ADVERTISEMENT

ചിക്കൻ ബിരിയാണി കുക്കറിൽ തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ. കിസ്മിസ്, കശുവണ്ടിപ്പരിപ്പൊന്നും ചേർക്കാതെയാണ് രുചികരമായ ഈ ചിക്കൻ ബിരിയാണി തയാറാക്കുന്നത്.

ചേരുവകൾ

  • ചിക്കൻ – 1 1/2 കിലോ (30–35 കഷണങ്ങൾ)
  • സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് (ഇടത്തരം വലുപ്പമുള്ളത്) – 4 എണ്ണം
  • പച്ചമുളക് ചതച്ചത് (ഇടത്തരം വലുപ്പമുള്ളത്) – 10 എണ്ണം
  • ഇഞ്ചി ചതച്ചത് – രണ്ടു കഷണം (വലുത്)
  • വെളുത്തുള്ളി ചതച്ചത് (വലുത്) – 1 (10–15 അല്ലി)
  • നെയ്യ് – 4 ടേബിൾ സ്പൂൺ
  • ടുമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ
  • തൈര് – 1 1/2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി –1/2 ടീസ്പൂൺ
  • ഗരംമസാല പൊടിച്ചത് – 1 ടീ സ്പൂൺ
  • ബസ്മതി റൈസ് – 2 കപ്പ്
  • മല്ലിയില – 1/2 കപ്പ്
  • പുതിനയില – 1/2 കപ്പ്
  • വെള്ളം (നന്നായി തിളച്ചത്) – 1 1/2 കപ്പ്

തയാറാക്കുന്ന വിധം

ഒരു ഫ്രൈപാനിൽ നാല് ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക (എണ്ണയും ഉപയോഗിക്കാം) അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി (ഇവ മൂന്നും കൂടി ഒരുമിച്ച് മിക്സിയില്‍ ചതച്ചെടുക്കാം) എന്നിവ ഇട്ട് ബ്രൗൺ നിറമാകുന്നതു വരെ മൂപ്പിക്കുക. ഏകദേശം ഇതിന്റെ നിറം മാറുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക. സവാള നന്നായി മൂക്കണമെന്നില്ല ഒന്നു കുഴഞ്ഞു വരുന്ന പരുവത്തിൽ മതി. ഇതിലേക്ക് അല്പം ഉപ്പും ചേർത്ത് വഴറ്റുക. ഒന്നു വഴന്നു കഴിഞ്ഞ സവാളയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക (മുളക് പൊടി ചേർക്കണമെങ്കിൽ ഒരു ടീസ്പൂൺ ചേർക്കാം അങ്ങനെ ചേർത്താൽ കളറിൽ വ്യത്യാസം വരും ഈ ബിരിയാണിയിൽ മുളകു പൊടി ചേർക്കുന്നില്ല) ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ടുമാറ്റോ സോസും (സോസ് ഇല്ലെങ്കിൽ ഒരു തക്കാളി അരച്ചു ചേർക്കുക) ഒന്നര ടേബിൾ സ്പൂൺ തൈരും  ഒരു ടീസ്പൂൺ ഗരംമസാല പൊടിയും ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന ചിക്കന്റെ കഷണങ്ങളും അര ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി തീ കുറച്ച് വേകാൻ വയ്ക്കുക.

ചിക്കൻ വേകുന്ന സമയത്ത്  ബിരിയാണിയുടെ റൈസ് കഴുകി റെഡിയാക്കി വയ്ക്കാം. അതിനായി ഒരു പാത്രത്തിൽ 2 കപ്പ് ബസ്മതി റൈസ് എടുക്കുക. അത് നന്നായി കഴുകുക ഇനി മറ്റൊരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം എടുത്ത് തിളപ്പിക്കുക.

ഇടയ്ക്ക് കാൽ കപ്പ് മല്ലിയിലയും കാൽ കപ്പ് പുതിനയിലയും വെന്തുകൊണ്ടിരിക്കുന്ന ചിക്കനിലേക്ക് ചേർത്ത് (ബാക്കിയുള്ളത് ഏറ്റവും ഒടുവിൽ ചേർക്കാം) നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.

ഇനി ഒരു പരന്ന കുക്കറിലേക്ക് മസാല ചേർത്ത് വെന്ത ചിക്കന്‍ ഇടുക, ഇതിന്റെ കൂടെ കഴുകി വച്ചിരിക്കുന്ന റൈസും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒന്നര കപ്പ് തിളച്ച വെള്ളവും കൂടി ഒഴിച്ച് കുക്കർ അടച്ച് വേകാൻ വെയ്ക്കുക. തീ കൂട്ടി വച്ച് ഒരു വിസിൽ വന്നതിനുശേഷം തീ ഏറ്റവും കുറച്ചു വച്ച് രണ്ടാമത്തെ വിസിൽ വരുമ്പോൾ തീ ഓഫ് ചെയ്യുക. അതിനു ശേഷം 10 മിനിറ്റ് കഴിയുമ്പോൾ മാത്രമേ കുക്കർ തുറക്കാവൂ. ഇനി ബാക്കിയുള്ള മല്ലിയിലയും പുതിനയും േചർത്ത് ഇളക്കി കഴിഞ്ഞാൽ സിംപിൾ ബിരിയാണി റെഡി. 

ടിപ്സ്

∙ബിരിയാണി ചോറുണ്ടാക്കാൻ കൈമ റൈസ് ആണ് ഏറ്റവും നല്ലത്. ഈ റൈസിന് നല്ല രുചിയാണ്.

∙ചിക്കൻ കഴുകുമ്പോൾ – കുറച്ച് വിനാഗിരിയും കുറച്ച് ഉപ്പു പൊടിയും ചേർത്ത് തിരുമ്മി അഞ്ചു മിനിട്ട് വച്ചുകഴിഞ്ഞ് കഴുകിയാൽ നന്നായി വൃത്തിയാകും.

∙സവാള അരിയുമ്പോൾ കണ്ണു നീറാതിരിക്കാൻ സവാള തൊലി കളഞ്ഞ് കുറേ നേരം (വൈകുന്നേരത്തേയ്ക്കാണെങ്കിൽ രാവിലെ വയ്ക്കുക )ഫ്രിജിൽ വയ്ക്കുക അല്ലെങ്കിൽ അരിയുന്നതിന് ഒരു മണിക്കൂർ മുൻപേ വെള്ളത്തിൽ ഇട്ടു വച്ചു കഴിഞ്ഞാൽ കണ്ണു നീറില്ല.

∙ കുക്കറിൽ എല്ലാം ചേർത്തതിനു ശേഷം അടയ്ക്കുന്നതിന് മുൻപായി അര മുറി നാരങ്ങാ നീര് ചേർത്താൽ റൈസ് കുഴഞ്ഞു പോകാതിരിക്കും (ഇവിടെ തയാറാക്കിയ റൈസിൽ നാരങ്ങ നീര് ഉപയോഗിച്ചിട്ടില്ല). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com