Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട നിറച്ചത് എളുപ്പത്തിൽ തയാറാക്കാം

ആയിരം കോഴിക്ക് അരക്കാട എന്നാണു ചൊല്ല്. കോഴിയേക്കാൾ വലിപ്പം കുറവാണെങ്കിലും ഇറച്ചിയുടെ പോഷകമൂല്യത്തിന്റെ അടിസ്ഥാനത്തിൽ മുൻനിരയിലാണ് ഈ ഇത്തിരിക്കുഞ്ഞന്റെ സ്ഥാനം. പ്രൊട്ടീൻ, വൈറ്റമിൻ, മിനറൽസ് എന്നിവയുടെ കലവറയാണ് കാടയിറച്ചി. പോഷകങ്ങൾ ഒട്ടും നഷ്ടമാകാതെ ‘കാട നിറച്ചത്’ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

കാട – 4

ഉപ്പ് – 1 ടീസ്പൂൺ

മുളകു പൊടി –1 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി – 1 ടീസ്പൂൺ

കുരുമുളകു പൊടി – 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

നാരങ്ങ – 1

ടൊമാറ്റോ പ്യൂരേ


– 1 കപ്പ്

മസാലക്കൂട്ട് തയാറാക്കാൻ

എണ്ണ – ആവശ്യത്തിന്

സവോള അരിഞ്ഞത് – 2 എണ്ണം

ഉപ്പ് – 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

പച്ചമുളക് – 2 എണ്ണം

മുളകുപൊടി – 1 ടീസ്പൂൺ

മഞ്ഞൾപൊടി – അര ടീസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

ഗരം മസാല – അര ടീസ്പൂൺ

കുരുമുളക് പൊടി – അര ടീസ്പൂൺ

തക്കാളി അരിഞ്ഞത് – 1

കാടമുട്ട പുഴുങ്ങിയത് – 10 എണ്ണം

സ്റ്റഫ്ഡ് ക്വിൽ

വൃത്തിയാക്കിയ നാലു കാടയിലേക്ക് (മുഴുവനായി തന്നെ) ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പകുതി നാരങ്ങയുടെ നീര് എന്നിവ നന്നായി തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കണം. അരപ്പ് നന്നായി പിടിക്കാനാണിത്. പാൻ ചൂടാക്കി രണ്ട് സവോള ചെറുതായി അരിഞ്ഞത് നന്നായി വഴറ്റി എടുക്കുക. ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർക്കാം. ചെറുതായി നിറം മാറി വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഒരു തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കുക. പുഴുങ്ങിയ കാടമുട്ടകൾ ഈ കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് തീയണയ്ക്കാം. ഈ അരപ്പ്, മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന കാടയുടെ ഉള്ളിൽ‌ നിറയ്ക്കാം.

∙ പാൻ ചൂടാക്കി എണ്ണയൊഴിച്ച് കാട നിറച്ചത് വറുത്തെടുക്കാം. രണ്ടുവശവും നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു കപ്പ് ടൊമാറ്റോ പ്യൂരേ ചേർക്കണം. രണ്ടു വശവും വീണ്ടും മറിച്ചും തിരിച്ചുമിട്ട് വേവിക്കണം. നന്നായി വെന്തു കഴിയുമ്പോൾ അൽപം ഗ്രേവി കൂടി ചേർക്കാം. പോഷക സമ്പുഷ്ടമായ കാട നിറച്ചത് റെഡി.