പ്രിൻസിപ്പലച്ചൻ കോളജ് കന്റീനിൽ പൊറോട്ട നിരോധിച്ചത് എന്തിനായിരുന്നു?

HIGHLIGHTS
  • ഗ്രൗണ്ട് ഫ്ളോറിലെ പരീക്ഷാ ഹാളിലേക്ക് പോകാൻ സ്റ്റെയർകേസ് ഓടിയിറങ്ങിയതാണ് ശാരിക
  • ക്ളാസ് കട്ട് ചെയ്ത് പ്രേമിച്ചു നടക്കുന്നത് തെറ്റല്ലേ?
college-principal-swarnamukilachan-send-off-meeting
വര: മുരുകേശ് തുളസിറാം
SHARE

പ്രിൻസിപ്പൽ സെബാസ്റ്റ്യൻ സ്വർണമുകിലച്ചൻ ഇന്ന് റിട്ടയർ ചെയ്യുകയാണ്.

ഇരുപതു വർഷം കോളജിനെ നയിച്ച ഫാ. സ്വർണമുകിൽ ഇനി കോളജിലെ പിജി ലൈബ്രറി ഹാളിന്റെ വടക്കെ ഭിത്തിയിലെ വെളിച്ചമേ നയിച്ചാലും കോർണറിന്റെ ഐശ്വര്യമായി മാറും. 

വടക്കെ ഭിത്തിയിലാണ് കോളജിലെ പഴയ പ്രിൻസിപ്പൽമാരുടെ ഫോട്ടോകൾ നിരനിരയായി വച്ചിരിക്കുന്നത്.  തെക്കെ ഭിത്തിയിൽ കോളജിന്റെ ബർസാർമാരും മാനേജർമാരുമായ ബിഷപ്പുമാരുടെ ഛായാചിത്രങ്ങളാണ്.  അനുഗ്രഹിക്കൂ, ഞങ്ങൾക്കായി പ്രാർഥിക്കൂ കോർണറെന്നാണ് ബിഷപ്പുമാരുടെ ഭാഗം അറിയപ്പെടുന്നത്.

നൂറേക്കർ ക്യാംപസിന്റെ അങ്ങേയറ്റത്താണ് ലൈബ്രറി കെട്ടിടം. 

നീലയും പച്ചയും ചുവപ്പും മഞ്ഞയും നിറങ്ങളിൽ ബെൽജിയം കണ്ണാടിച്ചില്ലുകൾ ഉള്ള വലിയ ജനാലകളാണ് ലൈബ്രറി കെട്ടിടത്തിന്റെ പ്രത്യേകത. നീണ്ട ഹാളും ചെറിയ ഇരുളും പുസ്തകങ്ങൾ നിറഞ്ഞ അലമാരകളും.  ഫോട്ടോ ഷൂട്ടിനു പറ്റിയ ലോക്കേഷൻ.  പ്രണയം, നിരാശ, പ്രതീക്ഷ, തളിര്, കുളിര് തുടങ്ങി എതു സാഹചര്യത്തിനും പറ്റുന്ന പശ്ചാത്തലം. 

സ്റ്റാഫ് എഡിറ്റർമാരായ അധ്യാപകർ കോളജ് മാഗസിന്റെ ആദ്യ താളുകളിൽ ചിന്താഭാരത്തോടെ പേനയുമായി പോസ് ചെയ്യുന്ന ഫോട്ടോകൾ ഈ പശ്ചാത്തലത്തിലാണ് എടുക്കാറുള്ളത്. 

ഒരു പൂവാക, ഒരു ഇലഞ്ഞി, ഒരു മഴ മരം, ഒരു കണിക്കൊന്ന എന്നിവ ലൈബ്രറി മുറ്റത്തു നിൽക്കുന്നുണ്ട്. മരങ്ങളുടെയെല്ലാം ഇഗ്ളീഷ് പേരുകൾ മലയാളത്തിലും മലയാളം പേരുകൾ ഇംഗ്ളീഷിലും എഴുതി വച്ചിട്ടുണ്ട്.  

കൊന്ന, ഇലഞ്ഞി എന്നൊക്കെ മലയാളത്തിൽ എഴുതി വയ്ക്കേണ്ട കാര്യമില്ല. അതേ സമയം ഇംഗ്ളീഷിൽ എഴുതിയാൽ വിദേശികൾ വായിക്കും. ഇവയുടെ ബൊട്ടാണിക്കൽ പേരുകൾ മലയാളത്തിൽ എഴുതി വച്ചാൽ നമ്മൾക്ക് ഒരു പുതിയ പേര് പഠിക്കാനും പറ്റും ! എങ്ങനെയുണ്ട് സ്വർണമുകിലച്ചന്റെ ബുദ്ധി !

ഈ അച്ചനാണ് ഇന്ന് വിരമിക്കുന്നത്. 

യാത്രയയപ്പ് യോഗത്തിൽ, കോളജിലെ പ്രധാന ഹാൾ നിറഞ്ഞു തുളുമ്പിയ സദസ്സിനെ സാക്ഷി നിർത്തി പ്രസംഗത്തിനിടെ പ്രഫ. തോമസ് രാജൻ ചന്ദനപ്പള്ളി പ്രിൻസിപ്പലച്ചനോടു ചോദിച്ചു... അച്ചോ.. ഈ കലാലയത്തിന്റെ മെയിൻ ബ്ളോക്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കയറാൻ പ്രത്യേകം സ്റ്റെയർ കേസുകൾ പണിതത് അച്ചനാണ്. ഇതിനെതിരെ എസ്എഫ്ഐയും കെഎസ്‍യുവും ഒരു മാസം സമരം നടത്തി. എട്ടു ദിവസം കോളജ് അടച്ചിട്ടു. സോഷ്യൽ മീഡിയ ക്രിട്ടിക്കായ അരുണിമ  പണ്ട് നമ്മുടെ കോളജിൽ അഡ്മിഷൻ കിട്ടിയെങ്കിലും സ്റ്റെയർകേസുകളിലെ വിവേചനം കണ്ട് അഡ്മിഷൻ  എടുക്കാതെ തിരിച്ചു പോയി. അതെപ്പറ്റി അവർ ഫെയ്സ്ബുക്കിൽ എഴുതിയിട്ടുണ്ട്. അച്ചന്റെ ആ തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?

സ്വർണമുകിലച്ചൻ വേദിയിൽ നിന്ന് എഴുന്നേറ്റു. കുപ്പായത്തിന്റെ തുമ്പ് അൽപം ഉയർത്തി ഒന്നു കുടഞ്ഞു. സ്വാഗത പ്രസംഗത്തിന്റെ സമയത്ത് സമ്മാനമായി കിട്ടിയ ബൊക്കെയിൽ നിന്ന് ഉതിർന്നു വീണ പൂവിതളുകൾ മേൽവസ്ത്രങ്ങളുടെ മടക്കുകളിൽ നിന്നു പൊഴിഞ്ഞു. അച്ചൻ ദൃ‍ഢമായ ശബ്ദത്തിൽ പറഞ്ഞു.. ഇല്ല ചന്ദനപ്പള്ളി സാറേ, ഇപ്പോഴാണെൽ ട്രാൻസ്ജെൻഡറുകളുടെ കാര്യം കൂടി പരിഗണിച്ചേനെ !

ഓഡിറ്റോറിയത്തിൽ കൈയടി. ഉതിർന്നു വീഴുന്ന പൂവിതളുകളുടെ പുഷ്പവൃഷ്ടി. 

കോളജ് മാഗസിനിൽ ആറാംതമ്പുരാൻ എന്ന കവിത വന്നത് ആ സ്റ്റെയർകേസിനെപ്പറ്റിയാണ്.  എന്നിട്ടും അച്ചൻ വഴങ്ങിയില്ല. ഇപ്പോഴും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്റ്റെയർകേസുണ്ട് ക്യാംപസിൽ. 

അച്ചൻ മൈക്കിന്റെ അടുത്തു വന്ന് പറഞ്ഞു..  ഒരു ദിവസം ശാരിക വേണുഗോപാൽ എന്ന വിദ്യാർഥിനി എന്റെ മുറിയിലേക്ക് ഓടിവന്നു. അവൾ കരയുന്നുണ്ടായിരുന്നു. അന്ന് ഡിഗ്രി ഫൈനൽ ഇയർ പരീക്ഷ നടക്കുന്ന ദിവസമാണ്. ആ വിദ്യാർഥിനി അവളുടെ വലതു കൈ നീട്ടിയിട്ട് എന്നോടു പറഞ്ഞു. എനിക്ക് ഇന്നിനി പരീക്ഷ എഴുതാൻ പറ്റില്ലച്ചോ. ഈ കൈകൾ അശുദ്ധമായിപ്പോയി. 

സദസ് സ്തബ്ധരായി കേട്ടിരിക്കുകയാണ്. അച്ചൻ തുടർന്നു.. ആ വിദ്യാർഥിനിയുടെ ഉള്ളംകൈയിൽ ചവച്ചരച്ച ച്യൂയിംഗ് ഗമ്മിന്റെ ചണ്ടി ഒട്ടിപ്പിടിച്ചിരിക്കുകയാണ്. ആരോ ചവച്ച് ചവച്ച് പശ പോലെയാക്കിയിട്ട് സ്റ്റെയർകേസിന്റെ കൈവരിയിൽ ഒട്ടിച്ചു വച്ചതാണ്. ഗ്രൗണ്ട് ഫ്ളോറിലെ പരീക്ഷാ ഹാളിലേക്ക് പോകാൻ സ്റ്റെയർകേസ് ഓടിയിറങ്ങിയതാണ് ശാരിക. ഞാൻ പറഞ്ഞു. ശാരികേ, നിന്റെ കൈകളിലെ കറ എന്റെ കൈലേസിൽ തുടച്ചു വൃത്തിയാക്കൂ. എന്നിട്ട് മനസമാധാനത്തോടെ പോയി പരീക്ഷയെഴുതൂ.  അവൾ തയാറായില്ല. ആ കൈകൊണ്ട് എഴുതിയാൽ വൃത്തിയാവില്ലെന്നായിരുന്നു അവളുടെ സങ്കടം. കോളജിന് കിട്ടേണ്ട ഒന്നാം റാങ്കാണ് അങ്ങനെ നഷ്ടപ്പെട്ടത്. ആരാണ് അതു ചെയ്തതെന്ന് കണ്ടുപിടിക്കാൻ ഞാൻ ഫസ്റ്റ് ഫ്ളോറിലെ ആൺകുട്ടികളുടെ മീറ്റിങ് വിളിച്ചു. ച്യൂയിങ് ഗം ഭിത്തിയിലും സ്റ്റെയർകേസിലും ഒട്ടിച്ചു വയ്ക്കുന്നവർ കൈപൊക്കാൻ പറഞ്ഞപ്പോൾ ആ ഹാളിലുള്ള എല്ലാവരും കൈ പൊക്കി.  അന്ന് ഞാൻ എടുത്ത തീരുമാനമാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് സ്റ്റെയർ കേസ് എന്ന്. 

ചന്ദനപ്പള്ളി സാർ പറഞ്ഞു... കോളജ് കാന്റീനിൽ പൊറോട്ടയും ബീഫും നിരോധിച്ചത് എന്തിനായിരുന്നു ? അതേ സമയം പോർക്കും മട്ടനും നിരോധിച്ചതുമില്ല.  അച്ചനു മട്ടൺ സൂപ്പും പോർക്ക് ഉലർത്തിയതും ഇഷ്ടമായതുകൊണ്ടാണെന്ന് പ്രചാരണം ഉണ്ട്. 

അച്ചൻ പറ‍ഞ്ഞു..  എനിക്ക് വിന്റർ സീസണിൽ പോർക്ക് കഴിക്കാൻ ഇഷ്ടമാണെന്നത് സത്യമാണ്. അത് ഉലർത്തിയതും ചാപ്സുമൊന്നുമല്ല. വെടിയിറച്ചിയാണ്. എന്റെ അമ്മാച്ചന്റെ വീട് ഇടുക്കിയിലെ റോസാപ്പൂക്കണ്ടത്താണ്. അവിടെ ചെന്നാൽ കാട്ടുചോലയിൽ കഴുകി പാറപ്പുറത്ത് ഉണക്കി ഉപ്പിട്ടു വച്ച നല്ലൊന്നാന്തരം വെടിയിറച്ചി കിട്ടും. പൊറോട്ട നിരോധിക്കാൻ കാരണം ഇതൊന്നുമല്ല. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന് എസ്എഫ്ഐക്കാർ പൊറോട്ട അവരുടെ പ്രചാരണത്തിനായി ഉപയോഗിച്ചു. വോട്ടെടുപ്പിന്റെ അന്ന് ആയിരം പൊറോട്ട വാങ്ങി ഇലക്ഷൻ ചിഹ്നം സീലടിച്ച് ക്യാംപസിൽ വിതരണം ചെയ്തു.  ഇതിനെ എതിർത്ത കെഎസ് യുക്കാർ ക്ളാസ് മുറികളിൽ കയറി ആയിരം പൊറോട്ടയും പിടിച്ചുവാങ്ങി കാണുന്നിടത്തെല്ലാം വലിച്ചു വാരിയിട്ടു. പൊറോട്ട തിന്നാൻ തെരുവുനായ്ക്കൾ കൂട്ടമായി വന്നു. കഴുത്തിൽ മാല പോലെ കുരുങ്ങിയ പൊറോട്ട തിന്നാൻ വേണ്ടി ഒരു പട്ടി കിടന്നു വെപ്രാളം കാണിക്കുന്നതു കണ്ട് ദയാലുവായ നമ്മുടെ വൈസ്പ്രിൻ‍സിപ്പലച്ചൻ അതിനെ സഹായിക്കാൻ നോക്കി. അച്ചനു കടിയും കിട്ടി. അതുകൊണ്ടാണ് പൊറോട്ടയും ബീഫും നിരോധിച്ചത്. അന്നു ക്യാംപസിന്റെ ഉള്ളിൽക്കടന്ന തെരുവുനായ്ക്കൾ ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്ന കാര്യം അറിയാമല്ലോ..  ചന്ദനപ്പള്ളി സാറിന് ഇനി എന്തെങ്കിലും ചോദിക്കാനുണ്ടോ?

ഇംഗ്ളീഷ് ഡിപ്പാർട്ട്മെന്റിലെ കവിയും പ്രഫസറുമായ തോമസ് രാജൻ ചന്ദനപ്പള്ളി നിരാശയോടെ പറഞ്ഞു.. ഉണ്ടച്ചോ.. ഒരിക്കൽ എന്റെ ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോയ രണ്ടു പിള്ളേരെ ഞാൻ എത്ര തവണ ആവശ്യപ്പെട്ടിട്ടും അച്ചൻ സസ്പെന്റ് ചെയ്തില്ലല്ലോ.

അച്ചൻ പറഞ്ഞു.. അവരെ  സസ്പെന്റ് ചെയ്യുന്നത് നീതിയല്ല. കാരണം അതൊരു ആൺകുട്ടിയും പെൺകുട്ടിയുമായിരുന്നു. അവർ ലവ്ബേർഡ്സായിരുന്നു. 

ചന്ദനപ്പള്ളി സാർ പറഞ്ഞു... അതു തന്നെയാണ് ഞാനും പറയുന്നത്. ക്ളാസ് കട്ട് ചെയ്ത് പ്രേമിച്ചു നടക്കുന്നത് തെറ്റല്ലേ? പാരന്റ്സ് ഇതിനാണോ കുട്ടികളെ കോളജിൽ അയയ്ക്കുന്നത്.. ?

അച്ചൻ ചോദിച്ചു... അവർ ക്ളാസ് കട്ട് ചെയ്ത ദിവസം ചന്ദനപ്പള്ളി സാർ ഏതു വിഷയമാണ് പഠിപ്പിച്ചതെന്ന് ഓർമയുണ്ടോ?

ഉണ്ട്, ഷേക്സ്പിയറുടെ ഹാംലെറ്റ് സെക്കൻഡ് ആക്ട്.  വളരെ ഇംപോർട്ടന്റായ ക്ളാസായിരുന്നു. 

അച്ചൻ പറഞ്ഞു..  അവർ കണ്ട സിനിമയും ഹാംലെറ്റായിരുന്നു. ലോറൻസ് ഒലീവിയർ അഭിനയിച്ച ആ സിനിമയ്ക്ക് ഒന്നിലധികം ഓസ്കർ അവാർഡാണ് ലഭിച്ചത്.   അന്നു നൂൺഷോയ്ക്കു ഞാനും പോയിരുന്നു. ആ കുട്ടികൾ ചെയ്തതിൽ ഒരു തെറ്റുമില്ല. 

ചന്ദനപ്പള്ളി സാറിന്റെ പ്രതിഷേധം ചന്ദനച്ചിതയി‍ൽ എരിഞ്ഞുതീർന്നു !

കോളജിൽ ആദ്യത്തെ എൽജിബിറ്റി വിദ്യാർഥിക്കു പ്രവേശനം അനുവദിച്ച ആളായിരുന്നു സ്വർണമുകിലച്ചൻ.  ആ വിദ്യാർഥിയോട് ഋതുപർണ ഘോഷിന്റെ സിനിമകളെപ്പറ്റി സംവദിച്ചു.

സ്വർണമുകിലച്ചൻ പറഞ്ഞു..  ഞാനൊരു കഥ പറയാം. വൈദികന്റെ കൈയിൽ ഒരു മെഴുകുതിരിയുണ്ട്. സന്ധ്യാസമയത്ത് അയാൾക്ക് അത് ദേവാലയത്തിന്റെ ഉള്ളിലോ ദേവാലയത്തിനു മുന്നിലെ മൺപാതയോരത്തോ കത്തിച്ചുവയ്ക്കാം. ചിലർ ദേവാലയത്തിനുള്ളിൽ കൊളുത്തി വയ്ക്കുന്നു. അത് സദ്പ്രവൃത്തിയാണ്. ഞാനത് പാതയോരത്ത് കൊളുത്തി വച്ചു എന്നു മാത്രം.  രണ്ടു പ്രവൃത്തിയും തെറ്റല്ല. എങ്കിലും കാലത്തിനു ചേരാത്ത ഒരു പ്രവൃത്തി ഞാൻ ഇപ്പോൾ തിരുത്തുകയാണ്. കോളജിലെ സ്റ്റെയർ കേസുകളിലെ വിവേചനം ഇനിയില്ല.  എല്ലാവർക്കും സഞ്ചരിക്കാം. ഒരെണ്ണം കയറാനും മറ്റേത് ഇറങ്ങാനും ഉപയോഗിക്കുക.

അച്ചൻ തുടർന്നു.. കോളജിലെ റിസർച്ച് ലൈബ്രറിയിൽ രാത്രിയിൽ ആളൊഴിഞ്ഞ നേരങ്ങളിൽ വലിയ സംവാദങ്ങൾ നടക്കാറുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? ലൈബ്രറി ഹാളിന്റെ ഭിത്തിയിലുള്ള പണ്ടത്തെ പ്രിൻസിപ്പൽമാരും ബർസാർമാരും ബിഷപ്പുമാരും തമ്മിൽ കാലികമായ പല വിഷയങ്ങളെപ്പറ്റിയും നേരം പുലരുവോളം സംവാദങ്ങളും ചർച്ചകളും പ്രഭാഷണങ്ങളും നടക്കാറുണ്ട്.  അത്തരം സംവാദങ്ങളിൽ പങ്കെടുക്കാനായി ഞാനും പുറപ്പെടുകയാണ്. ദൈവം നിങ്ങളുടെ കൂടെയുണ്ടാവട്ടെ..

സദസ്സിലെ എല്ലാവരും എഴുന്നേറ്റു നിന്ന് ഉറക്കെ പറഞ്ഞു... ആമേ‍ൻ.. 

അനന്തരം സെബാസ്റ്റ്യൻ സ്വർണമുകിലച്ചൻ കോളജ് ലൈബ്രറിയുടെ ഭിത്തിയിലെ പന്ത്രണ്ടാമത്തെ ചിത്ര  ശലഭമായിത്തീർന്നു !

English Summary : Penakathy Column : College Prinicipal Fr. Sebastian Swarnamukil send off meeting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.