എ ട്രാജിക് സോറി !

Mail This Article
തെരുവുനായ, പണ്ടത്തെ കാമുകന്റെ അമ്മ, എപ്പോൾ കണ്ടാലും സാലറിയുടെ കാര്യം ചോദിക്കുന്ന വല്യച്ഛന്റെ മകൻ വിനാശ്, മൂന്നു വാചകത്തിനിടെ രണ്ടു തവണ നെഞ്ചിലേക്കു ഒളിഞ്ഞു നോക്കുന്ന പഴയ ബോസ് ജിസ് ചെറി മാളികയിൽ; ഇങ്ങനെ കുറെ ആളുകൾ എതിരെ വരുന്നതു കണ്ടാൽ മൈലാഞ്ചി കൃഷ്ണൻ ഒഴിഞ്ഞു മാറാറുണ്ട്. അത് അവളുടെ ശീലമാണ്. അവരോടുള്ള ദേഷ്യം കൊണ്ടു മാത്രമല്ല, സ്വന്തം സമാധാനത്തിനു വേണ്ടിയുമാണ്.
മൈലാഞ്ചിയുടെ അമ്മ രാധാമണി വല്യത്താൻ യൂണിവേഴ്സിറ്റി കോളജിൽ ഹെഡ് ലൈബ്രേറിയനായിരുന്നു. എല്ലാ മാസാവസാനവും അമ്മയ്ക്ക് അലർജി വരും. കോളജിൽ ഡിജിറ്റൽ ലൈബ്രറിക്കു വേണ്ടി പണിത ക്യാബിനിൽ പഴയ പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. മാസാവസാനം അവ ചെക്ക് ചെയ്ത് റജിസ്റ്ററിൽ ചേർക്കുമ്പോഴാണ് അലർജി. അമ്മ പറയാറുണ്ട്; പഴയ ഫയലുകളായാലും ആവശ്യമില്ലാത്ത ഓർമകളായാലും ഇളക്കരുത്. ചൊറിച്ചിലുണ്ടാകും.
അർഥം വച്ചുള്ള പറച്ചിലാണ്. മൈലാഞ്ചിയുടെ അച്ഛൻ വെണ്ണക്കൃഷ്ണൻ ഉണ്ണിത്താനെക്കൂടി ഉദ്ദേശിച്ചാണ്. അലംനൈ അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പ് ആക്ടീവായതോടെ അച്ഛൻ ഈയിടെയായി പ്രായത്തിനു ചേരാത്ത മട്ടിൽ തരളിതനാണ്.
ഒരു ദിവസം വൈകുന്നേരം കുളിക്കാൻ കയറുമ്പോൾ ശരറാന്തൽ തിരി താണു, മുകിലിൻ കുടിലിൽ, മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു എന്ന് ഉറക്കെ പാടുന്നതു കേട്ടു. പിറ്റേ ദിവസം വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ... ഇന്നലെ ഓ മൃദുലേ, ഹൃദയ മുരളിയിലൊഴുകി വാ... !
പാടാനറിയാത്തവർ പാടുന്നത് തൊണ്ടകാറലിന് ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുന്നതു പോലെ എത്ര വിരസമാണ്!
ഒരാഴ്ചയായി ആവശ്യമില്ലാത്ത ചില ഓർമകളുണ്ടാക്കുന്ന അലർജി അനുഭവിക്കുകയാണ് മൈലാഞ്ചി. കഴിഞ്ഞയാഴ്ചയറുതിയിലായിരുന്നു അവളുടെ കമ്പനിയുടെ ടീംഔട്ടിങ്. ഇത്തവണ മൂന്നാറിലേക്കായിരുന്നു. തിരുവനന്തപുരത്തു ടെക്നോപാർക്കിൽ നിന്ന് അതിരാവിലെ പുറപ്പെട്ടെങ്കിലും മൂന്നാറിലെത്തിയപ്പോൾ രാത്രി വല്ലാതെ വൈകി.
അടിമാലി കഴിഞ്ഞാൽ മദ്യപന്റെ സൈക്കിൾ യാത്ര പോലെയാണ് കെകെ റോഡ്; വളഞ്ഞും തിരിഞ്ഞും ഇറങ്ങിയും കയറിയും ഇടയ്ക്ക് വഴിയിൽ നിർത്തി ഛർദിച്ചും മുഖം കഴുകിയും..! ഡാൻസും പാട്ടുമൊക്കെക്കഴിഞ്ഞ് ക്ഷീണിച്ച് ടീമിലെ ഒരുവിധം എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു. ടൂറിസ്റ്റ് ബസിലെ ടിവിയിൽ ഏതോ ഹിന്ദി സിനിമ ആർക്കും വേണ്ടിയല്ലാതെ ഓടിത്തീർക്കുന്നു.
ടീം ലീഡ് സംഗീത് പ്രഭാകറിന്റെ അടുത്ത സീറ്റിലായിരുന്നു മൈലാഞ്ചി കൃഷ്ണൻ ഇരുന്നത്. അവിടവിടെ ചില നീല ലൈറ്റുകളൊഴിച്ചാൽ ബസിൽ പൊതുവേ ഇരുട്ടാണ്. ടിവി സിനിമയിൽ തെളിച്ചമുള്ള ദൃശ്യങ്ങൾ വരുമ്പോൾ ഒന്നോ രണ്ടോ നിമിഷത്തേക്ക് ബസിലും വെളിച്ചം. പിന്നെയും ഇരുട്ട്.
അവൾ മെല്ലെ ഉണർന്നു. മുടിയിൽ ആരോ തലോടുന്നുണ്ട്. സംഗീതിന്റെ വിരലുകളാണ് തന്റെ മുടിയിലുള്ളതെന്ന് തിരിച്ചറിഞ്ഞു. അപ്രതീക്ഷിതമായിരുന്നു ആ സ്പർശം. അതവളെ വല്ലാതെ അസ്വസ്ഥയാക്കാൻ തുടങ്ങി.
രാത്രിയിൽ കിടപ്പുമുറിയിൽ പെട്ടെന്നു പ്രത്യക്ഷപ്പെടുന്ന വലിയ പാറ്റകൾ, വാഷ്റൂമിൽ വസ്ത്രങ്ങളഴിച്ച സ്വാതന്ത്ര്യത്തിൽ നിൽക്കുമ്പോൾ ഭിത്തിയുടെ ഏതോ കോണിൽ ഇരുന്ന് തിളങ്ങുന്ന കണ്ണുകളോടെ സൂക്ഷിച്ചു നോക്കുന്ന തള്ള എട്ടുകാലികൾ ഇവയൊക്കെയുണ്ടാക്കുന്ന അതേ അരക്ഷിതാവസ്ഥ മൈലാഞ്ചി അനുഭവിക്കാൻ തുടങ്ങി.
ഉണർന്നെങ്കിലും എഴുന്നേൽക്കാതെ, അനങ്ങാതെ സീറ്റിൽത്തന്നെ അവൾ ഇരുന്നു. എഴുന്നേറ്റാൽ എല്ലാവരും ശ്രദ്ധിക്കും. മാറിയിരിക്കാൻ ആകെ ഒഴിവുള്ളത് ഡ്രൈവറുടെ അടുത്തുള്ള ആ ഒരൊറ്റ സീറ്റാണ്. തൽക്കാലം ഇവിടെത്തന്നെയിരുന്നേ പറ്റൂ എന്ന അവൾ തിരിച്ചറിവിൽ അവളെത്തി.
വിരൽ കൊണ്ട് മുടി കോതി ഒതുക്കുന്നതോ, അതോ ഇരുളിൽ ഒരാൾ കൊതി ഒതുക്കുന്നതോ! അവൾ ആശയക്കുഴപ്പത്തിലായി.
അനിയത്തിയുടെ ഫ്രോക്കായിരുന്നു ആ യാത്രയിൽ മൈലാഞ്ചി ഇട്ടിരുന്നത്. കൈകൾക്കും മറ്റും അധികം ഇറക്കമില്ല. പക്ഷേ, ഏതു കാറ്റിലും വെല്ലുവിളിയിലും ഉടലിന്റെ കൂടെ ചേർന്നു നിൽക്കും.
ടോപ്പിന്റെ ഷോൾഡറിൽ വിടർന്ന റോസാപ്പൂവു പോലെ ഒരു ചുരുക്ക് ഉണ്ട്. രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ അത് തോളിൽ പൂ പോലെ വിരിഞ്ഞു നിന്നിരുന്നു. വൈകിട്ടായപ്പോഴേക്കും കാറ്റും വെയിലുമേറ്റ് ചുളുങ്ങിയും മടങ്ങിയും വാടി. അയാൾ ആ പൂവിന്റെ ഇതളുകൾ വീണ്ടും വിടർത്താൻ ശ്രമിക്കുന്നത് അവൾ ശ്രദ്ധിച്ചു.
കൂട്ടുകാർ വസ്ത്രങ്ങളിലോ ഉടലിലോ തൊടുന്നത് മൈലാഞ്ചിയെ സാധാരണ അസ്വസ്ഥയാക്കാറില്ല. അവളുടെ ഓഫിസ് ടീമിലെ ഒരുവിധം എല്ലാവരും അങ്ങനെ തന്നെയാണ്. സ്വതന്ത്രമായി കലരാവുന്ന ഇടമായിരുന്നു ആ ഗ്രൂപ്പ്; ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ.

ഒരിക്കൽ ഓണാഘോഷത്തിന് കസവിന്റെ ആഢ്യത്വത്തിൽ ഉടലിനോട് അകൽച്ച പാലിച്ചു നിന്ന പുത്തൻ സാരി ഉടുത്തു സെറ്റാക്കാനായി യുട്യൂബിൽ ട്യൂട്ടോറിയൽ വീഡിയോ പ്ളേ ചെയ്തു തന്നതും ഞൊറികളെടുക്കാൻ ഹെൽപ് ചെയ്തതും അവളുടെ ടീമിലെ രവിചന്ദാണ്.
പ്രോജക്ട് പ്രസന്റേഷനു വേണ്ടി പെട്ടെന്ന് സ്റ്റേജിൽ കയറാനായി ഓടുമ്പോൾ മൈലാഞ്ചിയുടെ ഉടുപ്പിന്റെ ഉള്ളിൽ നിന്നു പുറത്തേക്കു തലനീട്ടിയ വെള്ള സ്ട്രാപ് പിടിച്ചിട്ടത് മറ്റൊരു കൂട്ടുകാരനും. അതിലൊന്നും അവൾ അപകടം കാണാറുമില്ല. എന്തും പറയാനുള്ള സ്വാതന്ത്ര്യം ടീമിൽ എല്ലാവർക്കുമുണ്ടെങ്കിലും എന്തും പറയാതിരിക്കാനുള്ള വിവേകം, അത് എല്ലാവരും സൂക്ഷിച്ചു.
അൽപനേരംകൂടി മുടിയിൽ നിന്ന് നിന്നിട്ട് സംഗീതിന്റെ വിരൽ മടങ്ങിപ്പോയി. എന്നിട്ടും അവൾ അയാളുടെ വിരലുകളെപ്പറ്റി ആലോചിച്ചിരുന്നു. തന്നെക്കാൾ പ്രായമുള്ള ആളാണ്. വിവാഹിതനാണ്. താനും വിവാഹിതയാണ്. അയാൾക്ക് എട്ടാം ക്ളാസിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. തനിക്ക് പ്രീസ്കൂളിൽ പഠിക്കുന്ന ഒരു മകനും.
അധികം വൈകാതെ മൂന്നാറിലെത്തുമ്പോൾ തണുപ്പിലും അവൾ വിയർത്തിരുന്നു. ചെറിയ തലവേദന. പിറ്റേന്ന് അതിരാവിലെ എല്ലാവരും കൊളുക്കുമല ട്രെക്കിങ്ങിന് നിർബന്ധിച്ചെങ്കിലും അവൾ പോയില്ല. ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഒരൽപം മാറി നിന്നു. ആരൊക്കെയോ കാരണം ചോദിച്ചെങ്കിലും പെട്ടെന്ന് ഒരു തലവേദന എന്നൊക്കെ പറഞ്ഞ് ഒഴിവായി. ഒരു ദിവസത്തെ പിക്നിക് ആയതിനാൽ അധികം വൈകാതെ സന്ധ്യയാവുകയും അവർ തിരിച്ചു പോരുകയും ചെയ്തു.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. കുളിക്കാതെ, എഴുന്നേൽക്കാതെ ഏറെ നേരം മൈലാഞ്ചി കിടന്നു, വൈകുന്നേരം ടെറസിൽപ്പോയി ആകാശത്തേക്കു നോക്കി നിന്നു. അവൾക്കൊരു സമാധാനവും കിട്ടിയില്ല. പൊതുവേ നിർജീവവും നിർവികാരവുമായ അവയവങ്ങളാണ് മുടിയിഴകളെങ്കിലും അവയ്ക്കും കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവുണ്ട്. അവൾ അംഗീകരിച്ചാലും അവ ആ സ്പർശനത്തെ അംഗീകരിക്കുന്നില്ല.
തിങ്കളാഴ്ച പതിവു പോലെ ഓഫിസിലെത്തി ഉച്ച വരെ സംഗീതിന്റെ മുന്നിൽപ്പെടാതെ മാറി നടന്നു.
ഉച്ച കഴിഞ്ഞപ്പോൾ അവൾക്ക് ആദ്യ മെസേജ് വന്നു... സോറി. ഞാനൊന്നും ഉദ്ദേശിച്ചു ചെയ്തതല്ല... അറിയാതെ... വെറുതെ.
അത്തരമൊരു മെസേജ് പ്രതീക്ഷിച്ചതാണെങ്കിലും അവൾ വീണ്ടും ആശയക്കുഴപ്പത്തിലായി. എന്തു പറയും മറുപടി?
ചായയ്ക്കൊപ്പം ബിസ്കറ്റ് എന്നതുപോലെ സോറിക്കൊപ്പം ചേരുന്നത് ഇറ്റ്സ് ഓകെ എന്ന മറുപടിയാണ്. ലീവ് ഇറ്റ് എന്നും വേണമെങ്കിൽ പറയാം. പക്ഷേ അങ്ങനെ അയയ്ക്കാൻ തോന്നിയില്ല. അതൊരു ഐസ് ബ്രേക്കിങ്ങായി അയാൾ എടുത്താലോ, എന്നിട്ട് ഇനിയും എപ്പോഴെങ്കിലും ഇതുപോലെ തുടർന്നാലോ എന്നൊക്കെ അവൾക്കു സംശയം തോന്നി. തൽക്കാലം മറുപടിയൊന്നും കൊടുക്കേണ്ടെന്ന് അവൾ നിശ്ചയിച്ചു. ഒരു മാസത്തെ ഡ്യൂട്ടിയിൽ ബോണസായി കിട്ടുന്ന സമയത്തിൽ നിന്ന് രണ്ടു മണിക്കൂർ കടമെടുത്ത് അവൾ നേരത്തെ ഓഫിസ് വിട്ടു. അന്നു പിന്നെ ശല്യമൊന്നും ഉണ്ടായില്ല.
പിറ്റേന്ന് വീണ്ടും മെസേജ് വന്നു... ഞാൻ പലരുടെയും മുടിയിൽ അങ്ങനെ തലോടാറുണ്ട്. പ്രത്യേകിച്ച് മകളുടെയും ഭാര്യയുടെയും. മൈലാഞ്ചിക്ക് അതു മനസ്സിലാകുമെന്നു കരുതുന്നു. സോറി.
അതിനും അവൾ മറുപടി അയച്ചില്ല.
ആ മെസേജ് പിന്നെയും പിന്നെയും വായിക്കവേ, അവളുടെ മനസ്സിൽ വിചിത്രമായൊരു ദൃശ്യം തെളിഞ്ഞു. നാലു സ്ത്രീകൾ നിരന്നു നിൽക്കുന്നു. സംഗീതിന്റെ ഭാര്യ ചിത്ര, മകൾ ചിന്മയി, അയാളുടെ അമ്മ (അവരുടെ പേര് മൈലാഞ്ചിക്ക് അറിയില്ല), പിന്നെ അവളും. ഒരു പൊലീസുകാരൻ പരേഡ് പരിശോധിക്കാൻ നടന്നു വരുന്നതുപോലെ സംഗീത് അവരുടെ അരികിലൂടെ നടന്നു വന്ന് ഓരോരുത്തരുടെയായി തലമുടിയിൽ തലോടുന്നു. എത്ര വൃത്തികെട്ട ദൃശ്യം !
അതോടെ അയാളുടെ വാട്സാപ്പ് ഒരു തവണ അവൾ ബ്ളോക്ക് ചെയ്തു. വേറെ മെസേജ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നു നോക്കാൻ തോന്നിയതോടെ അധികം വൈകാതെ അൺബ്ളോക്ക് ചെയ്യുകയും ചെയ്തു.
അടുത്തിരുന്നു സംസാരിക്കുമ്പോൾ മറ്റെയാളുടെ മുടിയിഴകൾ എടുത്തു വിരലിൽച്ചുറ്റുന്ന ഒരു കസിനുണ്ട് മൈലാഞ്ചിക്ക്. പറയുന്ന കാര്യത്തിന്റെ ഗൗരവമനുസരിച്ച് ചുറ്റുന്ന മുടിയിഴകളുടെ എണ്ണം കൂടിക്കൂടി വരും. സംസാരം തീരുമ്പോഴേക്കും എല്ലാ മുടിയും അവൻ ഒരുമിച്ച് അഴിച്ചുവിടുകയും ചെയ്യും. മുന്നിലെത്തുന്ന എല്ലാവരുടെയും അടുത്ത് അവൻ ആ സ്വാതന്ത്ര്യം കാണിക്കുന്നത് അവൾ കണ്ടിട്ടുണ്ട്. അതുപോലെയൊക്കെ ഇതും കരുതാൻ പറ്റാത്തത് എന്തുകൊണ്ട് എന്ന് അവൾ ആലോചിച്ചു.
സോറി വേണ്ട സംഗീത്, അത് എന്നെ ആ വൃത്തികെട്ട അനുഭവത്തെ വീണ്ടും ഓർമിപ്പിക്കുന്നു എന്നൊരു മെസേജ് ടൈപ്പ് ചെയ്തെങ്കിലും അതും അയയ്ക്കുംമുമ്പേ അവൾ ഡെലീറ്റ് ചെയ്തു.
ക്യാബിനിൽ കയറിച്ചെന്ന് വഴക്കിട്ട്, അയാളെ ഒന്നു തല്ലി അതങ്ങ് തീർത്താലോ? കരണത്ത് നന്നായൊന്നു പൊട്ടിച്ചാൽ ചിലപ്പോൾ തീർന്നേക്കും. പക്ഷേ അതിനുള്ള കാരണമായി ഇതിനെ കാണാൻ പറ്റുമോ? കെട്ടിപ്പിടുത്തങ്ങളൊക്കെ സാധാരണയായിട്ടുള്ള ഓഫിസിൽ മുടിയിൽ ഒന്നു തൊടുന്നത് തല്ലാനുള്ള കാരണമായി ആരെങ്കിലും വിശ്വസിക്കുമോ? ആലോചിക്കവേ അവൾക്കു ഭ്രാന്തായി.

പിറ്റേന്നും പതിവുപോലെ മെസേജ് വന്നു... ഡ്രിങ്ക്സ് അൽപം അധികമായിരുന്നു. രാത്രിയായിരുന്നു. തണുത്ത കാറ്റുണ്ടായിരുന്നു. മറ്റൊന്നും ആലോചിച്ചു ചെയ്തതല്ല. വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. മുടിയിലൊന്നു തൊട്ടതല്ലേയുള്ളൂ, മറ്റൊന്നും ഞാൻ ചെയ്തില്ലല്ലോ. മെസേജുകൾക്കുള്ള നിന്റെ ഈ സൈലൻസ് ഈസ് കില്ലിങ്.
കുറെയധികം സോറികൾ കാക്കക്കൂട്ടങ്ങളെപ്പോലെ ഒരുമിച്ച് പറന്നു വന്ന് തലയിൽ കൊത്തുമെന്ന് അവൾ ഭയന്നു. എല്ലാ സോറികളും മുറിവുണക്കാറില്ല എന്ന തിരിച്ചറിവിൽ അവളെത്തി. ചില സോറികൾ പറയാതിരിക്കുന്നതാണ് നല്ലത്. കെടുത്താനായി വെള്ളമൊഴിക്കുമ്പോഴും ആളുന്ന തീയാണ് വേദനയും കാമവും !
സംഗീത്, നിങ്ങളെന്റെ മുടിയിൽ തൊട്ടതിനെക്കാൾ വിഷമം, ആ മുറിവുണക്കാനുള്ള തുടർച്ചയായ ശ്രമങ്ങളാണ്. ഒന്നും പറയാതിരുന്നെങ്കിൽ ആ രാത്രിയിലെ വീർപ്പുമുട്ടൽ ഒരാഴ്ച കൊണ്ട് മാറിയേനെ. ഞാനതു മെല്ലെ മറന്നേനെ.
അങ്ങനെ ടൈപ്പ് ചെയ്തെങ്കിലും ആ മെസേജും അയയ്ക്കാൻ തോന്നിയില്ല. അവളതും ഡെലീറ്റ് ചെയ്തു.
ഏതിരുട്ടിലും ചുണ്ടോടു ചേർക്കാവുന്നത്ര വിശ്വാസമുള്ള ഒരു ഗ്ളാസുണ്ടായിരുന്നു മൈലാഞ്ചി കൃഷ്ണന്റെ അലമാരയിൽ. ലാവെൻഡർ പൂക്കളുടെ ഡിസൈനുള്ള ഒരു ചില്ലു ഗ്ളാസ്. വർഷങ്ങൾക്കു മുമ്പ് പതിനെട്ടാമത്തെ ബേത്ഡേയ്ക്ക് അവളുടെ ബെസ്റ്റി അരുണിമ ഗിഫ്റ്റ് ചെയ്തതാണ്.
അതിരാവിലെ ഉണർന്നാൽ ലൈറ്റുപോലും ഇടാതെ വന്ന് തണുത്ത വെള്ളം എടുത്തു കുടിച്ചിരുന്നത് ആ ഗ്ളാസിലാണ്. ലെമണേഡായാൽ സിപ്പ് ചെയ്യലെന്ന മട്ടിൽ ഗ്ളാസിൻതുമ്പിൽ മൃദുവായൊരു ചുംബനം, ചിൽഡ് സോഡയെങ്കിൽ ഗ്ളാസിന്റെ വക്കിലൊരു ഒരു കടി, റെഡ് വൈനെങ്കിൽ പാസീവായ ഉറിഞ്ചിക്കുടിക്കൽ. മൂഡനുസരിച്ചായിരുന്നു ആ ഗ്ളാസിനോടുള്ള അവളുടെ ഇടപഴകൽ.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആ ഗ്ളാസ് അവളുടെ ചുണ്ടു മുറിച്ചു. വക്കു പൊട്ടിയത് അവൾ അറിഞ്ഞിരുന്നില്ല. അതോടെ ചില്ലു ഗ്ളാസുകളോടുള്ള വിശ്വാസവും മൈലാഞ്ചിക്കു നഷ്ടപ്പെട്ടു.