ഉന്മാദിനി മജുംദാർ; ഒരു ബംഗാളി ചില്ലക്ഷരം

penakkathi-illustration
വര: മുരുകേശ് തുളസിറാം.
SHARE

തീവ്രമായ പ്രണയമാണെങ്കിൽ വിവാഹം ഒഴിവാക്കുന്നതാണ് നല്ലത്. ആകാശക്കുന്ന് കയറിയാൽ പിന്നെ തിരിച്ചിറക്കമാണ്. നിസ്സംഗമായ ഇറക്കം !

ഇത് എന്നെ പഠിപ്പിച്ചത് ഉന്മാദിനി മജുംദാർ എന്ന ബംഗാളി വനിതയായിരുന്നു. കിഷോർ മനു എന്ന കോളജ് അധ്യാപകന്റെ അമ്മ.  ലിറ്ററേച്ചർ ക്ളാസിലെ ജൂനിയർ ലക്ചററായിരുന്നു കിഷോർ സാർ. അവിവാഹിതൻ. ക്യാംപസ് മാഗസിന്റെ സ്റ്റാഫ് എഡിറ്റർ. 

എക്സ്ട്രീമായിരുന്നു കക്ഷി. രാവിലെ പ്രാർഥനാ ഗാനത്തിന് ആദ്യ ബെല്ലടിക്കുന്നതോടെ നിശബ്ദമാകുന്ന ക്യാംപസിലേക്ക് സൈലൻസറില്ലാത്ത ജാവാ ബൈക്കിൽ കയറി വരുന്ന അയാൾ അധ്യാപകനോ അതോ കോളജ് കാലം കഴിഞ്ഞിട്ടും ക്യാംപസിൽ നിന്നു പറിച്ചു കളയാത്ത ചെടിയോ എന്ന സംശയം തോന്നിയിരുന്നു. ജാഗ്രത എന്ന ക്യാംപസ് കൂട്ടായ്മയുടെ നാഥനായിരുന്നു കിഷോർ സാർ.  സ്ത്രീധന വിപത്തിനെതിരെ വെളുത്ത ബാനറിൽ ചുവന്ന മഷി കൊണ്ട് ഒപ്പുശേഖരണം നടത്തിയപ്പോൾ ബ്ളേഡ് കൊണ്ട് വിരലിന്റെ തുമ്പ് ചീന്തിയിട്ട് കിഷോർ മനു സി. പാലൂർ എന്ന് പേരു മുഴുവൻ എഴുതി ഒപ്പിട്ട ഭീകരൻ!

പാലൂർ എന്നത് വീട്ടുപേരാണ്. അമ്മ ഉന്മാദിനി മജുംദാർ ബംഗാളിയായിരുന്നു. ഭർത്താവ് ചന്ദ്രൻ പാലൂർ പണിക്കർ മുംബൈയിലെ പ്രശസ്തമായ ഗാനേവാലേ റിക്കോർഡിങ് സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയറുടെ സഹായിയായിരിക്കെ മുംബൈയിലായിരുന്നു അവർ ഏറെ നാൾ താമസം. അക്കാലം ഉന്മാദിനിക്ക് ഗായകൻ കിഷോർ കുമാറിനോട് കടുത്ത ആരാധന തോന്നി. റിക്കോർഡിങ് സ്റ്റുഡിയോയിൽ സൗണ്ട് കറക്ഷൻസ് ചെയ്യുന്നതിനു മുമ്പുള്ള ഗായകരുടെ വെർജിൻ വോയ്സ് ചന്ദ്രൻ പണിക്കർ വീട്ടിൽ കൊണ്ടുവന്ന് കേൾക്കുമായിരുന്നു.  ഇത് കിഷോർദാ, ഇത് ലതാ മാം, ഇത് ആശാ ദീദി, ഇത് റഫി സാബ് എന്നൊക്കെപ്പറഞ്ഞ് ചന്ദ്രൻ പണിക്കർ കൊണ്ടുവരുന്ന പശ്ചാത്തല സംഗീതം ചേർക്കാത്ത പാട്ടുകൾ പല രാത്രികളിലും കേട്ടുകേട്ട് ഉന്മാദിനിക്ക് കിഷോർ കുമാറിന്റെ ശബ്ദത്തോട് കടുത്ത പ്രണയമായി. തുടർച്ചയായി കൊഴുത്ത തേൻ കുടിക്കുന്ന പെൺ കരടിക്ക് തേനീച്ചകളുടെ ഹമ്മിങ്ങിനോടു തോന്നുന്ന ഒരിഷ്ടമെന്നാണ് അതിനെ ചന്ദ്രൻ പണിക്കർ വിശേഷിപ്പിച്ചിരുന്നത്. 

