ADVERTISEMENT

ഈസ്റ്റർ... ഉയിർത്തെഴുന്നേൽക്കുന്ന വിശുദ്ധിയുടെ ആഘോഷം. പ്രാർഥന കൊണ്ട് മനസും, സസ്യാഹാരം കൊണ്ട് ശരീരവും നിർമലമാക്കി പുത്തനുണർവു നേടിയ ശേഷം വീണ്ടുമാ ചൂടൻ രൂചിക്കൂട്ടുകളുടെ ലോകത്തേക്കുള്ള യാത്ര. പൂ പോലുള്ള പാലപ്പവും മട്ടൺ സ്റ്റ്യൂവും കള്ളപ്പവുമൊക്കെയുണ്ടെങ്കിലും ഈസ്റ്റർ നാവിൻതുമ്പിൽ ആഘോഷമേളം തീർക്കണമെങ്കിൽ നല്ല ഒന്നാന്തരം  താറാവു കറി തന്നെ വേണം. തേങ്ങാപ്പാലു ചേർത്തൊരു താറാവു കറിയായാലോ?

Read this in English

തേങ്ങാപ്പാൽ ചേർത്ത താറാവ് കറി

  • താറാവ് – 1 കിലോ
  • സവാള – രണ്ട് എണ്ണം മീഡിയം
  • ചെറിയ ഉള്ളി – 25 എണ്ണം
  • പച്ചമുളക് – 5 എണ്ണം
  • ഇഞ്ചി – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 15 ചെറിയ അല്ലി
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
  • പെരുംജീരകം – 1 ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • കുരുമുളക് ചതച്ചത് – 2 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • തക്കാളി – രണ്ട് എണ്ണം
  • വിനാഗിരി– ആവശ്യത്തിന്
  • വെള്ളം, വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില,
  • തേങ്ങാപ്പാൽ – ഒരു കപ്പ് (വലിയ തേങ്ങ)

തേങ്ങാപ്പാൽ ഒരു കപ്പ് വെള്ളത്തിൽ മിക്സിയിൽ അടിച്ച് തയാറാക്കി വയ്ക്കുക.

മാരിനേറ്റ് ചെയ്യാൻ

അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മുളക് പൊടി(കാശ്മീരി മുളക് പൊടി) കുരുമുളക് പൊടി രണ്ട് ടേബിൾ സ്പൂൺ, മൂന്ന് ടീസ്പൂൺ വിനാഗിരി, ആവശ്യത്തിന് ഉപ്പ്. ഉപ്പ് ആദ്യം കുറച്ച് ചേർക്കുക. ഇതെല്ലാം ഇറച്ചിയിൽ കൈകൊണ്ട് തിരുമ്മി വയ്ക്കുക. ഇത് 15 മിനിറ്റ് നേരം വയ്ക്കുക.

അതിനു ശേഷം മുളകും തക്കാളിയും മുറിച്ച് വയ്ക്കുക. തക്കാളി ചെറുതായി കട്ട് ചെയ്തു വച്ചാൽ എളുപ്പത്തിൽ വേകും. 15 മിനിറ്റിനു ശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന താറാവിറച്ചി വേവിക്കാൻ വയ്ക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയുടെ പകുതി ചേർക്കുക രണ്ട് തണ്ട് കറിവേപ്പിലയും കുറച്ച് വെളുത്തുള്ളിയും ചേർക്കുക. രണ്ട് പച്ചമുളകും അര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നാല് വിസിലാണ് ഇതിന്റെ പാകം. തീകൂട്ടി ഒരു വിസിലും തീ കുറച്ച് മൂന്ന് വിസിലും.

മസാല തയാറാക്കുന്നതിന്

ചൂടായ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് പെരും ജീരകം ഇട്ട് നന്നായി മൂപ്പിക്കുക. അതിലേക്ക് സവാളയും ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കുക ഇതിലേക്ക് അല്പം ഉപ്പ് ചേർക്കുക. ഇതെല്ലാം നന്നായി വഴന്നു വരണം. അതിനുശേഷം തീ നന്നായി കുറച്ച് വച്ച് അതിലേക്ക് പൊടികൾ ചേർക്കുക. മല്ലിപ്പൊടി, മഞ്ഞൾ പ്പൊടി, മുളകു പൊടി, കുറച്ച് ഗരം മസാല ഇതെല്ലാം തീ കുറച്ച് വച്ച് വഴറ്റിയെടുക്കുക. പൊടികൾ നന്നായി മൂത്ത് കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേര്‍ക്കുക. നന്നായിട്ട് മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചതച്ച് വച്ചിരിക്കുന്ന കുരുമുളക് പൊടി ചേർക്കുക. തക്കാളി വേകുന്ന തിനു വേണ്ടി ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക. അരപ്പ് നന്നായിട്ട് വഴന്നു കഴിയുമ്പോൾ വെന്തിരിക്കുന്ന താറാവിറച്ചി ഇതിലേക്ക് ചേർക്കുക. എരുവിനു വേണ്ടി കുറച്ച് കുരുമുളക് ചതച്ചത് ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും ബാക്കി ഇരിക്കുന്ന ഗരം മസാലയും ചേർക്കുക. ഈ അരപ്പെ ല്ലാം ഇറച്ചിയിൽ നന്നായി പിടിക്കാൻ വേണ്ടി അഞ്ചു മിനിറ്റ് അടച്ച് വച്ച് വേവിക്കുക. അഞ്ചു മിനിറ്റ് വേവിച്ച ശേഷം തയാറാക്കി വച്ചിരിക്കുന്ന കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക. ഇത് തിളയ്ക്കരുത് നന്നായി ചൂടാക്കി വാങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com