തഹശീൽ‍ക്കാരം !

penakkathy-thahasildar
വര: മുരുകേശ് തുളസിറാം
SHARE

ഏക മകൾ ആരുഷി മണിമേഖല ബാംഗ്ളൂരിൽ പഠിക്കാൻ പോയതോടെ അമ്മ ചന്ദ്രമുഖി രാജസേനന് ഉറങ്ങാൻ ഒരു കഥ വേണമെന്ന സ്ഥിതിയായി. ഇതെന്തു കഥ എന്ന അവസ്ഥയിലായി ഭർത്താവ് രാജസേനൻ! 

ചന്ദ്രമുഖി കൊച്ചിയിൽ കോളജ് അധ്യാപികയാണ്. ഭർത്താവ് രാജസേനൻ അങ്കമാലിയിൽ തഹസീൽദാറും. മകൾ ആരു ബാംഗ്ളൂരിൽ ഇന്റഗ്രേറ്റഡ് പിജി വിദ്യാർഥി. 

രാജസേനൻ ജോലി കഴിഞ്ഞ് എത്തിയാൽ എന്നും രാത്രി പത്തുമണിയോടെ ഒരു ഡ്രിങ്ക് കഴിച്ച് ഹിൽപാലസിലെ അവരുടെ വീടിന്റെ രണ്ടാംനിലയിലെ ബാൽക്കണിയിൽ വന്ന് അൽപനേരം ഇരുട്ടിലേക്കു നോക്കി നിൽക്കും. തൃപ്പൂണിത്തുറയിലെ ഇരുട്ട് ഏതോ തമ്പാട്ടിമാരുടെ അഴിഞ്ഞു വീണ കരിമുടിക്കെട്ടു പോലെ സ്നിഗ്ധവും നിഗൂഢവുമാണ്.  ബാൽക്കണിയിൽ നിന്നാൽ ദൂരെ കത്രീഡ്രൽ ദേവാലയത്തിനു മുകളിൽ ആകാശത്തേക്കു കാലുയർത്തിയ കുതിരമേൽ നിലകൊള്ളുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ പ്രതിമ കാണാം.  ഇടയ്ക്കെപ്പോഴോ പുണ്യവാളൻ കുതിരയെ ഓടിച്ച് മേഘങ്ങൾക്കിടയിലേക്കു കയറിപ്പോകും. പിന്നെ വന്നു കിടന്നാൽ തഹസീൽദാർക്ക് കൂർക്കം വലിച്ച് നല്ല ഉറക്കം കിട്ടും.

ഉറക്കത്തിൽ തഹസീൽദാർ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ തഹശീൽക്കാരം എന്നാണ് ചന്ദ്രമുഖി  വിശേഷിപ്പിക്കാറുള്ളത്. ശീൽക്കാരം എന്ന വാക്ക് അയാളെ തിരുവനന്തപുരത്ത് പഠിച്ചിരുന്ന കാലത്തു കണ്ട പാതിരാപ്പാടങ്ങളെ ഓർമിപ്പിക്കും. ആ സിനിമകളിലെ ശീൽക്കാരവും അതിന്റെ പശ്ചാത്തല സംഗീതവും വെളിച്ചെണ്ണയും വെള്ളവും പോലെ പരസ്പരം കുഴയുന്ന ശബ്ദം കണ്ണടച്ചിരുന്ന് ആസ്വദിക്കുക അക്കാലത്ത് അയാളുടെ ഹോബിയായിരുന്നു. 

ചന്ദ്രമുഖി ഇംഗ്ളീഷ് അധ്യാപികയാണ്. ആദി കവി മുതൽ അബിൻ ജോസഫ് വരെ ഒരുവിധം എല്ലാവരെയും വായിച്ചിട്ടുണ്ട്.  വായിക്കുന്ന പുസ്തകങ്ങളിലെ ഇഷ്ടമുള്ള വാചകങ്ങൾ അടിവരയിട്ടു വയ്ക്കുകയും ഇടയ്ക്ക് എടുത്തു വായിച്ച് ആസ്വദിക്കുകയും ചെയ്യുക അവരുടെ ഹോബിയാണ്

തിരിഞ്ഞുനോക്കുമ്പോൾ ജീവിതം നിറഞ്ഞു നിൽ‍ക്കുന്നതായി തോന്നുന്നു, ചപ്പും ചവറും കൊണ്ടായിരിക്കും. എങ്കിലും നിറവുണ്ട്.

നേടാൻ ഒന്നുമില്ല, ജീവിതമല്ലാതെ... നഷ്ടപ്പെടാൻ ഒന്നുമില്ല, ജീവിതമല്ലാതെ... അഥവാ നിന്നെത്തന്നെയല്ലാതെ..

സത്യത്തിൽ നഷ്ടപ്പെടുത്തിയ മാസങ്ങളിലെ കുറെ വിശേഷ ദിവസങ്ങൾ മാത്രമെടുത്തു മാറ്റി വച്ചിരുന്നെങ്കിൽ ഏതെങ്കിലും മതത്തിനു കൊടുത്തു കാശാക്കാമായിരുന്നു. 

ഇങ്ങനെ നൂറു കണക്കിന് വാചകങ്ങളാണ് പല പുസ്തകങ്ങളിലായി ചന്ദ്രമുഖി അടിവരയിട്ടു വച്ചിരിക്കുന്നത്. 

ഒരു ദിവസം രാത്രി ചന്ദ്രമുഖി തഹസീൽദാറോടു പറഞ്ഞു... ഉറക്കം വരണില്ല. ഒരു കഥ പറഞ്ഞു തരാമോ?

തഹസീൽദാർ ഒന്നു ഞെട്ടി.  ഇതെന്താണ് ഇവൾക്കു പറ്റിയത്? ആരു പോയതോടെ ഇവൾ വേറെ ആരോ ആയി മാറിയോ? 

അൽപനേരം ആലോചിച്ചിട്ട് അയാൾ പറയാൻ തുടങ്ങി... ഒരു ദിവസം ഒരു അധ്യാപകൻ ഒരു വിദ്യാർഥിയെ പീഡിപ്പിച്ചു. 

ചന്ദ്രമുഖി പരിഹാസത്തോടെ ചിരിച്ചു... ഇതാണോ ഉറങ്ങാൻ നേരത്തു കേൾക്കേണ്ട കഥ ! നല്ല കഥ!

തഹസീൽദാർ പറ‍ഞ്ഞു... ഇപ്പോൾ‍ ഏറ്റവും അധികം കേൾക്കുന്ന വാക്കുകൾ പീഡനവും കെറെയിലുമാണ്. 

മലയാള പത്രപ്രവർത്തകർക്കൊപ്പം മദ്യപിക്കാൻ പോയാൽ ഇതാണ് കുഴപ്പം. എനിക്കു കേൾക്കേണ്ടത് ഒരു റൊമാന്റിക് കഥയാണ്. എംടിയുടെ മഞ്ഞ് തുടങ്ങുന്നതു പോലെ പത്മരാജന്റെ ലോല തീരുന്നതു പോലെ ഒരു കഥ പറയൂ... 

ഈ  രണ്ടു കഥകളും തഹസീൽദാർ വായിച്ചിട്ടില്ല. ഒരിക്കൽ എറണാകുളം ടൗൺ ഹാളിൽ എംടി വാസുദേവൻ നായർ‍ക്ക് സ്വീകരണം കൊടുക്കുന്നതു കാണാൻ ചന്ദ്രമുഖി നിർബന്ധിച്ചിട്ട് അയാൾ പോയിട്ടുണ്ട്. കേരള സർക്കാർ എന്നെഴുതിയ കാറിൽ ചെന്നാൽ ടൗൺ ഹാളിനുള്ളിൽ തടസ്സമില്ലാതെ പാർക്കിങ് കിട്ടുമെന്നതായിരുന്നു ഭർത്താവിനെ കൂടെക്കൂട്ടാൻ ചന്ദ്രമുഖിക്കുള്ള പ്രചോദനം അഥവാ പ്രയോജനം. 

അന്ന് എം.ടിയുടെ കൈയൊപ്പിനായി ചന്ദ്രമുഖി ഓടുന്നതു കണ്ടപ്പോൾ ഓരോ ദിവസവും എത്രയെത്ര കടലാസുകളിലാണ് താൻ ഒപ്പിട്ടുകൊടുക്കാറുള്ളതെന്ന് തഹസീൽദാർ ആലോചിച്ചു.  ആധാരങ്ങൾ, തണ്ടപ്പേരുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റുകൾ, കുടികിടപ്പ് അവകാശ രേഖകൾ, ജനന മരണ സർട്ടിഫിക്കറ്റുകൾ... 

സമ്മേളനത്തിലെ പ്രസംഗത്തിനിടെ ജയറാം പറഞ്ഞ ഒരു കഥയും തഹസീൽദാർ മറന്നിട്ടില്ല. ജയറാം എറണാകുളത്തേക്കു പോരാനായി മദ്രാസ് സെൻട്രലിൽ ട്രെയിൻ കയറാനെത്തി. വാതിൽക്കൽ നിന്ന ടിടിഇയോടു നടൻ ചോദിച്ചു... അടുത്ത ബെർത്തിൽ ആരാണ് ? ടിടിഇ പറഞ്ഞു... ആ സീറ്റ് എംറ്റിയാ സാർ. 

ചെന്നപാടെ പെട്ടിയെടുത്ത്  സീറ്റിൽ വച്ചിട്ട് ആരും വരാനില്ലെന്ന ധൈര്യത്തിൽ ജയറാം കാലും കയറ്റിവച്ച് ഇരുന്നു. 

ട്രെയിൻ പുറപ്പെടാൻ നേരം കയറി വരുന്നു സാക്ഷാൽ എം.ടി വാസുദേവൻ നായർ.  ചമ്മിപ്പോയി ! ഇക്കഥ പലരോടും തഹസീൽദാർ സ്വന്തം സൃഷ്ടിയെന്നോണം പറഞ്ഞിട്ടുണ്ട്.  

ചന്ദ്രമുഖി വീണ്ടും ഓർമിപ്പിക്കുന്നു... കഥ പറയൂ, എനിക്കുറങ്ങണം.

തഹസീൽദാർ ഓർമകളുടെ പഴയ തുണിയലമാരി തുറന്ന് ഒരു കുഞ്ഞുടുപ്പ് എടുത്തു മണപ്പിച്ചു. ഏതു മനുഷ്യനും ബാല്യത്തിലേക്കു പോയാൽ അവിടെ ഒരു ഉഷയോ ഗ്രേസിയോ ഉണ്ടാകും. കൈതപ്പൂവിൻ കുഞ്ഞിക്കുറുമ്പിൽ തൊട്ടു, തൊട്ടീല... ഇതു കൊള്ളാം. 

അയാൾ പറയാൻ തുടങ്ങി.... ഒരിടത്ത് ഒരു സ്കൂൾ. അവിടെ ജോണിക്കുട്ടി എന്നൊരു വിദ്യാർഥി. ജോണിക്കുട്ടി എട്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് അവന്റെ ക്ളാസിൽ ത്രേസ്യക്കുട്ടി പഠിക്കാൻ വന്നത്. വെളുത്ത കൃഷ്ണമണികളായിരുന്നു ത്രേസ്യക്കുട്ടിക്ക്. ജോണിക്കുട്ടിയുടേത് നാട്ടിലെ ഒരു സാധാരണ സ്കൂളായിരുന്നു. ആ സ്കൂളിലെ പെൺകുട്ടികൾക്ക് പച്ചപ്പാവാടയും വെളുത്ത ഷർട്ടു ബ്ളൗസുമായിരുന്നു യൂണിഫോം. ബ്ളൗസിന്റെ തോളിൽ പഫ് എന്ന പേരിൽ ആയിടയ്ക്കു വന്ന പരിഷ്കാരം രണ്ടു  മുയൽച്ചെവികൾ കൂർപ്പിച്ച് ഉയർന്നു നിൽക്കുന്നതായിരുന്നു ആകെയുള്ള ഫാഷൻ. കുറെ നനച്ചു കഴിയുമ്പോൾ ആ പറവകൾ ചിറകു തളർന്നു വീണിട്ട് പഫ് താഴേക്കു ചുളുങ്ങിപ്പോകും.

അവിടേക്കാണ് ക്രീം കളറുള്ള മസ്‍ലിൻ‍ ഷർട്ടും നീലനിറമുള്ള സാറ്റിൻ പാവാടയുമിട്ട് ത്രേസ്യക്കുട്ടിയുടെ വരവ്. 

അന്ന് ഉച്ചയ്ക്കു മുമ്പ് സ്കൂളിൽ ഒരു വലിയ വാൻ വന്ന് അതിന്റെ പിന്നിലെ വാതിൽ തുറന്ന് അതിൽ നിന്ന് കുറെ ഹാർഡ് ബോർഡ് പെട്ടികൾ ഹെഡ്മാസ്റ്ററുടെ മുറിയിൽ ഇറക്കി. അതിൽ നിറയെ ബിസ്കറ്റ് പാക്കറ്റുകളായിരുന്നു.

ആ വാനിന്റെ ഇരുവശങ്ങളിലും ബ്രിട്ടാനിയ എന്ന വലുപ്പത്തിൽ എഴുതി വച്ചിരുന്നു. ത്രേസ്യക്കുട്ടിയുടെ അപ്പൻ ബോംബെയിൽ ബിസ്കറ്റ് കമ്പനിയിൽ മാനേജരായിരുന്നു. 

വലിയ താലത്തിൽ നിറയെ ബിസ്കറ്റുകളുമായി ത്രേസ്യക്കുട്ടി എല്ലാ ക്ളാസിലും വന്നു. ആ ബിസ്കറ്റ് തിന്നപ്പോൾ ജോണിക്കുട്ടിക്ക് അവളുടെ കൈവിരൽ മുതൽ കാൽനഖം വരെ കടിച്ചു തിന്നാൻ തോന്നി.

ബ്രിട്ടാനിയ ബിസ്കറ്റ് ഉണ്ടാക്കുന്ന മാവുകൊണ്ട് ത്രേസ്യക്കുട്ടിയെ ഉണ്ടാക്കുക.  ഇളം ചൂടുള്ള ഒരു ചില്ലലമാരയിൽ സൂക്ഷിച്ചു വയ്ക്കുക. കടുത്ത ഇഷ്ടം തോന്നുമ്പോൾ പിടിച്ചു തിന്നുക. അതായിരുന്നു ജോണിക്കുട്ടിയുടെ മോഹം. 

ചന്ദ്രമുഖി കഥ തീരുംമുമ്പ് ഉറങ്ങി. അവളെ ഉണർത്താതെ തഹസീൽദാർ ഒരു പൂച്ചയെപ്പോലെ മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്കു പോയി. അപ്രതീക്ഷിതമായി ലൈറ്റിട്ട് തഹസീൽദാർ പ്രത്യക്ഷപ്പെട്ടപ്പോൾ അടുക്കളയിൽ‍ വിലസിയിരുന്ന രണ്ടു പാറ്റകൾ ഞെട്ടി നിന്നു. പിന്നെ എവിടേക്കോ ഓടിയൊളിച്ചു. 

തഹസീൽദാർ പറഞ്ഞു... മണ്ടന്മാരേ പാറ്റകളേ, നിനക്കൊക്കെ നന്നായി ഒളിച്ചിരിക്കാൻ പോലും അറിയില്ല. ഇളകുന്ന കൊമ്പുകൾ പുറത്തേക്കു നീണ്ടിരിക്കുന്നുണ്ട്.  

തഹസീൽ‍ദാർ‍ അലമാര തുറന്ന് ഒരു ബിസ്കറ്റ് എടുത്തു തിന്നിട്ട് തിരിച്ച് വന്നു കിടന്നുറങ്ങി.

പിറ്റേന്നു രാത്രി ചന്ദ്രമുഖി ആവശ്യപ്പെട്ടത് ഒരു റിവഞ്ച് സ്റ്റോറിയാണ്. അതു പറയാൻ തഹസീൽദാർക്ക് എളുപ്പമായിരുന്നു. കാരണം പല പല അധികാരങ്ങളുണ്ടായിട്ടും അതൊന്നും പ്രയോഗിക്കാൻ പറ്റാതെ പോകുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന് ആകെ ചെയ്യാവുന്നത് അതു മാത്രമായിരുന്നു.

മൃഗങ്ങളുടെ കഥ, കുട്ടികളുടെ കഥ ഇങ്ങനെ കഥകളുടെ രാത്രികൾ മുന്നോട്ടു നീങ്ങവേ ഒരു രാത്രിയിൽ ചന്ദ്രമുഖി ചോദിച്ചു... ഇന്നൊരു തെറിക്കഥ പറയാമോ? അങ്ങനെയൊരെണ്ണം കേൾക്കാനൊരു പൂതി.

തഹസീൽദാർ ഭാര്യയിൽ നിന്നത് അതു തീരെ പ്രതീക്ഷിച്ചില്ല. അയാൾ പറഞ്ഞു... എനിക്ക് അതു വശമില്ല. എന്റെ സംസ്കാരം അതിന് അനുവദിക്കുന്നില്ല.

പെട്ടെന്നായിരുന്നു. ചന്ദ്രമുഖി ചാടിയെഴുന്നേറ്റ് കൊടുത്തു ഭർത്താവിന്റെ മുഖമടച്ച് ഒരടി. എന്നിട്ടു പറഞ്ഞു... കള്ളം പറയുന്നോടാ നായിന്റെ മോനേ. അവൻ ഒരു സന്മാർഗശീലൻ. 

അന്നാദ്യമായി ദീനമായ ശബ്ദത്തിൽ തഹശീൽക്കാരം കേട്ടു. 

തഹസീൽദാർ വിക്കി  വിക്കി കഥ പറയാൻ തുടങ്ങി... കഥ മുഴുവൻ കേട്ട് ചന്ദ്രമുഖി ഉറങ്ങി. 

Content Summary: Penakathy column by Vinod Nair on storytelling

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}