പെൺകുട്ടി... എടുത്തുകൊണ്ട് ഓടാൻ തോന്നുന്ന കൗതുകം !

HIGHLIGHTS
  • പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 11 മണികൾക്ക് മുഷിഞ്ഞ പുതപ്പുകളുടെ മണമാണ്
  • എന്റെ നഖങ്ങളെല്ലാം ഞാൻ ഇന്നലെ വൃത്തിയായി വെട്ടിയതാണല്ലോ. പിന്നെ എങ്ങനെ നിനക്കു മുറിവേറ്റു?
penakathi-column-illustration-tiara-james
വര: മുരുകേശ് തുളസിറാം
SHARE

ആകർഷകമായ വസ്തുക്കൾ കൈയെത്തും ദൂരത്ത് അലങ്കരിച്ചുവയ്ക്കുകയും അതിലൊന്നും തൊടാൻ അനുവാദം തരാതിരിക്കുകയും ചെയ്യുന്ന ഇടങ്ങളെയാണ് ഹോട്ടലുകളിൽ റിസപ്ഷൻ എന്നു വിളിക്കുന്നത് !

അവിടം വേറൊരു രാജ്യമാണ് ! അവിടെയിരിക്കുമ്പോൾ പൂക്കൾ മുതൽ പേന വരെ, പുസ്തകങ്ങൾ മുതൽ പ്രതിമകൾ വരെ എന്തിനും, എന്തിന് റിസപ്ഷനിസ്റ്റുകളുടെ സാരിയുടുക്കലിനു പോലും ആവശ്യത്തിലധികം അടുക്കും ചിട്ടയുമുണ്ട്. അവിടെ നിന്നാണ് ഒരു യുവതിയെ അനുവാദം ചോദിക്കാതെ ഒരാൾ എടുത്തുകൊണ്ടുപോയത് !

മൂത്രപ്പുരയ്ക്ക് കെട്ടുവള്ളമെന്നും ബാറിന് വാറ്റുപുര എന്നും മലയാളത്തിൽ പേരിട്ട തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു സംഭവം.  ആ ഹോട്ടലിന്റെ റിസപ്ഷനിൽ പകൽ സമയങ്ങളിൽ രണ്ടു യുവതികളും ഒരു യുവാവും ഡ്യൂട്ടിയിലുണ്ടാകാറുണ്ട്. അവർ ഇരിക്കാൻ മറന്ന പാവകളെപ്പോലെയായിരുന്നു.  അതിഥികളോട് ഒരു യുവതി പാതി മലയാളത്തിലും രണ്ടാമത്തെ യുവതി പൂർണമായി ഇംഗ്ളീഷിലും സംസാരിക്കുമ്പോൾ യുവാവ് അതിഥികൾക്കൊപ്പം വരുന്ന കുട്ടികളെ കളിപ്പിക്കുന്നതുപോലെ അഭിനയിച്ചുകൊണ്ടിരിക്കും. അതാണ് റിസപ്ഷനിലെ പൊതുവായ പ്രോട്ടോക്കൾ. 

അന്ന് യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല.  പകൽ പതിനൊന്നര. ആവശ്യത്തിലധികം പ്രഭാത ഭക്ഷണം കഴിച്ച ഗസ്റ്റുകൾ ഇരവിഴുങ്ങിയ ചേരകളെപ്പോലെ മുറികളിൽ പതുങ്ങിക്കിടക്കുന്ന സമയം. റിസപ്ഷനിൽ പൊതുവേ ആളൊഴിഞ്ഞിരുന്നു.  

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 11 മണികൾക്ക് മുഷിഞ്ഞ പുതപ്പുകളുടെ മണമാണ്.  പച്ച നിറമുള്ള പരുപരുത്ത തുണികൊണ്ടു തുന്നിയ അയഞ്ഞ മേലാടകളിട്ട സ്ത്രീകൾ അടഞ്ഞു കിടക്കുന്ന മുറികൾ താക്കോലിട്ടു തുറന്ന് കയറി അതിഥികൾ ഉപയോഗിച്ച കിടക്ക വിരികളും മുഷിഞ്ഞ പുതപ്പുകളും ശേഖരിക്കാനിറങ്ങുന്നത് ഈ സമയത്താണ്. ഹോട്ടലുകളിലെ അരണ്ട വെളിച്ചമുള്ള ഇടനാഴികളിൽ പെട്ടെന്ന് അവർ ചില വണ്ടികളുമായി പ്രത്യക്ഷപ്പെടുകയും അതിഥികളെ കാണുമ്പോൾ അയിത്തമുള്ള മട്ടിൽ ഒഴി‍ഞ്ഞു മാറുകയും ചെയ്യും.

ഈ സമയത്താണ് സന്ദീപ് ഖടാരിയ എന്ന യുവാവ് ടിയാര ജയിംസ് എന്ന റിസപ്ഷനിസ്റ്റിനെ തോളിലെടുത്ത് പുറത്തേക്ക് ഓടിയത്.

ഹോട്ടലിൽ ശുദ്ധജലം സപ്ളൈ ചെയ്യുന്ന നീൽ ജൽ എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് സന്ദീപ്.  എല്ലാ ദിവസവും ഉച്ച സമയത്ത് ചെറിയ ലോറിയിൽ വെള്ളം നിറച്ച കാനുകളുമായി അയാൾ ഹോട്ടലിൽ എത്താറുണ്ട്.  നനഞ്ഞ വെള്ളക്കടലാസ് പോലുള്ള അയാളുടെ മുഖം ഗേറ്റിലെ കാവൽക്കാരനു മുതൽ അടുക്കളയിലെ തൊഴിലാളികൾക്കു വരെ പരിചിതമാണ്. വെള്ളത്തിന്റെ കാനുകൾ തോളിൽ വച്ച് ഹോട്ടലിന്റെ ഉള്ളിലേക്ക് ഓടുകയും ഒഴിഞ്ഞ കാനുകളുമെടുത്ത് തിരിച്ച് ഓടുകയും ചെയ്യുന്നത് അവരൊക്കെ എന്നും കാണാറുള്ളതാണല്ലോ.  വാട്ടർ വാട്ടർ എവരി വെയർ, നീൽ ജൽ ഡ്രോപ്സ് ടു ഡ്രിങ്ക് എന്ന് ഇംഗ്ളീഷിൽ പിൻഭാഗത്ത് എഴുതി വച്ചിട്ടുള്ള അയാളുടെ നീല യൂണിഫോം ടിഷർട്ട് ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽപ്പെടും. 

ടിയാര ജയിംസ് 24 വയസ്സുള്ള യുവതിയാണ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞതു മുതൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തതിനാലാകാം വയലിൻ കമ്പികൾ പോലെയായിരുന്നു അവളുടെ മുടിയിഴകൾ.  കാറ്റ് വന്നു മീട്ടുമ്പോൾ അവയിൽ നിന്ന് നേർത്ത സംഗീതം കേൾക്കാമായിരുന്നു.

റിസപ്ഷൻ കൗണ്ടറിന്റെ ഉള്ളിൽ റിസപ്ഷനിസ്റ്റുകളുടെ കാലുകളോടു ചേർന്ന് വെള്ളത്തിന്റെ ഒരു കാൻ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. പുതിയ ഗസ്റ്റുകളെ സ്വാഗതം ചെയ്യുന്ന വേളയിൽ നേർത്ത ശീതള പാനീയങ്ങൾ കൊടുക്കുന്ന പതിവുണ്ട് ആ ഹോട്ടലിൽ. പാനീയം കാണുമ്പോൾത്തന്നെ വേണ്ടാ, വെറും വെള്ളം മതി എന്ന് പറയുന്നത് മലയാളികളുടെ ഒരു ശീലമാണ്. അവർക്കു വേണ്ടിയാണ് റിസപ്ഷനിലെ വെള്ളത്തിന്റെ കാൻ.

സന്ദീപ് ഖടാരിയ അന്നും പതിവുപോലെ തോളിൽ വെള്ളത്തിന്റെ കാനും ചുമന്ന് റിസപ്ഷന്റെ ഉള്ളിലേക്ക് കയറി വരികയും നിറഞ്ഞ കാൻ താഴെ വച്ചിട്ട് ഒഴിഞ്ഞ കാനിനു പകരം ടിയാരയെയും എടുത്ത് പുറത്തേക്ക് ഓടുകയുമാണുണ്ടായത്. 

