മരണത്തിന്റെ ബിലഹരി...

HIGHLIGHTS
  • കുളിച്ചു വൃത്തിയായിക്കഴിഞ്ഞാൽ കുറെ നേരത്തേക്ക് ആരും വന്നു തൊടുന്നത് മീരയ്ക്ക് ഇഷ്ടമല്ല
  • മീരയുടെ വീട്ടിലെ എല്ലാ മുറികളിലും അമ്മയുടെ ഫോട്ടോകളുണ്ടായിരുന്നു
penakathy-column-suicide-of-meera-llustration
വര: മുരുകേശ് തുളസിറാം
SHARE

മീരയുടെ വാച്ച് എന്നും കൃത്യസമയത്തെക്കാൾ നാലുമിനിറ്റ് മുമ്പിലാണ്.  ഇപ്പോൾ സമയം രാത്രി 2.15. മീരയുടെ വാച്ചിൽ 2.19. അൽപ സമയത്തിനു ശേഷം അവൾ ആത്മഹത്യ ചെയ്യും.

അതേ സമയത്തുതന്നെ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ നിറയെ മരങ്ങളുള്ള വീട്ടിൽ നിന്ന് സണ്ണിയും ഈ ലോകത്തെ ജീവിതം അവസാനിപ്പിച്ച് യാത്രയാകും.

മീരയ്ക്ക് മരിക്കാനുള്ള ഷോൾ റെഡിയാണ്. ഫാനി‍ൽ തൂങ്ങി മരിക്കാനാണ് അവളുടെ തീരുമാനം.  മുറിവുണ്ടാകാതിരിക്കാൻ കഴുത്തിൽ വാസലീൻ ലേപനം പുരട്ടിയ ശേഷം അവൾ താഴെ ചൊവ്വയിലെ വീട്ടിലെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.

പരീക്ഷകൾക്കു തൊട്ടു മുമ്പെന്ന പോലെ മനസ്സ് ശാന്തം.

മനസ്സ് ഒരു മീഡിയം സൈസ് സ്റ്റെയിൻ ലെസ് സ്റ്റീൽ സ്പൂണാണ്.  ഒരു കനത്ത ഐസ്കട്ട ഉരുകിയൊലിച്ചു തീരുമ്പോൾ സ്പൂണിനു തോന്നുന്ന ശൂന്യതയാണ് സമാധാനം !  എന്തൊക്കെ ചിന്തകളാണ്. ഇതൊക്കെ എവിടെ നിന്നു വരുന്നു !

അവൾ അവളെ നോക്കി പുഞ്ചിരിച്ചു. രണ്ടു പുഞ്ചിരികൾ പരസ്പരം കണ്ട് തിരിച്ച് സ്വന്തം ചുണ്ടുകളിലേക്ക് മടങ്ങി വരുന്നതാണ് സൗഹൃദം. അതേ പുഞ്ചിരികൾ ചുണ്ടുകളിൽ‍ നിന്ന് ചുണ്ടുകളിലേക്ക് യാത്ര ചെയ്യുന്നതു ചുംബനം.

അവൾ‍ക്ക് സണ്ണിയുടെ ചുണ്ടുകൾ ഓർമ വന്നു.  ചില സീസണിൽ അവ പൂക്കൾ കരിഞ്ഞുണങ്ങിയതുപോലെയായി മാറും. കുറച്ചു മുലപ്പാലുണ്ടായിരുന്നെങ്കിൽ അവയിൽ ഇറ്റു വീഴ്ത്താമായിരുന്നു എന്ന് അവൾക്കു തോന്നിയിട്ടുണ്ട്. 

സാധാരണയിലും വലിയ ചുണ്ടുകളാണ് മീരയുടേത്. ഒരു വലിയ കോളാമ്പിപ്പൂ കാറ്റിൽ വന്ന് ചെറിയ അരളിപ്പൂവിനെ വിഴുങ്ങുംപോലെയാണ് അവളുടെ ചുംബനം. 

ചെറുതേൻ ചുണ്ടുകളിൽ മുക്കി സണ്ണിയെ ഒരുതവണ അവൾ ചുംബിച്ചിട്ടുണ്ട്.  ഫെവിക്കോൾ മതിയായിരുന്നു എന്ന് അവൻ അന്നേരം കുസൃതി പറഞ്ഞു. 

ഫെവിക്കോൾ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു !  പിന്നെ എന്തൊക്കെ പുകിലായിരിക്കും. ചുണ്ടുകൾ ഒട്ടിച്ചേർന്നു പോയ രണ്ടു മനുഷ്യർ. ആ വിവരം ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് യാത്ര ചെയ്യും. ടിവി ക്യാമറകൾ കരിവണ്ടുകളെപ്പോലെ ചുറ്റും മൂളിപ്പറക്കും. 

ടിവി ആങ്കർമാർ‍ ചുണ്ടുകൂർപ്പിക്കും...  ഒരു വാക്ക് സംസാരിക്കാമോ എന്നു നോക്കൂ.. പ്ളീസ്..

ഏതു വാക്ക് ?

ഉമ്മ.. 

വലിയ ബഹളക്കാരാണ് ടിവി ആങ്കർമാർ ! അവൾക്കു ചിരി വന്നു. വെപ്രാളമാണ് അവരുടെ ജീവിതത്തിന്റെ മണിപ്രവാളം ! ഒരു മഞ്ഞുതുള്ളി ഇലയിൽ വീഴുന്നതുകണ്ടാൽ ശല്യപ്പെടുത്താതെ കാറ്റ് അറ്റൻഷനായി നിൽക്കും.  ഇവർ മഞ്ഞുതുള്ളിയെ വെപ്രാളം പിടിപ്പിച്ച് താഴേക്കു ചാടിക്കും. 

എപ്പോഴാണ് മീരയും സണ്ണിയും മരിക്കാൻ തീരുമാനിച്ചത് ? കുറെ ദിവസം മുമ്പാണ്.  അതു പെട്ടെന്നു വന്ന തീരുമാനമായിരുന്നില്ല.  മഴ പെയ്ത് പെയ്ത് കുളത്തിലെ വെള്ളം മെല്ലെ പടവുകൾ കയറി തീരത്തെ ചെടികളെ മുക്കി കരയെ കഴുത്തോളം മുക്കുന്നതുപോലെ ആ തോന്നിലങ്ങനെ പൊങ്ങി വരികയായിരുന്നു. അങ്ങനെ ഒരു ദിവസം രണ്ടാളും ആ തീരുമാനത്തിൽ സ്വയം ഉറച്ചു. 

ഒരുമിച്ചാണ് മരിക്കുന്നതെന്ന് ആരും അറിയരുതെന്നും അവർ തീരുമാനിച്ചു.

അവിവാഹിതരായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു മരിച്ചാൽ അവരുടെ മൃതദേഹങ്ങൾക്കു മുകളിൽ ആളുകൾ റീത്തുകളെക്കാൾ കൂടുതൽ പ്രതിഷ്ഠിക്കുന്നത് ദുരൂഹത എന്ന വാക്കാണ്.  മൃതദേഹം മണ്ണിൽ അലിഞ്ഞാലും ആ വാക്ക് അലിയാതെ കിടക്കും.  

സത്യത്തിൽ മരണം അത്ര ദുരൂഹമല്ല. റീത്തുകളിലെ പ്ളാസ്റ്റിക് പൂക്കൾ മഴയിലും അലിയാതെ ചില ശവപ്പറമ്പുകളിൽ ബാക്കി കിടക്കുന്നതാണ് യഥാർഥത്തിൽ മരണത്തെക്കാൾ ദുരൂഹത..! 

സമയം 2.33. 

അവൾ ഫ്രിജ് തുറന്ന് തണുത്ത നാരങ്ങാ വെള്ളം കുടിച്ചു.  ഒരു കവിൾ‍ തണുത്ത നാരങ്ങാവെള്ളം അൽപനേരം വായിൽ നിർത്തിയിട്ട് ഇറക്കാൻ നല്ല രസമുണ്ട്.  അങ്ങനെ ചെയ്യാൻ അവളെ പഠിപ്പിച്ചത് സണ്ണിയാണ്. 

അവൻ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും. ചിലപ്പോൾ രണ്ടോ മൂന്നോ സിപ് വോഡ്ക തേൻ ചേർത്തു കഴിച്ചിട്ടുണ്ടാകും.  മഴക്കാലത്തും ചില പ്രധാന തീരുമാനങ്ങൾ എടുക്കുന്ന നേരത്തും വോഡ്കയാണ് ചേർച്ച. അത് റഷ്യയെ ഓർമിപ്പിക്കും. അമേരിക്ക നല്ല കടുപ്പമുള്ള ചൂടു ചായ പോലെ അലസമാണ്. റഷ്യയാണ് ചടുലമായ ചാരായം!

വോഡ്ക കഴിച്ചാൽ പോസ്റ്റ്മോർട്ടത്തിൽ സണ്ണി മദ്യപിച്ചിരുന്നതായി കണ്ടെത്തുമെന്ന് അവൾക്കു തോന്നി. 

ആത്മഹത്യയെക്കുറിച്ച് ആലോചിച്ചപ്പോൾ അവരുടെ മുന്നിൽ വന്ന ആദ്യ ചിന്ത പോസ്റ്റ്മോർട്ടം എങ്ങനെ കടക്കുമെന്നായിരുന്നു.  

അവരുടെ സഹപാഠി അപകടത്തിൽ മരിച്ചപ്പോഴാണ് പോസ്റ്റ്മോർട്ടത്തെ മീര അടുത്തുകണ്ടത്. വാഹനാപകടത്തിലായിരുന്നു കുട്ടുകാരിയുടെ മരണം.  കുളിക്കാതെ, പല്ലുതേക്കാതെ, വൃത്തിയായി വസ്ത്രം ധരിക്കാതെ, ആവശ്യത്തിലധികം സ്പ്രേ പൂശി നിൽക്കുന്ന അതിപ്രാചീന മനസ്സുള്ള ഒരു കെട്ടിടത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ആ കെട്ടിടത്തിന്റെ മുറ്റത്ത് മറ്റെവിടെയും കാണാത്ത ചില ചെടികളും പുല്ലുകളും അഹങ്കാരത്തോടെ വളർന്നു നിന്നിരുന്നു. കുറച്ചു കാടുംപടലും പിടിച്ചു കിടന്നാലേ പോസ്റ്റ്മോർട്ടത്തിന് ഒരു നിഗൂഢതയൊക്കെ വരൂ എന്നു തോന്നുന്ന മട്ടിലായിരുന്നു ആ കെട്ടിടത്തിന്റെ നിൽപു തന്നെ. അതിന് അകത്തേക്കും പുറത്തേക്കും ഒരേപോലെ തുറക്കാവുന്ന പാളികളുള്ള ഒരു വാതിലുണ്ടായിരുന്നു.  കോളജിലെ എല്ലാ കുട്ടികളും ആ വാതിലിലേക്കു നോക്കി കൂട്ടം കൂടി നിന്നിരുന്നു. 

വെളുത്ത പ്ളാസ്റ്റിക് കാരി ബാഗ് തൊപ്പി പോലെ തലയിൽ വച്ച ഒരാൾ ആ വാതിൽ തുറന്ന് പുറത്തു വന്ന് കൂട്ടുകാരിയുടെ പേര് ഉറക്കെ വിളിച്ചിട്ടു പറഞ്ഞു.. നൈറ്റി വാങ്ങിക്കൊണ്ടു വരൂ..  ബോഡി ഡ്രസ് ചെയ്യണം.

ആശുപത്രിയിലേക്കുള്ള വഴി തുടങ്ങുന്നിടത്ത് ലില്ലി ഫേഷൻസ് എന്നൊരു ചെറിയ തുണിക്കട കണ്ടു.  

വിവരം പറയുക പോലും വേണ്ടി വന്നില്ല, അവരെ കണ്ടയുടനെ കടയിലിരുന്ന പയ്യൻ ചോദിച്ചു.. ആണോ പെണ്ണോ?

പെൺകുട്ടിയാണ്, സൈസ് സ്മോൾ മതി..

അതു കേട്ട് പയ്യൻ അത്ഭുതത്തോടെ നോക്കി... സൈസൊന്നും ആരും നോക്കാറില്ല. കോളജിൽ പൊതുദർശനമുണ്ടോ? എങ്കിൽ അതിനു പറ്റിയ കളർ നോക്കാം. 

പിൻഭാഗം പൂർണമായും തുറന്ന, ബട്ടൺസില്ലാത്ത നൈറ്റി കണ്ടപ്പോൾ മീര ഒന്നു സംശയിച്ചു. പയ്യൻ പറഞ്ഞു...  ബട്ടൺസ് തയ്ക്കാറില്ല. ഡെഡ്ബോഡി സാധാരണ മുകൾ ഭാഗം മാത്രമാണ് കവർ ചെയ്യാറുള്ളത്. 

കുട്ടുകാരിൽ ആരോ ചോദിച്ചു... അപ്പോൾ ആളുകൾ കോട്ടും ടൈയും ഒക്കെ ഇട്ട് മരിച്ചുകിടക്കുന്നതോ?

പയ്യൻ ചെറുതായൊന്നു ചിരിച്ചിട്ടു പറഞ്ഞു... മരിച്ചുകഴിഞ്ഞാൽ കോട്ടൊക്കെ കാണുന്നവരുടെ ഒരു തോന്നൽ മാത്രമാണ്. 

മീര പുറത്തേക്കുള്ള ജനൽ ഒരു പാളി തുറന്നു. മുമ്പു പെയ്ത മഴയിൽ നനഞ്ഞ രാത്രി ഈറൻ മാറാൻ മടിച്ചു നിൽക്കുന്നു.  

മീരയും അന്നു രാത്രി ഷവറിനടിയിൽ നിന്ന് കുളിച്ചിരുന്നു. അനുവാദം ചോദിക്കാതെ ഉടലിൽ വന്നു തൊടുന്നത് ഏതോ ഗന്ധർവന്റെ ജലവിരലുകളാണെന്ന് വിശ്വസിച്ച് ഷവറിനടിയിൽ കണ്ണടച്ച് എത്ര നേരം വേണമെങ്കിലും നിൽക്കാൻ അവൾക്ക് ഇഷ്ടമാണ്. അന്ന് പ്രധാനമായ ഒരു കാര്യം ചെയ്യാനുണ്ടായിരുന്നതുകൊണ്ട് കുറച്ചു നേരം മാത്രമേ നിന്നുള്ളൂ..

കുളിച്ചു വൃത്തിയായിക്കഴിഞ്ഞാൽ കുറെ നേരത്തേക്ക് ആരും വന്നു തൊടുന്നത് മീരയ്ക്ക് ഇഷ്ടമല്ല.  നഗരങ്ങളിലെ സായാഹ്നങ്ങൾ പലതരം പെർഫ്യൂമുകൾ കൊണ്ടു വിയർത്ത തുണികൾ കുത്തിനിറച്ച കുട്ട പോലെയാണ്. ഫ്രഷായി വരുന്ന സന്ധ്യയെ അതു വന്നു കെട്ടിപ്പിടിക്കും. അതുകൊണ്ടാണ് സന്ധ്യ അധിക സമയം നിൽക്കാതെ ഓടിമറയുന്നതും വേഗം രാത്രിയാകുന്നതും !

സണ്ണി ചിരിച്ചു... നിനക്ക് എന്നെ ഓടിക്കാൻ ഓരോ കാരണം !

അച്ഛന്റെ മടിയിൽ അവസാനം കിടന്നത് എന്നാണെന്ന് അവൾ ഓർമിച്ചു. രണ്ടു വർഷം മുമ്പാണ്. 

അച്ഛാ 15 വർഷം മുമ്പുള്ള കലണ്ടർ വേണം.

അച്ഛൻ പഴയ കലണ്ടറുകളും ഡയറികളും സൂക്ഷിച്ചു വയ്ക്കാറുണ്ടെന്ന് അവൾക്കറിയാം. എന്തിനാണന്നു ചോദിക്കാതെ അച്ഛൻ അത് എടുത്തുകൊണ്ടു വന്നു. അച്ഛന്മാർ പെൺമക്കളോടു പൊതുവേ കാരണം ചോദിക്കാറില്ല.

അവൾ പുതിയ കലണ്ടർ എടുത്തു മാറ്റി പഴയത് ഭിത്തിയിൽ തൂക്കിയിട്ട ശേഷം ചോദിച്ചു...  ഇപ്പോൾ എനിക്ക് എത്ര വയസ്സുണ്ടച്ഛാ ?

ആറു വയസ്സ്.

അച്ഛനോ?

36 വയസ്സ്.

അവൾ അച്ഛന്റെ മടിയിൽ‍ കിടന്നു. കുറെ നേരം മുഖത്തേക്കു നോക്കി കിടന്നു. മടിയിൽ കിടന്നു നോക്കുമ്പോൾ അച്ഛന്റെ കൂർത്ത താടി കടലിലെ മുനമ്പു പോലെ.. അച്ഛൻ മകളുടെ മുടിയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു. പിന്നെ മകളുടെ മുടി രണ്ടായി പിന്നി. രണ്ടിനും രണ്ടു നീളമാണെന്നു കണ്ട് അഴിച്ച് അച്ഛൻ പിന്നെയും പിന്നി. തുമ്പത്ത് റിബൺ കൊണ്ട് പൂക്കെട്ടു കെട്ടി. ആച്ഛൻ ആ പൂക്കെട്ടുകൾ പരസ്പരം മുട്ടിച്ചും ഇളക്കിയും കളിച്ചും കുറെ നേരമിരുന്നു.

ഭിത്തിയിരുന്ന അമ്മ അതുകണ്ട് ചിരിച്ചു. 

മീരയുടെ വീട്ടിലെ എല്ലാ മുറികളിലും അമ്മയുടെ ഫോട്ടോകളുണ്ടായിരുന്നു. പല പോസിലുള്ള, ഭാവത്തിലുള്ള ഫോട്ടോകൾ. 

ഇനി തന്റെയും ഫോട്ടോകൾ അങ്ങനെ വയ്ക്കുമായിരിക്കും.

സമയം 2.59.

നേരമാകുന്നു.

മീര കൈകൾ രണ്ടും ധാരാളം വെള്ളത്തിൽ കഴുകി.  നനഞ്ഞ കൈകൾ മുക്കി ഭിത്തിയിൽ പതിച്ചു. ചില ചിത്രങ്ങൾ വരച്ചു. ഇഷ്ടമുള്ള ചില വാക്കുകളെഴുതി. 

ജനാലയടച്ചു. മുറിയിലെ ലൈറ്റുകളെല്ലാം കൊളുത്തി. പിന്നെ വേഗം മരിച്ചു.

illustration-penakathy-column-suicide-of-meera
വര: മുരുകേശ് തുളസിറാം

വിശാലമായ കുന്നിൻ മുകളിലാണിപ്പോൾ മീര. താഴ്‍വരയിൽ നിന്ന് കുന്നു കയറി മുകളിൽ സമതലത്തിൽ എത്തിയതാണു താനെന്ന് അവൾക്കു തോന്നി.

ഒരേ സമയം ഇരുവശങ്ങളിലും നിന്ന് കുന്നു കയറാൻ തീരുമാനിച്ച രണ്ടുപേർ. ഒരാൾ കുന്നിൻ മുകളിലെത്തി. കുറച്ചു നേരമായി മറ്റെയാളെ കാത്തുനിൽക്കുന്നു... അയാൾ ഇതുവരെ എത്തിയിട്ടില്ല. 

വെളുത്ത തുണി കൊണ്ടുണ്ടാക്കിയ കൂടാരം പോലെ ആകാശം അവളെ ചൂഴ്ന്നു നിന്നു. അവിടെയെങ്ങും വേറാരെയും കാണാനില്ലായിരുന്നു.

Content Summary : Penakathy Column by Vinod Nair - Suicide of Meera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PENAKATHY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA