നാടുവിട്ട് നഗരത്തിലെ പുതിയ വീട്ടിലേക്കു താമസം മാറുന്ന ദിവസം. ഒഴിഞ്ഞ മുറികളും ഉറങ്ങാൻ കിടക്കുന്ന വരാന്തകളും പഴയ കാര്യങ്ങൾ നിശ്ശബ്‌ദം ഓർമിപ്പിച്ചുകൊണ്ടിരുന്നു. യാത്രപറഞ്ഞ് പടിയിറങ്ങിയിട്ടും എന്തോ മറന്നതുപോലെ അമ്മ വീട്ടുമുറ്റത്തേക്കു തിരിച്ചുകയറി. ഇറങ്ങി വരുമ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു. കാരണം ചോദിക്കാതിരിക്കാൻ അമ്മ മുൻകൂട്ടി പറഞ്ഞു: കിണറ്റിലെ വെള്ളത്തിലൊന്നു മുഖംകഴുകി. കണ്ണിന് വല്ലാത്ത കടച്ചിൽ.
ഇഷ്‌ടത്തോടെ പണിത് കാൽനൂറ്റാണ്ടിലധികം താമസിച്ച വീടും ഞാലിപ്പൂവൻ വാഴകൾ അതിരിട്ട തൊടിയും കിണറ്റിലെ തെളിനീരും വിട്ട് എന്റെ ഇഷ്‌ടങ്ങളുടെ നഗരമധ്യത്തിലേക്ക് പറിച്ചു നടുമ്പോൾ അമ്മയുടെ കൺനിറഞ്ഞത് എന്തിനായിരിക്കും?
പറിച്ചുനടുംമുമ്പ് ചെടികളോട് ആരും അനുവാദം ചോദിക്കാറില്ലല്ലോ!
ഇപ്പോൾ നിലാവുള്ള രാത്രിയിൽ കോട്ടയം നഗരമധ്യത്തിലെ ഭംഗിയുള്ളൊരു തീപ്പെട്ടിക്കൂടിനെ പുറത്തുനിന്നു നോക്കി കാണുകയാണ് ഞാൻ. പടികൾക്കുതാഴെ റോഡിൽ ഇറങ്ങി നിന്ന് നോക്കുമ്പോൾ പുതിയ വീട് എന്നെ നോക്കി ചിരിക്കുന്നുണ്ട്.
അന്ന് യാത്രപറയുമ്പോൾ നാട്ടിലെ വീട് അമ്മയെ നോക്കി ചിരിച്ച അതേ ചിരി !
ഒരു വീടിന് എത്ര ആയുസ്സുണ്ട്?
അമ്പതു വർഷം എന്ന് സുഹൃത്തും യുവ ആർക്കിടെക്‌റ്റുമായ നിരഞ്‌ജൻ ദാസ് ശർമ പറയുന്നു.
ആ വീടുമായുള്ള ആത്മബന്ധത്തിനോ?
വീടുമാറാൻ തീരുമാനിക്കുന്നത്ര കാലം.
വീടുകൾ ഉടുപ്പുകൾ പോലെയാണ്. പുതിയതു കിട്ടുമ്പോൾ പഴയ ഉടുപ്പുകൾക്കു തിളക്കം കുറയുന്നു. വീടുപണിയാൻ തീരുമാനിച്ചത് സുഹൃത്ത് എസ്. രാധാകൃഷ്‌ണനും ഞാനും ചേർന്നായിരുന്നു. രാധാകൃഷ്‌ണൻ ഡിസൈനറാണ്. കോട്ടയം നഗരത്തിൽ ക്രിയേറ്റീവ് മൈൻഡ്‌സ് എന്നൊരു ഡിസൈൻ, കൺസൽറ്റൻസി സ്‌ഥാപനം നടത്തുന്നു.
രണ്ടു പേരും ചേർന്നാണ് സ്‌ഥലം വാങ്ങിയത്. എട്ടര സെന്റിൽ ദീർഘ ചതുരത്തിലുള്ള പ്ലോട്ട് കൃത്യം നടുവിൽ വച്ച് രണ്ടായി മുറിച്ചു. വസ്‌തു വാങ്ങിയാൽ വീടുണ്ടാക്കുന്നതിനു മുന്നോടിയായി ഒരു ചടങ്ങുണ്ടെന്ന് അനുഭവസ്‌ഥർ പറഞ്ഞുതന്നിരുന്നു – വീടുകാണൽ. പെണ്ണുകാണൽ പോലെ പലരും പിന്തുടരുന്ന ഒരു ഏർപ്പാടാണിത്.
ഒരുപാടു വീടുകൾ കണ്ടുനടന്നു.. അപരിചിതരുടെ അടുക്കളകളിലും ഊണുമുറികളിലും കിടപ്പുമുറികളിലും ഒരു വിനോദസഞ്ചാരിയെപ്പോലെ കയറിയിറങ്ങി.. പൂജാമുറികൾ കണ്ട് വിസ്‌മയത്തോടെ കൈകൂപ്പിനിന്നു !
പല വീടുകളും മോഹിപ്പിച്ചു.
ആ മോഹങ്ങൾ ചേർത്തു വച്ചാൽ പത്മനാഭപുരം കൊട്ടാരംപോലെയാകും. നിങ്ങൾക്ക് എട്ടരസെന്റേയുള്ളു – ആർക്കിടെക്‌റ്റ് കളിയാക്കി. എട്ടര സെന്റിൽ രണ്ടു വീടുകൾ പണിയാനായിരുന്നു ഞങ്ങളുടെ തീരുമാനം. തീരുമാനമറിഞ്ഞ ഒരു സുഹൃത്ത് ഉപദേശിച്ചു: ഐഡിയയൊക്കെ കൊള്ളാം. പക്ഷേ, വീടുകളായാൽ പ്രൈവസി വേണം !
കൊച്ചിയിലൊരു ഫ്‌ളാറ്റിലാണ് ആ സുഹൃത്ത് താമസം. തൊട്ടുചേർന്ന് മറ്റൊരു ഫ്‌ളാറ്റുമുണ്ട്. രണ്ടു ഫ്‌ളാറ്റുകളുടെയും ബെഡ്‌റൂമുകൾ ഒരു ഭിത്തിയുടെ അപ്പുറമിപ്പുറം ഒട്ടിച്ചു വച്ചതുപോലെയാണ്. തൊട്ടടുത്ത് വീടുകൾ പണിതാൽ സ്വകാര്യത നഷ്‌ടമാകുമോ?
ഇല്ലെന്ന് ആർക്കിടെക്‌റ്റ് ഉറപ്പു തന്നിരുന്നു. മുറികളുടെ ലേഔട്ട് തീരുമാനിക്കുമ്പോൾത്തന്നെ ഇക്കാര്യം മനസ്സിൽ വയ്‌ക്കണമെന്നു മാത്രം.
നാട്ടിൽനിന്നൊരു ഒരു സ്‌കൂൾക്കാലം ഓർമ വരുന്നു.
ജൂൺമാസം. ഇടവമഴയുടെ പാട്ടുകേട്ട്, സ്‌കൂളിൽപ്പോകാൻ മടിച്ച്, പുതപ്പിന്റെ ചൂടുപറ്റി കിടക്കുന്ന രണ്ടാം ക്ലാസുകാരനെ ഉണർത്താൻ അമ്മയുടെ വാഗ്‌ദാനമുണ്ട്: കുളിക്കാൻ ചൂടുവെള്ളം !
അന്നൊക്കെ തറവാട്ടിൽ കുട്ടികൾക്ക് കുളിമുറിയുടെ ആർഭാടമില്ല. തിണ്ണയുടെ ഓരം ചേർന്നു ചൂടുവെള്ളത്തിൽ കുളിക്കാൻ നിൽക്കുമ്പോൾ ആകാശത്തുനിന്ന് ഇടവമഴ വന്ന് തണുത്ത വിരലുകൾകൊണ്ട് തോളിൽത്തലോടും. ഒരു തോളിൽ ഒരു ഋതുവും മറുതോളിൽ മറ്റൊരു ഋതുവും അനുഭവിക്കുന്ന ആ കുളി നഗരത്തിലെ വീട്ടിൽ കിട്ടുമോ?
കിട്ടുമെന്നും ആർക്കിടെക്‌റ്റ് തെളിയിച്ചുതന്നു.
രണ്ടു വീടുകളുടെയും കുളിമുറികളുടെ മേലാപ്പിൽ ആകാശത്തേക്കു തുറക്കുന്ന ഒരു വാതിൽ. വാതിലിനു ചില്ലുകൊണ്ട് ഒരു അടപ്പ്. അടപ്പുതുറന്നാൽ ഇടവമഴ കുളിമുറിക്കുള്ളിൽ വിരുന്നു വരും. രാത്രിയിൽ നിലാവിനും നക്ഷത്രങ്ങൾക്കും മുറിക്കുള്ളിലേക്കു സ്വാഗതം!
നാട്ടിലെ വീടുകൾക്കു തുളസിച്ചെടിയുടെ സുഗന്ധമുണ്ട്. നഗരത്തിലെ വീടുകൾക്ക് ഓർക്കിഡുകളുടെയും.
കൊച്ചിയിൽ സുഗന്ധം പരത്തുന്ന വീട്ടിൽ ഒരിക്കൽ പോയത് ഓർക്കുന്നു. വീട്ടിൽ മാത്രമല്ല, മുറ്റത്തും തൊടിയിലുമെല്ലാം ക്യൂട്ടിക്കുറ പൗഡറിന്റെ സുഗന്ധം.
തൊട്ടപ്പുറത്തെ പറമ്പിൽ ഒരു വലിയ കെട്ടിടം. അത് ക്യൂട്ടിക്കുറ പൗഡറിന്റെ ഗോഡൗണാണ്. പകലും രാത്രിയും വരുന്നത് പൗഡറിട്ട കാറ്റാണ്.
പച്ച മീൻ വെട്ടിയാൽപ്പോലും ക്യൂട്ടിക്കുറയുടെ മണം.
ചിത്രകാരനും ശിൽപിയുമാണ് എസ്. രാധാകൃഷ്‌ണൻ. കോട്ടയം – എറണാകുളം റൂട്ടിൽ ഒരിക്കൽ ഞങ്ങളൊരുമിച്ച് യാത്ര ചെയ്യുമ്പോൾ വിചിത്രമായൊരു കാഴ്‌ച കൺമുന്നിൽ വന്നു. കടുംനീല നിറത്തിൽ പെയ്‌ന്റടിച്ച ഒരു വലിയ വീട്. അതിന്റെ രണ്ടാംനിലയിൽ ഇടംവലം കെട്ടിയ അയയിൽ പല നിറങ്ങളിൽ അണ്ടർ വെയറുകൾ തോരണമിട്ടിരിക്കുന്നു. പൂമുഖത്ത് അടിവസ്ത്രങ്ങളുടെ ആമുഖം !
അതു കണ്ടിട്ടാവാം രാധാകൃഷ്‌ണൻ ചിരിയോടെ എന്നോടു ചോദിച്ചു: എന്തു നിറം വേണം നമ്മുടെ വീടുകൾക്ക് ?
ഞാൻ പറഞ്ഞു: മഴവില്ലിന്റെ ഏഴു നിറങ്ങൾ !
ഏഴു നിറങ്ങൾ ചേർത്ത് രാധാകൃഷ്‌ണൻ ഒരു നിറം സൃഷ്‌ടിച്ചു – വെള്ള ! ഒരു പ്ളോട്ടിലെ രണ്ടു വീടുകളിൽ റോഡിൽ നിന്ന് അകന്ന വീടിനു തൂവെള്ള നിറം ! റോഡിനോടു ചേർന്നു നിൽക്കുന്ന വീടിന് ബോൺ വൈറ്റ് !
വീട് ഒരു മോഡേൺ പെയ്‌ന്റിങ് പോലെ ആകരുതെന്ന് രാധാകൃഷ്‌ണൻ ആദ്യമേ തീരുമാനിച്ചിരുന്നു. തളർന്നുറങ്ങാൻ ചെല്ലുമ്പോൾ മുറികൾക്കുള്ളിലെ കടും നിറങ്ങൾ വന്നു കണ്ണിൽക്കുത്തി മുറിവേൽപ്പിക്കരുത്. ഉണരാൻ നേരം സോഫ്‌റ്റായ വർണങ്ങൾ വന്നു കണ്ണുകളിൽ തൊട്ടുണർത്തണം.
പാരമ്പര്യത്തിന്റെ സമ്പാദ്യമായി നാട്ടിൽ നിന്നു പുതിയ വീട്ടിലേക്കു കൊണ്ടു വന്ന വലിയ ഇരുമ്പ് അലമാരകൾക്കു കൂടി വെള്ള നിറം അടിക്കാൻ രാധാകൃഷ്‌ണന്റെ നിർദേശം. അതോടെ വെള്ള ഭിത്തിയോടു ചേർന്ന് അനുസരണക്കാരായി അവർ പതുങ്ങിയിരിക്കുന്നു.
രണ്ടു വീടുകളും തമ്മിൽ വിയോജിക്കുന്നത് അടുക്കളയുടെ കാര്യത്തിലാണ്. തുറന്ന അടുക്കളയാണ് രാധാകൃഷ്‌ണന്റെ ഇഷ്‌ടം! താൻ മാത്രം എന്നും അടുക്കളയിലാണെന്ന് വീട്ടുജോലികൾ ചെയ്യുന്നയാളെ ഒരിക്കലും തോന്നിപ്പിക്കുകയേയില്ല. എന്റെ അടുക്കളയ്‌ക്ക് വാതിലുണ്ട്.
അടുത്തടുത്തു വീടുപണിയുന്നതു കൊള്ളാം. ഞങ്ങൾ അയൽക്കാർ തമ്മിൽ എപ്പോഴെങ്കിലും പിണങ്ങിയാലോ?
അതിനും ഒരു ടെക്‌നിക്കുണ്ട്. ലീല ചേച്ചിയുടെ ടെക്‌നിക്.
നാട്ടിൽ അടുത്ത അയൽക്കാരി ലീലചേച്ചിയായിരുന്നു. അമ്മയും ലീല ചേച്ചിയും അടുത്ത കൂട്ടുകാർ. അതുകൊണ്ടുതന്നെ ചെറിയ ഇഷ്‌ടക്കേടുകൾക്കുപോലും മുഖംവീർപ്പിക്കലുണ്ടാകും.
നാട്ടിൽ തറവാടിനുമുന്നിലൂടെയാണ് ലീല ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി. പുറത്തു പോകുമ്പോഴും തിരിച്ചുവരുമ്പോഴും മതിലിന് അരികിൽനിന്ന് അമ്മയും ലീലച്ചേച്ചിയും തമ്മിൽ സൗഹൃദസംഭാഷണമുണ്ട്. പിണക്കമാസമായാൽ ലീല ചേച്ചി ആ വഴി വരില്ല. അമ്മയെ കാണുമ്പോൾ മുഖംതിരിച്ചു നടക്കാൻ മടി. ലീലച്ചേച്ചിക്ക് ആ സമയങ്ങളിൽ വീട്ടിൽനിന്നു പുറത്തിറങ്ങാൻ വേറെ വഴിയുണ്ട്.
അടുത്തടുത്തു വീടുണ്ടാക്കിയപ്പോൾ ലീല ചേച്ചിയുടെ ടെക്‌നിക് പ്രയോജനപ്പെടുത്തി. അടുത്തടുത്തുള്ള രണ്ടു വീടുകളുടെയും ദർശനം രണ്ടു വഴികളിലേക്ക്. രണ്ടു വീട്ടിലും താമസിക്കുന്നവർക്ക് പരസ്‌പരം കാണണമെങ്കിൽ കാണാം. കാണാതെ ജീവിക്കണമെങ്കിൽ അങ്ങനെയുമാകാം. നാടും നഗരവും തമ്മിൽ ഇപ്പോൾ അധികം അകലമൊന്നുമില്ല.