കിഷോർ കുമാറിന്റെ ശബ്ദ സൗന്ദര്യം എന്നും നിലനിൽക്കാൻ പ്രത്യേക മരുന്നുകൂട്ട് തയാറാക്കി അത് പാലിൽ ചാലിച്ച് ചന്ദ്രൻ പണിക്കരുടെ കൈയിൽ കൊടുത്തു വിടുമായിരുന്നു ഉന്മാദിനി. ഗായകനോടുള്ള പ്രണയത്തിൽ ഇട്ടതാണ് മകന് കിഷോർ എന്ന പേര്. 

മകന്റെ ക്ളാസിലെ കുട്ടികൾക്കെല്ലാം സുപരിചിതയായിരുന്നു ആ അമ്മ. പാഠത്തിലിറങ്ങാതെ ലോകകാര്യങ്ങളുടെ വരമ്പിലൂടെ ലക്ചറടിച്ചു നടക്കുന്നതുകൊണ്ട് കിഷോർ സാറിന് ഒരിക്കലും സമയത്ത് സിലബസ് തീർക്കാൻ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരിയായാൽ എക്സ്ട്രാ ക്ളാസുകളാണ്. അവധി ദിവസങ്ങളിൽ വീട്ടുമുറ്റത്ത് മകൻ ക്ളാസെടുക്കുമ്പോൾ അതിലൊരാളായി വന്നിരിക്കുന്ന ആ അമ്മയെ ഓർമയുണ്ട്. അവരുടെ തലയിലെ വെളുത്ത നൂൽകമ്പി പോലുള്ള, എണ്ണ വറ്റിയ മുടിയിഴകൾ മീട്ടി എന്റെ ക്ലാസിലെ പെൺകുട്ടികൾ രബീന്ദ്രസംഗീതം കേൾപ്പിക്കുമായിരുന്നു. അകാരണമായ ഒരു അനാഥത്വം ആ മുഖത്ത് നിഴലിച്ചിരുന്നു. ഹിന്ദി നടിമാരിൽ ജാൻവി കപൂറിന്റെ മുഖത്ത് അതേ ഭാവം ഇപ്പോൾ കാണാറുണ്ട്. 

കിഷോർ കുമാറിനു കൊടുത്തിരുന്ന മരുന്നുകൂട്ടിന്റെ രഹസ്യം ഞങ്ങൾ ചോദിക്കുമ്പോഴൊക്കെ അവർ ചിരിക്കും. എന്നിട്ടു പറയും... ചന്ദ്രൻജി വലിയ സൂത്രക്കാരനായിരുന്നു. അദ്ദേഹം ഞാനറിയാതെ അത് ആശാ ദീദിക്കാണ് കൊടുത്തിരുന്നത്. പാവം ‌ആശാ ദീദി!  ആണിനും പെണ്ണിനും വേറെ മരുന്നുകൂട്ടാണു വേണ്ടത്. അത് അവർക്ക് അറിയില്ലായിരുന്നു. അതേ മരുന്നുകൂട്ട് മുലപ്പാലിൽ ചാലിച്ച് എന്റെ മകനു കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇവന് ഇത്രയും നല്ല സ്വരം കിട്ടിയത്. 

ഞങ്ങൾക്കും വേണം ആ കൂട്ടെന്ന് കുട്ടികൾ ആഗ്രഹം പറയുമ്പോൾ അതിന് എന്റെ നെഞ്ചിൽ ഇപ്പോൾ മുലപ്പാലില്ലല്ലോ കുട്ടികളേ എന്നു പറഞ്ഞ് നിഷ്കളങ്കമായി ചിരിക്കുമായിരുന്നു ആ അമ്മ ! ബംഗാളി ഭാഷയിൽ സംസാരിക്കാൻ അവർക്ക് വലിയ ഇഷ്ടമായിരുന്നു.

ഒരിക്കൽ അവർ ഞങ്ങളോടു ചോദിച്ചു... നിങ്ങളിൽ പ്രണയാനുഭവങ്ങൾ ഇല്ലാത്തവർ എത്ര പേരുണ്ട് ?

പിജി ഹോസ്റ്റലിനോടു ചേർന്നുള്ള കാന്റീനിൽ നിന്ന് ഇഷ്ടമുള്ളവളുടെ കൈവിരലുകൾ കോർത്തു പിടിച്ച് നടക്കുമ്പോൾ ഓരോ തവണയും വിചാരിക്കും ഇനി ഈ റിസ്ക് വയ്യ. ഇവളുടെ തന്ത ഇവിടെ പ്രഫസറാണ്. അയാൾ ലൈബ്രറിയിൽ നിന്നു ലാബിലേക്കും അവിടെ നിന്ന് ഡിപ്പാർട്ട്മെന്റിലേക്കും വവ്വാലിനെപ്പോലെ ശബ്ദമുണ്ടാക്കാതെ പറക്കാറുണ്ട്. അയാളുടെ മുന്നിൽച്ചെന്നു പെട്ടാൽ എല്ലാം തീർന്നു. അവൾ പോയിക്കഴിഞ്ഞാൽ ഓരോ തവണയും തോന്നും, ആശ്വാസമായി. ഇനിയില്ല ഈ റിസ്കിന്. എന്നാലും പിന്നെയും പിന്നെയും അതു തന്നെ ചെയ്യും.  

കുറ്റബോധത്തോടെ ചെയ്യുമ്പോഴാണ് എന്തു കാര്യവും കൂടുതൽ ആസ്വാദ്യമാകുന്നത് എന്നായിരുന്നു ഉന്മാദിനിയമ്മയുടെ മറുപടി. 

പുഴയുടെ തീരത്തായിരുന്നു കിഷോർ സാറിന്റെ വീട്. അതേ പുഴയാണ് കുറച്ചു നേരം കൂടി ഒഴുകി കോളജിന്റെ പിന്നിലെത്തുന്നത്. അവരുടെ  വീട്ടുമുറ്റത്ത് ആറ്റിറമ്പിൽ ഒരു കാൽ ഒഴുക്കിലേക്കു നീട്ടി ഒരു അരളി മരം നിന്നിരുന്നു. രാവിലെ ഒരു കതിർ ചുവന്ന അരളിപ്പൂങ്കുല പൊട്ടിച്ച് ആറ്റിലേക്ക് എറിഞ്ഞിട്ട് ബൈക്കെടുത്ത് കോളജിലേക്കു പുറപ്പെടും കിഷോർ സാർ. കോളജിലെത്തി ഒരു പീരിയഡ് ക്ളാസെടുത്തു കഴിയുമ്പോഴേക്കും പൂങ്കുല ഒഴുകിയൊഴുകി ക്യാംപസിന്റെ പിന്നിലെത്തും. അതെടുത്ത് ഏതോ പ്രണയിനിക്കു സമ്മാനിക്കുന്ന കാമുകനായിരുന്നു അയാൾ. കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ നീളൻ മുടിയുള്ള അധ്യാപികയോ അതോ പിജി കഴിഞ്ഞ് റിസർച്ച് ചെയ്യുന്ന വിദ്യാർഥിനികളിലൊരാളോ, അതോ ഒന്നിലധികമോ എന്നതിലാണ് ആശയക്കുഴപ്പം. അക്കാലം ആരുടെയൊക്കെയോ മുടികളിൽ അരളികൾ പൂത്തു നിന്നു! അരളിപ്പൂവിന് ഗന്ധമില്ലാത്തതിനാൽ ക്യാംപസിലെ പൊലീസ് നായകൾക്ക് മണത്തറിയാൻ പറ്റിയതുമില്ല. 

അവിവാഹിതരായ ജൂനിയർ ലക്ചറർമാർ എല്ലാക്കാലവും ക്യാംപസിലെ കാന്തങ്ങളാണ്. അവരിൽ വലതു കൈയിൽ സ്റ്റീൽ ചെയിനുള്ള വാച്ചു കെട്ടുന്നവരെല്ലാം ആരോടൊക്കെയോ പ്രണയത്തിലുമാണ്.  

കിഷോർ സാറിന്റെ വിവാഹം അക്കാലം ക്യാംപസിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു. കോളജിലെ ഏതെങ്കിലും വിദ്യാർഥിനിയെ അയാൾ വിവാഹം കഴിക്കുകയും അതേ പെൺകുട്ടിയെ പിന്നെയും പഠിപ്പിക്കുകയും കോഴ്സ് കഴിയും മുന്നേ ഗർഭിണിയാവുകയും നിറവയറോടെ അവൾ ക്യാംപസിൽ വരികയും ചെയ്യുന്നതിനെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തിരുന്നു. 

വിദ്യാർഥിനി എത്രയും വേഗം ഗർഭിണിയാകേണ്ടതും അയാൾ അവളുടെ കൈപിടിച്ച് വളരെ കെയറിങ്ങോടെ കൂടെ നടക്കേണ്ടതും എന്തോ അത്യാവശ്യമാണെന്ന മട്ടിലായിരുന്നു അക്കാലത്തെ ചർച്ചകൾ.

വീട്ടുമുറ്റത്തെ ക്ലാസിനിടെ ഒരിക്കൽ കോളജിലെ ബാത്റൂമുകളെപ്പറ്റി ചർച്ച വന്നു.

സ്ത്രീകളുടെ ബാത്റൂം പൊതുവേ നല്ലതാണെന്ന് നിഖില കുര്യൻ അവകാശപ്പെട്ടപ്പോൾ കിഷോർ സാർ പറഞ്ഞു.. എനിക്ക് അങ്ങനെയൊരു അഭിപ്രായമില്ല.

ങേ.. ! അതെങ്ങനെ ? സാർ... ‌

അയാൾ കോളജിൽ എംഎയ്ക്കു പഠിച്ചിരുന്ന കാലത്തെ കഥ പറയാൻ തുടങ്ങി. 

കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് കാലം. എസ്എഫ്ഐയും കെഎസ് യുവും നേർക്കുനേർ. കിഷോർ മനു സി. പാലൂർ ചെയർമാൻ സ്ഥാനാർഥിയായിരുന്നു. വോട്ടിന്റെ ദിവസം കിഷോറിനെ ക്യാംപസിനുള്ളിൽ കയറ്റില്ലെന്ന് എതിർപക്ഷം തീരുമാനിച്ചു. ക്യാംപസിൽ കുത്തുന്ന കാൽ വെട്ടുമെന്നായിരുന്നു ഭീഷണി. അതിനായി കലൂർ മാർക്കറ്റിൽ നിന്ന് ഗുണ്ട വെണ്ണില സാബുവിനെ രംഗത്തിറക്കി. രണ്ടു കൈയിൽ കത്തിയുമായി സാബു പ്രധാന ഗേറ്റിൽ കാവലുണ്ട്.  കാലുവെട്ടുന്നത് എത്ര ഈസിയാണെന്ന് തെളിയിക്കാനായി സാബു ഇടയ്ക്കിടെ കരിക്കു വെട്ടി വെറുതെ കുടിച്ചുകൊണ്ടിരുന്നു. 

അന്ന് നേരംപുലരും മുൻപേ കോളജിലെത്തിയ കിഷോറിനെ വോട്ടെണ്ണൽ കഴിയുന്നതു വരെ ഒളിപ്പിക്കാൻ കൂട്ടുകാർ സ്ഥലംതേടി. സ്റ്റുഡൻസ് കൗൺസിൽ ഓഫിസ്, എൻസിസി ഓഫിസ്, പ്രിൻസിപ്പലിന്റെ മുറിയുടെ പിന്നിൽ പഴയ ഫയലുകൾ കെട്ടി വച്ചിരിക്കുന്ന കുടുസു മുറി, ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിനോടു ചേർന്ന് സിഗററ്റ് കുറ്റികൾ കൂട്ടിയിട്ടിരിക്കുന്ന മുറി എന്നിവയാണ് പൊതുവേ കോളജിലെ ഒളിവിടങ്ങൾ. ഈ സ്ഥലമൊക്കെ എല്ലാവർക്കും അറിയാം. സുവോളജി ലാബിലേക്കുള്ള തവളയെയും പാമ്പിനെയും വളർത്തുന്ന കുറ്റിക്കാടാണ് മറ്റൊരു സാധ്യത. അവിടെയും ഒളിക്കാൻ പറ്റില്ല. വേഗം കണ്ടുപിടിക്കും. 

illustration-penakkathi

പിന്നെ ഒരിടം മാത്രം, പെൺകുട്ടികളുടെ മൂത്രപ്പുര ! കിഷോർ മനു അതിരാവിലെ അതിനുള്ളിൽ കയറി ഒളിച്ചു.

വോട്ടെടുപ്പാണ്. പെൺകുട്ടികൾ സാധാരണ പോലെ ഉള്ളിൽ കയറുകയും അസാധാരണമായ ആ ദൃശ്യം കണ്ട ഞെട്ടലിനു ശേഷം ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ച് ഇറങ്ങുകയും ചെയ്തു. കിഷോറിന്റെ എതിർസ്ഥാനാർഥിയുടെ കാമുകിയും രണ്ടു തോഴിമാരും ഇടയ്ക്കു കയറി വന്നു. അവർ പോലും പുറത്തു പറഞ്ഞില്ല മൂത്രപ്പുരയ്ക്കുള്ളിലെ രഹസ്യം. പെൺകുട്ടികൾ കൂട്ടമായി വോട്ട് ചെയ്തു. കിഷോർ ജയിച്ചു.

കഥ കേട്ടിരുന്ന ഞങ്ങൾ ആൺകുട്ടികൾ കുശുമ്പോടെയും പെൺകുട്ടികൾ ആരാധനയോടെയും കിഷോറിനെ നോക്കി... എന്തുകൊണ്ടാണ് ഒരു പെൺകുട്ടിയും ആ രഹസ്യം പുറത്തു പറയാതിരുന്നത് ?!

മകന് ഉത്തരം പറയാൻ കഴിയുന്നതിനു മുമ്പ് ഉന്മാദിനി മജുംദാർ ഉറക്കെ ചിരിച്ചു കൊണ്ടു പറ‍ഞ്ഞു... ഞാനുമുണ്ടായിരുന്നു ഇവന്റെ കൂടെ അന്ന് മുഴുവൻ സമയവും ആ മൂത്രപ്പുരയ്ക്കുള്ളിൽ !

വിശ്വാസം വരാതെ കുട്ടികൾ എഴുന്നേറ്റു നിന്നു, പിന്നെ നിർത്താതെ കൈയടിച്ചു

നിറഞ്ഞ ചിരിയും കുസൃതിക്കണ്ണുകളിൽ ചെറിയ കള്ളത്തരവുമായി മുന്നിൽ നിൽക്കുന്ന ഈ അമ്മയുടെ പക്കൽ വേറെ എന്തൊക്കെ രഹസ്യ മരുന്നുകൂട്ടുകളുണ്ടാകും, ഇതുപോലെ !

Content Summary: Penakathi column on the love between a mother and a son

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS