എ സഹദേവനല്ല, ദ് സഹദേവൻ !

a-sahadevan
എ. സഹദേവൻ
SHARE

ഓർമകൾ മുംബൈയിലെ മെട്രോ ട്രെയിനിലേക്ക് ഓടിക്കയറി. 

ദേശീയ ചലച്ചിത്രോൽസവം ഗോവയിൽ വീടുവച്ച് സ്ഥിരതാമസമാക്കുന്നതിനും മുമ്പാണ്. ഡൽഹി, മുംബൈ ഇങ്ങനെ മഹാനഗരങ്ങളിൽ മാറി മാറി കറങ്ങി നടപ്പായിരുന്നു അന്നൊക്കെ ആ ചങ്ങാതിയുടെ പരിപാടി.

അത്തവണ മുംബൈയിലായിരുന്നു ചലച്ചിത്രോൽസവം. മനോരമയിൽ ട്രെയിനിയായ എനിക്കും കിട്ടി ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ടിങ്ങിന് ഒരവസരം. രണ്ടു ദിവസം മുമ്പേ ഞാൻ മുംബൈയിൽ എത്തി. മുംബൈ എന്നാൽ എല്ലാത്തിലും മുമ്പേയെന്നാണല്ലോ! പിമ്പേ എന്നു പറഞ്ഞാൽ പിമ്പുകൾ മാത്രം വിളി കേൾക്കുന്ന നഗരം !

താമസിക്കാൻ മുറി വൈഎംസിഎയിലാണ്. മുംബൈ സെൻട്രൽ റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി വൈഎംസിഎയിലേക്ക് ടാക്സി കാത്തു നിന്നു.

കരിയിലക്കിളികളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നുണ്ട്, കറുപ്പും മഞ്ഞയും നിറമുള്ള പ്രീമിയർ പത്മിനി ടാക്സികൾ ! നാട്ടിലെ സിനിമകളിൽ മമ്മൂട്ടി ബേബി ശാലിനിയെ മുൻസീറ്റിൽ ഇരുത്തി എറണാകുളത്തെ എംജി റോഡിലൂടെ ഓടിക്കുന്ന ആഡംബരക്കാറാണ് പ്രീമിയർ പത്മിനി. മമ്മൂട്ടി ബിസിയായ ബിസിനസുകാരൻ, ഭാര്യ അഹങ്കാരിയായ ലേഡി ഡോക്ടർ.  ഇതിനിടയിൽപ്പെട്ട പാവം ബേബി ശാലിനിക്ക് സ്നേഹമയിയായ നഴ്സിനെപ്പോലെ ആ വെളുത്ത പ്രീമിയർ പത്മിനി !

ദിൽ‍വാലാ ദുൽഹനിയാ ലേ ജായേഗെ... കുറഞ്ഞ ചാർജിൽ എന്നെ വൈഎംസിഎ വരെ കൊണ്ടുവിടാൻ ഹൃദയമുള്ള ടാക്സിക്കാരാ വരൂ.

ടാക്സി വന്നു. ഖാണ്ഡിവ്‍ലിയിൽ നിന്നുള്ള ഡ്രൈവർ. പുകവലിയാണ് ഹോബി. 

എന്റെ ഹിന്ദി കേട്ടപ്പോൾ മലയാളിയാണെന്ന് അയാൾക്ക് വേഗം മനസ്സിലായി. അയാൾ മലയാളത്തിൽ ഒരു തെറി പറഞ്ഞു. എന്നിട്ടു ചോദിച്ചു. ഇതിനു മറുപടിയായി പറയാൻ പറ്റിയ തെറി അറിയാമോ?

എട്ടാംക്ളാസിൽ പഠിക്കുമ്പോൾ കാലിലേക്ക് കോംബസ് തട്ടിയിട്ട സഹപാഠിയെ വേദന സഹിക്കാൻ വയ്യാതെ ഒരു തെറി വിളിച്ചതിന് അച്ഛന്റെ അടി വാങ്ങിയ ആളാണ് ഞാൻ. തെറ്റു ചെയ്തതിന് എന്നെ അടിച്ചിട്ട് അന്ന് അച്ഛനും പറഞ്ഞു കുടുംബത്തിൽ പിറന്നവർ പറയുന്ന തോളിൽ മൽമൽ മുണ്ടിട്ട ഒരു തെറി.

ടാക്സിക്കാരനോടു ഞാൻ ചോദിച്ചു... നിങ്ങളെന്തിനാണ് മലയാളത്തിലെ തെറികൾ പഠിക്കുന്നത്? ഭാര്യ മലയാളിയാണോ?

അയാൾ പറഞ്ഞു... അല്ല. വർക് ഷോപ്പ് ഉടമസ്ഥന്റേതാണ് ആ ടാക്സി. അയാൾ മലയാളിയാണ്. ഇഷ്ടമില്ലാത്ത എന്തുകണ്ടാലും അയാൾ മലയാളത്തിൽ തെറി വിളിക്കും. 

ടാക്സി ഡ്രൈവർ അയാളോടു തിരിച്ചു പറയാറുള്ളത് ഹിന്ദിയിലെ തെറികളാണ്. അത് വർക് ഷോപ് ഉടമ കാര്യമായെടുക്കുകയേയില്ല. അടിവസ്ത്രങ്ങൾ അയയിൽ ഉണക്കാനിട്ടതുപോലെയാണ് ഹിന്ദിയിലെ തെറികൾ. അതു പോരാ, മലയാളത്തിനു മറുപടി മലയാളം തന്നെ വേണം.

അങ്ങനെ മുംബൈയിലേക്കുള്ള സംഭവ ബഹുലമായ എന്റെ എൻട്രിയുടെ അടുത്ത ദിവസമായിരുന്നു സഹദേവേട്ടന്റെ വരവ്! അസഭ്യ വർഷങ്ങൾക്കു മുകളിൽ തീർഥം തളിക്കുന്നതുപോലെ!

വന്നപാടെ പുള്ളി സ്വയംപരിചയപ്പെടുത്തി... ഞാൻ എ. സഹദേവൻ, കോഴിക്കോട്ടെ മാതൃഭൂമിയിൽ നിന്നാണ്.

ഞാൻ ആലോചിച്ചു; എ. സഹദേവൻ!  എംഎയ്ക്കു ഗ്രാമർ ക്ളാസെടുത്തിരുന്ന കൃഷ്ണയ്യർ സാർ ഇതു കേട്ടാൽ എന്തു പറയും!  ഹി ഈസ് ആൻ എ സഹദേവൻ ! എ റെയർ കോംബിനേഷൻ ഓഫ് ആൻ ആൻഡ് എ കമിങ് ടുംഗേദർ. 

അതായിരുന്നു സഹദേവേട്ടൻ. എ റെയർ കോംബിനേഷൻ ഓഫ് ലവ്, കെയർ ആൻഡ് എംപതി കമിങ് ടുഗേദർ!

സഹദേവേട്ടൻ മാതൃഭൂമിക്കു വേണ്ടിയും ഞാൻ മനോരമയ്ക്കു വേണ്ടിയും ചലച്ചിത്ര മേള റിപ്പോർട്ട് ചെയ്യുന്നു. എന്റെ മുറി തന്നെയായിരുന്നു സഹദേവേട്ടനും കൊടുത്തത് എന്നറിഞ്ഞതോടെ എനിക്കു വെപ്രാളമായി. 18 തവണ ചലച്ചിത്രമല കയറിയ ഗുരുസ്വാമിയാണ് സഹദേവേട്ടൻ.  മേളയുടെ തിരശീല പുള്ളിക്കു പോക്കറ്റിലെ വെറും കൈലേസ് !  തുടക്കക്കാരനായ എനിക്കോ അത് മഹാകൈലാസ് ! ഇയാൾ എന്നെ പൊട്ടിക്കും. ഓരോ ദിവസവും ഞാൻ എഴുതുന്നതിലും വലിയ വാർത്തകൾ മാതൃഭൂമിയിൽ വരും. 

ചലച്ചിത്ര മേളയുടെ ആദ്യ ദിവസം ഞങ്ങൾ ഒരുമിച്ചാണ് സ്ക്രീനിങ് സ്ഥലത്തേക്ക് ഇറങ്ങിയത്. ടാക്സിയിൽ കയറിയപാടെ ഞാൻ പറഞ്ഞു...  മന്ത്രാലയ് കെ പാസ് വൈ.ബി. ചവാൻ സെന്റർ.

മുംബൈയിലെ സെക്രട്ടേറിയറ്റിന്റെ അടുത്തുള്ള വൈ.ബി. ചവാൻ സെന്ററിലാണ് പോകേണ്ടത് എന്ന കാര്യം ഹിന്ദിയിൽ പറ‍ഞ്ഞതാണ്. അവിടെയാണ് സിനിമകളുടെ സ്ക്രീനിങ്. സഹദേവേട്ടൻ ചിരിച്ചു.. ഹിന്ദി നന്നായി അറിയാമെന്നു മനസ്സിലായി !

ഞാൻ പറഞ്ഞു... ഈ വാചകം ഇവിടെ വരുന്നതിനു മുമ്പ് കാണാതെ പഠിച്ചതാണ്. മേം കർത്താവായി വരുമ്പോൾ ങും എന്നു പറഞ്ഞാണ് എനിക്കു പരിചയം !

ചലച്ചിത്രമേളയിൽ സഹദേവേട്ടനു നിറയെ പരിചയക്കാരാണ്. ആ ഉൽസവപ്പറമ്പിൽ സഹദേവേട്ടൻ സിനിമകൾ കണ്ടും സൗഹൃദങ്ങൾ പുതുക്കിയും നടന്നു. ടി.വി. ചന്ദ്രനെയും ഷാജി എൻ കരുണിനെയും ബീനാ പോളിനെയും സണ്ണി ജോസഫിനെയും ഹരിഹരനെയും എനിക്കു പരിചയപ്പെടുത്തിത്തന്നു. പി.കെ. നായരെ കാണാൻ പോയപ്പോൾ കൂടെക്കൊണ്ടുപോയി. 

ഓരോ വൈകുന്നേരവും മുറിയിൽ എത്തിയപ്പോൾ ഞാൻ ചോദിച്ചു... ഇന്ന് എന്തൊക്കെ സ്റ്റോറി കൊടുത്തു?

സഹദേവേട്ടൻ പറഞ്ഞു.. ഷാജി എൻ. കരുണം, ടി.വി. ചന്ദ്രഹാസം !

ടി.വി. ചന്ദ്രൻ സമാന്തര ചലച്ചിത്ര മേളയി‍ൽ വിവാദ പ്രസംഗം നടത്തിയതും ഷാജി. എൻ കരുൺ ലോക സിനിമയെപ്പറ്റി സംസാരിച്ചതും ഞാനും വാർത്ത കൊടുത്തിട്ടുണ്ട്. ഇതു കൂടാതെ എനിക്കു ഋതുപർണഘോഷവുമുണ്ടെന്ന കാര്യം ഞാൻ മിണ്ടിയില്ല. ഋതുപർണ ഘോഷിന്റെ അഭിമുഖം പിറ്റേന്ന് മനോരമയിൽ മാത്രം. 

എന്നിട്ടും എന്തൊക്കെ വാർത്തയാണ് ഞാൻ എഴുതുന്നതെന്ന് ഒരിക്കൽപ്പോലും സഹദേവേട്ടൻ ചോദിച്ചില്ല. 

ഒരു ദിവസം സഹദേവേട്ടൻ പ​റഞ്ഞു... ഇന്ന് ഞാനൊന്നും കൊടുത്തില്ല.

എഴുതുന്നതു മാത്രമല്ല, ചിലത് എഴുതാതിരിക്കുന്നതും ജേണലിസമാണ് എന്ന് അദ്ദേഹം എനിക്കു പറയാതെ പറ‍ഞ്ഞുതന്നു. 

വൈഎംസിഎയിൽ പ്രഭാത ഭക്ഷണത്തിന് ബ്രെഡും ഓംലെറ്റും ജാമും കിട്ടും. ഞാൻ എല്ലാ ദിവസവും ബ്രെ‍ഡിനു നടുവിൽ ജാം പുരട്ടി കൃത്യമായി മടക്കിയപ്പോൾ ഓംലെറ്റിൽ ജാം പുരട്ടിക്കൊണ്ട് സഹദേവേട്ടൻ പറഞ്ഞു..  ഇന്നു മുതൽ നമ്മൾ ടാക്സി പിടിക്കുന്നില്ല. പകരം മുംബൈയിലെ മെട്രോ ട്രെയിനിൽ യാത്ര ചെയ്യും.

മുംബൈയിലെ മെട്രോ ട്രെയിനുകൾ വികൃതി പിടിച്ച കുട്ടികളെപ്പോലെയാണ്. തിരക്കിട്ടാണ് ഓട്ടം. എത്ര ചെളി പിടിച്ചാലും കുളിക്കുകയുമില്ല, വസ്ത്രം മാറുകയുമില്ല. 

രാവിലെ ഒമ്പതു മണിയുടെ ട്രെയിൻ വന്നു. ട്രെയിനിൽ നിന്നുള്ള വേലിയിറക്കവും വേലിയേറ്റവും പരസ്പരം കലർന്നപ്പോൾ ആദ്യം വന്ന ട്രെയിനിൽ എനിക്കു കയറാൻ പറ്റിയില്ല. തിരക്കിനിടയിൽ ഞാൻ ഒരുവിധം വാതിലിന് അടുത്തു വന്നപ്പോഴേക്കും ട്രെയിൻ പോയി. സഹദേവേട്ടൻ ആശ്വസിപ്പിച്ചു.  തിരക്കിനിടയിൽ വെറുതെ നിന്നു കൊടുത്താൽ മതി. ആൾക്കൂട്ടം നമ്മളെ ട്രെയിനിന്റെ അകത്താക്കിക്കൊള്ളും. 

പിന്നെ ഞങ്ങൾ സ്ഥിരം ട്രെയിനിലായി യാത്ര. ചില ദിവസങ്ങളിൽ എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ മിസ്സായി. അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചുള്ള ട്രെയിനിൽ കയറി ഞാൻ തിരിച്ചെത്തിയപ്പോഴേക്കും രണ്ടു കാപ്പിയും ആലു ബോണ്ടയും ഓർ‍ഡർ ചെയ്ത് കോഫി ഷോപ്പിൽ സഹദേവേട്ടൻ‍ കാത്തിരുന്നു.

ഒരു തിങ്കളാഴ്ച രാവിലെ സഹദേവേട്ടൻ പറഞ്ഞു.. ഇന്ന് നമ്മൾ ട്രെയിനിൽ ഒരു കുസൃതി ഒപ്പിക്കും. ഞാൻ പറയുന്നതിന് അതേ ഭാഷയിൽ മറുപടി പറഞ്ഞോണം. 

penakkathi-a-sahadevan
വര: മുരുകേശ് തുളസിറാം

തിങ്കളാഴ്ചയിലെ മെട്രോയിൽ തൃശൂർ പൂരത്തിന്റെ തിരക്കാണ്. ട്രെയിനിൽ കയറിയപാടേ സഹദേവേട്ടൻ എല്ലാവർക്കും കേൾക്കാവുന്ന ശബ്ദത്തിൽ ഉറക്കെ പറഞ്ഞു... പിഷ്യാകു വനോലുസു..

ഈ ട്രെയിനിലൊക്കെ എന്താ തിരക്ക് എന്നു നമ്മൾ സാധാരണ പറയുന്ന അതേ ജോണറിലാണ് പുള്ളിയുടെ സംസാരം. 

ഇതെന്തു ഭാഷ ! ഞാൻ സഹദേവേട്ടനെ നോക്കി. കക്ഷി വളരെ സീരിയസായി എന്നോടു പറഞ്ഞു... ഉബുണ്ടു, പിഷ്യാകു വനോലുസു..

ങേ, ആക്ടിങ്ങാണല്ലേ.. ഞാനും കട്ടയ്ക്കു പിടിച്ചു.. സ്യവദേ ഗോർഭ ഹിമധീ

അപ്പോൾ സഹദേവേട്ടൻ... ഷബാസ് ഗിവ്യാളി തേ..

മസ്കു കിസ്കു ചസ്കു.

ഗ്യാമോഷി വ്യാലാ റിണ്ട ?

റിണ്ടയേ വാ.. കോനപ്പാതി ക്യോം ക്യോം.

മക്രസ് കിക്രസ്.. ചഠുപ്പാ

വോ..യസ്

വീ.. യസ് യാ..

യാത്രക്കാർ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു ഭാവദേവവുമില്ലാതെ സഹദേവേട്ടൻ സംസാരം തുടരുന്നു. ആ ട്രെയിൻ യാത്രയിൽ മുഴുവൻ, ലോകത്ത് അന്നാദ്യമായി പിറന്നു വീണ ഭാഷയിൽ ഞങ്ങൾ പരസ്പരം ആശയവിനിമയം നടത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആ ഭാഷ എനിക്കും മനസ്സിലാകാൻ തുടങ്ങി. 

ട്രെയിനിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ് സഹദേവേട്ടൻ കുസൃതി നിറഞ്ഞ ചിരിയോടെ പറഞ്ഞു... ആ ട്രെയിനിൽ ഉണ്ടായിരുന്നവരിൽ‍ പകുതിയിലധികം പേർ മലയാളികളായിരുന്നു. 

അന്നു കണ്ട അതേ കുസൃതി കഴിഞ്ഞ ഞായറാഴ്ചയും സഹദേവേട്ടന്റെ മുഖത്തു ഞാൻ കണ്ടു. 71–ാമത്തെ ഫ്രെയിമിൽ നിശ്ചലമായ ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമ പോലെ ആശുപത്രി അങ്കണത്തിൽ സഹദേവേട്ടൻ ഉറങ്ങിക്കിടക്കുന്നു. അടുപ്പമുള്ളവരുടെ ചെറുകൂട്ടങ്ങൾ കരഞ്ഞും കണ്ണുകൾ തുടച്ചും നിൽക്കെ...

ഐവർ മഠത്തിലാണ് സംസ്കാരം. പാലക്കാട്ടേക്കു യാത്ര പുറപ്പെടും മുമ്പ് ഭാര്യ പുഷ്പച്ചേച്ചി അരികെ ചെന്ന് സഹദേവേട്ടന്റെ കവളിലൊന്നു തൊട്ടു. നെറ്റിയിലൊരുമ്മ. പിന്നെ ചെവിയിലെന്തോ പറ‍ഞ്ഞു. ചേച്ചി ചോദിച്ചത് തലവേദന കുറവുണ്ടോ എന്നായിരിക്കുമെന്ന് എനിക്കു തോന്നി.

സഹദേവേട്ടന്റെ പല പ്രഭാതങ്ങളെയും നശിപ്പിച്ചു കളയുമായിരുന്നു കൊടിയ മൈഗ്രേൻ. ചലച്ചിത്ര മേളയുടെ നാളുകളിൽ ഞാനതു കണ്ടിട്ടുണ്ട്. മൈഗ്രേനു പറ്റിയ കാലാവസ്ഥയാണ് ഇവിടെയും. ചാറ്റൽ മഴ, അടങ്ങാത്ത പൊടി, തണുപ്പിന്റെ മേമ്പൊടി. 

ഒരിക്കൽ സഹദേവേട്ടൻ പറഞ്ഞത് ഓർമിച്ചു. പെയ്യാൻ പറ്റാതെ പോയ മേഘങ്ങൾ നെറ്റിയിലിരുന്ന് വിങ്ങുന്നതാണ് മൈഗ്രേൻ. 

പുറപ്പെടാൻ നേരമായെന്ന് ഓർമിപ്പിക്കുന്നുണ്ട് ആംബുലൻസിന്റെ അശാന്തഭാവം. ആംബുലൻസിന്റെ തിരുനെറ്റിയിൽ ഒരു പക്ഷി ചുവന്ന ചിറകുകൾ ആഞ്ഞടിച്ച് ചില്ലുകൂടു പൊളിച്ച് പുറത്തു ചാടാൻ വെപ്രാളപ്പെടുന്നതും നോക്കി ഞാൻ വെറുതെ നിന്നു. എന്തിനിത്ര വെപ്രാളം പക്ഷീ ! തീരെ തിരക്കു കാണിക്കാത്ത സ്വഭാവമുള്ളയാളാണ് ഈ വാഹനത്തിലെ യാത്രക്കാരൻ!

Content Summary: Penakathy Column, Vinod Nair remembering veteran journalist A. Sahadevan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS