കല്യാണപ്പന്തലിലേക്ക് കാമുകന്റെ കൈ പിടിച്ച്.. !

HIGHLIGHTS
  • പഴയ കാമുകിയുടെ കല്യാണത്തിന് ഉപ്പ് വിളമ്പുക എന്നൊരു ആചാരമുണ്ട്
  • പ്രണയകാലത്ത് വഴക്കുകൾ ആസ്വദിക്കാൻ എളുപ്പമാണ്, വിവാഹ ജീവിതത്തിൽ അങ്ങനെയല്ല
penakathy-column-wedding-day-of-nitha
വര: മുരുകേശ് തുളസിറാം
SHARE

കല്യാണ വണ്ടി പഞ്ചറായി. വധു പഴയ കാമുകന്റെ കാറിൽ യാത്ര തുടർന്നു. 

പഴയ കാമുകൻ എന്നു പറഞ്ഞാൽ നെല്ലുപെട്ടിയിൽ മൂക്കാൻ വച്ച ഇഞ്ചിക്കറിയുടെ അത്ര പഴയതൊന്നുമല്ല.  ഒരു ചായയെച്ചൊല്ലി ഉണ്ടായ വഴക്കിനൊടുവിൽ നാലഞ്ചു മാസം മുമ്പ് പിരിഞ്ഞതാണ്. ഒരേ നാട്ടുകാരാണ്. തോട്ടത്തിൽ മേയാൻ വരുന്ന പശുവും പശുവിനെ കെട്ടുന്ന മരവും പോലെ അകന്ന ബന്ധുക്കളുമാണ്. 

ബ്യൂട്ടി പാർലറിൽ നിന്ന് ഒരുങ്ങി ഇറങ്ങിയ നിത നേരെ കല്യാണമണ്ഡപത്തിലേക്കു പുറപ്പെട്ടതായിരുന്നു. കാർ കൃഷ്ണന്റമ്പലത്തിന്റെ വളവു തിരിഞ്ഞ് ജംഗ്ഷനിലേക്ക് കയറി ലെയ്ത്ത് പണികൾ ചെയ്യുന്ന ഇന്ത്യാ ടൂൾസ് എന്ന സ്ഥാപനത്തിന്റെ മുന്നിൽ വന്നപ്പോൾ പിന്നിലെ ടയറിൽ നിന്ന് വെടി പൊട്ടും പോലെ ഒരു ശബ്ദം. ഡ്രൈവർ ചാടിയിറങ്ങി വണ്ടിയെ ഒന്നു വലം വച്ചു വന്നിട്ട് പറഞ്ഞു.. ട്യൂബ് ലെസ്സാ, പറഞ്ഞിട്ടെന്താ കാര്യം ! 

നിതയ്ക്ക് ആദ്യം തമാശയായാണ് തോന്നിയത്. പിന്നെ മനസ്സിലായി. ഇനിയും 15 കിലോമീറ്റർ കൂടിയുണ്ട് മണ്ഡപത്തിലേക്ക്.

വെപ്രാളം പിടിച്ച് ഡ്രൈവർ റോഡിലേക്ക് ഇറങ്ങി നിന്ന് ആദ്യം കണ്ട കാറിനു കൈനീട്ടി.  ആ കാറിൽ നിന്ന് പുറത്തിറങ്ങിയത് അജയൻ !

നിത ഒരു മിനിറ്റ് നേരത്തേക്ക് ഒന്നു ചൂളി. വിവാഹവേദിയിലേക്കു വധുവിനെ കൊണ്ടുപോകാൻ‍ പഴയ കാമുകൻ !  അത്തരമൊരു സന്ദർഭം പ്രതീക്ഷിച്ചില്ല.

ആവശ്യം അജയൻ അംഗീകരിച്ചെന്ന് ഡ്രൈവറുടെ മുഖത്തെ ആശ്വാസത്തിൽ നിന്ന് നിതയ്ക്കു മനസ്സിലായി. 

വധുവിന്റെയും വരന്റെയും പേരുകളുള്ള സ്റ്റിക്കർ ആദ്യത്തെ കാറിൽ നിന്ന് പറിച്ചെടുത്ത് രണ്ടാമത്തേതിൽ ഒട്ടിക്കുന്ന ഡ്രൈവറോട് കക്ഷി പറയുന്നതു കേൾക്കാം.. ആദ്യം നിത, പിന്നെ മതി പ്രഗീത്. 

വിവാഹത്തിന് എത്ര വള്ളിയും പുള്ളിയുമാണ്. ഇതാണ് മലയാളത്തിന്റെ ഒരു കുഴപ്പം എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

നിത മെല്ലെ അജയന്റെ ഇന്നൊവ ക്രിസ്റ്റയുടെ മുൻസീറ്റിൽ കയറിയിട്ടു പറഞ്ഞു.. ഹലോ.. !

അജയൻ പറഞ്ഞു.. നല്ല കോമഡിയായിപ്പോയി.

എന്ത്, പഞ്ചറായതാണോ? 

അല്ല, നീ ഇത്രയും ആഭരണമൊക്കെയിട്ട്. സിംപിളായി നിന്നെ കാണാൻ എന്തു ഭംഗിയാണ് ! എല്ലാം കൂടെ എത്ര വരും?

അവൾക്കും ഒരു നിമിഷം തോന്നി. ഓവറാണോ? 

വിവാഹത്തിന് അണിഞ്ഞൊരുങ്ങിയാൽ ഒരു പെൺ‍കുട്ടിക്കും കണ്ണാടിക്കു മുന്നിൽ തനിച്ചു നിൽക്കാനോ സ്വയം വിലയിരുത്താനോ നേരം കിട്ടാറില്ല. അങ്ങനെയായാൽ ചിലപ്പോൾ അവൾ എല്ലാം വലിച്ചെറിഞ്ഞ് ഓടിപ്പോയെന്നിരിക്കും. കുറെ ആളുകൾ ചേർന്ന് ചുറ്റും നിന്ന് നിയന്ത്രിച്ചും നിർബന്ധിച്ചും ഒരു സ്ഥലത്തുകൊണ്ട് ഇരുത്തുന്ന ആചാരമാണ് കല്യാണം !

നിത ചോദിച്ചു.. എല്ലാം കൂടെ നൂറ്റിയൊന്നു പവൻ.  നഷ്ടബോധം തോന്നുന്നുണ്ടോ? ഉണ്ടെങ്കിലും ഇനി ഓപ്ഷനൊന്നുമില്ല.

അയാൾ ഒന്നും മിണ്ടിയില്ല. കാറിനു സ്പീഡ് കൂടി. വ്യാകുലമാതാ ഹലാൽ ചിക്കൻ സെന്റർ, വിജയാ ഫാർമസി, ഇട്ടിക്കോരയുടെ തട്ടുകട, വിനായകൻസ് ഇവന്റ്സ്.. ഇങ്ങനെ റോഡരികിലെ കുറെ ബോർഡുകൾ പെട്ടെന്നു വന്നു മാഞ്ഞു.

ഇത്രയും സ്പീഡ് എന്തിനാ? നമ്മൾ ആശുപത്രിയിലേക്ക് ഒന്നുമല്ലല്ലോ..

തുടക്കം എന്നും നല്ല സ്പീഡിലാണ്. പിന്നെയാണല്ലോ ബോറടിച്ച് ഇഴഞ്ഞു തുടങ്ങുന്നത് എന്നായിരുന്നു അജയന്റെ മറുപടി. 

സിനിമയിലെ ഡയലോഗ് പോലെയുണ്ട്.  നീയാണോ കാറിന് ആണി വച്ചത് ?

അജയൻ പറ‍ഞ്ഞു.. അതേ.. എനിക്ക് അങ്ങനെ ഒരു ആഗ്രഹം  കൂടിയുണ്ടായിരുന്നു.

നിതയും അജയനും പണ്ടും സംസാരം തുടങ്ങുന്നത് അങ്ങനെയായിരുന്നു. എന്തെങ്കിലും ഒന്നും രണ്ടും പറഞ്ഞ് എതിർക്കും. വെറുതെ വഴക്കിടും. ഒടുവിൽ വഴക്കെല്ലാം തീർന്ന് വീണ്ടും കൂട്ടാവും. 

നാരങ്ങാവെള്ളം ഉണ്ടാക്കുന്നതുപോലെ എന്ന് അജയൻ പറയുമായിരുന്നു.   വെള്ളവും പഞ്ചസാരയും ഒരു പാത്രത്തിനുള്ളിൽ കിടന്ന് അടികൂടുന്നു. അതൊടുവിൽ മധുരമുള്ള നാരങ്ങാവെള്ളമായി ഒന്നാകുന്നു.

അജയൻ പറഞ്ഞു.. കല്യാണത്തിന് എന്നെ ക്ഷണിച്ചില്ലല്ലോ. 

കോവിഡ് കാലമായതിനാൽ നിതയുടെ കല്യാണം ചുരുക്കത്തിലായിരുന്നു.  വധുവിന്റെ ഭാഗത്തു നിന്ന് 50 പേർ. വരന്റെ ഭാഗത്തു നിന്നും അത്ര തന്നെ.  വീഡിയോ, ഫോട്ടോ, വിളമ്പുകാർ ഒക്കെ ചേർന്ന് 25 പേർ. അങ്ങനെ ആകെ 125 പേർ. 

വിവാഹത്തിനു തൊട്ടുമുമ്പ് ഏതു പെൺകുട്ടിയും നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. പഴയ പ്രണയം ഇനി എന്തു ചെയ്യണം. പലരും അമ്മയെയോ അനുജത്തിയോ ഏൽപ്പിച്ചിട്ടാണ് വരന്റെ വീട്ടിലേക്കു പോകുന്നത്. അവർ അത് കുറെ നാൾ സൂക്ഷിച്ചു വയ്ക്കുകയും പിന്നെ എടുത്ത് വേസ്റ്റിലിടുകയും ചെയ്യും. 

നിത പറഞ്ഞു.. അതിന് നിനക്ക് വെജിറ്റേറിയൻ സദ്യ ഒരിക്കലും ഇഷ്ടമല്ലല്ലോ. 

പഴയ കാമുകിയുടെ കല്യാണത്തിന് ഉപ്പ് വിളമ്പുക എന്നൊരു ആചാരമുണ്ട്. അതിനു പോലും എനിക്ക് അവസരം തന്നില്ല. 

എന്തിനാ  ഉപ്പ്? പായസം വിളമ്പരുതോ? 

പഴയ കാമുകി എന്ന പ്രയോഗം ശരിയല്ലെന്നു നിതയ്ക്കു തോന്നി. പ്രണയത്തിൽ പഴയതും പുതിയതും എന്നൊന്നില്ല. കുളികഴിഞ്ഞാലും നഷ്ടപ്പെടാതെ മുടിയിഴകൾ ഉള്ളിൽ ഒളിപ്പിച്ചു  സൂക്ഷിക്കുന്ന മുല്ലപ്പൂ മണമാണ് പ്രണയം. പൂക്കൾ മുൻപേ കൊഴിഞ്ഞു പോയിട്ടും മണം എവിടെയോ ബാക്കി നിൽക്കുന്നു. 

അയാൾ ചോദിച്ചു.. പ്രഗീതിന് എന്താ ജോലി?

അഡ്വക്കേറ്റാണ്. ക്രിമിനൽ.

നന്നായി. തർക്കിക്കാൻ ഒരാളായല്ലോ.

നിന്നെപ്പോലെ വിധി കൽപ്പിക്കില്ലല്ലോ. അത്രയും സമാധാനം.

അജയനും നിതയും തമ്മിൽ സീരിയസായി വഴക്കു തുടങ്ങിയത് യൗസേപ്പിതാവിന്റെ ദേവാലയത്തിൽ വച്ചായിരുന്നു. ഒരു കൗതുകത്തിനു പോയതാണ് പള്ളിയിൽ, രണ്ടാളും കൂടി ഒരു ശനിയാഴ്ച വൈകുന്നേരം. 

പള്ളി മുറ്റത്ത് വിജനവും സാന്ദ്രവുമായ സായാഹ്നം ഉരുകിയൊലിച്ച മെഴുതിരികൾ പോലെ കട്ടപിടിച്ചിരുന്നു.

നിങ്ങൾ നിൽക്കുന്നിടം വിശുദ്ധ ഇടമാണ്. പാദരക്ഷകൾ അഴിച്ചുമാറ്റുക: വികാരി എന്ന് എഴുതിയ ബോർഡ് കണ്ട് നിത ആദ്യം ചെരിപ്പൂരി പടികളുടെ താഴെ ഒതുക്കി വച്ചു. അജയനാകട്ടെ അശ്രദ്ധമായി ഷൂസ് അഴിച്ചിട്ട് നടന്നു പോയി. ഒരെണ്ണം നിതയുടെ ചെരിപ്പിന്റെ മുകളിലാണ് വന്നു വീണത്. അത് അവൾക്ക് സത്യത്തിൽ ഇഷ്ടപ്പെട്ടില്ല.

തിളങ്ങുന്ന, നേർത്ത സിൽവർ സ്ട്രാപ്പുകളുള്ള പുതിയ ചെരിപ്പായിരുന്നു. അതിന് ചെളി പറ്റാൻ ഇഷ്ടമുണ്ടായിരുന്നില്ല. 

ഒരു തൂവെള്ള മുയലിന്റെ മുകളിൽ കറുത്ത തടിയൻ നായ കയറി അമങ്ങിയിരിക്കുന്നതുപോലെ തോന്നി അവൾക്ക്.  അറിയാതെയാണോ, അറിഞ്ഞു കൊണ്ടാണോ? ഇതൊക്കെ ഇത്ര കാര്യമാക്കണോ.. ?

എന്തായാലും പള്ളിയിൽ‍ നിന്നു മടങ്ങുമ്പോൾ ഒരു കാര്യം മാത്രം അവൾക്കു മനസ്സിലായി. ഒട്ടും മനസ്സമാധാനം കിട്ടിയില്ല. ഒരിടത്തും ശ്രദ്ധിക്കാനും കഴിഞ്ഞില്ല. 

പള്ളിമുറ്റത്തു വച്ചു തന്നെ വഴക്കിട്ടു. 

അജയൻ പറഞ്ഞു.. നീ ഒട്ടും റിയലിസ്റ്റിക്കല്ല. ഇങ്ങനെയൊക്കെയാണോ പെരുമാറേണ്ടത് ? അല്ലെങ്കിലും പെണ്ണുങ്ങൾക്ക് കാലാണ് തലയെക്കാൾ പ്രധാനം. അതുകൊണ്ടല്ലേ മുഖത്തെക്കാൾ പുട്ടി കാലിൽ ഇടുന്നത് !

നിങ്ങളും ഇട്ടോളൂ. ആരു പറഞ്ഞു വേണ്ടെന്ന്. – അവളും വിട്ടില്ല. 

ആണുങ്ങൾ അത്ര മന്ദബുദ്ധികളൊന്നുമല്ല. ഇത് ഫുൾ ഷോ ഓഫാണ്... അതു പറഞ്ഞിട്ട് ആരോ കുടിച്ചെറിഞ്ഞ പഴച്ചാറിന്റെ കൂടിൽ അജയൻ ഒരു ചവിട്ട്. പഠക്കംപൊട്ടി. നാലഞ്ചു പ്രാവുകൾ ഞെട്ടിയുണർന്ന് അരൂപിയുടെ ഇടം തേടിപ്പറന്നു. ശബ്ദം കേട്ട് പള്ളിമേടയിൽ നിന്ന് വൈദികൻ പുറത്തു വന്നു നോക്കിയിട്ടു തിരിച്ചു പോകുമ്പോൾ പറഞ്ഞു..  ഇന്ന് ഒക്ടോബർ 15, ലോക കൈ കഴുകൽ ദിനം ആണ് !

പിന്നത്തെ വഴക്ക് കോഫി ഹൗസിൽ വച്ച് ചായ മേശമേൽ തുളുമ്പിയപ്പോഴായിരുന്നു. 

എത്ര നാൾ അടുക്കളയിൽ ചായ അടിച്ചാലാണ് തുളുമ്പിപ്പോകാതെ ഒഴിക്കാൻ നീയൊക്കെ പഠിക്കുക എന്ന് അജയൻ.

താഴെ വീണാലെന്താ നിനക്കു തുടച്ചാൽ പോരേ എന്ന് നിതയുടെ മറുപടിയും. 

ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നു. 

പിന്നെയും ചില വഴക്കുകൾ. വലുതും ചെറുതുമായി വന്നുകൊണ്ടിരുന്നു. ചിലതൊക്കെ ആസ്വദിച്ചു. ചിലതൊക്കെ മറക്കാൻ ശ്രമിച്ചു.

പ്രണയകാലത്ത് വഴക്കുകൾ ആസ്വദിക്കാൻ എളുപ്പമാണ്. വിവാഹ ജീവിതത്തിൽ അങ്ങനെയല്ല എന്നൊരിക്കൽ നിത പറഞ്ഞപ്പോൾ ഇത് ഏതു ബോറന്റെ വാചകമാണെന്നായിരുന്നു അജയന്റെ ചോദ്യം.

നിന്റെ അച്ഛന്റെ എന്ന് നിത മറുപടി പറഞ്ഞു. അത് സത്യവുമായിരുന്നു. അജയിന്റെ അച്ഛൻ ഡോ. സത്യൻ തിരുമലക്കാട് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നായിരുന്നു ആ വാചകം. 

അജയന്റെ കാർ കല്യാണമണ്ഡപത്തിനു മുന്നിലെത്തി. 

ഇറങ്ങാൻ നേരം അവൾ ചിരിച്ചു.. താങ്ക് യു ഡിയർ, ലോകത്ത് വളരെ കുറച്ചു പേർക്കേ ഈ ഭാഗ്യം കിട്ടിയിട്ടുണ്ടാകൂ.

അയാൾ ഡ്രൈവിങ് സീറ്റിൽ നിന്ന് അൽപം ചരിഞ്ഞ് മുന്നോട്ടാഞ്ഞ്, അനുവാദം ചോദിക്കാതെ അവളുടെ മുടിയിൽ നിന്ന് ഒരു മുല്ലപ്പൂ ഇറുത്തെടുത്തു.

എന്നിട്ടു ശബ്ദം താഴ്ത്തിപ്പറഞ്ഞു: ഓൾ ദ് ബെസ്റ്റ് നിനക്കും, എനിക്കും. 

അവൾ വലതുകാൽ വച്ച് പുറത്തിറങ്ങി.

English Summary : Penakathy Column - Wedding day of Nitha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.