ മെസേജും ഇടുന്നത് അദ്ദേഹമായിരിക്കും.  ഒരിക്കൽ അദ്ദേഹം ഇട്ട മെസേജ് ഇതായിരുന്നു.  ഉറങ്ങുന്നതിനു മുമ്പ് കുഞ്ഞുങ്ങളുടെ ഫോട്ടോയിൽ ഉമ്മ വയ്ക്കുന്നത് നല്ലതാണ്. 

അന്നു രാത്രി തന്നെ സാവിത്രി മകളുടെ കുഞ്ഞിക്കാലത്തെ ഫോട്ടോയിൽ ഉമ്മ വച്ചു. ഉമ്മ കഴിഞ്ഞപ്പോൾ സാവിത്രിയുടെ ചുണ്ടുകളിൽ വെളുത്ത മന്ദാരപ്പൂവിന്റെ  ഇതൾ പറ്റിയിരിപ്പുണ്ടായിരുന്നു! 

സാധാരണ വിരസമായി തോന്നുന്ന കാര്യങ്ങൾ ആസ്വാദ്യമാക്കാനുള്ള 13 വഴികളെപ്പറ്റിയായിരുന്നു മറ്റൊരിക്കൽ സജി ചിന്താമണിയുടെ സെഷൻ. അതിനുള്ള ഒരു വഴിയായി അയാൾ പറഞ്ഞത് കാണുന്ന കാര്യങ്ങൾ മൊബൈൽ ഫോണിന്റെ ക്യാമറയിൽ പകർത്തുകയാണ്.

അതോടെ സാവിത്രി രാത്രി ഉണർന്നിരുന്ന് മുറ്റത്തെ നിശാഗന്ധിയിൽ പൂവിരിയുന്നതും അപ്പുറത്തെ റോഡിൽ മഴ പെയ്യുന്നതുമൊക്കെ മൊബൈൽ ഫോണിൽ പടമെടുത്ത് പറവയുടെ ഗ്രൂപ്പ് ചാറ്റിൽ പോസ്റ്റ് ചെയ്തു.

പാമ്പിൻ കു‍ഞ്ഞുങ്ങൾ മുട്ട വിരിഞ്ഞിറങ്ങുന്നതിന്റെ അപൂർവ വീഡിയോ സജ്ന അലമേലു പോസ്റ്റ് ചെയ്തതോടെ ഗ്രൂപ്പിലെ അംഗങ്ങളുടെ ശ്രദ്ധ അതിലേക്കായി.

എല്ലാ വീഡിയോകളും വിലയിരുത്തി സജി പറഞ്ഞു..  ഇത്തരം ദൃശ്യങ്ങളൊക്കെ എ.എം നസീറോ റിജോ ജോസഫോ പകർത്തട്ടെ. നിങ്ങൾ സ്വന്തം ജീവിതത്തിലെ സാധാരണ സംഭവങ്ങളുടെ ഫോട്ടോയെടുക്കൂ.. 

തന്റെ അടുക്കളയിൽ പാൽ തിളച്ചു പൊങ്ങുന്നതിന്റെ വീഡിയോയാണ് സാവിത്രി പിറ്റേന്ന് ഗ്രൂപ്പിലിട്ടത്.  

എന്നും രാവിലെ പാതിയുറക്കച്ചടവിൽ കാണുന്ന കാഴ്ച.. ! കണ്ണുതെറ്റിയാൽ തുളുമ്പിപ്പോകുന്ന സംഘർഷഭരിതമായ നിമിഷങ്ങൾ. അവയ്ക്ക് ഇത്ര ഭംഗിയുണ്ടെന്ന് പലരും അന്നാണ് ശ്രദ്ധിച്ചത്.

സജി ചോദിച്ചു.. നമ്മുടെ ഗ്രൂപ്പിൽ എത്ര അധ്യാപകരുണ്ട് ?

നാലുപേർ വിർച്വലായി കൈപൊക്കി. 

സജി വീണ്ടും ചോദിച്ചു.. തുളുമ്പാനായി തിളച്ച് ഉയർന്നു വരുന്ന പാലിന്റെ ദൃശ്യങ്ങൾ കാണുമ്പോൾ നിങ്ങളുടെ മനസ്സിലെ തോന്നലെന്താണ്?

മിനി മനോജ് എന്ന പ്ളസ് ടു അധ്യാപിക പറഞ്ഞു.. കുസൃതികളായ കുട്ടികൾ ക്ളാസ് കട്ട് ചെയ്തു പുറത്തുചാടാൻ ക്യാംപസിലെ മതിലിലേക്കു വലിഞ്ഞു കയറുന്നതുപോലെ.. !

അതോടെ ഗ്രൂപ്പിലെ എല്ലാവരുടെയും സ്മൈലി സാവിത്രിക്കു കിട്ടി !

കുളികഴിഞ്ഞിറങ്ങുമ്പോൾ സ്വന്തം പാദങ്ങളിൽ പറ്റിയിരിക്കുന്ന വെള്ളത്തുള്ളികളുടെ വീഡിയോയാണ് അടുത്ത തവണ അവൾ പകർത്തിയത്.

ഫ്ളോർ ലവലിൽ മൊബൈൽ ഫോൺ വച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ടാണ് അവളതു ഷൂട്ട് ചെയ്തത്. 

ആ വീഡിയോ സാവിത്രിയുടെ ഫോണിൽ‍ കണ്ട് കൃഷ്ണ മോഹൻ ചോദിച്ചു...  വീ ഹാവ് ലെഗ്സ് ക്യാംപെയ്ൻ ആണോ? നന്നായിട്ടുണ്ട്. ആരുടെയാ.. ? അനശ്വരാ രാജനാണോ?

അവൾ പറഞ്ഞു.. അല്ല, അനുഷ്ക ഷെട്ടീടെ..

അയാൾ പറഞ്ഞു.. എനിക്കൂടെ ഫോർവേഡ് ചെയ്യണേ..

അവൾ പറഞ്ഞു.. ഒരു മിനിറ്റേ...

അടുത്ത നിമിഷം ചിരിയുടെ ഒരു പറവ അവളുടെ ഉള്ളിൽ നിന്ന് ചിറകടിച്ചുയർന്നു..

English Summary : Husbands and Whatsapp

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.