കെമിസ്ട്രി ലാബ് കുത്തിത്തുറന്ന് ഹൈഡ്രജൻ ഉണ്ടാക്കിയാലോ?

HIGHLIGHTS
  • മലയാളികൾക്ക് 40 കഴിഞ്ഞാൽ ജലദോഷം പോലെയാണ് നൊസ്റ്റാൾജിയ.
  • പുരുഷന്മാരിലും സ്ത്രീകളിലും 40 കഴിയുമ്പോൾ യൗവനം പിന്നോട്ട് ഓടാൻ തുടങ്ങുന്നു
penakathy-robin-zachariah-and-anjali-peter-back-to-their-campus-on-a-night-after-a-long-time
SHARE

തിരിച്ചു വരുന്ന ഏതൊരാൾക്കും കോളജ് ക്യാംപസ് പാതി ഒഴി‍ഞ്ഞ വൈൻ ഗ്ളാസ് പോലെയാണ്. ഓർമകളുടെ ലഹരി ഉള്ളിലും ബാക്കി പുറത്തും ! പാട്ട് ഇഷ്ടമുള്ള പൊലീസ് ഓഫിസറാണ് റോബിൻ സക്കറിയ.  പാട്ടുകൾ അയാളെ പലയിടത്തും കൊണ്ടുപോകാറുണ്ട്.  നല്ലൊരു ഭക്തിഗാനം കേട്ടാൽ നേരെ ഏതെങ്കിലും ബാറിലേക്ക്. നെഞ്ചിൽ കൊള്ളുന്ന  റൊമാന്റിക് ഗാനമാണെങ്കിൽ ബീച്ചിലേക്കോ ഇന്ത്യൻ കോഫി ഹൗസുകളിലേക്കോ.. 

ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ പൊലീസ് ജീപ്പിലെ സ്റ്റീരിയോ പാടിയത് ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം... 

കാര്യമില്ലാത്തൊരു ഭാരം അയാളുടെ നെഞ്ചിൽ വന്നു വിങ്ങി.  വെറുതെ കുറച്ചു നേരം ക്യാംപസിൽ പോയി ഇരിക്കാൻ തോന്നി. രാത്രിയാണെന്നൊന്നും നോക്കിയില്ല. നേരെ ജീപ്പ് വിട്ടു കോളജിലേക്ക്.

പറന്നു പോയ ഒരു അപ്പൂപ്പൻ താടി തിരിച്ച് മരച്ചുവട്ടിൽ വന്നു വീഴും പോലെ റോബിൻ ഇതാ പഴയ ക്യാംപസിൽ.

വാച്ചറില്ലാത്ത വലിയ ഇരുമ്പുഗേറ്റ് തുറന്നു കിടന്നു. കാറ്റിൽ ട്രാപ്പുകൾ മഴ നനഞ്ഞ ബുക്കിലെ വരകൾപോലെ മായാൻ തുടങ്ങിയിരുന്നു. 

ഗേറ്റിൽ നിന്ന് കോളജിലേക്ക് നേർരേഖ പോലെയൊരു റോഡാണ്.  ഡിസംബർ മഞ്ഞിൽ ഇരുവശത്തും പുകവലിച്ച് മരങ്ങൾ.  ജീപ്പോടുമ്പോൾ ടയറിനടിയിൽപ്പെട്ട കരിയിലകൾ പ്രതിഷേധിച്ച് കരഹരപ്രിയ രാഗത്തിൽ മുദ്രാവാക്യം വിളിച്ചു. അപരിചിതനായ ഒരാളെ കാണുമ്പോൾ ക്യാംപസ് എന്നും അങ്ങനെയാണ്. റോബിൻ കരിയിലകളെ ഞെരിച്ചമർത്തി ജീപ്പോടിച്ച് സുഖിച്ചു. 

കോളജ് വിട്ടശേഷം ഒന്നോ രണ്ടോ തവണയേ റോബിൻ ആ ക്യാംപസിൽ വന്നിട്ടുള്ളൂ. ഒരു തവണ നഗരത്തിലെ പെൺകുട്ടികൾ ഒരുക്കിയ അനാമിക എന്ന വസ്ത്ര പ്രദർശനം കാണാൻ.  ബി എന്ന അക്ഷരം കൊണ്ടു തുടങ്ങുന്ന പേരുള്ള ഒരു സംഘം പെൺകുട്ടികളായിരുന്നു ആ പ്രദർശനം ഒരുക്കിയത്. 

അന്ന് വന്നപ്പോൾ സന്ദർശകരുടെ ഡയറിയിൽ പ്രായം എഴുതാൻ വളന്റിയർമാർ ആവശ്യപ്പെട്ടത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല.

40 എന്ന് എഴുതി വയ്ക്കുമ്പോൾ 20 സൈസുള്ള ഷർട്ടുകൾക്കിടയിൽ ഹാങ് ചെയ്ത ഒരു പ്ളെയിൻ ബ്ളൂ കോട്ടൺ ഷർട്ടുപോലെ താനൊരു ഓവർ സൈസാണെന്ന് അയാൾക്കു തോന്നി. 

ഇത്തവണ വരുമ്പോൾ ക്യാംപസ് വിജനമായിരുന്നു. ഫ്രിഡ്ജിൽ വച്ച പാൽ പോലെ നിലാവു തണുത്തുറഞ്ഞു കിടന്നിരുന്നു.

റോബിൻ ജീപ്പ് ഓഫാക്കാതെ പുറത്തിറങ്ങി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അയാൾ കുറെ ദൂരം മുന്നോട്ടു നടന്നു. കാലം തെറ്റി പൂത്തു നിന്ന കൊന്ന മരത്തിൽ നിന്ന് ഒരു പൂങ്കുല ചാടിപ്പറിച്ചും ഇല്ലാത്ത  ഫുട്ബോൾ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചും ചെറിയ പടികൾ ചാടിയിറങ്ങിയും അയാൾ യൗവനത്തിന്റെ പതിനേഴാം പടിയിൽ വീണ്ടുമെത്തി. 

എവിടെ നിന്നോ ഒരു ചുവന്ന ഫ്ളാഷ് മിന്നി. റിമോട്ട് ഉപയോഗിച്ച് കാർ തുറക്കുമ്പോഴുള്ള വെളിച്ചം.  റോബിൻ കാർ കണ്ടു, പോർഷെയാണ്. ഓഡിറ്റോറിയത്തിന്റെ പോർച്ചിൽ നിർത്തിയിട്ടിരിക്കുന്നു. കോളജിലെ ഏതോ ആഘോഷത്തിന്റെ ബാനറുകളും തോരണങ്ങളും കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ ഒരു യുവതി നിൽക്കുന്നുണ്ട് ! വെളുത്ത സ്ളീവ് ലെസ് ഷർട്ടും ജീൻസും ഷൂസുമായിരുന്നു വേഷം.

റോബിൻ സഖറിയ ഒരു പൊലീസ് നായയെപ്പോലെ പതുങ്ങിച്ചെന്ന് അവളുടെ കൈയി‍ൽ പിടിച്ചു.

അപ്രതീക്ഷിതമായ ആ സ്പർശനത്തിൽ നടുങ്ങിപ്പോയ ആ യുവതി കറങ്ങി വന്ന് ഒറ്റത്തൊഴി ! 

ഒഴിഞ്ഞു മാറിയതുകൊണ്ട് അയാളുടെ നാഭിയിൽ കൊണ്ടില്ലെന്നു മാത്രം. 

ലക്ഷ്യത്തിലെത്താതെ പോയ തൊഴിയുടെ ആയത്തിൽ അവൾ ഒരു പമ്പരമായി കറങ്ങി അയാളുടെ കൈയിൽ പതുങ്ങി.

റോബിൻ ചോദിച്ചു.. അഞ്ജലി പീറ്റർ ! നല്ല തൊഴി ! ആരാ പഠിപ്പിച്ചത് ? 

അവൾ ചിരിച്ചു.. പ്രചണ്ഡ സിങ് അധൂരി. പഞ്ചാബിയായ എന്റെ ഫാദർ ഇൻ‍ ലോ. വീട്ടിലെ എല്ലാ സ്ത്രീകളെയും പുള്ളി മാർഷ്യൽ ആർട്സ് പരിശീലിപ്പിച്ചിട്ടുണ്ട്. പിന്നിൽ നിന്നു വന്നു പിടിക്കാൻ ശ്രമിക്കുന്നവർക്കുളള സമ്മാനമാണ് തൊഴി..

റോബിൻ ചോദിച്ചു.. സിങ് ഇപ്പോൾ എവിടെയുണ്ട്?

ഡൽഹിയിൽ സമരത്തിനു പോയിരിക്കുന്നു. രണ്ടാഴ്ചയായി ഫോൺ ചെയ്തിട്ട്. മൗനവ്രതത്തിലാണ്. 

ഞാൻ ഈ സമയത്ത് നിന്നെ തീരെ പ്രതീക്ഷിച്ചില്ല. 

അവൾ പറഞ്ഞു.. അതെന്താ സ്ത്രീകൾക്ക് പ്രത്യേക സമയപരിധിയുണ്ടോ ? നീ പൊലീസാണല്ലോ. എപ്പോൾ വേണമെങ്കിലും എവിടെയും കയറാമല്ലോ..

റോബിൻ തിരുത്തി.. കാമുകിയുടെ വീട്ടിലൊഴിച്ച് എവിടെയും എപ്പോഴും ! 

റോബിൻ പഠിച്ചിരുന്ന കാലത്ത് അഞ്ജലിയും ഇതേ കോളജിലുണ്ടായിരുന്നു. അയാളെക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവുണ്ടാകും. ഒരു വർഷം കോളജിലെ ആർട്സ് ക്ളബ് സെക്രട്ടറിയായിരുന്നു അഞ്ജലി. അവർ അടുത്ത കൂട്ടുകാരുമാണ്. 

അഞ്ജലി കളിയാക്കി.. ജീപ്പ് സ്റ്റാർട്ട് ചെയ്തു നിർത്തിയിട്ട് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ നീ ഡാൻസ് ചെയ്യുന്നതു കണ്ടല്ലോ. നല്ല ബോറായിരുന്നു കാണാൻ..

റോബിൻ പറഞ്ഞു..  സ്റ്റാർട്ട് ചെയ്ത് നിർത്തിയ ജീപ്പിന് അടുത്തു നിൽക്കുമ്പോൾ പൊലീസുകാർക്ക് കൂടുതൽ പവർ തോന്നും. ഓടുന്ന പൊലീസ് ജീപ്പിനെക്കാൾ ഗമ നിർത്തിട്ടിയിരിക്കുമ്പോഴാണ്. 

അവന്യൂസ് അൺലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ്പിന്റെ സിഇഒയാണ് അഞ്ജലി. കേരളത്തിലെ കോളജ് ക്യാംപസുകളുടെ ടൂറിസം ബിസിനസ് സാധ്യതകൾ സംബന്ധിച്ച് ഒരു പ്രോജക്ട് തയാറാക്കാൻ നാട്ടിൽ വന്നതാണ്. 

അഞ്ജലി പറഞ്ഞു.. മലയാളികൾക്ക് 40 കഴിഞ്ഞാൽ ജലദോഷം പോലെയാണ് നൊസ്റ്റാൾജിയ. എപ്പോൾ വേണമെങ്കിലും വരും. അങ്ങനെയുളളവർക്ക് പറ്റിയ പാരസെറ്റമോളാണ് പഴയ ക്യാംപസ്.

അതെങ്ങനെയാ മോളേ.. ?

നീ ആക്കിയതാണെന്നു മനസ്സിലായി.  നമ്മുടെ ഈ ക്യാംപസ് നമ്മുടെ പഴയ ബാച്ച് മേറ്റ്സിനൊപ്പം ആഘോഷിക്കാൻ വിട്ടുതന്നാൽ നീ വരുമോ ഇല്ലയോ ?

പകലാണെങ്കിൽ ഇല്ല. രാത്രിയാണെങ്കിൽ ഡബിൾ ഓകെ. 

അഞ്ജലി പറഞ്ഞു.. കാരണം എനിക്കറിയാം, കഷണ്ടി.  പിന്നെ ക്യാംപസിൽ പുതിയ കുട്ടികൾ ഉള്ളപ്പോൾ പ്രത്യക്ഷപ്പെടാൻ ഓൾഡ് സ്റ്റ്യൂഡന്റ്സിനു മടിയാണ്. അതുകൊണ്ടാണ്  നൈറ്റ് എന്ന ആലോചന വന്നത്. പുരുഷന്മാരിലും സ്ത്രീകളിലും 40 കഴിയുമ്പോൾ യൗവനം പിന്നോട്ട് ഓടാൻ തുടങ്ങുന്നു. ആ സമയം അവർ പഴയ കോളജ്, പ്രണയം, പണ്ടത്തെ സൗഹൃദങ്ങൾ, ബന്ധങ്ങൾ എന്നിവയിലേക്കു മടങ്ങിപ്പോകാനും പഴയ കാലത്ത് വീണ്ടും ജീവിക്കാനും പ്രത്യേക താൽപര്യം കാണിക്കുന്നു. ഇൻ ക്യാംപസ്, വിത് മൂൺലൈറ്റ് ആൻഡ് മെമ്മറീസ് എന്നതാണ് പ്രോജ്ക്ട്. 

ഐഡിയ കൊള്ളാം. വനിതാ കോളജാണെങ്കിൽ കൂടുതൽ പേർക്ക് ഇഷ്ടമായിരിക്കും.  പൊലീസിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ പറയണേ..

പൊലീസിന്റെ സഹായം ഇപ്പോഴാണ് വേണ്ടത്. നീ എന്റെ കൂടെ ക്യാംപസിലൂടെ  ഒന്നു നടക്കാൻ വരാമോ?

റോബിനും അഞ്ജലിയും  നടക്കാൻ തുടങ്ങി. നടപ്പാതകളിലും ഇടനാഴികളിലും പടവുകളിലും പലയിടത്തും ലൈറ്റുകൾ കത്തുന്നുണ്ടായിരുന്നില്ല. കുറച്ചു വെളിച്ചവും ധാരാളം ഇരുളുമുള്ള ഇടങ്ങൾ പഴയ ബ്ളാക്ക് ആൻഡ് ആൽബത്തിലെ താളുകൾ പോലെ തോന്നി.

അഞ്ജലി ചോദിച്ചു.. നിനക്ക് എന്തു തോന്നുന്നു ?

കന്റീനിൽ പോകാൻ തോന്നുന്നു. 

പഴം പൊരി ?

അല്ല പൊറോട്ട, മട്ടൻ ചാപ്സ്, 

ഒരു നാരങ്ങ കൊണ്ട് ആയിരം കുട്ടികളുടെ ദാഹം തീർത്ത ശരവണൻ രജനീകാന്തിന്റെ പാർട്ടിയിൽ ചേരാൻ ചെന്നൈയിലേക്കു പോയി.

സ്വന്തം വിയർപ്പു കൊണ്ട് പൊറോട്ടയുണ്ടാക്കിയ അച്ചാമ്മ ചേടത്തി പഞ്ചായത്ത് ഇലക്ഷനിൽ മൽസരിച്ചു ജയിച്ചു. 

ആണുങ്ങളുടെ മൂത്രപ്പുര കണ്ടപ്പോൾ റോബിൻ പറഞ്ഞു. വൺമിനിറ്റ്. ഞാനിപ്പോൾ വരാം. 

അഞ്ജലി ചിരിച്ചു.. ആവശ്യമുണ്ടായിട്ടല്ലല്ലോ. വെറുതെ ഒരു നൊസ്റ്റാൾജിയ അല്ലേ..?! ഇത് ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇല്ലാത്ത സ്വഭാവമാണ്. 

റോബിൻ പറഞ്ഞു.. എന്നാൽ ഞാനും പോകുന്നില്ല.