സന്ദീപിന്റെ വെപ്രാളം പിടിച്ചുള്ള ഓട്ടത്തിനിടയിൽ ടിയാരയുടെ തല റിസപ്ഷനിൽ തൂക്കിയിട്ടിരുന്ന കാറ്റാടിമണികളിൽ തട്ടി ണിം ണാം ണിം ണിം എന്ന് സംഗീതം പൊഴിച്ചു. അതുകേട്ടാണ് നയന ചന്ദ്രിക എന്ന രണ്ടാമത്തെ റിസപ്ഷനിസ്റ്റ് ശ്രദ്ധിച്ചത്. 

നയനയ്ക്ക് ആദ്യം പരിഭ്രമവും പിന്നെ കൗതുകവും തോന്നി. അവൾ മൊബൈൽ ഫോണെടുത്ത് ആ രംഗം പകർത്തുകയും പിന്നെ പ്ളീസ് സ്റ്റോപ്പ് എന്ന് ഉറക്കെ അലറുകയും ചെയ്തു.  സന്ദീപ് അതുകേട്ട് ടിയാരയെയും എടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതു പോലെ ഒരു നിമിഷം തിരിഞ്ഞു നിന്നിട്ട് വീണ്ടും പുറത്തേക്ക് ഓടി. 

എത്ര ശ്രമിച്ചാലും ടിയാരയ്ക്ക് ഊർന്നു പോകാനോ കുതറി മാറാനോ പറ്റാത്ത വിധത്തിൽ മുറുക്കി പിടിച്ചുകൊണ്ടായിരുന്നു അവന്റെ ഓട്ടം. 

ഓട്ടത്തിനിടെ ടിയാര സന്ദീപിനോടു ചോദിച്ചു.. നീ എന്നെ എങ്ങോട്ടാണ് എടുത്തുകൊണ്ട് ഓടുന്നത് ?

അവൻ പറഞ്ഞു.. തമ്പാനൂർ റയിൽവേ സ്റ്റേഷനിലേക്ക്..

പാളത്തിൽ ചാടി ആത്മഹത്യ ചെയ്യാനാണോ?

അല്ല കൊൽക്കത്തയിലേക്ക് പോകാൻ.. ഗുരുദേവ് എക്സ്പ്രസ് രണ്ടാമത്തെ പ്ളാറ്റ്ഫോമിലുണ്ട്.

നിനക്കെന്താ ഭ്രാന്താണോ?

അല്ല പ്രണയമാണ്.

എന്നോടോ?

അതേ,  ഇഷ്ടം തോന്നുന്ന എല്ലാം ഞാൻ ഇങ്ങനെ എടുത്തു കൊണ്ട് ഓടാറുണ്ട്.

ഇതിനു മുമ്പ് ഇഷ്ടം തോന്നിയത് എന്തിനോടൊക്കെയാണ് ?

എന്റെ ഇളയ അനുജത്തിയോട്, പിന്നെ മഴയോട്, അതിനു മുമ്പ് നക്ഷത്രങ്ങളോട്..

ടിയാര അവന്റെ തോളിലും കഴുത്തിലും തലയിലും ശക്തിയായി ഇടിക്കാൻ തുടങ്ങി. അപ്പോഴേക്കും അവർ തമ്പാനൂരിലെ ഓട്ടോസ്റ്റാൻ‍ഡിന്റെ അടുത്തെത്തി. 

ടിയാര വിളിച്ചു പറഞ്ഞു.. എന്നെ താഴെയിറക്കൂ. എന്റെ ശരീരത്തിൽ എവിടെയോ മുറിയുന്നുണ്ട്. എനിക്കു വേദനിക്കുന്നു. 

ബഹളം കേട്ട് ഓട്ടോക്കാർ ശ്രദ്ധിക്കാൻ തുടങ്ങി. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരും വഴിയിൽ നിന്ന ചിലരും അവിടേയ്ക്ക് ഓടി വരുന്നതു കണ്ട് സന്ദീപ് അവളെ വേഗം താഴെ ഇറക്കി. 

എന്നിട്ടു പറഞ്ഞു.. എന്റെ നഖങ്ങളെല്ലാം ഞാൻ ഇന്നലെ വൃത്തിയായി വെട്ടിയതാണല്ലോ. പിന്നെ എങ്ങനെ നിനക്കു മുറിവേറ്റു? ! 

ടിയാരയുടെ വയറിൽ, സാരിയുടെ നീലമേഘക്കീറിനിടയിൽ പുറത്തു കാണാവുന്ന ഒരു വലിയ തേങ്ങാപ്പൂളിന്റെ അത്ര വലുപ്പമുള്ള ഭാഗത്തു നിന്ന് രക്തം പൊടിയാൻ തുടങ്ങി. 

ആളുകൾ അവരുടെ അടുത്തേക്ക് ഓടി വരുന്നതു കണ്ട് സന്ദീപ് ഖടാരിയ തമ്പാനൂർ ജംക്ഷനിലെ ചുഴി പോലെ വാഹനങ്ങൾ കറങ്ങുന്ന റോഡിനു നടുവിലേക്ക് ഓടിക്കയറി.  വെപ്രാളം പിടിച്ച പൂച്ചകൾ തിരക്കുള്ള നാഷനൽ ഹൈവേകളിൽ ചെയ്യുന്നതുപോലെ നടുവിൽ നിന്ന് ഒന്നു പകച്ചു. പിന്നെ റോഡിനു കുറുകെ ഓടി തമ്പാനൂർ റയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്ക് ഓടിമറയുകയും ചെയ്തു.

ഗുരുദേവ് എക്സ്പ്രസ് കൽക്കട്ടയിലേക്കു പുറപ്പെടുകയായിരുന്നു. അൺറിസർവേർഡ് കംപാർട്ട്മെന്റിൽ ചാടിക്കയറിയ ഒരു ചെറുപ്പക്കാരൻ തീവണ്ടി എൻജിനെക്കാൾ ശക്തിയിൽ കിതയ്ക്കാൻ തുടങ്ങി. 

നയന വന്ന് ടിയാരയെ ഹോട്ടലിലേക്കു കൂട്ടിക്കൊണ്ടുപോയി. 

ഹോട്ടലിലെ വാഷ്റൂമിനുള്ളിൽ ആയിരം കണ്ണാടികൾക്കു നടുവിൽ നിൽക്കെ നയന ടിയാരയോടു ചോദിച്ചു.. എവിടെയാ മുറിഞ്ഞത് ? അവൻ നിന്നെ ഉപദ്രവിച്ചോ? 

ടിയാര വയറിലെ മുറിവ് അവൾക്കു കാണിച്ചു കൊടുത്തു. പറഞ്ഞു.. നമ്മൾ റിസ്പ്ഷനിസ്റ്റുകൾ സാരി ഉടുക്കാൻ 9 സേഫ്റ്റി പിന്നുകളാണല്ലോ ഉപയോഗിക്കാറുള്ളത്. അതിൽ ഒരെണ്ണം വയറിൽ കുത്തിക്കയറിയതാണ്. 

നയന ചിരിച്ചുകൊണ്ടു പറഞ്ഞു... ഞാൻ ചില ദിവസങ്ങളിൽ 11 എണ്ണം ഉപയോഗിക്കാറുണ്ട് !  ഇത്രയും ദൂരം അയാൾ നിന്നെ എടുത്തുകൊണ്ട് ഓടിയിട്ടും നിന്റെ സാരി ഒരിടത്തും ചുളുങ്ങിയിട്ടേയില്ല. ഇപ്പോഴും പെർഫെക്ടാണ് !

ടിയാര പറഞ്ഞു.. അയാളുടെ കൈകൾ വളരെ കോൺഫിഡന്റായിരുന്നു. ഓട്ടത്തിനിടയിൽ ഞാൻ താഴെ വീഴുമെന്ന് ഒരിക്കൽപ്പോലും എനിക്കു തോന്നിയതേയില്ല. 

നയന പറഞ്ഞു.. അയാൾ മലയാളിയല്ലല്ലോ. വടക്കെ ഇന്ത്യക്കാർ പൊതുവേ കുതിരകളെപ്പോലെയാണ് ഓടുന്നത്. 

അപ്പോൾ മലയാളികളോ ?

വിദേശ ബ്രീഡുകളായ നായ്ക്കളെപ്പോലെ അണച്ചുകൊണ്ട്...

ടിയാര ചിരിച്ചു.. കൽക്കട്ട എന്റെ ഫേവ്റിറ്റ് സ്ഥലമാണെന്ന് അയാൾ എങ്ങനെ അറിഞ്ഞു. അതാണ് ഞാൻ ആലോചിക്കുന്നത്..!

പെൺകുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമത്തെപ്പറ്റി തമ്പാനൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഒരു പൊലീസ് നായയെപ്പോലെ മണം പിടിച്ചു നടന്നു.  

പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ കിരൺ കുമാർ സിഐ സുഭാഷ് ചന്ദ്രബോസിനോടു പറഞ്ഞു.. ഒരു പെൺകുട്ടിയെ അവളുടെ അനുവാദമില്ലാതെ ചുമന്നു കൊണ്ടുപോകുന്നതും വെള്ളം നിറച്ച കാൻ തോളിൽ ചുമക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വെള്ളം കാനിന്റെ ഉള്ളിൽ മാത്രം ഇളകുമ്പോൾ പെൺകുട്ടി ഉള്ളിലും പുറത്തും ഇളകും !  രണ്ടുപേരുടെയും ഉള്ളിലുള്ളത് കടലാണല്ലോ..

സിഐ സുഭാഷ് ചന്ദ്രബോസ് ഒരു കവി കൂടിയാണ്  നിരീശ്വർ എന്ന പേരിൽ ഫെയ്സ്ബുക്കിൽ പലപ്പോഴും കവിതകൾ എഴുതാറുണ്ട്. സിഐ പറഞ്ഞു..  ഒരു പെൺകുട്ടിയെ കാമുകൻ എടുത്തുയർത്തുന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു നിമിഷത്തിലായിരിക്കും.  അത് വിവാഹം പോലെ മുൻകൂട്ടി പറഞ്ഞുറപ്പിച്ച ഒരു മുഹൂർത്തത്തിൽ സംഭവിക്കുന്നതല്ല.  ഗുരുത്വാകർഷണത്തെക്കാൾ ആകർഷണത്തിന്റെ നിയമങ്ങളാണ് ഇവിടെ ബാധകം. അതുകൊണ്ടായിരിക്കാം വിവാഹത്തിൽ അനുഭവപ്പെടുന്നതുപോലെ ഭാരം അനുഭവപ്പെടാത്തത് !

സിഐ ചോദിച്ചു.. ആ റിസ്പ്ഷനിസ്റ്റിന്റെ മൊഴിയെടുത്തോ?

അവൾ പറഞ്ഞത് പരാതിയില്ലെന്നാണ്.

അങ്ങനെ വരാൻ വഴിയില്ലല്ലോ...

സുഭാഷ് ചന്ദ്രബോസ് ജീപ്പുമെടുത്ത് ഹോട്ടലിലേക്കു ചെന്നു. 

ഐസിട്ട ചിരിയോടെ ശീതളപാനീയം നിറച്ച തണുത്ത ചില്ലുഗ്ലാസ് നീട്ടിയിട്ട് ടിയാര പറഞ്ഞു: പരാതിയില്ല സാർ, കേസെടുക്കേണ്ട...

ഓകെ എന്നു പറഞ്ഞ് സിഐ തിരിഞ്ഞു നടക്കുമ്പോൾ അവൾ ആരും കാണാതെ വയറ്റിലെ തേങ്ങാപ്പൂൾ മുറിവിനെ വിരലുകൊണ്ടൊന്നു തലോടിച്ചുവപ്പിച്ചു.. 

സിഐ സുഭാഷ് ചന്ദ്രബോസ് ആത്മഗതം പറഞ്ഞു..  പ്രതി.. പ്രതിമ.. പ്രണയം.. ! കവിതയ്ക്കു പറ്റിയ തലക്കെട്ട്.. 

English Summary - Penakathi Column by Vinod Nair - Hotel Receptionist Tiara James 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PENAKATHY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA