വിവാഹ – മോചിത !

Mail This Article
സൂര്യനണിയിച്ച ആഭരണങ്ങളഴിച്ചു വച്ച് പകൽ സ്വസ്ഥയായി. നേരം സന്ധ്യയാകുന്നു.
അന്നേരമാണ് നീരജ തിരിച്ചു വന്നത്.
പതിവു പോലെ വന്ന് ചെരിപ്പഴിക്കാതെ അവൾ വീട്ടിലേക്കു കടന്നു. വീട് തന്നോടു പിണങ്ങി മുഖം വീർപ്പിച്ചിരിക്കുകയാണെന്ന് അവൾക്കു മനസ്സിലായി.
സ്വീകരണ മുറിയിലാരോ വന്ന ശബ്ദം കേട്ട് നീരജയുടെ അമ്മ പ്രഫ. സീതാലക്ഷ്മി വന്നു നോക്കി. മകളെക്കണ്ടതും അവർ അസ്വസ്ഥയും ക്രുദ്ധയുമായി.
നീ എവിടെയായിരുന്നു? എന്തിനാ ഇപ്പോൾ ഇങ്ങോട്ടു വന്നത്?
നീരജയുടെ അച്ഛൻ ആനന്ദകുമാറും അവിടേക്കു വന്നു. അയാൾ ഭാര്യയോടു പറഞ്ഞു: അവളെ വിട്ടേക്കൂ. അവൾ വന്നതല്ലേയുള്ള. ആദ്യം ഡ്രസ് മാറട്ടെ.
വേഷം മാറാൻ കല്യാണപ്പെണ്ണൊന്നുമല്ലല്ലോ. കല്യാണം അലങ്കോലപ്പെടുത്തിയ പെണ്ണല്ലേ?!
മകൾക്ക് അതു കേട്ട് ചിരിക്കാനാണ് തോന്നിയത്. കുറിക്കു കൊള്ളുന്ന ഡയലോഗ് പറയാൻ അമ്മ വിദഗ്ധയാണെന്ന് മകൾക്കറിയാം. ഇംഗ്ളീഷ് പ്രഫസറാണ്. കോളജിലെ ആർട്സ് ക്ളബ്ബിനു വേണ്ടി നാടകങ്ങളെഴുതാറുമുണ്ട്.
കല്യാണം മുടങ്ങിയ വീടായിരുന്നു അത്. രാഹുൽ രാജസേനൻ എന്ന യുവാവുമായി വിവാഹം തീരുമാനിച്ചിരുന്ന ദിവസം പുലർച്ചെ വധു നീരജ വീടുവിട്ടു പോയി. അതിന്റെ അലോസരങ്ങളും അലങ്കോലങ്ങളുമെല്ലാം വീടിനു ചുറ്റും ബാക്കി നിൽക്കുന്നുണ്ട്. ചേരില്ലെന്നു തോന്നിയിട്ട് ട്രയൽ റൂമിൽ ആരോ അഴിച്ചിട്ട പുത്തൻ വസ്ത്രങ്ങൾ പോലെ കല്യാണപ്പന്തലിലെ അലങ്കാരത്തുണികൾ അഴിച്ച് മുറ്റത്ത് കൂട്ടിയിട്ടിരുന്നു. കുറെ പ്ളാസ്റ്റിക് കസേരകൾ ഒന്നും മിണ്ടാതെ മുഖത്തോടു മുഖം നോക്കിയും തലതിരിച്ചും അവിടെയും ഇവിടെയുമൊക്കെ മാറിയിരിക്കുന്നു. ഏതോ വാഹനങ്ങൾ വന്ന് തിടുക്കപ്പെട്ട് തിരികെപ്പോയതിന്റെ ടയർപ്പാടുകൾ വയറിലേറ്റ അടി പോലെ മുറ്റത്ത് ആഴത്തിൽ തിണർത്തു കിടന്നു.
അമ്മ നിർത്തുന്ന മട്ടില്ല. അവർ പറഞ്ഞു: നീ ആ പയ്യന്റെ കാര്യമെങ്കിലും ഒന്ന് ആലോചിക്കണ്ടേ? അവന്റെ ഫാമിലി. എല്ലാവരുടെയും മുന്നിൽ അവൻ നാണംകെട്ടില്ലേ?
ഞാൻ രാഹുലിനെ കണ്ടിട്ടാണ് വന്നത്.
നീ എവിടെ വച്ചാണ് അയാളെ കണ്ടത്?
കടവന്ത്രയിലെ ആര്യാസ് ഹോട്ടലിലെ വാഷ്റൂമിനു മുന്നിൽ വച്ച്. അവിടെയാകുമ്പോൾ പ്രൈവസിയുടെ തലവേദനയില്ല. കുറെ ആളുകൾ കൈകഴുകാനും വാഷ്റൂമിൽപ്പോകാനും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അധികം സംസാരിക്കേണ്ടി വന്നില്ല. ഞങ്ങൾ രണ്ടാളും വേഗം കൈകഴുകിയിട്ട് തിരിച്ചു പോന്നു.
ആനന്ദകുമാർ അതു കേട്ട് സന്ദർഭം മറന്ന് പൊട്ടിച്ചിരിച്ചു. അമ്മയ്ക്കു ദേഷ്യം അടങ്ങുന്നില്ല. അവർ പറഞ്ഞു: വിവാഹത്തിന്റെ തലേന്നു രാത്രി പെണ്ണിനെ കാണാതാവുക. കല്യാണം മുടങ്ങുക. അന്ന് വൈകുന്നേരം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിൽ തിരിച്ചു വന്നു കയറുക. എനിക്ക് ഇതൊന്നും വളരെ നിസ്സാരമായി കാണാനേ പറ്റുന്നില്ല.
അയാൾ പറഞ്ഞു: എനിക്കും. ഈ സാഹചര്യത്തിൽ നമ്മൾ മാതാപിതാക്കൾക്ക് മറ്റെന്താണ് ചെയ്യാനാവുക? നമ്മളുടെ മകളും ഇതൊക്കെ മനസ്സിലാക്കാൻ പ്രായമുള്ള യുവതിയാണ്.
അയാൾ മകളോടു ചോദിച്ചു: രാഹുൽ നിന്നോട് എന്തെങ്കിലും പറഞ്ഞോ?
രാഹുലിനോട് ഞാൻ സോറി പറഞ്ഞു. കൈയും മുഖവും തുടയ്ക്കാൻ ടിഷ്യൂ എടുത്തു കൊടുത്തു. അയാൾ താങ്ക്സ് പറഞ്ഞു. ഈ സാഹചര്യത്തിൽ എനിക്ക് അയാൾക്കു വേറൊന്നും ഓഫർ ചെയ്യാനില്ലല്ലോ.
വിഷയം മാറ്റാനെന്നോണം ആനന്ദകുമാർ ഭാര്യയോടു ചോദിച്ചു: സദ്യ കുറെ എടുത്തു വച്ചിട്ടുണ്ട്. നീരജ കുളിച്ചിട്ടു വന്നാൽ നമ്മൾക്കതു കഴിച്ചാലോ?
അവർക്കു വീണ്ടും ദേഷ്യം വന്നു. എന്റെ അടിയന്തരത്തിനു കഴിക്കാം എന്നു പറഞ്ഞിട്ട് അവർ കനപ്പിച്ച് നടന്നു പോയി.
മുറിയിൽ മകളും അച്ഛനും മാത്രം തനിച്ചായി. അത്തരം ഒരു സാഹചര്യം അയാൾ ആഗ്രഹിച്ചിരുന്നില്ല. അവർ പരസ്പരം നോക്കി. താനും മകളും ഒരു സ്റ്റേജിൽ നിൽക്കുകയാണെന്നും തങ്ങളുടെ മുന്നിൽ വിശാലമായ ഒരു ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ വന്നവരെല്ലാം നാടകം കാണാനെന്ന പോലെ കാത്തിരിക്കുന്നതായും അയാൾക്കു തോന്നി. അവരെല്ലാം ചില ചോദ്യങ്ങളും ഉത്തരങ്ങളും കേൾക്കാൻ ആഗ്രഹിച്ചാണ് വന്നു നിൽക്കുന്നത്. അയാൾ ഡയലോഗ് മറന്നു പോയ നടനെപ്പോലെ മകളെ നോക്കി.
അവൾ പറഞ്ഞു: പണ്ട് കള്ളം പറഞ്ഞതിന് അച്ഛൻ എന്നെ അടിച്ച ദിവസം ഞാൻ രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു കരഞ്ഞു. അന്നു രാത്രി അച്ഛനെനിക്ക് ഇങ്ങനെയൊരു മെസേജ് അയച്ചിരുന്നു; നിനക്ക് ഇപ്പോൾ തോന്നുണ്ടാകും ഞാൻ ചെയ്തത് തെറ്റാണെന്ന്. പക്ഷേ പിന്നീട്, കുറെക്കാലം കഴിയുമ്പോൾ മനസ്സിലാകും അതൊരു വലിയ ശരിയായിരുന്നു എന്ന്. അന്നത്തെ ആ മെസേജ് ഞാൻ സൂക്ഷിച്ചിരുന്നു. ഇന്നു രാവിലെ ഞാനത് അച്ഛന് തിരിച്ചയച്ചിരുന്നു.
അയാൾ പറഞ്ഞു: ഞാനതൊന്നും കണ്ടില്ല. എന്റെ ഫോണിൽ നിറയെ തുറക്കാത്ത മെസേജുകളാണ്. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഫോണിൽ വരാറുള്ള സന്ദേശങ്ങൾ വാടകയ്ക്കു വാങ്ങാൻ കിട്ടുന്ന കുപ്പായങ്ങൾ പോലെയാണ്. ഒന്നുകിൽ മറ്റൊരാൾ ഉപയോഗിച്ചവ, അല്ലെങ്കിൽ ആർക്കു കൈമാറിയാലും കുഴപ്പമില്ലാത്തവ.
മകൾ ചോദിച്ചു: എന്നെ കാണാതായപ്പോൾ മുതൽ നിങ്ങൾ എങ്ങനെ മാനേജ് ചെയ്തു?
ഞാൻ കുളിമുറിയിൽ കയറി വാതിലടച്ചിട്ട് കുറെ നേരം ഷവർ തുറന്നിരുന്നു. വാഷ് ബേസിനിൽ നിന്ന് വെള്ളമെടുത്ത് ബിപിയുടെ ഗുളിക രണ്ടെണ്ണം കഴിച്ചു. എന്റെ സഹപ്രവർത്തക ലീനാ വർഗീസും ഹസ്ബന്റ് ചെറിയാൻ വർഗീസും വന്നിരുന്നു. രാവിലെ മുതൽ നിന്നെ കാണാനില്ലെന്ന് അവരോട് ഞാൻ പറഞ്ഞു. നീരജയ്ക്ക് ഈ വിവാഹത്തിനു താൽപര്യമില്ല, അതുകൊണ്ട് നമ്മൾ ചടങ്ങുകൾ തൽക്കാലം മാറ്റി വയ്ക്കുകയാണ് എന്ന് ലീന എല്ലാവരോടും പറഞ്ഞു. സദ്യയുടെ ഭക്ഷണം പാലാരിവട്ടത്തും തൂപ്പൂണിത്തുറയിലുമുള്ള അനാഥാലയങ്ങളിൽ കൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്തത് ചെറിയാനാണ്. കല്യാണത്തിനു കാറിൽ വന്ന ബന്ധുക്കളിൽ ചിലർ റിവേഴ്സ് എടുക്കുമ്പോൾ വല്ലാതെ ഇറിറ്റേഷൻ കാട്ടി. അതിനിടെ മുറ്റത്തെ കുറെ ചെടിച്ചെട്ടികൾ പൊട്ടിച്ചു.
നീരജ ചോദിച്ചു: അമ്മയോ?
ആനന്ദകുമാർ പറഞ്ഞു: രാഹുലിന്റെ അമ്മ ശ്രീനന്ദിനിയുമായി സംസാരിച്ചത് നിന്റെ അമ്മയാണ്. ഇല്ല, വേണ്ട, അറിയില്ല, ആയിക്കോട്ടെ എന്നൊക്കെ അവൾ മറുപടി പറയുന്നതു ഞാൻ കേട്ടു. ഏറ്റവും ഒടുവിൽ പറ്റില്ല എന്നു പറഞ്ഞ് ഫോൺ വയ്ക്കുകയും ചെയ്തു. പിന്നീട് മുറിയിൽപ്പോയി നമ്മുടെ ഫാമിലി ഫോട്ടോയിലെ എന്റെ പടത്തിൽ ചൂരൽ കൊണ്ട് കുറെത്തവണ അടിക്കുന്നതും കണ്ടു.
രാഹുലിന്റെ അമ്മ ശ്രീനന്ദിനി മുകുന്ദൻ ചോദിച്ചത് എന്തൊക്കെ ചോദ്യങ്ങളായിരിക്കും എന്ന് ആലോചിച്ചുകൊണ്ടാണ് നീരജ വാഷ്റൂമിലേക്കു പോയത്.
ശ്രീനന്ദിനി: നിങ്ങളുടെ നീരജ എന്ന 28 വയസ്സുള്ള മകൾ എവിടെയാണ് പോയത് എന്ന് പ്രഫ. സീതാലക്ഷ്മിക്ക് അറിയാമോ?
സീതാലക്ഷ്മി: ഇല്ല.
ഈ വിവാഹം വേറൊരു സമയത്തേക്ക് മാറ്റിവയ്ക്കണോ?
വേണ്ട.
എങ്കിൽ ഈ വിവാഹം അലങ്കോലപ്പെടുത്തിയത് നിങ്ങളുടെ മകളാണ് എന്ന് എല്ലാവരോടും ഞങ്ങൾ പറഞ്ഞോട്ടേ?
ആയിക്കോട്ടെ.
അവസാന ചോദ്യം എന്തായിരിക്കുമെന്നു മാത്രം അവൾക്ക് ഒരു ഊഹവും കിട്ടിയില്ല. അതിനാണ് അവളുടെ അമ്മ പറ്റില്ല എന്നു മറുപടി പറഞ്ഞത്.
മകൾ കുളിച്ചിട്ടു വരുന്നതിനു മുമ്പു തന്നെ സീതാലക്ഷ്മി തന്നെ ഭക്ഷണം വിളമ്പി വച്ചിരുന്നു. രണ്ട് തൂശനിലയിൽ തണുത്ത സദ്യ. അവിയലിന്റെ മുഖം വളിച്ചിരുന്നു. പായസം മാത്രം ഗ്ളാസിൽ നിന്ന് ഇറങ്ങാൻ മടിച്ച് ഉള്ളിൽത്തന്നെ നിന്നു. ആനന്ദകുമാർ എത്ര നിർബന്ധിച്ചിട്ടും കഴിക്കുന്നില്ലെന്നു തന്നെയായിരുന്നു സീതാലക്ഷ്മിയുടെ നിലപാട്.
സീതാലക്ഷ്മി പറഞ്ഞു: മകൾ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ തിരഞ്ഞെടുത്ത സമയം തീരെ ശരിയായില്ല.
ആനന്ദകുമാർ ചോദിച്ചു: ഡ്രൈവിങ്ങിൽ നമ്മൾ അവസാന നിമിഷം ചില അപ്രതീക്ഷിത തീരുമാനങ്ങളെടുക്കാറില്ലേ? അതൊക്കെ തെറ്റെന്നു പറയാൻ കഴിയുമോ?
നിങ്ങൾ ഒരു ജേണലിസ്റ്റാണ്. സംസാരിക്കാൻ നല്ല വിരുതുമുണ്ട്. പക്ഷേ അതെല്ലാം കേൾക്കുന്നവർ വിശ്വസിക്കുന്നു എന്നു മാത്രം കരുതരുത്. അവൾക്ക് നമ്മളോടെങ്കിലും പറയാമായിരുന്നു.
പറഞ്ഞാൽ നമ്മൾ ഇതിന് അനുവദിക്കുമോ എന്നായിരുന്നു ആനന്ദകുമാറിന്റെ ചോദ്യം.
ഞാൻ അനുവദിച്ചേനെ. ഞാൻ തീർച്ചയായും അനുവദിച്ചേനെ എന്ന സീതാലക്ഷ്മിയുടെ മറുപടി കേട്ടു കൊണ്ടാണ് മകൾ വന്നത്.
സീതാലക്ഷ്മി പറഞ്ഞു: മുടങ്ങിപ്പോയ കല്യാണ സദ്യ കഴിക്കുന്ന ആദ്യ വധുവായിരിക്കും നീ !
ആഗ്രഹിക്കാത്ത കല്യാണ സദ്യ കഴിച്ച ഒരുപാടു പെൺകുട്ടികൾ വേറെയും ഉണ്ടാകും, അമ്മയെപ്പോലെ എന്നു ഞാൻ പറയാത്തത് അച്ഛനോടു ബഹുമാനം ഉള്ളതുകൊണ്ടാണ്.
അവൾ വേഗം കഴിച്ചെഴുന്നേറ്റു.
ഇടയ്ക്ക് എപ്പോഴോ തരംകിട്ടിയപ്പോൾ സീതാലക്ഷ്മി ഭർത്താവിനോടു ചോദിച്ചു: നമ്മൾക്ക് അയാളെ ഒന്നു കാണണ്ടേ?
എന്തിന്? അവൾ നമ്മളോടു പറയാത്ത കാര്യം അയാളോടു ചോദിച്ചറിയാനാണോ? അതു വേണ്ട. ചില ചോദ്യങ്ങൾ ചോദിക്കേണ്ട എന്നു വയ്ക്കുന്നത് നമ്മൾ എടുക്കുന്ന നിലപാടു കൂടിയാണ്. ഒരു നിലപാടുമില്ലാത്തവർ നല്ല മാതാപിതാക്കളല്ല.
സീതാലക്ഷ്മി പറഞ്ഞു: ഞാനൊരു അധ്യാപികയാണ്. ചോദ്യം മനസ്സിൽ വന്നാലുടൻ ചോദിക്കുക, ഉത്തരം തെറ്റാണെങ്കിൽ അതു പറയുന്നവരെ തിരുത്തുക. അതാണ് ഞാൻ ശീലിച്ചത്.
കൈയിലുള്ള ഉത്തരവുമായി ചേർത്തു വച്ചല്ലേ അധ്യാപകർ എന്നും മാർക്കിട്ടിരുന്നതും തിരുത്തിയിരുന്നതും. ഓരോ ചോദ്യത്തിനും മറ്റൊരു ഉത്തരം കൂടി ഉണ്ടാവില്ലെന്ന് എന്താണ് അത്ര ഉറപ്പ്?
രാത്രി ഉറങ്ങാൻ നേരം ആനന്ദകുമാർ ഭാര്യയോടു പറഞ്ഞു: ഇന്ന് മകൾ തനിയെ കിടക്കണ്ട. രാത്രിയിൽ നമ്മുടെ നടുവിൽ കിടക്കട്ടെ. കാല് നിന്റെ ദേഹത്തും കൈ എന്റെ നെഞ്ചിലും.
എന്റെ ദേഹത്തൊന്നും തൊടണ്ട. എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു ഭാര്യയുടെ പ്രതികരണം.
എന്നാൽ കൈ നിന്റെ ദേഹത്തും കാല് എന്റെ നെഞ്ചിലുമാക്കാം എന്ന് അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു. സീതാലക്ഷ്മി മറുത്തൊന്നും പറഞ്ഞതേയില്ല.