എല്ലാ ബുധനാഴ്ചയും ചാപ്പലിൽ പോകണമെന്ന് നിർബന്ധം പിടിച്ചിരുന്ന പ്രഫ. ജേക്കബ് അച്ചനെ ഓർമയുണ്ടോ ?

ലത ടീച്ചറെ ബുള്ളറ്റിൽ റൈഡിനു കൊണ്ടു പോയി മറിച്ചിട്ട ജീവൻ സാറിനെ നിനക്ക് ഓർമയുണ്ടോ? ടീച്ചറുടെ നെറ്റിയിൽ പിന്നെയെന്നും അതിന്റെ പാടുണ്ടായിരുന്നു. 

ഇതളടർന്ന പടവുകളിൽ അവർ കൈ കോർത്തു നടന്നിറങ്ങി. 

അഞ്‍‍ജലി പറഞ്ഞു.. നിന്റെ വിരലുകൾ റഫ് ആണ്.  

ഇപ്പോഴത്തെ ചില സാനിറ്റൈസറുടെ പ്രശ്നമാണ്.

അഞ്ജലി ചിരിയോടെ ചോദിച്ചു... നീയെന്താ ക്ളീൻ ഷേവ് ? 

പൊലീസുകാർക്ക് മീശ ഇപ്പോൾ അത്ര ഇംപോർട്ടന്റല്ല.  നോർത്ത് ഇന്ത്യയിൽ നിന്ന് ഗുപ്ത, യാദവ്, റാണെ, മിശ്ര എന്നൊക്കെ പേരുള്ള കിളുന്ത് ഐപിഎസ് ഓഫിസർമാർ വന്നതോടെ ക്ളീൻ ഷേവാണ് ഫാഷൻ. പക്ഷേ കുടവയർ പാടില്ല. 

ഗിറ്റാർ എടുക്കേണ്ടതായിരുന്നു എന്ന് അഞ്ജലിക്കു തോന്നി. നെഞ്ചുക്കുൾ പെയ്തിടും മാമഴൈ എന്ന പാട്ട് അവൾ ഗിറ്റാറിൽ നന്നായി പ്ളേ ചെയ്യും.

റോബിൻ ചെറിയ ശബ്ദത്തിൽ ചൂളമടിച്ചു... നെഞ്ചുക്കുൾ പെയ്തിടും മാമഴൈ..

അറിയാതെ വന്ന ആ സർപ്രൈസിൽ അഞ്ജലിക്ക് അടിവയറ്റിൽ മഴ പെയ്യുന്നതുപോലെ തോന്നി. എവിടെ നിന്നോ ഒരു വെളുത്ത കുതിര കുളമ്പടിച്ച് എത്തുന്നതും താൻ അതിനു മുകളിൽ കയറി പാഞ്ഞുപോകുന്നതും പോകും വഴി ആരോ കെട്ടിവച്ച ഒരു കൊടി വലിച്ചൂരുന്നതും അവൾ വെറുതെ സ്വപ്നം കണ്ടു.

അഞ്ജലി ചോദിച്ചു.. കെമിസ്ട്രി ലാബ് കുത്തിത്തുറന്ന് ഹൈഡ്രജൻ ഉണ്ടാക്കിയാലോ?

റോബിൻ പറഞ്ഞു.. കുത്തിത്തുറക്കേണ്ട, എല്ലാ ലാബുകൾക്കും ചില്ലു ജനാലകളുണ്ട്. കുറെ ചില്ലുകളിൽ ചുവപ്പ്, തവിട്ട്, കറുപ്പ് നിറങ്ങൾ പെയിന്റ് അടിച്ചിട്ടുണ്ടാകും. കറുപ്പു നിറം ചില്ലു പൊട്ടിയ സ്ഥലത്ത് പേപ്പർ ഒട്ടിച്ചിരിക്കുന്നതാണ്. അതുവഴി ഉള്ളിൽ കയറാം.

എനിക്ക് പ്രിൻസിപ്പലിന്റെ കറങ്ങുന്ന കസേരയിൽ ഇരിക്കാൻ തോന്നുന്നു. 

അതു നടക്കുമെന്നു തോന്നുന്നില്ല, അഞ്ജലീ..

എന്നാൽ ഞാൻ ഒന്ന് മണിയടിച്ചോട്ടെ..  പൊലീസ് പിടിക്കുവോ?

അവൾ ഇംഗ്ളീഷ് ഡിപ്പാർട്ട്മെന്റിന്റെ മുന്നിലെ അരമതിലിൽ കയറി നിന്ന്  ആളുയരത്തിൽ തൂക്കിയിട്ടിരുന്ന ചേങ്ങിലയിൽ കൊട്ടുവടി കണ്ട് നാലഞ്ചു തവണ മണി അടിച്ചു. ഇരുളിൽ കുറെ ചില്ലു പാത്രങ്ങൾ ഉടയുന്ന ശബ്ദം ചിലമ്പിച്ചു. 

ആ മണി ശബ്ദത്തിന്റെ മറവിൽ ഒരു നീണ്ട നിലവിളി കേട്ടു. 

അഞ്ജലി ചോദിച്ചു..  നീ എന്തെങ്കിലും ശബ്ദം കേട്ടോ ?

റോബിനും അതു കേട്ടു. അത്ര വ്യക്തമായില്ലെന്നു മാത്രം. അയാൾ പറഞ്ഞു.. എവിടെ നിന്നോ ഒരു കരച്ചിൽ പോലെ. നീ ഒന്നൂടെ മണിയടിച്ചേ.. 

അഞ്ജലി പറഞ്ഞു..  വേണ്ട, ഇപ്പോൾ നമുക്കു തിരിച്ചു പോകാം..

എന്താണെന്ന് അറിഞ്ഞിട്ടു പോകാം, അൽപം കൂടി വെയ്റ്റ് ചെയ്യാം, ഞാനൊരു പൊലീസ് ഓഫിസറാണ് എന്നൊക്കെ റോബിൻ പറയാൻ നോക്കിയെങ്കിലും അഞ്ജലി സമ്മതിച്ചില്ല. 

അവൾ അയാളുടെ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു..  ഇപ്പോൾ നീ പൊലീസല്ല, എന്റെ ക്ളാസ് മേറ്റാണ്, പ്ളീസ്.. 

അയാൾ വഴങ്ങി. പിന്നെ ശബ്ദമൊന്നും കേട്ടതുമില്ല. 

എസ്എഫ്ഐയും കെഎസ് യുവും കൊടി കെട്ടാൻ ഇരുമ്പാണികൾ അടിച്ച പാലമരത്തിൽ നിന്ന് നഷ്ടപ്രണയങ്ങളുടെ യക്ഷികൾ വെളുത്ത പല്ലുകാട്ടി ചിരിച്ചു.

ചുള്ളിക്കാടിന്റെ കവിത ചൊല്ലിയ തൊണ്ട പൊട്ടിയ നഷ്ടരാത്രികൾ മുഷിഞ്ഞ ഉടുവസ്ത്രം പോലും മാറാതെ മരച്ചുവടുകളിലെ ഇരുട്ടിൽത്തന്നെ  ഉറങ്ങാതെ കിടന്നു. 

ബോയ്സ് ഹോസ്റ്റലിൽ വെള്ളം ചേർക്കാതെ കുടിച്ച മദ്യത്തിന്റെ ചവർപ്പ് ഛർദിച്ചു കളയാൻ കുറ്റിക്കാടുകളിലെ ഒളിവിടം തേടി കാറ്റ് ക്യാംപസിനു പിന്നിലെ ആറിന്റെ പടവുകളിറങ്ങി.

പൊലീസ് ജീപ്പ് മുന്നിലും പോർഷെ പിന്നിലുമായി റോബിനും അഞ്ജലിയും ക്യാംപസ് വിട്ടു. 

അയാൾ പോർഷെയും അവൾ പൊലീസ് ജീപ്പുമാണ് ഓടിച്ചിരുന്നതെന്നു മാത്രം !

English Summary : Penakathy - Robin Zachariah and Anjali Peter back to their campus on a night after a long time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.