വേളി കഴിഞ്ഞു മതി പെണ്ണേ, അകത്തുമുറിയിലേക്ക്...

HIGHLIGHTS
  • അവിവാഹിതയായ പെൺകുട്ടിക്ക് എറണാകുളത്തു വീടുകിട്ടാൻ എന്തുപാടാണ്
harithaveedu
SHARE

ഒരാളുടെ മനസ്സിൽ കയറിപ്പറ്റാൻ എളുപ്പമാണ്. വാടക വീട്ടിൽ കയറിപ്പറ്റാൻ ഒട്ടും എളുപ്പമല്ല എന്ന് എഴുതിയത് ഏതു കവിയാണ്? – ഹരിത മാലാഖ കുര്യൻ ചോദിച്ചു.

ഹരിത കുറെ ദിവസമായി എറണാകുളത്തൊരു വീടന്വേഷിച്ചു നടക്കുന്ന കാര്യം അറിയാം. കൂടു തേടി പറക്കുന്ന പക്ഷിയുടെ ഫോട്ടോയായിരുന്നു ഇന്നലെ ഡിപി. കഴിഞ്ഞ ദിവസമാകട്ടെ തകർന്നു വീണ ബിൽഡിങ് ബ്ളോക്സിനു മുന്നിൽ ഒരു കൊച്ചുകുട്ടി  പിണങ്ങി ഇരിക്കുന്നതും. 

അവൾ പറഞ്ഞു... എന്റെ കാലിലേക്കു നോക്കൂ...

ഞാൻ നോക്കി.  പെൺകുട്ടികളെ കണ്ടാൽ ഒരാൾ ആദ്യം നോക്കുന്നത് അവരുടെ കാലുകളിലാണെന്ന് പറഞ്ഞത് മെട്രോയിലെ ചെരിപ്പുകടയിലെ സെയിൽസ്മാൻ പയ്യനാണ്. അതുകൊണ്ട് തലയേക്കാൾ പ്രധാനം കാലുകളാണെന്നു വിശ്വസിപ്പിച്ചാണ് അവൻ വില കൂടിയ ചെരിപ്പുകൾ കസ്റ്റമേഴ്സിന്റെ കാലിൽ കെട്ടിവയ്ക്കുന്നത്.

ഹരിത പറഞ്ഞു... നടന്നു നടന്ന് എന്റെ ചെരിപ്പ് തേഞ്ഞു.

ഞാൻ ചിരിച്ചു, അവൾ കലിച്ചു... തമാശയല്ല, കാര്യമാണ്. തെളിയിക്കാം. 

അവൾ എന്റെ കൈയിൽപ്പിടിച്ചു വലിച്ചു കൊണ്ട് മെട്രോത്തൂണുകൾ‍ക്കരികിലേക്കുപോയി. നഗരങ്ങളുടെ നിലവാരം താങ്ങിനിർത്തുന്നത് തങ്ങളാണെന്ന പ്രകടമായ അഹങ്കാരത്തോടെ ഞെളിഞ്ഞു നിൽക്കുകയാണ് മെട്രോത്തൂണുകൾ. ഒരു ദിവസം രാത്രിയിൽ ഇവയ്ക്കെല്ലാം കൂടി ജീവൻ വച്ചാൽ എന്താണ് അവസ്ഥയെന്ന് വെറുതെ ആലോചിച്ചു.  പകൽ കാണുന്നതുപോലെയല്ല, രാത്രിയിൽ മെട്രോത്തൂണുകളുടെ പെരുമാറ്റം. 

344–ാം നമ്പർ തൂണിന്റെ താഴെയിരിക്കുന്ന ചെരിപ്പുകുത്തിയുടെ അടുത്തേക്കാണ് അവൾ പോയത്. അവളെ കണ്ടയുടനെ അയാൾ അറിയാവുന്ന മലയാളത്തിൽ ചിരിച്ചു... ഹരിതാ ദീദീ, എന്താ ചെരിപ്പു വീണ്ടും പൊട്ടിയോ?

അയാൾ ചിരിക്കുമ്പോൾ തെളിയുന്ന കറുത്ത പല്ലുകളിൽ നോക്കി നിൽക്കുകയായിരുന്നു ഞാൻ. ഇയാൾ പല്ലിനും കറുത്ത പോളിഷ് പുരട്ടുന്നുണ്ടോ? ഒരു പല്ല് വെളുപ്പ്, അടുത്തത് കറുപ്പ്, പിന്നെയും വെളുപ്പ്.  എന്റെ തോന്നൽ വായിച്ചെടുത്തപോലെ അയാൾ പറഞ്ഞു... ചെരിപ്പു തുന്നുന്ന നൂലിന്റെ ഒരറ്റം കടിച്ചു പിടിക്കുമ്പോൾ നിറം പറ്റുന്നതാണ്. 

ഞങ്ങൾ മെട്രോത്തൂണുകളുടെ നിഴലിലൂടെ നടന്നു.  

ഹരിത പറയാൻ തുടങ്ങി... അവിവാഹിതയായ പെൺകുട്ടിക്ക് എറണാകുളത്ത് ഒരു വീടുകിട്ടാൻ എന്തു പാടാണ്. അതിലും എളുപ്പമാണ് വാടകയ്ക്കൊരു കിഡ്നി സംഘടിപ്പിക്കാൻ. 

അവൾ കൈയിലെ ഹെൽത്ത് ബാൻഡിലൊന്നു തൊട്ടു. ക്ളാസിലിരുന്ന് ഉറങ്ങുകയായിരുന്ന എൽകെജി കുട്ടിയെപ്പോലെ അതു ഞെട്ടിയുണർന്നു കണ്ണുമിഴിച്ചു. സമയം രാത്രി 8.30. അവൾ ഒന്നൂടെ തൊട്ടു. 1918 എന്ന നമ്പർ തെളിഞ്ഞു. 

ഹരിത പറഞ്ഞു... ഇത് രണ്ടാഴ്ചയായി ഞാൻ കയറിയ പടികളുടെ എണ്ണമാണ്. 

സത്യമായിരിക്കും. അവൾ നോക്കുന്നത് ഒന്നാം നിലയിലെ വീടുകളാണ്.  ഒരു വീട്ടിലേക്ക് 40 പടികൾ വച്ച് കണക്കു കൂട്ടിയാൽ ഒരു മാസത്തിനിടെ എത്ര വീടുകളിൽ ഈ മാലാഖ കയറിയിട്ടുണ്ടാകും. 50 എണ്ണം ! എന്തൊരു മണ്ടൻ കണക്കു കൂട്ടലാണ് എന്റേത് ! വീടുകളിലേക്ക് കയറിയാൽ മതിയോ ? ഇറങ്ങുകയും വേണ്ടേ ? അതും കൂടി ചേർക്കുമ്പോൾ വീടുകളുടെ എണ്ണം പകുതിയാവില്ലേ?! 

നിനക്കാരാ മാലാഖ എന്നു പേരിട്ടത് ?

ഹരിത പറഞ്ഞു... ഹരിത മലൈക കുര്യൻ എന്നായിരുന്നു ഡാഡിയും മമ്മിയും സെലക്ട് ചെയ്ത പേര്. ജൂണി ക്ളൂണി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ കർമല കുസുമം റജിസ്റ്ററിൽ എഴുതിയപ്പോൾ മലൈകയിലെ ഐ വിട്ടു പോയി. ഞാനൊരു മാലാഖയായി. 

കന്യാസ്ത്രീകൾ എഴുതുമ്പോൾ പൊതുവേ അക്ഷരത്തെറ്റു വരാറില്ലല്ലോ. ഒരക്ഷരവും എഴുതാത്ത വൃത്തിയുള്ള വെള്ളക്കടലാസാണ് എനിക്ക് കന്യാസ്ത്രീമാരെ കാണുമ്പോൾ ഓർമ വരാറുള്ളത്.

ഞാൻ ചോദിച്ചു... മാലാഖയായതുകൊണ്ടാണോ വിവാഹം കഴിക്കാതിരുന്നത് ?

എന്നെക്കാൾ ഉയരം കുറഞ്ഞ ചിലരെ നോട്ടമിട്ടതാണ്. അവർ വില്ലിങ് ആയിരുന്നില്ല. 

പുരുഷന്മാർ സ്ത്രീകളെക്കാൾ വലിയവരാണെന്നു തോന്നാനുള്ള പ്രധാന കാരണം കൂടെ നിൽക്കുമ്പോൾ അവരുടെ ഉയരമാണെന്നാണ് ഹരിതയുടെ തമാശ ഫിലോസഫി. എല്ലാ പുരുഷന്മാരും തന്നെക്കാൾ ഉയരം കുറഞ്ഞ സ്ത്രീകളെ തന്നെ പങ്കാളികളായി കണ്ടെത്തുന്നത് ഇതുകൊണ്ടാണ്. ഉയരം കുറയുന്നതോടെ പുരുഷന്മാർ സ്ത്രീകൾക്കു മുന്നിൽ കുട്ടികളായി മാറിക്കോളും.  ജോർജ് കുട്ടി, നാരായണൻ കുട്ടി, കൃഷ്ണൻ കുട്ടി, ജോസ് കുട്ടി, റിയാസ് കുട്ടി, മനു കുട്ടി... കുട്ടികളാകുമ്പോൾ കൈകാര്യം ചെയ്യാനും സ്ത്രീകൾക്ക് എളുപ്പം. 

ഹരിത പറഞ്ഞു... ഞാനും ഫ്രിഞ്ചോയും കൂടി കറങ്ങി നടന്നു കണ്ടത് മുപ്പതോളം വീടുകൾ. 

അവൾ എന്നെ കളിയാക്കിയതാണ്. എന്തിനും ഓളം പത്രപ്രവർത്തകരുടെ ശൈലിയാണ് ! 31 എന്നോ 29 എന്നോ പറയില്ല. 

തലയിൽ ചുവന്ന ചായമടിച്ച ഫോർട്ട് കൊച്ചിക്കാരനാണ് ഫ്രിഞ്ചോ. റിയൽ എസ്റ്റേറ്റ് ഏജന്റാണ്.  അയാളെയും കൂട്ടിയായിരുന്നു രണ്ടാഴ്ചയായി ഹരിതയുടെ യാത്രകൾ. വാടകവീടു തേടി പോകുന്നതിനെ പെണ്ണുകാണലെന്നാണ് ഫ്രിഞ്ചോയുടെ വിശേഷണം.  ശരിയാണെന്ന് തോന്നി. പെണ്ണുകാണൽ ദിവസം നല്ല വശങ്ങൾ മാത്രം പുറത്തു കാണിച്ച് നിൽക്കേണ്ടി വരുന്നതുപോലെ പല വീടുകളും ചായം തേച്ച്, പുതിയ കർട്ടനിട്ട് വിശാലമായ ഏകാന്തതയോടെ ഏജന്റിനും വാടകക്കാരനും മുന്നിൽ ഒരുങ്ങി നിൽക്കുന്നു. മുഖക്കുരു മായ്ക്കാൻ അമിതമായി മരുന്നു കഴിച്ചവരുടെ കവിളുകൾ പോലെ നിറയെ ആണിപ്പാടുകളുള്ള ഭിത്തികൾ എങ്ങനെയും മറയ്ക്കാൻ ചില സ്വീകരണ മുറികൾ കർട്ടനുകൾക്കു പിന്നിൽ ഒളിക്കാൻ ശ്രമിക്കുന്നു.

ഞങ്ങൾ എംജി റോഡിലൂടെ നടക്കുകയായിരുന്നു. റോഡിന് ഇരുവശവും അപാർട്മെന്റുകളുടെ വലിയ പരസ്യ ബോർഡുകൾ. വർമ, റാവു, ഹെവൻ, ഹിൽ, ക്ളൗഡ് തുടങ്ങിയ പേരുകളിൽ പണി തീർന്നതും തീരാത്തതുമായ എത്രയെത്ര അപ്പാർട്ട്മെന്റുകൾ. എല്ലാവരും താമസക്കാരെ ക്ഷണിക്കുന്നു. എന്നിട്ടും ഹരിതയ്ക്കു മാത്രം വീടു കിട്ടാത്തത് എന്തുകൊണ്ടാണ്.

ഹരിത പറഞ്ഞു...  ഓരോ വീടുകാണലും ഒരു പരീക്ഷണമാണ്. കുറെ ചോദ്യങ്ങൾ.

വീട്ടുടമ: എന്താണ് ജോലി?

ഹരിത: ഗോസ്റ്റ് റൈറ്ററാണ്.

ഡിക്ടറ്റീവ് നോവലാണോ? കോട്ടയം പുഷ്പനാഥിനെപ്പോലെ, പ്രേതങ്ങളുടെ താഴ്‍വര.. !

അല്ല. മറ്റുള്ളവർക്കു വേണ്ടി എഴുതിക്കൊടുക്കുക. അതാണ് ഗോസ്റ്റ് റൈറ്റിങ്.

ഭർത്താവ്..?

ആയിട്ടില്ല. ഞാൻ ബാച്‍ലറാണ്.

ഉടനെ ആകുമോ? ആലോചനയൊക്കെ..

കുറെ ആലോചിച്ചു. 

എന്നിട്ടോ? ഒന്നും ശരിയായില്ലേ? 

ആലോചിച്ചത് സ്വയം ആണ്. വേണ്ടാ എന്നു തോന്നി.

ബാച്‍ലർക്കു വീട് കൊടുക്കാൻ പാടാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്.

കാരണം?

ഒരു കാരണവുമില്ലാതെ തെറ്റിദ്ധരിക്കാൻ തോന്നും. 

ഡൈവോഴ്സ് ചെയ്തവർക്കു കൊടുക്കുമോ?

ഡൈവോഴ്സ് ചെയ്തിട്ടു വന്നാൽ പറയാം. 

സംഭാഷണം ഇവിടെയെത്തിയപ്പോൾ കൂടുതലൊന്നും പറയാതെ അവിടെ നിന്ന് ഇറങ്ങിയതാണ് ഹരിത. 

കടവന്ത്രയിലെ ഒരു വിരമിച്ച പട്ടാളക്കാരന് ഒരേ പോലുള്ള നാലു വീടുകൾ ഉണ്ട്.  അതിൽ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുകയായിരുന്നു. വീട് തരക്കേടില്ല. 

harithaveedu2

രണ്ട് ബാത്റൂമുകളുണ്ട്. രണ്ടിലും ക്ളോസെറ്റിനു നേരെ എതിർവശത്തായി ഭിത്തിയിൽ ഒരു വലിയ ഒരു വലിയ കണ്ണാടി ഉറപ്പിച്ചു വച്ചിട്ടുണ്ട്. അതിനു പിന്നിലെ കഥ പട്ടാളക്കാരൻ പറഞ്ഞു.  അരുണാചലിൽ ഡ്യൂട്ടിയിലായിരുന്നപ്പോൾ ഒരിക്കൽ കക്ഷി ചൈനാ പട്ടാളത്തിന്റെ പിടിയിലായി. അവിടെ വച്ച് ഒരു ചൈനീസ് സന്യാസിയെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഉപദേശമായിരുന്നു വാഷ്റൂമിലെ കണ്ണാടി. ഒരാൾ ഏറ്റവും അധികം ഏകാന്തതയും സമ്മർദ്ദവും സുരക്ഷിതത്വവും അനുഭവിക്കുന്ന സ്ഥലമാണ് ബാത്റൂം. അവിടെയായിരിക്കുമ്പോൾ സ്വയം കണ്ട് വിലയിരുത്താൻ ഒരു കണ്ണാടി മുന്നിൽ വയ്ക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. 

ഞാൻ‍ ആ കണ്ണാടിയുടെ അവസ്ഥയെക്കുറിച്ചാണ് ആലോചിച്ചത്. 

പട്ടാളക്കാരൻ ഒരു കാര്യമേ ചോദിച്ചുള്ളൂ, ഹരിതയുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും ഏറ്റവും അടുത്ത കൂട്ടുകാരിയുടെയും ഫോൺ നമ്പരുകൾ. അവരോട് കുറെ കാര്യങ്ങൾ ചോദിച്ചറിയണം. എന്നാലേ വീടു തരാൻ പറ്റൂ.

വീടു വേണ്ടാ എന്നു പറഞ്ഞു പോന്നിട്ടും അയാൾ ഹരിതയുടെ ഡാഡിയെ വിളിച്ച് ഉപദേശിച്ചു. മകളെ തനിച്ചു നിൽക്കാൻ അനുവദിക്കരുത്. നിങ്ങൾ ആരെങ്കിലും കൂടെ വന്നുനിൽക്കണം. അതിനു സമയമില്ലെങ്കിൽ ഒരു സെക്യൂരിറ്റിയെ നിയോഗിച്ചാലും മതി. ലേഡി സെക്യൂരിറ്റിക്കാരെ കിട്ടാനുണ്ട്. അവർ എപ്പോഴും കൂടെ നടക്കും. നിഴലാണെന്നു കരുതി അവഗണിച്ചാൽ മതി. 

രവിപുരത്തു കണ്ട വീട് വളരെ നല്ലതായിരുന്നു. വിവരങ്ങൾ തിരക്കിയത് വീട്ടുടമസ്ഥയായിരുന്നു. ഭർത്താവ് ഫോണിൽ നോക്കിക്കൊണ്ട് അടുത്തു നിന്നതേയുള്ളൂ. ഭാര്യ പറഞ്ഞു...  ഞാൻ കൂടെയുണ്ടെങ്കിൽ ഇവിടത്തെ ചേട്ടൻ സ്ത്രീകളോട് അധികം സംസാരിക്കാറില്ല.

ഹരിതയ്ക്ക് സ്കൂട്ടറുണ്ടെന്നു കേട്ടപ്പോൾ അവർ പറഞ്ഞു. രാത്രി ഒമ്പതു മണി കഴിഞ്ഞാണ് തിരിച്ചു വരുന്നതെങ്കിൽ മെയിൻ റോഡിൽ നിന്ന് സ്കൂട്ടർ ഓഫ് ചെയ്ത് തള്ളിക്കൊണ്ടു വരണം. ഭർത്താവ് ഉറങ്ങാനുള്ള യന്ത്രം ഉപയോഗിക്കുന്നുണ്ട്.  അദ്ദേഹത്തിന്റെ കൂർക്കം വലിയുടെ ശബ്ദവും സ്കൂട്ടറിന്റെ ശബ്ദവും തമ്മിൽ ക്ളാഷാകും. പിന്നെ എനിക്ക് ഉറക്കം വരില്ല.

ഇറങ്ങാൻ നേരം ആ സ്ത്രീ ഒരുകാര്യം കൂടി ചോദിച്ചു... എപ്പോഴും സ്ളീവ് ലെസ്സാണോ ഇടുന്നത് ?

ഹരിത തൽക്കാലം വീടുതേടുന്നത് നിർത്തി. അവൾ ഇപ്പോൾ പല കൂട്ടുകാരികളുടെ മുറിയിലായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.  വസ്ത്രങ്ങളും ഓർണമെന്റ്സും കൃഷ്ണപ്രിയയുടെ മുറിയിൽ. പുസ്തകങ്ങളും അവൾക്കു പ്രിയപ്പെട്ട മ്യൂസിക് ആൽബങ്ങളും അനിതാ സന്ദീപിന്റെ റൂമിൽ. ഹരിതയാവട്ടെ നന്ദനയോടൊപ്പം ഇളങ്കുളത്തെ അപാർട്മെന്റിൽ. 

ഇവർക്കൊക്കെ എങ്ങനെ വീടു കിട്ടി ?

അവൾ പറഞ്ഞു... ഇനി അതും അന്വേഷിച്ചു പോകണോ.. ? അവർ സമാധാനമായിട്ട് താമസിച്ചോട്ടെ !

ഇതിനു മുമ്പു താമസിച്ച വാടകവീട്ടിൽ നിന്നിറങ്ങിയത് വഴക്കിട്ടായിരുന്നു. കതൃക്കടവിലായിരുന്നു ആ വീട്. താഴത്തെ നിലയിൽ ഹൗസ്ഓണറും ഫാമിലിയും. മുകൾ നിലയിൽ ഹരിത.

വീട്ടുടമയ്ക്കു പല കാര്യങ്ങളിലും മേൽനോട്ടം അൽപം കൂടുതലായിരുന്നു.

ആ വീട് ഒഴിയുന്ന ദിവസം ഹരിത അതിരാവിലെ കുളിച്ചു. ഉപയോഗ ശൂന്യമായ കുറെ അടിവസ്ത്രങ്ങൾ ബക്കറ്റിലെ വെള്ളത്തിൽ സോപ്പുവെള്ളത്തിൽ മുക്കി പിഴിയാതെ ബാൽക്കണിയുടെ ഒരറ്റത്തു നിന്ന് മറ്റെയറ്റം വരെ വിരിച്ചിട്ടു. 

പതിവുപോലെ മുറ്റത്തിറങ്ങി നിന്ന വീട്ടുടമസ്ഥൻ ഒന്നു നനഞ്ഞു.  ആ പ്രശ്നം ഉണങ്ങാൻ നിൽക്കാതെ അവൾ വേഗം ആ വീടു വിട്ടിറങ്ങുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS