Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിയുടെ വൻകരകൾ കീഴടക്കിയ പാസ്ത രുചി

ഇറ്റലിയുടെ സൗന്ദര്യവും രുചിയുമാണു പാസ്ത. പിന്നെ രുചിയുടെ വൻകരകൾ കീഴടക്കി ലോകമെങ്ങുമെത്തി. ഇപ്പോൾ നമ്മുടെ നാട്ടിലും പരിചിത മെനുവിൽ പാസ്തയുണ്ട്. 

ആകൃതിയും കനവും അനുസരിച്ച് നൂറിലധികം പാസ്തകൾ വിപണിയിൽ ലഭ്യമാണ്. മാക്കറോണിയും സിലിണ്ടർ ആകൃതിയിൽ കിട്ടുന്ന പെന്നെ പാസ്തയും സ്പൈറൽ ആകൃതിയിലുള്ള ഫ്യൂസിലിയും ന്യൂഡിൽസ് പോലെയുള്ള സ്പഗറ്റിയും മറ്റുമാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ക്ലാസിക് പാസ്തകൾ. വെർമിസെല്ലിയോടു സാമ്യമുള്ള എയ്ഞ്ചൽ ഹെയർ, ട്യൂബ് പോലെയിരിക്കുന്ന റിഗാറ്റോണി, പൂമ്പാറ്റയുടെ ആകൃതിയിൽ ബോ പോലെ ഫർഫല്ലേ, വീൽ ആകൃതിയിലുള്ള റൊറ്റാലേ....അങ്ങനെ പേരിലും കാഴ്ചയിലും വൈവിധ്യമേറെ. പച്ചക്കറികളോ മീനോ മുട്ടയോ ചിക്കനോ ചീസുകളോ എന്തും ചേർത്ത് ഒരു കംപ്ലീറ്റ് മീൽ ആയി മാറ്റിയെടുക്കാം എന്നതാണു പാസ്തയുടെ പ്ലസ് പോയിന്റ്. ക്രീമും വിവിധതരം ചീസുകളും ബട്ടറുമെല്ലാം ചേർന്ന റിച്ച് രുചി മുതൽ ഒലീവ് ഓയിലിൽ മാത്രം വഴറ്റിയെടുക്കുന്ന സിംപിൾ രുചിയിൽ വരെ പാകപ്പെടുത്തിയെടുക്കാവുന്നതിനാൽ ഏത് ടേസ്റ്റ് റേഞ്ചിലുള്ളവരെയും തൃപ്തിപ്പെടുത്താം. 

പാസ്ത വിഭവങ്ങൾക്കായി റസ്റ്ററന്റിൽ തന്നെ പോകണമെന്നില്ല. ഇടയ്ക്കു വീട്ടിലും പരീക്ഷിക്കാം. പാസ്ത വേവിച്ചെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആകൃതിയും കട്ടിയും അനുസരിച്ച് മൂന്നു മുതൽ 15 മിനിറ്റു വരെ ആകാം വേവ്. പാക്കറ്റിലെ കുക്കിങ് സമയം നോക്കി വേവ് ക്രമീകരിക്കുക. പരന്ന പാത്രത്തിൽ ധാരാളം വെള്ളംവച്ച്, തിളയ്ക്കുമ്പോൾ ഉപ്പും അൽപം ഒലീവ് ഓയിലും ചേർക്കുക. അതിനുശേഷം പാസ്തയിടുക. സ്പഗറ്റിയും എയ്ഞ്ചൽ ഹെയറും പോലുള്ള പാസ്തയാണെങ്കിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇളക്കിക്കൊടുക്കാം. വായിൽ വച്ചാൽ ഒന്നു കടിക്കാവുന്ന വേവിൽ ഊറ്റിയെടുക്കണം. 

കുക്കിങ് ടെർമിനോളജിയിൽ ഈ വേവിനെ അൽ ഡെന്റേ (al- dente) എന്നാണ് വിളിക്കുന്നത്. സോസും മറ്റു ചേരുവകളും ചേർത്തു വഴറ്റുമ്പോൾ കുറച്ചുകൂടി വെന്തു കിട്ടും. ക്രീമി സോസ്, സ്പൈസി സോസ്, ടുമാറ്റോ ബേസ് സോസ് തുടങ്ങി വേവിച്ച പാസ്തയിൽ ഏതു രുചിയിലുള്ള സോസുകളും ചേർക്കാം. 

pasta-primavera

പാസ്ത പ്രീമവേര ചേരുവകൾ

പാസ്ത – 250 ഗ്രാം
കാരറ്റ് – 1
കൂൺ – 2
ഗ്രീൻ ബീൻസ് – 1 കപ്പ്
ബേബി കോൺ – 1 കപ്പ്
അസ്പരാഗസ് – 1 കപ്പ്
യെല്ലോ സുക്കിനി – 1 കപ്പ്
ഗ്രീൻ പീസ് – 1 കപ്പ്
ചെറി ടുമാറ്റോ – 1 കപ്പ്
ഗാർലിക്– 1
വൈറ്റ് ഒനിയൻ – 1
ബട്ടർ – 25 ഗ്രാം
ഫ്രഷ് ക്രീം – 2 ടേബിൾ സ്പൂൺ
പാർമീസൻ ചീസ് – ആവശ്യത്തിന്
ഒലിവ് ഓയിൽ – ആവശ്യത്തിന്
വൈറ്റ് വൈൻ – ആവശ്യത്തിന്
നാരങ്ങാ നീര് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
പാർസലി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തിളച്ച വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പും അല്പം ഒലിവ്് ഓയിലും ഒഴിച്ച്്  വേവിക്കുക. ഇതിൽ അൽപം ഒലിവ്് ഓയിൽ വീണ്ടും ചേർത്ത് അരിച്ചു മാറ്റിവെക്കുക. പാസ്ത തിളപ്പിച്ച വെള്ളം പാചകത്തിനായി മാറ്റി വെക്കണം. ഒരു പാനിൽ ഒലിവ്് ഓയിൽ ഒഴിച്ച്് ഒരു ടേബിൾ സ്പൂൺ അരിഞ്ഞ വെളുത്തുള്ളി, കഷണങ്ങളാക്കിയ ഒരു വൈറ്റ് ഒനിയൻ, കഷണങ്ങളാക്കിയ ഒരു കാരറ്റ്് എന്നിവ ചേർത്ത് വേവിക്കുക. ഇതിലേക്ക് 5 കൂൺ അരിഞ്ഞതിട്ടു വൈറ്റ് വൈൻ ഒഴിക്കുക. ഒരു കപ്പ് അരിഞ്ഞ ബീൻസ് ഒരു കപ്പ്്ബേബി കോൺ, ഒരു കപ്പ് അസ്പരാഗസ് എന്നിവ ഇതിലേക്കു ചേർക്കുക. ഒരു യെല്ലോ സുക്കിനി അരിഞ്ഞതും ഒരു ഗ്രീൻപീസും ഒരു കപ്പ് അരിഞ്ഞ ചെറി ടൊമാറ്റോയും ഇതിൽ ചേർക്കുക. ശേഷം 25 ഗ്രാം ബട്ടറും 2 ടേബിൾ സ്പൂൺ ഫ്രെഷ് ക്രീമും ഒരു നാരങ്ങയുടെ നീരും പാസ്ത തിളപ്പിച്ച വെള്ളവും ആവശ്യത്തിന് ചേർക്കുക. ഒരു ടേബിൾസ്പൂൺ ഉപ്പും ഇതിലേക്ക് ചേർത്ത് പാകം ചെയ്ത പാസ്തയും പാർമേസാൻ ചീസും അരിഞ്ഞ പാഴ്സലിയും വിതറി ചൂടോടെ വിളമ്പാം.