കറുമുറെ കഴിക്കാൻ മുട്ടവളകൾ

Egg Rings
SHARE

രുചികരമായൊരു പലഹാരമാണ് എഗ്ഗ് റിംഗ്സ്.  പുഴുങ്ങിയ മുട്ടകൊണ്ട് രണ്ട് തരത്തിലുള്ള പലഹാരങ്ങളാണ് ഇവിടെ തയാറാക്കുന്നത്. മുട്ടവളയങ്ങളും മുട്ടയുടെ ഉണ്ണികൊണ്ട് തയാറാക്കുന്ന സ്പെഷൽ സ്നാക്കും.

ചേരുവകൾ 

  • മുട്ട – 11 എണ്ണം (9 എണ്ണം പുഴുങ്ങിയെടുക്കണം)
  • മൈദ – 1 കപ്പ്
  • ബ്രഡ് പൊടിച്ചത് – 50 ഗ്രാം
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം പാനിൽ 9 മുട്ടകൾ ഉപ്പിട്ട് പുഴുങ്ങിയെടുക്കുക.  തണുത്ത മുട്ട പൊളിച്ച് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. അതിനുശേഷം മുട്ട വട്ടത്തിൽ മുറിക്കുക. കൈയിൽ വച്ച് തന്നെ മുറിക്കുന്നതു നന്നായിരിക്കും, അല്ലെങ്കിൽ മുട്ട പൊടിഞ്ഞു അടർന്നു പോകും. മുട്ടയുടെ ഉണ്ണി ഉൾപ്പെടെ മുറിക്കുക. ഉണ്ണി മാറ്റി വയ്ക്കുക. എഗ്ഗ് റിംഗ്സ് ഉണ്ടാക്കാൻ ഉണ്ണി ഉപയോഗിക്കുന്നില്ല. ഉണ്ണി ഇഷ്ടപ്പെടുന്നവർക്കു വേണ്ടി ഇതു കൊണ്ട് വേറൊരു ഐറ്റം ഉണ്ടാക്കാം അതിനായി എഗ്ഗ് യോക്ക് മാറ്റിവയ്ക്കുക.

മുട്ട റിങ്സ് മുക്കിപ്പൊരിക്കാൻ 50 ഗ്രാം ബ്രഡ് ക്രംസിലേക്ക് അര സ്പൂൺ കുരുമുളകുപൊടിയും കുറച്ച് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം പുഴുങ്ങാതെ മാറ്റിവച്ച രണ്ട് മുട്ട പൊട്ടിച്ച് ഒരു സ്പൂണുകൊണ്ട് കലക്കി  വയ്ക്കുക. മുറിച്ച് വച്ചിരിക്കുന്ന ഓരോ റിങ്സും ഈ കലക്കി വച്ച മുട്ടയിൽ മുക്കി മൈദയിൽ മുക്കി മാറ്റി വയ്ക്കുക. എല്ലാം റിങ്സും ഇങ്ങനെ ചെയ്തതിനുശേഷം വീണ്ടും കലക്കി വച്ച മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി വയ്ക്കുക. ഇനി ഒരു ഫ്രൈ പാനിൽ കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് തയാറാക്കി വച്ചിരിക്കുന്ന മുട്ട റിങ്സ് ഇട്ട് വറക്കുക. രണ്ടു വശവും മറിച്ചിട്ട് വറുക്കുക. മുട്ട റിങ്സ് ഒരു പാത്രത്തിലേക്ക് കോരി മാറ്റുക. 

മുട്ടയുടെ ഉണ്ണി കൊണ്ട് നല്ല ഒരു സ്നാക്ക് നമുക്ക് ഉണ്ടാക്കാം. അതിനു വേണ്ടി എഗ്ഗ് റിങ്സ് ഉണ്ടാക്കാൻ ഉപയോഗിച്ച ചേരുവകൾ മതിയാകും. ഒരു ബൗളിൽ മുട്ടയുടെ ഉണ്ണി, മൈദ, ബാക്കി വന്ന മുട്ട പതപ്പിച്ചത്, ബ്രഡ് ക്രംസ് ഇതെല്ലാം കൂടി മിക്സ് ചെയ്ത് മുട്ടയുടെ ഉണ്ണി ഉടച്ചെടുക്കണം. അതിനുശേഷം ഇത് ഉരുട്ടി എടുക്കുക. ഇത് ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി അതിലേക്കിട്ട് വറുത്തു കോരി എടുക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA