ഫ്രിജിലെ പൂച്ച, മിണ്ടാപ്പൂച്ച

HIGHLIGHTS
  • മീട്ടുവിനെയും അലനെയും കണ്ടാൽ എല്ലാവർക്കും പെട്ടെന്ന് കൺഫ്യൂഷനാകും. ഇരട്ടകളാണ്.
  • മൂന്ന് അറകളുള്ള ഫ്രിജാണ് അവരുടേത്. എപ്പോഴും തുറക്കുന്ന ഒരു വാതിൽ.
Meetu-alan-penakathy
വര: മുരുകേഷ് തുളസിറാം
SHARE

ഡാഡിയും മമ്മിയും വരാൻ ഇനിയും രണ്ടു മണിക്കൂർ ബാക്കി. വീട്ടിൽ വിമലയാന്റിയുണ്ട്. അവർ പതിവുപോലെ വാട്സാപ്പും നോറ്റിരിക്കുന്നു. 

മീട്ടുവും അലനും ശബ്ദമുണ്ടാക്കാതെ നടന്നു ചെന്ന് ആരും കാണാതെ ആ പൊതിയെടുത്ത് ഫ്രിജിൽ വച്ച് ഡോറടച്ചു. ഒന്നു കൂടി ഡോർ തുറന്നു നോക്കി, ഫ്രിജ് അവരുടെ നേരെ നോക്കി മഞ്ഞിച്ച കള്ളച്ചിരി ചിരിച്ചു. 

തീരെ പ്രതീക്ഷിക്കാതെ സ്കൂളിന് കിട്ടിയ അവധി ദിവസമായിരുന്നു. ഡാഡിയും മമ്മിയും എന്നത്തെയും പോലെ വൈകിയെഴുന്നേറ്റ് സമയത്തെ പഴിച്ച്, പരസ്പരം കുറ്റപ്പെടുത്തി, ക്രൂശിതനായ ദൈവത്തിനു മുന്നിൽ കണ്ണടച്ച്, കടുംകെട്ടു വീണ ഷൂലേസ് പാടുപെട്ട് അഴിച്ചു കെട്ടി, ഓടിയിറങ്ങുന്നതിനിടെ ഡാഡി താഴെയിട്ട കാർ കീ മമ്മി തിരികെയെടുത്ത്, രണ്ടാളും പുറത്തിറങ്ങി കാറോടിച്ച് ഓഫിസിൽ പോയി. അവർ ഇറങ്ങിപ്പോയ ശാന്തതയിലേക്ക് കയറി വന്നതായിരുന്നു ആ ചെറിയ പൂച്ച. വെളുത്ത നിറമായിരുന്നു അതിന്. മുറ്റത്തു നിന്ന് കയറി വന്നിട്ടും ഒരു ചെളി പോലുമില്ല. സ്വീകരണ മുറിയിലേക്കു ചിരപരിചിതമായ കാൽവയ്പുകളോടെ കയറി വന്ന പൂച്ചക്കുട്ടി മീട്ടുവിനെയും അലനെയും സൂക്ഷിച്ചു നോക്കി അൽപനേരം ആശയക്കുഴപ്പത്തിൽ നിന്നു. പിന്നെ എന്തോ കുസൃതി ചിന്തിച്ച് നാവു നീട്ടി ചുണ്ടുകളൊന്നു തുടച്ച് മെല്ലെ നടന്ന് അകത്തേക്കു പോയി.

മീട്ടുവിനെയും അലനെയും കണ്ടാൽ എല്ലാവർക്കും പെട്ടെന്ന് കൺഫ്യൂഷനാകും. ഇരട്ടകളാണ്. കാഴ്ചയിൽ ഒരേപോലെ! ഏഴുവയസ്. കാരുണ്യമാതാ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്നു. യൂണിഫോമിൽ കണ്ടാൽ ടീച്ചർമാർക്കും ആയമാർക്കും തമ്മിൽ മാറിപ്പോകുന്നത് പതിവായതോടെ മീട്ടുവിന്റെ യൂണിഫോം ടൈയുടെ തുഞ്ചത്ത് എം എന്നും അലന്റെ ടൈയുടെ താഴെ എ എന്നും എഴുതിയിട്ടുണ്ട്. എന്നിട്ടും പ്രിൻസിപ്പൽ സിസ്റ്റർ ധന്യയ്ക്ക് രണ്ടാളെയും മാറിപ്പോയി. അന്ന് അവർ ടൈ മാറിക്കെട്ടിയാണ് സ്കൂളിൽ വന്നത്! 

അലൻ വിചാരിച്ചു: പൂച്ചക്കുട്ടികൾക്ക് സ്കൂളുണ്ടായിരുന്നെങ്കിൽ ആരായിരിക്കും അവരെ മാത്സ് പഠിപ്പിക്കുക!

മീട്ടു മറ്റൊരു ആലോചനയിലായിരുന്നു അൽപം കൂടി ചെറുതായിരുന്നെങ്കിൽ ഡാഡി ഈ പൂച്ചക്കുട്ടിയെ കാറിന്റെ കീ ചെയിനാക്കി തൂക്കിയിട്ടേനെ!

വിമലാന്റി വാട്സാപ് അടച്ചു വച്ച് പുറത്തേക്കു പോയി. ഇനി കുറെ നേരത്തേക്ക് അവരെ കാണാനുണ്ടാകില്ല. നിന്ന നിൽപ്പിലാണ് അവരെ കാണാതാകുന്നത്. 

ഡാഡിയും മമ്മിയും പോയാൽ അവർക്ക് അധികം വീട്ടുജോലിത്തിരക്കൊന്നുമില്ല. ആരുമില്ലാത്ത ഉച്ചനേരങ്ങളിൽ മമ്മി അലക്കാനിട്ടിരിക്കുന്ന ജീൻസും കുർത്തിയും പ്രിന്റഡ് ഫ്രോക്കും ടീ ഷർട്ടുകളുമൊക്കെ എടുത്ത് ധരിച്ച് കണ്ണാടിക്കു മുന്നിൽ പോയി അവർ തിരിഞ്ഞും ചരിഞ്ഞും നോക്കും. ഒരു തവണ കണ്ണാടി വിമലാന്റിയെ പറ്റിച്ചു. മമ്മിയുടെ ജീൻസും ടി ഷർട്ടും സൺഗ്ളാസും അണിഞ്ഞ് ഭംഗി നോക്കുന്ന വിമലാന്റിയുടെ രൂപം വൈകുന്നേരമായിട്ടും കണ്ണാടിയിൽ നിന്നു മായാതെ നിന്നു. അന്ന് സന്ധ്യയ്ക്ക് ഓഫിസിൽ നിന്ന് തിരിച്ചെത്തിയ മമ്മി ഡ്രസെല്ലാം അഴിച്ചിട്ട് കണ്ണാടിക്കു മുന്നിൽ വന്നു നിന്നപ്പോൾ പ്രതിഫലിച്ചത് വിമലാന്റിയുടെ ഫാഷൻ പരേഡ്. മമ്മി അവരെ കുറെ വഴക്കു പറഞ്ഞു. 

വിമലാന്റിയും വിട്ടില്ല. അതിനു ശേഷം ഫോണിലെ ക്യാമറയിലാക്കി അവരുടെ ഫാഷൻ നോട്ടം! 

അകത്തെ മുറിയിൽ നിന്ന് തിരിച്ചു വന്ന പൂച്ചക്കുട്ടി സ്വീകരണ മുറിയിലെ ഫാനിന്റെ അടിയിൽ മലർന്നു കിടക്കുകയാണ് ഇപ്പോൾ. നാലു കാലും മുകളിലേക്ക് ഉയർത്തി ഒരു ചെറിയ വെള്ള സ്റ്റൂൾ മറിഞ്ഞു കിടക്കുന്നതുപോലെ!  അലനും മീട്ടുവും അതിന്റെ അടുത്തേക്കു ചെന്നു. 

പൂച്ചക്കുട്ടി സംശയിച്ചു: എന്താ ?

അലൻ പറഞ്ഞു: നിന്റെ പാരന്റ്സ് എവിടെപ്പോയി?

പൂച്ചക്കുട്ടി പറഞ്ഞു... ങ്യാവോ !

പൂച്ചക്കുട്ടിക്ക് അമ്മയും രണ്ടു സഹോദരങ്ങളുമുണ്ട്. അവർ ഈ വീട്ടിൽത്തന്നെയാണ് താമസം. ഇടയ്ക്ക് വന്നിട്ടു പോകുന്ന അയൽവീട്ടിലെ വരയൻ പൂച്ചയാണെന്നു തോന്നുന്നു അച്ഛൻ. അയാൾ ഇടയ്ക്കിടെ മുറ്റം വരെ വന്ന് വാലു ചുഴറ്റി അമ്മപ്പൂച്ചയെയും കൂട്ടി പുറത്തേക്കു പോകും. കൂട്ടിപ്പൂച്ചകൾ കൂടെയിറങ്ങുമെങ്കിലും അമ്മപ്പൂച്ച അവരെ വീട്ടിലേക്കു തന്നെ തിരിച്ച് ഓടിക്കും. അയാളുടെ കൂടെ സർക്കീട്ടു പോകാൻ ഇറങ്ങിയാൽ മറ്റാരെയും മൈൻഡ് ഇല്ല.

എല്ലാ പാരന്റ്സും ഒരുപോലെ ! അലന് അങ്ങനെ തോന്നാറുണ്ട്. 

മീട്ടു സ്വീകരണ മുറിയിൽ കിടന്നുറങ്ങുന്ന പൂച്ചക്കുട്ടിയെ നാലു കാലിലും പിടിച്ച് പൊക്കിയെടുത്തു. അതിനു വേദനിച്ചെന്നു തോന്നി. അതു കുതറി. അലൻ അതിനെ പിടിച്ചു വാങ്ങാൻ നോക്കി. പൂച്ചക്കുട്ടി അവന്റെ കൈയിൽ അർധചന്ദ്രാകൃതിയിൽ നഖമിറുക്കി. പിന്നെ എന്താണ് സംഭവിച്ചതെന്ന് രണ്ടാൾക്കും അറിയില്ല. തറയിലേക്ക് ശക്തിയോടെ വീണ പൂച്ചക്കുഞ്ഞ് അനങ്ങുന്നില്ല. 

കുട്ടികൾ രണ്ടും അതിന്റെ അരികിൽ ഇരുന്നു. പൂച്ചക്കുഞ്ഞിനെ തൊടാൻ അവർക്കു പേടിയായി. ഏതു ജീവിയുടെയും ചലനമില്ലാത്ത അവസ്ഥയാണ് കൂടുതൽ ഭീതിദം.  

വിമലാന്റി വരുന്ന ശബ്ദം.

പെരുവഴിയിലെ ശൂന്യതയിൽ ഏതോ ആംബുലൻസ് നിലവിളിക്കുന്നു.

അലൻ മീട്ടുവിന്റെ നേരെ നോക്കി. കിറ്റൻ‍ ചത്തുപോയി. 

മീട്ടു ഓടി കളിവീടിന്റെ ടെന്റ് കൊണ്ടുവന്ന് പൂച്ചക്കുഞ്ഞിനെ ഒളിപ്പിച്ചു. അലനും അതിനുള്ളിലേക്കു കയറി. വിമലാന്റി ക്രിസ്മസ് പരീക്ഷപോലെയാണ്. ഉത്തരം പറയാൻ‍ എളുപ്പമല്ലാത്ത ചോദ്യങ്ങളാണ് കൂടുതൽ. 

മീട്ടു ആകാംക്ഷയോടെ ചോദിച്ചു... നീ ഒന്നു കൂടി നോക്കൂ. അത് ബ്രീത് ചെയ്യുന്നുണ്ടോ എന്ന്. 

ടെന്റിനകത്തു നിന്ന് ഒരു ചെറിയ കരച്ചിൽ പുറത്തേക്ക് ഇഴഞ്ഞു വന്നു. മീട്ടുവും കൂടെക്കരഞ്ഞു.

മൂന്ന് അറകളുള്ള ഫ്രിജാണ് അവരുടേത്. എപ്പോഴും തുറക്കുന്ന ഒരു വാതിൽ. തണുത്തു വിറച്ചിരിക്കുന്ന മറ്റൊരു വാതിൽ. വല്ലപ്പോഴും മാത്രം തുറക്കുന്ന മൂന്നാമത്തെ വാതിൽ. അതിനുള്ളിലാണ് മമ്മി പലപ്പോഴും രണ്ടാമത്തെ ഫോൺ ഒളിപ്പിച്ചു വയ്ക്കുന്നത്. 

പൂച്ചക്കുഞ്ഞിനെ ഫ്രിജിന്റെ മൂന്നാമത്തെ അറയിൽ ഒളിപ്പിച്ചു വയ്ക്കാമെന്നത് മീട്ടുവിന്റെ ആശയമായിരുന്നു. അതിൽ വർഷങ്ങളായി എടുക്കാത്ത കുപ്പികളുണ്ട്. അതിനിടയിൽ ഒരു ചെറിയ പൊതി കൂടി. ഫ്രിജിന്റെ വാതിൽ അടയുമ്പോൾ പെട്ടെന്ന് വെളിച്ചം കെടുന്നു, ഒരു കള്ളത്തരം ഉള്ളിലൊളിക്കുന്നു!

ഡാഡിയും മമ്മിയും സന്ധ്യയ്ക്കു മുന്നേ വന്നു. മമ്മിക്ക് അന്ന് തലവേദനയായിരുന്നു. പതിവു പോലെ കുട്ടികളെ ഹോംവർക് ചെയ്യിക്കാൻ വന്നില്ല. രാത്രിയായപ്പോൾ അമ്മപ്പൂച്ചയും രണ്ടു കുട്ടികളും എവിടെ നിന്നോ കയറി വന്നു. 

കുളിക്കുന്ന നേരത്ത് അലന്റെ കൈത്തണ്ട നീറി. എത്രയോ നേരമായി മീട്ടുവിന്റെ മനസ്സ് നീറിക്കൊണ്ടേയിരുന്നു. ആ രാത്രി രണ്ടാളും ഉറങ്ങിയതേയില്ല. 

സ്കൂൾ ബസിൽ എന്നും അവരുടെ തൊട്ടു മുൻസീറ്റിൽ ഇരിക്കുന്നത് അന്ന ലക്ഷ്മി കുഞ്ഞിക്കൃഷ്ണനാണ്. അവൾ ഒരു സീറ്റിൽ തനിയെയാണ് ഇരിക്കുക. ബസിലെ ആയ എപ്പോഴും ചോദിക്കാറുണ്ട്; കൊച്ചുകുട്ടികൾക്ക് എന്തിനാണ് ഇത്ര വലിയ പേര്?! 

കൂട്ടുകാരെല്ലാം അവളെ കുഞ്ഞി എന്നാണ് അവളെ വിളിക്കുന്നത്. അവളുടെ അമ്മ പൊലീസിൽ വലിയ ഓഫിസറാണ്. ഇടയ്ക്ക് സ്കൂളിൽ പ്രസംഗിക്കാനൊക്കെ വരാറുണ്ട്. 

സ്കൂൾ ബസിലിരിക്കെ തലമുന്നോട്ടു നീട്ടി മീട്ടു ചോദിച്ചു: കുഞ്ഞീ, പൂച്ചയെ ഉപദ്രവിച്ചാൽ പൊലീസ് പിടിക്കുമോ?

അവൾ തിരിഞ്ഞു നോക്കി. അവളും നോട്ടത്തിൽ പാതി പൊലീസാണ്... പിടിക്കും. പൂച്ചയ്ക്കും അവകാശങ്ങളില്ലേ!

കുഞ്ഞി പറഞ്ഞു... പൂച്ചയെ കാർ കയറ്റിക്കൊന്ന ഒരാളെ എന്റമ്മ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

എങ്ങനെ കണ്ടുപിടിച്ചു?

അയാൾടെ കാറിന്റെ ടയറിൽ പൂച്ചയുടെ ഫർ ഉണ്ടായിരുന്നു. രോമം ! 

അലൻ പറഞ്ഞു... വേറെ ക്ലാസിലെ ഒരു കുട്ടിയാണെങ്കിൽ പൊലീസ് എങ്ങനെ കണ്ടുപിടിക്കും? 

നിസ്സാരം എന്ന മട്ടിൽ കുഞ്ഞി ചിരിച്ചു... കൊന്നയാളിന്റെ കൈയിൽ പൂച്ചയുടെ രോമം പറ്റിപ്പിടിക്കും. അത് കണ്ടാൽ ഈസിയായി പിടിക്കാം. സ്കൂൾ അസംബ്ളിക്ക്  ഓത്ത് എടുക്കുമ്പോൾ എല്ലാവരും കൈ നീട്ടി നിൽക്കില്ലേ... അന്നേരം പൊലീസിന് സ്കൂളിൽ വന്ന് നോക്കിയാൽപ്പോരേ ! 

പൊലീസിന്റെ മകൾ ഇത്ര ബുദ്ധിമതിയാണെന്ന് അലൻ കരുതിയില്ല. അലന്റെ കൈയിൽ പൂച്ച മാന്തിയതിന്റെ പാടുണ്ട്. പെട്ടെന്ന് ബസ് ബ്രേക്ക് ചെയ്തു, മീട്ടുവിന്റെ തല പോയി കമ്പിയിലിടിച്ചു. 

അലൻ മീട്ടുവിനോടു ശബ്ദം താഴ്ത്തി പറഞ്ഞു... അമ്മപ്പൂച്ച ചോദിച്ചാൽ മാത്രം ഞാൻ സത്യം പറയും. ഇവൾടെ അമ്മ ചോദിച്ചാൽ ഒരിക്കലും പറയില്ല.

എന്തു സത്യം ?

അതിന് അവനും ഉത്തരമില്ല.

അന്ന് രണ്ടാളും സ്കൂൾ അസംബ്ളിക്കു പോയില്ല. 

കുട്ടികൾ വീട്ടിലെത്തുമ്പോൾ വിമലാന്റി മുറ്റത്തുണ്ട്. അമ്മപ്പൂച്ച പതിവു പോലെ രണ്ടുകുട്ടികളുടെയും കളികളുടെ നടുവിൽ കിടന്നുറങ്ങുന്നതും ഇടയ്ക്ക് വരയന്റെ കൂടെ സർക്കീട്ടിന് ഇറങ്ങുന്നതും അവർ കണ്ടു. പിന്നാലെ ഓടിച്ചെന്ന പൂച്ചക്കുട്ടികളുടെ കഴുത്തിലൊക്കെ ഒന്നു നക്കി മുഖത്ത് ഒന്നു ചെറുതായി കടിച്ച്, ശാസിച്ച് അമ്മപ്പൂച്ച അവരെ തിരിച്ചു വിട്ടു. മീട്ടുവും അലനും അന്ന് ആർക്കും മുഖം കൊടുക്കാതെ ഒഴിഞ്ഞു നടന്നു. എന്നിട്ടും ആര് ഡോർ തുറക്കുമ്പോഴും ഫ്രിജ് അവരെ മാത്രം നോക്കി അതേ കള്ളച്ചിരി ചിരിക്കുന്നു!  

വെയിലിന്റെ ചിരി മാഞ്ഞു, രാത്രിയായി. ഡാഡിയുടെയും മമ്മിയുടെയും അരികിൽ രണ്ടാളും കിടന്നു. ഉറക്കം ഇരുട്ടിൽ ഒരു പൂച്ചയെപ്പോലെ എവിടെയോ ഒളിച്ചു കളിക്കുകയാണ്.

ഇതുവരെ ആരും ആ കുഞ്ഞിപ്പൂച്ചയെ അന്വേഷിച്ചില്ല എന്നതായിരുന്നു അപ്പോൾ അവരുടെ സങ്കടം.!

Content Highlight: Penakathy | Column | Opinion | Manoramaonline

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS