ADVERTISEMENT

ഉപ്പും മുളകിലെ കേശുവായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ് അൽസാബിത്. വാചകമടിയും കുസൃതിത്തരവും വിശപ്പും ചേർന്നാൽ കേശുവായി. എന്നാൽ വാചകം മാത്രമല്ല പാചകവും തനിക്ക് വഴങ്ങുമെന്ന് ചെറുപ്രായത്തിലേ അൽസാബിത് തെളിയിച്ചു. ഒരു കുക്കിങ് റിയാലിറ്റി ഷോയിലൂടെയാണ് പയ്യനു മിനിസ്ക്രീനിലേക്കുള്ള വാതിൽ തുറന്നത്.അവധിക്കാലമായപ്പോൾ വീണുകിട്ടിയ ഷൂട്ടിന്റെ ഇടവേളയിൽ വീട്ടിലെത്തിയപ്പോൾ തന്റെ പാചക വൈദഗ്ധ്യം ഒന്നു പൊടിതട്ടിയെടുക്കാമെന്നു അൽസാബിത് വിചാരിച്ചു. പിന്നെ നേരെ അടുക്കളയിലേക്ക്...

സംഭവബഹുലമായ ഒരു ബനാനാ ഫ്രൈയാണ് ഞാനിവിടെ തയാറാക്കുന്നത്. ഇത് ഞാൻ തന്നെ കണ്ടുപിടിച്ചതല്ല. എന്റെ പരീക്ഷണങ്ങളിൽ ഒരു മികച്ച സംഭവമായിട്ടു വരും ഇത്. സാധാരണ ഏത്തയ്ക്ക പൊളിച്ചിട്ട് നമ്മൾ കഴിക്കാറാണല്ലോ പതിവ്. ഇതങ്ങനെയല്ല വേറൊരു രീതിയാണ്.

പണ്ടൊക്കെ സ്കൂൾ വിട്ട് ഞാൻ വരുമ്പോൾ അമ്മ ഇവിടെയില്ലായിരിക്കും കാരണം അമ്മയ്ക്ക് പോസ്റ്റ് ഓഫീസിൽ ആണ് ജോലി. അപ്പോൾ ആ സമയം ഞാൻ നൈസായി എന്തെങ്കിലും ഒക്കെ എടുത്ത് ഉണ്ടാക്കി കഴിക്കാറാണ് പതിവ്. ശരിക്കും ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ‘കുട്ടിക്കലവറ’യിൽ പോയി ധൈര്യമായിട്ട് പങ്കെടുത്തത്. അതോടെ നാട്ടുകാർക്ക് മനസിലായി എനിക്ക് പാചകം ചെയ്യാനും അറിയാമെന്ന്. പിന്നെ നമ്മുടെ ‘ഉപ്പും മുളകി’ൽ ഞാനൊരു തീറ്റപ്രിയനാണ്. പക്ഷേ സത്യത്തിൽ ഞാനങ്ങനെയല്ല.

നമുക്ക് അമ്മയെ വിളിക്കാം. കാരണം സ്റ്റൗ ഓണാക്കണമെങ്കിൽ അമ്മ വരണം. പണ്ട് ഞാൻ ഇൻഡക്ഷൻ കുക്കറിലായിരുന്നു പാചകം ചെയ്തിരുന്നത്.

അമ്മ : ഗ്യാസ് കത്തിച്ച് ദോശക്കല്ല് വച്ച് ചൂടായിക്കഴിയുമ്പോൾ അൽപം നെയ്യ് അതിൽ പുരട്ടി ഏത്തയ്ക്ക അതിലേക്കിട്ട് മൊരിച്ചെടുക്കാം. ചിക്കൻ ഫ്രൈ കഴിഞ്ഞാൽ അൽസാബിതിന് ഏറ്റവും ഇഷ്ടപ്പെട്ട സ്നാക്കാണിത്. എല്ലാ ദിവസവും ഈ സ്നാക്ക് സ്കൂളിൽ കൊടുത്തു വിട്ടു കഴിഞ്ഞാൽ ഭയങ്കര ഹാപ്പിയാണ്. എന്നാൽ പഴംപൊരി അത്ര ഇഷ്ടമില്ല. ഏത്തപ്പഴമായിട്ടു കൊടുത്താലും ഇഷ്ടമില്ല. ചെറുതിലേ ഇത്ര തടിയൊന്നും അൽസാബിതിന് ഉണ്ടായിരുന്നില്ല. പിന്നെ ഏത്തപ്പഴം കഴിപ്പിക്കാൻ വേണ്ടി ഇങ്ങനെയുണ്ടാക്കി കൊടുത്തിരുന്നു. സ്‌കൂളിൽ പോകുന്ന കുട്ടികളുള്ള അമ്മമാർക്ക് ഈ വിഭവം ഞാൻ ശുപാർശ ചെയ്യുന്നു.

അൽസാബിത് : ഏത്തപ്പഴത്തിന്റെ ഒരു ഭാഗം മൊരിഞ്ഞു കഴിയുമ്പോൾ കുറച്ച് നെയ്യ് അതിന്റെ മേലെ ഒഴിച്ച് ഒരു ചട്ടുകം കൊണ്ട് മറിച്ചിട്ട് രണ്ടാമത്തെ വശവും മൊരിച്ചെടുക്കുക. ഇതിനി ഒരു പാത്രത്തിലേക്കെടുത്ത് ഇതിന്റെ മുകളിൽ കുറച്ച് പഞ്ചസാര വിതറി ഉപയോഗിക്കാം. രണ്ടു മിനിട്ടു കൊണ്ട് തയാറാക്കിയെടുക്കാവുന്ന വിഭവമാണിത്. കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വിഭവമാക്കിയെടുക്കാം. ഏത്തപ്പഴം കഴിക്കാത്ത കുട്ടികളാണെങ്കിൽ ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ മതി. ഏത്തയ്ക്കയും നെയ്യും പഞ്ചസാരയും എല്ലാം ചേർത്ത് ഇതുണ്ടാക്കി കുട്ടികളെ ചെറുതായൊന്നു പറ്റിക്കുകയും ചെയ്യാം.

ഏത്തയ്ക്ക നെയ്യിൽ വറുത്തത്

ആവശ്യമുള്ളത്

  • ഏത്തയ്ക്ക പഴുത്തത് – 1 എണ്ണം
  • നെയ്യ് – 1/2 ടീ സ്പൂണ്‍
  • പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ദോശക്കല്ല് ചൂടാക്കി അതിൽ അല്പം നെയ്യ് പുരട്ടി (പഴുത്ത ഏത്തയ്ക്ക ഒരെണ്ണം വട്ടത്തിൽ അരിഞ്ഞ് ) അരിഞ്ഞു വച്ചിരിക്കുന്ന ഏത്തയ്ക്ക ഇതിലേക്കിട്ട് മൊരിച്ചെടുക്കുക. രണ്ടു വശത്തും നെയ്യ് ഒഴിച്ച് രണ്ടു വശവും നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി അതിന്റെ മുകളിലേക്ക് അല്പം പഞ്ചസാര വിതറി ഉപയോഗിക്കാം. വെറും രണ്ടു മിനിട്ടിൽ കുട്ടികൾക്കിഷ്ടപ്പെടുന്ന സ്വാദിഷ്ടമായ ബനാനാ ഫ്രൈ തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com