യാത്രിയോം കാ കൃപയാ ധ്യാൻ ശ്രീനിവാസൻ ദേ...!

column-image
SHARE

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ... കാമുകനും അക്രമിക്കും എന്തു കടുംകൈ ചെയ്യാനും തോന്നുന്ന ഒരു മനോഹര സായാഹ്നത്തിൽ... ട്രെയിൻ പുറപ്പെടാൻ നേരത്ത്... ഒരു യുവാവ് പ്ളാറ്റ് ഫോമിൽ നിന്ന ഒരു യുവതിയെ കെട്ടിപ്പിടിച്ച് പരസ്യമായി ചുംബിച്ചു. എന്നിട്ട് ഗരീബ് രഥിൽ ചാടിക്കയറി.

അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഉലഞ്ഞുപോയ ആ യുവതി... ‘പ്ളീസ്, അയാളെ പിടിക്കൂ,  തെണ്ടി, ആ വണ്ടിയിൽ‍ കയറി... അയാൾ എന്നെ...’  എന്നൊക്കെ അലറുകയും യുവാവിനു പിന്നാലെ ഓടുകയും ചെയ്തു. 

തീവണ്ടി മെല്ലെ നീങ്ങാൻ തുടങ്ങിയിരുന്നു. ഓടിച്ചെന്ന യുവതി അവസാന ബോഗിയിൽ പിടിച്ചു വലിച്ചതോടെ വാലിൽപ്പിടിച്ച പാമ്പു പോലെ വണ്ടി നിന്നു. യാത്രക്കാരും പൊലീസും ചേർന്ന് ആ യുവാവിനെ ആർഎംഎസ് പാഴ്സൽ പോലെ ബോഗിയിൽ നിന്നു താഴേക്ക് വലിച്ചു ചാടിച്ചു.

സ്റ്റേഷൻ അന്ന് പതിവിലും കൂടുതൽ പൊലീസ് സുരക്ഷയിലായിരുന്നു.  പഞ്ചാബിലെ തരൺ തരൺ റയിൽവേ സ്റ്റേഷനു നേരെ തീവ്രവാദി ഭീഷണിയുള്ളതിനാൽ എല്ലാ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിച്ച ദിവസം.  യാത്രിയോം കാ കൃപയാ ധ്യാൻ ശ്രീനിവാസൻ ദേ, ആതംകവാദിയോം കാ ആക്രമൺ കാ സംഭാവനാ ഹേ.. എന്നൊക്കെ അനൗൺസ്മെന്റുകൾ തുടർച്ചയായി മുഴങ്ങുന്നുണ്ടായിരുന്നു. 

റയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റുകൾ പല പല കഷണങ്ങളായി മുറിച്ചു മുറിച്ചു പറയാൻ എന്താണ് കാരണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയായിരുന്നു വിനീത് അനശ്വരൻ എന്ന പൊലീസുകാരൻ. പല ബോഗികൾ ചേർത്തല്ലേ തീവണ്ടികൾ ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് പല കഷണങ്ങൾ എന്നു പറഞ്ഞ് എസ്ഐ കൃഷ്ണഭക്തൻ അയാളെ സമാധാനിപ്പിച്ചു. 

പ്ളാറ്റ്ഫോമിലെ ബഹളം കേട്ട് പൊലീസുകാർ ഓടിയെത്തി. നിലത്തു വീണു കിടന്ന യുവാവിനെ പിടിച്ചെഴുന്നേൽപ്പിച്ച് അയാളുടെ കരണത്തൊന്ന് പൊട്ടിച്ചിട്ട് എസ്ഐ ചോദിച്ചു... നീയെന്താടാ ചെയ്തത്? 

യുവാവ് പറഞ്ഞു...  എന്നെ തല്ലരുത്, സാർ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.

തല്ലരുതെന്നു പറഞ്ഞതുകൊണ്ടുമാത്രം എസ്ഐ ഒരിക്കൽക്കൂടി അയാളെ അടിച്ചു. 

യുവതിയാവട്ടെ പേടിച്ചും, സംഭവിക്കുന്ന കാര്യങ്ങൾ സശ്രദ്ധം വീക്ഷിച്ചും നിൽക്കുകയായിരുന്നു.  എസ്ഐ യുവതിയോടു ചോദിച്ചു... നിങ്ങൾക്ക് ഇയാളെ അറിയുമോ?

അവർ പറഞ്ഞു... എനിക്ക് അറിയില്ല. ഞാൻ‍ ഇയാളെ ആദ്യം കാണുകയാണ്. 

യുവാവും പറഞ്ഞു... ഞാനും. 

എസ്ഐ ചോദിച്ചു...  പിന്നെന്തിനാണ് നീ ഇവരെ കെട്ടിപ്പിടിച്ചത്?  നീ അന്യസംസ്ഥാന തൊഴിലാളിയാണോ ? അതോ ആതംകവാദിയോ? 

തീവ്രവാദിയെന്നു കേട്ടതോടെ വനിതാ പൊലീസ് സുനന്ദിനി മോൾ എസ്ഐയോട് ശബ്ദം താഴ്ത്തി പറഞ്ഞു... സാർ, ഇയാളുടെ ദേഹപരിശോധന നടത്തുന്നതു  നല്ലതാണ്. 

എസ്ഐയുടെ നിർദേശ പ്രകാരം പാൽതൂ സുനീതി എന്നു പേരുള്ള പൊലീസ് നായ വന്ന് യുവാവിനെ വിശദമായി മണത്തു.  നായയുടെ ചുണ്ടിന്റെ സ്പർശമേൽക്കവേ യുവാവ് ഇക്കിളി വന്നതുപോലെ പുളയുന്നുണ്ടായിരുന്നു. 

ദേഹപരിശോധനയ്ക്കു ശേഷം പൊലീസ് നായ എസ്ഐയോട് പറഞ്ഞു... ഭക്തൻ സർ, ഇയാൾ തീവ്രവാദിയല്ല.  അമിതമായി പെർഫ്യൂമുകൾ ഉപയോഗിക്കുന്നയാളാണ്. മലയാളി യുവാക്കളിൽ പൊതുവായി കാണപ്പെടുന്ന തീവ്രമായ നിരാശയും അരക്ഷിതാവസ്ഥതയും ഇൻഫീരിയോറിറ്റി കോംപ്ളെക്സും ഇയാളിൽ കാണപ്പെടുന്നുണ്ട്. പൊതുവേ സ്ത്രീകളുടെ സ്പർശം അധികം ഏൽക്കാത്ത ശരീരമാണ് ഇയാളുടേത്. 

എസ്ഐ ചോദിച്ചു... തീവ്രവാദിയല്ല, പരിചയക്കാരുമല്ല. അപ്പോൾപ്പിന്നെ എന്താണ് താനും ഈ സ്ത്രീയുമായും തമ്മിലുള്ള ബന്ധം ?

ഒരു ബന്ധവുമില്ല സാർ.. യുവാവ് പറ‍ഞ്ഞു... ഒരു മണിക്കൂറായി ഞാൻ ഈ സ്റ്റേഷനിൽ വന്നിട്ട്. ഇതിനിടെ വെരാവൽ, രപ്തിസാഗർ, ഗുരുജി, ധനുഷ്കോടി എന്നീ ട്രെയിനുകൾ കടന്നു പോയി. ആ വണ്ടികളിൽ നിറയെ ആളുകൾ കയറുന്നതും കയറുംമുമ്പ് അവരെല്ലാം പ്ളാറ്റ് ഫോമിൽ നിന്നവരെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ഞാൻ കണ്ടു. ദീർഘദൂര യാത്രക്കാരന് ഒരു കെട്ടിപ്പിടുത്തമോ ചുംബനമോ വളരെ ആശ്വാസകരമാണ്.  എനിക്കും ആഗ്രഹം തോന്നി. പക്ഷേ, എന്നെ യാത്രയാക്കാൻ കൂടെ ആരുമുണ്ടായിരുന്നില്ല സാർ.  

അതുകേട്ട് സ്റ്റേഷൻ മാസ്റ്റർ ഇടപെട്ടു... യാത്രക്കാരന്റെ ആവശ്യങ്ങൾ പരിഹരിക്കാൻ ടിടിഇ ഉണ്ടല്ലോ? റയിൽവേ പൊലീസുമുണ്ട്. 

യുവാവ് പറഞ്ഞു... ടിടിഇമാരെ എങ്ങനെ ചുംബിക്കും ? അവരുടെ ചുണ്ടുകൾക്ക് ട്രെയിനിലെ ആവശ്യത്തിലധികം തിളപ്പിച്ച ചായയുടെ മണമാണ്. ചായയിലെ പാൽ കൂടുതൽ തിളപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല.

സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു... റയിൽവേ പൊതുവേ ചുംബനങ്ങളും ആലിംഗനങ്ങളും അനുവദിക്കാറില്ല. നേരിട്ടു വരുന്ന രണ്ടു ട്രെയിനുകൾ ചുംബിക്കാതിരിക്കാൻ പരമാവധി ശ്രമം നടത്താറുണ്ട് ഞങ്ങൾ. പ്ളാറ്റ്ഫോമും ട്രെയിനും തമ്മിലുള്ള അകലം ബന്ധങ്ങളിലും റയിൽവേ സൂക്ഷിക്കാറുണ്ട്. 

എസ്ഐ സ്റ്റേഷൻ മാസ്റ്ററോടു ചോദിച്ചു...  ഈ യുവതിയോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?

സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു... ഒരേയൊരു ചോദ്യം മാത്രം. പ്ളാറ്റ് ഫോം ടിക്കറ്റ് എടുത്തതാണോ?

അപ്പോഴേക്കും ജില്ലാ പൊലീസ് മേധാവി മൃൺമയി ഗോസ്വാമി സ്ഥലത്തെത്തി.  തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ ഒരു തീവ്രവാദിയെ പിടികൂടി എന്ന് ചാനൽ ഫ്ളാഷുകൾ പറക്കുന്നതു കണ്ട് പാഞ്ഞെത്തിയതായിരുന്നു അവർ. 

യുവാവിനെ പൊലീസ് മേധാവിയുടെ മുന്നിൽ കൊണ്ടു നിർത്തി. അയാൾ പറഞ്ഞു... ഒരു നിമിഷത്തെ ദൗർബല്യം കൊണ്ടു ചെയ്തതാണ് മാഡം.

ഉത്തരവ്, മേലധികാരി, ലാത്തിച്ചാർജ്, ലോക്കപ്പ് മർദനം, ആഭ്യന്തര മന്ത്രി, കുഞ്ചാക്കോ ബോബൻ‍ തുടങ്ങി കുറച്ചു മലയാളം വാക്കുകളേ പൊലീസ് മേധാവിക്ക് അറിയാമായിരുന്നുള്ളൂ.  വടക്കേ ഇന്ത്യയിൽ നിന്ന് പോസ്റ്റിങ് കിട്ടി കേരളത്തിൽ വന്നിട്ട് അധികം നാളായിരുന്നില്ല.  അവർ അടുത്തു നിന്ന പൊലിസുകാരോടു ചോദിച്ചു.. ദൗർബലം. എന്താണ് അതിന്റെ മീനിങ്?

വിനീത് എന്ന പൊലീസുകാരൻ മുന്നോട്ടു വന്ന് സല്യൂട്ട് ചെയ്തിട്ട് പറഞ്ഞു... ഒരു മലയാളി റോഡരികിൽ നിന്നു മൂത്രമൊഴിക്കുന്നതു കാണുമ്പോൾ മറ്റുള്ളവരും അത് അനുകരിക്കുന്നത് ഒരു നിമിഷത്തെ ദൗർബല്യം കൊണ്ടാണ്, മാഡം. 

പൊലീസ് മേധാവി സംശയത്തോടെ ചോദിച്ചു... അപ്പോൾ ഒരു നിമിഷത്തെ ദൗർബല്യത്തിനാണോ നമ്മൾ 150 റുപ്പീസ് വീതം ഫൈൻ അടിക്കുന്നത്?

എസ്ഐ ഒന്ന് ആലോചിച്ചിട്ടു പറഞ്ഞു... നിയമങ്ങൾ പൊലീസിന്റെ ദൗർബല്യമല്ലേ മാഡം. 

പൊലീസ് മേധാവി ചോദിച്ചു... എന്താണ് നിങ്ങളുടെയൊക്കെ പേര്?

യുവതി പറഞ്ഞു... ഇതൾ 

യുവാവും പേരു പറ‍ഞ്ഞു... അഭിനന്ദ്.

അനുവാദമില്ലാതെ ഇതളിന്റെ ഉടലിൽ സ്പർശിച്ചത് ക്രൈം ആണ്. നിങ്ങൾ അറസ്റ്റിലാകും. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?

യുവാവ് പറയാൻ തുടങ്ങി... ഇവർ ഏറെ നേരമായി തനിയെ നിൽക്കുകയായിരുന്നു. വാടിയ ഇതൾ പോലെയായിരുന്നു ഇവരുടെ മുഖം.  മുഖത്ത് കാരണമില്ലാത്ത സങ്കടമുണ്ടായിരുന്നു. ഒരു സാന്ത്വനം ഇവർ ആഗ്രഹിച്ചിരുന്നു എന്നു തോന്നി.  അതുകൊണ്ടാണ് ഞാ‍ൻ ഇവരെത്തന്നെ കെട്ടിപ്പിടിച്ചത്.  

പൊലീസ് മേധാവി യുവതിയുടെ നേരെ നോക്കി. 

വലിയ വിഷമം വരുമ്പോൾ തനിച്ചിരിക്കാൻ പറ്റിയ ഇടം കൂടിയാണ് മാഡം, പലർക്കും റയിൽവേ സ്റ്റേഷൻ. അറസ്റ്റ് ചെയ്യേണ്ട. ഇയാൾ പൊയ്ക്കോട്ടെ എന്നു പറഞ്ഞ് യുവതി തിരിഞ്ഞു നടന്നു.  

സുനന്ദിനി എന്ന പൊലീസുകാരി പറഞ്ഞു...  അത് അംഗീകരിക്കാൻ കഴിയില്ല മാഡം. അറസ്റ്റ് ചെയ്തേ പറ്റൂ. 

വിനീത് എന്ന പൊലീസുകാരൻ സുനീതി എന്ന പൊലീസ് നായയോടു രഹസ്യമായി ചോദിച്ചു... ആക്ച്വലി എന്താ സംഭവം ?

സുനീതി ചിരിച്ചു... മണത്തറിയുന്നതെല്ലാം ഞങ്ങൾ പുറത്തുപറയാറില്ല പൊലീസുകാരാ... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}