മുംബൈ സ്പെഷൽ ചിക്കന്‍ ബുജിങ്

മുംബൈയിലെ പ്രസിദ്ധമായ സ്ട്രീറ്റ് ഫുഡാണ് ചിക്കൻ ബുജിങ്. കനലിൽ ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് റോസ്റ്റ് ചെയ്ത് അതിലേക്ക് മസാലക്കൂട്ടും അവലും ചേർത്ത് തയാറാക്കുന്ന രുചികരമായ ചിക്കന്‍ ബുജിങ് . അരിഞ്ഞ സവോളയും നാരങ്ങാ നീരും ചേർത്തും കഴിയ്ക്കാം. വീട്ടിൽ തയാറാക്കാവുന്നൊരു ചിക്കൻ ബുജിങ് രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ചിക്കൻ – 500 ഗ്രാം
തൊലികളയാത്ത ഉരുളകിഴങ്ങ് – 3
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
കല്ലുപ്പ് – 1 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്

സവോള – 1 കപ്പ്
തേങ്ങാക്കൊത്ത് – ആവശ്യത്തിന്
വെളുത്തുള്ളി – 10 അല്ലി
ചുവന്ന മുളക് – 2
കറുവാപ്പട്ട – 2
പച്ച ഏലയ്ക്ക – 5
ഗ്രാമ്പു – 4
കല്ലുപ്പ് – 1 ടീസ്പൂൺ
അവിൽ – 2 കപ്പ്

പാചകരീതി

ഒരു പാത്രത്തില്‍ 500 ഗ്രാം  ചിക്കന്‍ കഷ്ണങ്ങളാക്കിയത്, തൊലി കളയാത്ത 3 ഉരുളകിഴങ്ങ് അരിഞ്ഞത്, ഒരു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ കല്ലുപ്പ്, ആവശ്യത്തിന് എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഒരു ഗ്രില്ലിങ് പാനില്‍ ചിക്കനും ഉരുളക്കിഴങ്ങും ഗ്രില്‍ ചെയ്യുക.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കഷണങ്ങളാക്കിയ സവാള ഒരു കപ്പ് വഴറ്റി അതിലേക്കു ഗ്രില്‍ ചെയ്തുവച്ച ചിക്കനും ഉരുളക്കിഴങ്ങും ഇട്ടു അല്പം വെള്ളം ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. ഒരു മിക്‌സിയില്‍ വറുത്തെടുത്ത തേങ്ങാ കഷ്ണങ്ങള്‍, 10 അല്ലി വെളുത്തുള്ളി, 2 ചുവന്ന മുളക്, 2 കറുവാപ്പട്ട, 5 പച്ച ഏലയ്ക്ക, 4 ഗ്രാമ്പു, ഒരു ടീസ്പൂണ്‍ കല്ലുപ്പ് ഇവ ചേര്‍ത്ത് അരച്ചെടുക്കുക. ഈ മിശ്രിതം വെന്തുകൊണ്ടിരിക്കുന്ന ചിക്കനില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്കു 2 കപ്പ് അവല്‍ ചേര്‍ത്ത് യോജിപ്പിച്ചാൽ ചിക്കന്‍ ബുജിങ്  തയാർ.

ചിക്കന്‍ ബുജിങ്