sections
MORE

ചിക്കൻ കറിയിൽ വഴുതനയോ? ഇത് തായ് സ്റ്റൈൽ

SHARE

ഏതു രീതിയിൽ വച്ചാലും ചിക്കൻ കറി സൂപ്പറാ! അതുകൊണ്ടു തന്നെ നാടേതായാലും ധൈര്യമായി ഓർഡർ ചെയ്യാൻ പറ്റുന്നത് ചിക്കൻ വിഭവങ്ങളായിരിക്കും. എന്നാൽ, വഴുതന ഇട്ട ചിക്കൻ കറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? വഴുതനയും ചിക്കനും എന്നു പറയുന്നത് ഹൽവയും മത്തിക്കറിയും എന്നു പറയുന്ന പോലെയൊരു കോംബോ ആകില്ലേ എന്നാകും സംശയം! അതെല്ലാം വെറും തോന്നലാണെന്ന് പറയുകയാണ് ഷെഫ് അശ്വനി ഗീതാ ഗോപാലകൃഷ്ണൻ. മൂന്നു തരം വഴുതന ചേർത്തുണ്ടാക്കുന്ന തായ് ഗ്രീൻ ചിക്കന് കറി രുചിച്ചു നോക്കിയാൽ ആരും പറയും, 'കിടു കോംബോ'!

നാക്കുടക്കാതെ പേര് പറയാമോ?

തായ് സ്പെഷൽ ചിക്കൻ കറിയുടെ പേര് തായ് ഭാഷയിൽ തന്നെ പറയേണ്ടി വന്നാൽ അൽപമൊന്നു വിയർക്കും. 'ഗ്യാങ് ക്യോം വാങ് ഗായ്' (Gaeng Kiew Wan Gai) എന്നാണ് ഈ ചിക്കൻ കറിയുടെ ഔദ്യോഗിക പേര്. പറയാൻ എളുപ്പത്തിന്, ഗ്രീൻ ചിക്കൻ കറി എന്നു വിളിക്കാം. പച്ചനിറത്തിലാണ് ഈ ചിക്കൻ കറിയുടെ ഗ്രേവി. അതിനാലാണ് ഇംഗ്ലീഷിൽ ഇങ്ങനെ പേരു വന്നത്. നല്ല പച്ച മുളകും നാരകത്തിന്റെ ഇലയും ചേർന്ന അരപ്പ് ചേർക്കുന്നതുകൊണ്ടാണ് ഗ്രേവിക്ക് പച്ച നിറം. എരിവ് ബാലൻസ് ചെയ്യാൻ തേങ്ങാപ്പാലും ചേർക്കും. ഗലങ്കൽ എന്നറിയപ്പെടുന്ന തായ് ജിഞ്ചറും ലെമൻ ഗ്രാസും (lemon grass) ചേർക്കുന്നതിനാൽ ഈ  ഗ്രീൻ ചിക്കൻ കറിക്ക് വേറിട്ട സ്വാദാണ്. എരിപൊരി സ്വാദെന്നു പറയുന്നതു പോലെയൊരു അനുഭവം!

ചിക്കൻ കറിയിൽ വഴുതനയ്ക്കെന്താ കാര്യം?

തായ് ഗ്രീൻ ചിക്കൻ കറിയുടെ മറ്റൊരു പ്രത്യേകത അതിൽ ചേർക്കുന്ന പലതരം വഴുതനങ്ങകളാണ്. നമ്മുടെ നാട്ടിൽ സുലഭമായി കാണുന്ന മൂന്നു തരം വഴുതനങ്ങകൾ ഇതിൽ ഉപയോഗിക്കുന്നുണ്ട്. പച്ച നിറത്തിലുള്ള നീളൻ വഴുതനയും ഉരുളൻ വഴുതനയും കുലവഴുതനയും (Baby eggplant). ചിക്കൻ ഗ്രേവിയിൽ വെന്തു പാകമായ വഴുതനയുടെ സ്വാദ് ഒന്നു വേറെയാണ്. 

ചേരുവകൾ

 • ലെമൻ ഗ്രാസ് – 1 ടേബിൾ സ്പൂൺ
 • ഗലങ്കൽ (തായ് ജിഞ്ചർ)– 1 ടേബിൾ സ്പൂൺ
 • മല്ലിതണ്ട് (പൊടിയായി അരിഞ്ഞത്)– 1 ടേബിൾ സ്പൂൺ
 • മല്ലി –  1 ടീസ്പൂൺ
 • ജീരകം– 1 ടീസ്പൂൺ
 • ചെറിയുള്ളി– 4 എണ്ണം
 • വെളുത്തുള്ളി– 4 എണ്ണം
 • നാരകത്തിന്റെ ഇല– 5 എണ്ണം
 • പനഞ്ചക്കര– 2 ടീസ്പൂൺ
 • തേങ്ങാപ്പാൽ– 1 കപ്പ്
 • പച്ചമുളക്– 10 എണ്ണം
 • ചുവന്ന തായ് മുളക്– 1 എണ്ണം
 • നീളൻ വഴുതന– 1 എണ്ണം
 • ഉരുളൻ വഴുതന– 1 എണ്ണം
 • കുലവഴുതന – 15 എണ്ണം
 • സ്വീറ്റ് ബേസിൽ– സ്വാദ് അനുസരിച്ച്
 • ഫിഷ് സോസ്– 1 ടീസ്പൂൺ
 • ബോൺലെസ് ചിക്കൻ– 200 ഗ്രാം
green-chicken

തയാറാക്കുന്ന വിധം

പച്ചമുളക്, ലെമൻ ഗ്രാസ്, ഗലങ്കൽ (തായ് ജിഞ്ചർ), മല്ലി തണ്ട്, മല്ലി, ജീരകം, ചെറിയുള്ളി, വെളുത്തുള്ളി, നാരകത്തിന്റെ ഇല, പച്ചമുളക് എന്നിവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചു മാറ്റി വയ്ക്കുക. അടിഭാഗം കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് നാല് ടേബിൾ സ്പൂൺ തേങ്ങാപ്പാൽ ഒഴിക്കുക. അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന ഗ്രീൻ പേസ്റ്റ് ചേർത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ വീണ്ടും അൽപം തേങ്ങാപ്പാൽ ചേർത്തിളക്കുക. നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് പനഞ്ചക്കരയും ഫിഷ് സോസും ചേർത്തിളക്കണം. അതിനുശേഷം വലിയ കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന വഴുതന ചേർത്തു കൊടുക്കുക. വഴുതന പാതി വേവ് ആകുമ്പോൾ ചിക്കൻ ചേർത്തു കൊടുക്കാം. അതിനൊപ്പം തന്നെ നാരകത്തിന്റെ ഇല ചെറിയ കഷണങ്ങളായി കൈ കൊണ്ട് കീറി ഇടാം. ഇലയുടെ നടുവിലെ നാര് നീക്കിക്കളഞ്ഞതിനു ശേഷമാണ് കറിയിലേക്ക് ഇവ കീറി ഇടേണ്ടത്. ചിക്കൻ വെന്തു കഴിയുമ്പോൾ കുലവഴുതന, തായ് റെഡ് ചില്ലി, സ്വീറ്റ് ബേസിൽ എന്നിവ ചേർത്തു കൊടുക്കാം. കറി നന്നായി തിളച്ചതിനുശേഷം ബാക്കിയുള്ള തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കാം. ചെറിയൊരു തിള വന്നതിനു ശേഷം അടുപ്പിൽ നിന്ന് വാങ്ങി ചൂടോടെ വിളമ്പാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA