റൊണാൾഡോയുടെ നെഞ്ചത്ത് ജാനകിയുടെ ഫ്രീ കിക്ക് !

HIGHLIGHTS
  • ജാനകി പറഞ്ഞു.. ഓടക്കാലീ.. നിനക്കെതിരെ ഞാൻ വനിതാ കമ്മിഷനിൽ പരാതി കൊടുക്കും
  • ജീവിതത്തിൽ ആദ്യമായി ബൂട്ട്സിട്ടപ്പോൾ ഓടക്കാലി കുട്ടന്റെ കാലുപൊട്ടി ചോര വന്നു
penakathy-column-odakkali-kuttan-the-talisman-of-united-pala
വര: മുരുകേശ് തുളസിറാം
SHARE

ഓർമകൾ തുടങ്ങുന്നത് യൗവനയുക്തയായ ഒരു തെങ്ങിൻ മുകളിൽ നിന്നാണ്. ഇളംകരിക്കുകൾ മാറത്തടുക്കിപ്പിടിച്ചു നിൽക്കുന്ന തെങ്ങ്.  പകലിന്റെ പ‍ടിഞ്ഞാറെ മുറ്റത്ത് വെയിലിന്റെ മട്ട് ഊറിയടിഞ്ഞതുപോലെ ഇളംചോപ്പുള്ള സന്ധ്യ. ഓടക്കാലി കുട്ടൻ കള്ളുചെത്തുകയാണ്. അരയിൽ കൊളുത്തിയിട്ട ചെറിയ ട്രാൻസിസ്റ്റർ റേഡിയോയിൽ നിന്ന് ആറരയുടെ പ്രാദേശിക വാർത്ത. കേരളത്തിൽ പൊതുവേ വരണ്ട കാലാവസ്ഥയായിരിക്കും. തൊടികൾ വരണ്ടും ചെടികൾ ഉണങ്ങിയും കാണപ്പെടുന്നു.

തോട്ടത്തിൽ ജാനകി തെങ്ങിന്റെ ചുവട്ടിൽ കാത്തു നി‍ൽക്കുന്നു. അവളുടെ ചുണ്ടുകൾ വരണ്ടും ചൊടികൾ ഉണങ്ങിയും കാണപ്പെടുന്നു. കുട്ടൻ താളത്തിൽ ചൂളമടിച്ചിട്ട് കള്ളിൻ കുടം അൽപമൊന്നു ചെരിച്ചു. തെങ്ങിൻ മുകളിൽ നിന്ന് ഒരു പാൽവള്ളി താഴേക്കിറങ്ങി വന്നു. അത് ജാനകിയുടെ മേൽച്ചുണ്ടിൽ വന്നു തൊട്ടു.  കുട്ടൻ വേഗം കുടം നിവർത്തിയിട്ടു പറഞ്ഞു.. മതിയെടീ. അല്ലെങ്കിൽത്തന്നെ പെണ്ണിന്റെ നടപ്പ് ഗുഡാൻസ് പോലെയാ...

ജാനകിക്കു ദേഷ്യം വന്നു... നീ പോടാ. ഓടക്കാലീ..

അവൾക്ക് രണ്ടു തുള്ളി കൂടി കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അവൻ തരില്ലെന്ന് ഉറപ്പാണ്. തെങ്ങുമായി പാൽവള്ളി മുറിയാത്ത പുത്തൻ കള്ളാണ്. അമ്മിഞ്ഞപ്പാലിന്റെ നിറമാണ്. അവൾ കൊതിയോടെ നോക്കി നിൽക്കെ കുട്ടൻ തെങ്ങിൻ നിന്ന് ഇറങ്ങി വന്നു.  ചാരി വച്ചിരുന്ന സൈക്കിൾ തള്ളിക്കൊണ്ട് മുന്നോട്ടു നടന്നു. ജാനകി കൂടെ നടന്നു. നിലാവിന്റെ കള്ളുകുടം മറിഞ്ഞ്  അമ്പിളിക്കള്ള് നാടാകെ ഒഴുകി. അവർ പ്രണയത്തിന്റെ നാട്ടുവഴികളിലൂടെ നടന്നു.

പാലാ ഷാപ്പിലെ ഒന്നാം നമ്പർ ചെത്തുകാരനാണ് ഓടക്കാലി കുട്ടൻ. അണ്ണാനെപ്പോലെ മരത്തിൽ ഓടിക്കയറും. വെള്ളയ്ക്ക വീഴുന്നതിനെക്കാൾ വേഗത്തിൽ താഴെയിറങ്ങും. കള്ളം ചേർക്കാത്ത രണ്ടു ജാർ കള്ള് എന്നും ഷാപ്പിൽ അളക്കും. ഒരിക്കൽ  കള്ളപ്പമുണ്ടാക്കാൻ തെങ്ങിൻ കള്ളുചോദിച്ച് വന്നതാണ് ജാനകി. അന്ന് കുട്ടൻ ഒരു കുസൃതി ഒപ്പിച്ചു. തെങ്ങിന്റെ മുകളിലിരുന്ന് കള്ളിൻകുടം നന്നായി ചെരിച്ചു. ജാനകി കള്ളിൽ‍ക്കുളിച്ചു.   ഇറങ്ങിത്താഴെ വന്നപ്പോൾ അവന്റെ കരണം നോക്കി ഒന്നു കൊടുത്തിട്ട് ജാനകി പറഞ്ഞു.. ഓടക്കാലീ.. നിനക്കെതിരെ ഞാൻ വനിതാ കമ്മിഷനിൽ  പരാതി കൊടുക്കും. കുട്ടൻ പേടിച്ചു പോയി. കുറെ നാളത്തേക്ക് അക്കാര്യം പറഞ്ഞ് അവനെ വിരട്ടിയെങ്കിലും അവൾ പരാതി കൊടുത്തതേയില്ല.അന്നു മുതൽ കുട്ടന്റെ കൂട്ടുകാരിയാണ് തോട്ടത്തിൽ ജാനകി. കൈരളി കുടുംബശ്രീയുടെ സെക്രട്ടറിയാണ്.  കുട്ടനെ കല്യാണം കഴിക്കാൻ അവൾക്കു സമ്മതമാണ്. അവർ തമ്മിൽ പറഞ്ഞിട്ടില്ലെങ്കിലും നാട്ടുകാർക്ക് എല്ലാവർക്കും അറിയാം. 

പാലായിലെ ഫുട്ബോൾ ക്ളബിലെ റൊണാൾ‌ഡോയാണ് ഓടക്കാലി കുട്ടൻ. മെസ്സി വാളിക്കൽ സിബിച്ചനും. മെസിയും റൊണാൾഡോയുമുള്ള ടീമിന്റെ പേര് യൂണൈറ്റഡ് പാലാ.  രാമപുരത്തും കുണിഞ്ഞിയിലും വെള്ളൂർ ന്യൂസ് പ്രിന്റ്‍ നഗറിലും കൂത്താട്ടുകുളത്തും കുറവിങ്ങാട്ടും ടൂർണമെന്റുകൾക്കു പോയി കപ്പടിച്ചു. പെരുമ്പാവൂരിലെ സെവൻസിൽ തോറ്റു. പെരുമ്പാവൂർ കിങ്സ് ടീമിൽ അന്ന് പെലെ കളിക്കുന്നുണ്ടായിരുന്നു – പെലെ രാമഭദ്രൻ ! 

കളി തോറ്റ് തിരിച്ചു പോരുമ്പോൾ പൂഞ്ഞാറിൽ പി.സി. ജോർജിന്റെ വീട്ടിനു മുന്നിൽ രാത്രിയിൽ അവർ ജീപ്പ് നിർത്തി ഉറക്കെ മുദ്രാവാക്യം വിളിച്ചു. വീട്ടിൽ ലൈറ്റ് തെളിയുന്നതു കണ്ട് സിബിച്ചൻ പറഞ്ഞു.. ജോർജ് സാറിന്റെ കൈയിൽ തോക്കുണ്ട്, വിട്ടോടാ.

സെന്റ് ജോസഫ് സ്കൂളിന്റെ വിശാലമായ മൈതാനത്താണ് എന്നും വൈകിട്ട് പാലാ ടീമിന്റെ പരിശീലനം. വെള്ളം താഴുന്ന സമയത്ത് മീനച്ചിലാറ്റിൽ വാട്ടർ ഫുട്ബോളും കളിക്കും. അങ്ങനെയിരിക്കെ പാലായിൽ രാക്കുളി പെരുന്നാളു വന്നു. അതിനു മുൻപായി പള്ളി മൈതാനത്ത് സെവൻസ് മൽസരം. ഉദ്ഘാടന മൽസരം പാലാ യുണൈറ്റഡും പെരുമ്പാവൂർ കിങ്സും തമ്മിൽ. എന്തു സംഭവിച്ചാലും ഇത്തവണ കപ്പ് പാലാ വിട്ടുപോകരുത്. എല്ലാവരും വാശിയിലാണ്. അതിനുള്ള പരിശീലനം തുടങ്ങി. 

ആ സമയത്താണ് കുരിശുങ്കൽ വർക്കി വർക്കിയുടെ മകൻ സോണി വർക്കിയുടെ നാട്ടിലേക്കുള്ള വരവ്. ആറു വർഷമായി സോണി അമേരിക്കയിലായിരുന്നു. അവിടെ പാലപ്പത്തിന്റെ ബിസിനസാണ്. നഴ്സാണ് ഭാര്യ അ‍ഞ്ജലി കുര്യൻ. നാട്ടിൽ വന്ന് രണ്ടാം ദിവസം ജീപ്പുമെടുത്ത് റൗണ്ട്സിനിറങ്ങിയ സോണി പള്ളി മുറ്റത്ത് എത്തുമ്പോൾ ഗ്രൗണ്ടിൽ ടീമിന്റെ പരിശീലനം. ജീപ്പിന്റെ ബോണറ്റിലിരുന്ന് കളി കണ്ടു.  വഴി തെറ്റി വന്ന ബോൾ വെറുതെയൊന്നടിച്ച് കളിക്കാരെ പ്രോൽസാഹിപ്പിച്ചു. കളി കഴിഞ്ഞ് എല്ലാവരും വിയർത്തപ്പോൾ ജീപ്പിൽ നിന്ന് പുറത്തെടുത്തു ചുവപ്പു നിറമുള്ള ജീവജലം ! ക്രിസ്ത്യൻ ബ്രദേഴ്സ് ! 

സിബിച്ചൻ ചോദിച്ചു...  സോണിച്ചൻ കളിക്കാറുണ്ടോ?
സെന്റ് തോമസിൽ പഠിക്കുമ്പോൾ ബാസ്കറ്റ് ബോളായിരുന്നു ഐറ്റം. ഇപ്പോൾ വല്ലപ്പോഴും ക്യാപിറ്റോൾ ഹിൽസിൽ പോയി ഗോൾഫ് കളിക്കാറുണ്ട്. പക്ഷേ എനിക്കിഷ്ടം ഫുട്ബോളാ..
അത് അവർക്കും ഇഷ്ടമായി. എത്ര വലിയ ആളായാലും പാലായിലെത്തുമ്പോൾ എല്ലാവരും പഴയതുപോലെ; മീനച്ചിലാറ്റിലെ കുളി, രാക്കുളിതിരുനാളിന് അടി !
എന്നാൽപ്പിന്നെ ഞങ്ങളുടെ കൂടെ കൂടരുതോ എന്നായി സിബിച്ചൻ.
എല്ലാവരും നിർബന്ധിച്ചാൽ... എന്ന് സോണി.

പിറ്റേന്നു സോണി വന്നത് എല്ലാവർക്കും ഓരോ കുപ്പി പെർഫ്യൂമുമായിട്ടാണ്.   കളിച്ചു വിയർക്കുമ്പോൾ മണം വരാതിരിക്കാനാണ്.  അടുത്ത ദിവസം സോണിയും ഗ്രൗണ്ടിലിറങ്ങി. അന്നു കളി കഴിഞ്ഞപ്പോൾ ടീമിന് മഹാറാണിയിൽ നിന്ന് പൊറോട്ടയും ബീഫ് ഉലർത്തിയതും.  പിറ്റേന്ന് കുണിഞ്ഞി ഷാപ്പിൽ നിന്ന് കള്ളപ്പവും തലക്കറിയും. ഉഴവൂരിലെ ഷാലിമാർ ഹോട്ടലിൽ നിന്ന് പിടിയും കോഴിക്കറിയും കഴിക്കുമ്പോൾ സോണി പറഞ്ഞു.. നമ്മുടെ ടീം ഇങ്ങനെ കൈലിയുടുത്ത് കളിച്ചാൽപ്പോരാ, ജേഴ്സിയും ബൂട്ട്സും വേണം. ജേഴ്സി ഒപ്പിക്കാം. പക്ഷേ ബൂട്ട്സ്.. എല്ലാവരും സംശയിച്ചു. സോണി അതും ഏറ്റു. പാലാ യുണൈറ്റഡ് എന്ന പേര് നെഞ്ചിലൊട്ടിച്ച ജഴ്സിയും പുത്തൻ ബൂട്ട്സുമിട്ടാണ് പിറ്റേന്ന് ടീം കളിക്കാനിറങ്ങിയത്. 

ജീവിതത്തിൽ ആദ്യമായി ബൂട്ട്സിട്ടപ്പോൾ ഓടക്കാലി കുട്ടന്റെ കാലുപൊട്ടി ചോര വന്നു. ജീവിത സാഹചര്യങ്ങളുടെ ചവിട്ടേറ്റ് പരുക്കനായിപ്പോയ കാലുകൾക്ക് ഷൂസിനോട് ആദ്യം മുതലേ അനിഷ്ടമായിരുന്നു.  തെങ്ങിൽ കയറുമ്പോൾ ഇടുന്ന തളപ്പ് കാലിലിടാൻ പറ്റാതായി. രണ്ടു ദിവസം കള്ളുചെത്തും കളിയും മുടങ്ങി.  പിറ്റേന്ന് ഗ്രൗണ്ടിലേക്ക് കുട്ടന്റെ വരവു കണ്ട് സിബിച്ചൻ പറഞ്ഞു.. കുട്ടൻ തൽക്കാലം മാറി നിൽക്ക്. സോണിച്ചൻ കളിക്കട്ടെ.  രണ്ടാഴ്ച കഴിയുമ്പോ പുള്ളി അമേരിക്കയിലേക്ക് തിരിച്ചു പോകും. കുട്ടനു പിന്നേം കളിക്കാവല്ലോ. അത് അത്ര വേഗം സമ്മതിക്കാൻ കുട്ടനു പറ്റുമായിരുന്നില്ല.  അവൻ ഇറങ്ങിപ്പോകുമ്പോൾ ആരോ പറയുന്നതു കേട്ടു.. കഴിഞ്ഞ തവണ പെരുമ്പാവൂരിലെ ടീമിനോട് തോറ്റപ്പോൾ ഇവനല്ലേ ക്യാപ്റ്റൻ. ഇത്തവണ ആ പണി നടക്കില്ല.

ജാനകി മാത്രം പറഞ്ഞു.. ഓടക്കാലീ, നിന്നെ ഒഴിവാക്കാൻ ഞാൻ വിചാരിച്ചിട്ടുപോലും പറ്റിയില്ല. കളിമാറും, നീ നോക്കിക്കോ..
അവൻ വിശ്വാസം വരാതെ നോക്കുന്നു കണ്ട്, എന്റെ കരിനാക്കാ എന്നു പറഞ്ഞ് അവൾ നാക്കു നീട്ടി.  നല്ല വെളുത്തു ചുവന്ന നാക്ക്.  
ജാനകി പറ‍ഞ്ഞു... കരിനാക്ക് എന്നു പറഞ്ഞാൽ കറുത്തു തന്നെ ഇരിക്കണമെന്നില്ല, അതൊക്കെ ഒരു അലങ്കാരത്തിനു പറയുന്നതാടാ പൊട്ടാ..

അവനു സങ്കടം തീരുന്നില്ല. തനിയെ  സ്റ്റേഡിയത്തിലേക്കു നടന്നു. സ്റ്റേഡിയം നിറയെ ഫ്ളെക്സുകൾ. ബാനറും ഫ്ളെക്സുമൊക്കെ ആദ്യമാണ്. ടീമിലെ എല്ലാ കളിക്കാരുടെയും പടങ്ങളുണ്ട്. താൻ മാത്രമില്ല.  കുട്ടനു സങ്കടം വന്നു. അവൻ ഗ്യാലറിയിലിരുന്ന് കുറച്ചു നേരം ഇരുട്ടിലേക്ക് നീട്ടി നീട്ടി കിക്ക് ചെയ്തു. 

പെരുമ്പാവൂർ ടീം നേരത്തെ തന്നെ ലാൻഡ് ചെയ്തു. പെലെ രാമഭദ്രൻ തന്നെ ക്യാപ്റ്റൻ. പഴയ ടീമിലുള്ള ഒരാൾ മാത്രം ഇല്ല.  സിസർ കട്ടിന്റെ സ്പെഷ്യലിസ്റ്റായ അയാൾ പിഎസ്‍സി എഴുതി പൊലീസായി. വയർ ഫുട്ബോളു പോലെയായപ്പോൾ കളിയും നിർത്തി. മൽസരത്തിന്റെ അന്നു രാവിലെ പെരുമ്പാവൂർ സംഘം ടീമായി മീനച്ചിലാറ്റിലിറങ്ങി.  നീന്തലും ഡൈവിങ്ങുമൊക്കെയായി ആഘോഷമായ കുളി.  ആറ്റിൽ ആഴം കുറഞ്ഞ ഒരിടത്ത് ഒരു പളുങ്കു ഫുട്ബോൾ പതഞ്ഞുയരുന്നതുകണ്ട് ആവേശം മൂത്ത പെലെ ഓടിച്ചെന്ന് ഒറ്റ കിക്ക്. വെള്ളത്തിനടിയിൽ ഉരുണ്ട പാറ ഒളിച്ചിരിപ്പുണ്ടായിരുന്നു. ഒഴുക്ക് അതിൽതട്ടി വളയുന്നതായിരുന്നു ആ ഫുട്ബോൾ.  നടക്കാൻ കഴിയാത്ത ക്യാപ്റ്റനെ എടുത്തുകൊണ്ടാണ് പെരുമ്പാവൂർ ടീം തിരികെ വന്നത്.  കാലിന്റെ കുഴയ്ക്കു താഴെ നാടൻ പന്തു പോലെ നീരു വന്നു. അവർ താമസിക്കുന്ന ഹോട്ടലിന്റെ മാനേജർ പറഞ്ഞു.. നമ്മടെ മീനച്ചിൽ മേരി കുഴമ്പിട്ടു തടവിയാൽ പോകാത്ത നീരൊന്നുമില്ല. ‌ചട്ടുള്ളവർ, കൈയൊടിഞ്ഞവർ, ഉളുക്കുള്ളവർ ഇങ്ങനെ കുഴപ്പം പിടിച്ചവരെല്ലാം അവളുടെ വീട്ടിൽ ക്യൂവാ.

സംഘാടകർ പെലെയെയും കൊണ്ട് മേരിയുടെ വീട്ടിൽ ചെന്നു. വാതിൽ തുറന്ന് ഇറങ്ങി വന്ന യുവതി പറഞ്ഞു..  ചേട്ടായിമാരെ ഞാൻ ആ ജോലി നിർത്തി. അതുകൊണ്ട് തടവിയാൽ നീരു പോകത്തില്ല.
മുറ്റത്ത് നീണ്ട അയകളിൽ ഉണങ്ങാനിട്ടിരിക്കുന്ന വെള്ള വസ്ത്രങ്ങളിലേക്ക് നോട്ടം ചെല്ലുന്നതു കണ്ടപ്പോൾ മേരി പറഞ്ഞു..  ഞാനിപ്പോൾ മഠത്തിലെ അലക്കുകാരിയാ. ജീവിതത്തിൽ ഭയങ്കര മനസ്സമാധാനമുണ്ട്.
പെലെയും സംഘവും തിരിച്ചിറങ്ങാൻ നേരം മേരി ഓർമിപ്പിച്ചു.. ഇവിടെ വരുന്നവരാരും ഒന്നും തരാതെ ഇറങ്ങിപ്പോകാറില്ല. എന്തെങ്കിലും തന്നിട്ടുപോ ചേട്ടായിമാരേ..
500 രൂപ അവിടെ വച്ചിട്ട് ടീമംഗങ്ങൾ തിരിച്ചു പോന്നു. 

കാലിൽ പരുക്കുമായി ഗ്രൗണ്ടിൽ ഇറങ്ങുന്നില്ല എന്നായി ക്യാപ്റ്റൻ പെലെ രാമഭദ്രൻ‍. എങ്കിൽ ഞങ്ങളും ഇറങ്ങുന്നില്ലെന്ന് ഒറ്റ ശബ്ദത്തിൽ ടീം അംഗങ്ങൾ. മാച്ച് മുടങ്ങുമെന്നായപ്പോൾ സ്പോൺസർമാർ കണ്ണുരുട്ടി. വാലിനു തീപിടിച്ച സംഘാടകർ പെരുമ്പാവൂർ ടീമിന്റെ മുന്നിൽ ഒരു നിർദേശം വച്ചു... ടീമിൽ ഒരാളുടെ കുറവല്ലേ ഉള്ളൂ.  കളിയറിയാവുന്ന ഒരാൾ കരയ്ക്ക് ഇരിപ്പുണ്ട്.  പാലാ യൂണൈറ്റഡിലെ റൊണാൾ‍ഡോ.. ഓടക്കാലി കുട്ടൻ ടീം മാറി കളിച്ചാൽ ശരിയാകുമോ എന്ന് ആരോ സംശയിച്ചപ്പോൾ പെലെ പറഞ്ഞു.. മാഞ്ചെസ്റ്റർ യുണൈറ്റഡിൽ കളിച്ചാലും റയൽ മഡ്രിഡിനു വേണ്ടി കളിച്ചാലുംകളിച്ചാലും റൊണാൾ‍ഡോ റൊണാൾഡോ തന്നെയാ.. !

ആവശ്യം കേട്ട കുട്ടൻ ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു. എന്നിട്ടു പറഞ്ഞു.. ഞാൻ ഗ്രൗണ്ടിൽ ഇറങ്ങാം. പക്ഷേ നിങ്ങളുടെ ജഴ്സിയിടില്ല. പെരുമ്പാവൂരിൽ വന്നു തോറ്റപ്പോൾ മുതൽ നിങ്ങടെ ജഴ്സിയിട്ടാൽ എനിക്ക് ചൊറിയും.

ഓടക്കാലി കുട്ടൻ പെരുമ്പാവൂർ കിങ്സിനുവേണ്ടി കളത്തിലിറങ്ങുമെന്നു കേട്ടതോടെ മീനച്ചിലാറ്റിൽ സുനാമിയിളകി.  ജനം രണ്ടായി പിരിഞ്ഞു. കുട്ടന്റെ ചെയ്ത്ത് ചെറ്റത്തരമെന്ന് കാശുള്ള റബർക്കച്ചവടക്കാർ.  സോണിച്ചനിട്ട് ഒരു പണി കൊടുക്കാൻ ഇതു തന്നെ വേണമെന്ന് പാവപ്പെട്ട റബർ കർഷകർ.  എം‍എൽഎ, നഗരസഭാ ചെയർമാൻ, കത്തീഡ്രൽ പള്ളിയിലെ വികാരിയച്ചൻ, എസ്ഐ വിൽസൺ ഡിക്രൂസ് സാർ എല്ലാവരും കളികാണാൻ ഗ്യാലറിയിലുണ്ട്. ഗ്രൗണ്ടിൽ നിൽക്കുമ്പോൾ കുട്ടൻ ഒരാളെയേ ശ്രദ്ധിച്ചുള്ളൂ. തോട്ടത്തിൽ ജാനകിയെ.. അവളുടെ കൈയിൽ എന്താണിരിക്കുന്നത് ? തെങ്ങിൽ കയറുമ്പോൾ കുട്ടൻ കാലിൽ‍ ഇടാറുള്ള കയറുകൊണ്ടുള്ള തളപ്പ്. അവളതിൽ ഒരുമ്മ കൊടുത്തിട്ട് അവന്റെ നേരെ വീശിക്കാണിച്ചു.  ലോകത്തെ ഏറ്റവും ഉയരമുള്ള തെങ്ങിൻ മുകളിൽ ഇരിക്കുന്നതുപോലെ കുട്ടനു തോന്നി.

കളി തുടങ്ങി. ആദ്യത്തെ മുന്നേറ്റം യുണൈറ്റഡ് പാലായുടേത്. അത് സിബിച്ചന്റെ കാലിൽ നിന്ന് ആദ്യത്തെ ഗോളായി. 

അടുത്തത് ഓടക്കാലി കുട്ടന്റെ ഊഴമായിരുന്നു. ഒരു ഫ്രീകിക്ക്. സോണിച്ചൻ അതു തടുക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. അങ്ങനെ പെരുമ്പാവൂർ‍ കിങ്സിനു വേണ്ടി കുട്ടന്റെ ആദ്യ ഗോൾ. 

ഇനി സോണിച്ചന് മറുഗോളടിച്ചേ പറ്റൂ. പോസ്റ്റിന്റെ റൈറ്റ് കോർണറിലേക്ക് അയാൾ ആഞ്ഞു ട്രൈ ചെയ്തെങ്കിലും അനുസരണം കെട്ട ബോൾ വേറെ വഴിക്കു പോയി. പോസ്റ്റിന് രണ്ടിഞ്ച് അകലത്തൂടെ ഭാഗ്യം യുണൈറ്റഡ് പാലായെ കൈവിട്ടു. ‌അതോടെ പാലായുടെ കളി സിബിച്ചൻ ഏറ്റെടുത്തു. 

നാടിന്റെ മുത്ത്, കാൽപ്പന്തിന്റെ സത്ത്, എതിർ ടീമിന്റെ നെഞ്ചിലെ കുത്ത്, പന്തിന്റെ അന്തക വിത്ത്... അനൗൺസർമാർ തൊണ്ട പൊട്ടിച്ചു. 

32 ാം മിനിറ്റിൽ സിബിച്ചന്റെ ഫ്രീകിക്ക്, 40 ാം മിനിറ്റിൽ സോണിച്ചന്റ ഫൗൾ, അതാ ഓടക്കാലിയുടെ ഗോൾ, ഒന്നല്ല, രണ്ടല്ല, നാല്.. ! ഒന്നിനു പിന്നാലെ മാലപ്പടക്കം പോലെ നാലു ഗോൾ‍.. ! പെരുമ്പാവൂർ കിങ്സ് ലീഡുയർത്തി. പിന്നെ കളി ഏകപക്ഷീയമായി. കൈയടികൾ പക്ഷിച്ചിറകുകളിൽ പറന്നുയർന്നു. മീനച്ചിലാർ വഴിമാറി ഗ്രൗണ്ടിലൂടെയൊഴുകി. 

മൽസരത്തിന്റെ 56–ാംമിനിറ്റിൽ യുണൈറ്റഡ് പാലായുടെ അമേരിക്കൻ ആധിപത്യത്തെ അട്ടിമറിച്ച് പെരുമ്പാവൂർ കിങ്സ് കപ്പടിച്ചു. 

പാലാ എംഎൽഎയിരുന്നു മുഖ്യാതിഥി.  സമ്മാനദാനത്തിനിടെ എംഎൽഎ പറഞ്ഞു... എന്നെപ്പോലെ ഓടക്കാലി കുട്ടന്റെയും ചങ്കാണ് പാലാ. ആരു വിചാരിച്ചാലും ഞങ്ങളെ ഒഴിവാക്കാനാവില്ല. സമ്മാനദാനവും ആഘോഷവുമൊക്കെ കഴിഞ്ഞ് തിരിച്ചു പോകാൻ നേരം ഓടക്കാലി കുട്ടനെ കെട്ടിപ്പിടിച്ചു കൊണ്ട് പെലെ ക്ഷണിച്ചു..   ഞങ്ങടെ കൂടെ പെരുമ്പാവൂർക്കു പോരുന്നോ..?

കുട്ടൻ പറഞ്ഞു... എന്നിട്ടെന്തിനാ? അവിടെ പാലായില്ലല്ലോ. 

പെരുമ്പാവൂരുകാർ കപ്പുമായി പാലാ വിട്ടു. ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ ഓടക്കാലി കുട്ടനും ജാനകിയും മാത്രം ബാക്കിയായി. കളി തീർന്ന സ്റ്റേഡിയങ്ങളിലെ പേടിപ്പിക്കുന്ന ശൂന്യതയിൽ രണ്ടു ജീവബിന്ദുക്കൾ ശ്വാസം മുട്ടി.   തോട്ടത്തിൽ ജാനകി ഓടക്കാലി കുട്ടനെയും കൂട്ടി നടക്കാനിറങ്ങി.  മീനച്ചിലാറിന്റെ തീരത്ത് കർത്താക്കന്മാരുടെ അമ്പല മുറ്റം. വരൻ വരുന്നതും കാത്ത് മണിയറയിൽ നിൽക്കുന്ന കല്യാണപ്പെണ്ണിനെപ്പോലെ  മതിലിനു പുറത്ത് ഇരുളിൽ ഏകാകിയായി ഒരു മുല്ലക്കിളിഞ്ഞിൽ.  

ജാനകി ചുരിദാറിന്റെ ബോട്ടം പാന്റ്സ് മുട്ടുവരെ തെറുത്തു കേറ്റിയിട്ട് പിന്നാക്കം നാലു ചുവടു നടന്നു. പിന്നെ ഓടി വന്ന് ചാടിയുയർന്ന് കിളിഞ്ഞിലിന്റെ തടിയിൽ കൊടുത്തു ഒരു ഫ്രീ കിക്ക്.

അവൾ വിളിച്ചു കൂവി... ഓടക്കാലീ, നോക്കെടാ..

ബാലൻസ് തെറ്റിയ കിളിഞ്ഞിൽ ഒന്നു കുലുങ്ങിച്ചിരിച്ചു, കൊമ്പുകൾ ഇളകി, ഇലകളുടെ ഇടയിൽ ഒളിച്ചിരുന്ന പതിനായിരം മിന്നിമിന്നികൾ ഒന്നിച്ചു തെളിഞ്ഞു. അടുത്ത നിമിഷം ഒരു വലിയ ഫുട്ബോൾ നൂറായി ചിന്നിച്ചിതറിയതുപോലെ അവ ആകാശത്തേക്കു പറന്നുയർന്നു.  

പിന്നെയവ ആകാശത്ത് വെളിച്ചത്തിന്റെ നൃത്തം തുടങ്ങി ! ജാനകിയും കുട്ടനും ആ കാഴ്ച അതിശയത്തോടെ നോക്കി നിന്നു. 

Content Summary : Penakathy Column - Odakkali Kuttan, the talisman of United Pala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.