ADVERTISEMENT

പ്രഭാത ഭക്ഷണമായി ദോശ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കടയിൽ കിട്ടുന്നതുപോലുള്ള നൈസ് മസാല ദോശ വീട്ടിൽ തയാറാക്കാനുള്ള സൂത്രവിദ്യയാണ് പാചകവിദഗ്ധ ലക്ഷ്മി നായർ ഇവിടെ പരിചയപ്പെടുത്തുന്നത്.

ദോശയ്ക്ക് വേണ്ട ചേരുവകൾ

  • ദോശ മാവ് – 1 ലിറ്റർ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • നെയ്യ് – ആവശ്യത്തിന്

മസാല തയാറാക്കാൻ വേണ്ട ചേരുവകൾ

  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • വറ്റൽ മുളക് – 4 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്)– 1 ½ ടേബിൾ സ്പൂൺ
  • പച്ചമുളക് – 4 എണ്ണം
  • സവാള – 4 എണ്ണം
  • ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)– 4 എണ്ണം വലുത്
  • കാരറ്റ് – 1
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • മല്ലിയില – ½ കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

മസാല തയാറാക്കുന്ന വിധം

ഒരു ഫ്രൈ പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴി‍ച്ച് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക.  കടുക് പൊട്ടിക്കഴിയുമ്പോൾ തീ കുറയ്ക്കാം അതിനുശേഷം നാല് വറ്റൽമുളക്, കുറച്ച് കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ഇട്ട് ഇതെല്ലാം ഒന്ന് വാടിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം. സവാള പെട്ടെന്ന് വഴന്നു വരാൻ വേണ്ടി ഉപ്പ് ചേർത്തു കൊടുക്കാം. ഇതിന്റെ കൂടെ അര ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്ത് ഇളക്കുക. ഇത് വഴന്ന് വരുന്ന സമയത്ത് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലി കളയാം.  ഇനി സവാളയിലേക്ക് നമുക്ക് കാല്‍ കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം. (ഒരുപാട് ബ്രൗൺ നിറമാകണ്ട) അപ്പോൾ കുറച്ച് വെന്ത് കുഴഞ്ഞിരിക്കും അത് മസാലയ്ക്ക് നല്ലതാണ്. സവാള നന്നായി കുഴഞ്ഞു വന്നുകഴിയുമ്പോൾ കാരറ്റ് ചേർക്കാം. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്യാം. അര ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്തിളക്കുക. ഇനി ഒരു അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. കുറച്ചു മല്ലിയില കൂടി ചേർക്കാം. ഇനി ഉപ്പും വെള്ളവും വേണമെങ്കിൽ ആവശ്യത്തിന് വീണ്ടും ചേർക്കുക. മസാല റെഡി

ഇനി നമുക്ക് ദോശ റെഡിയാക്കാം

ദോശക്കല്ല് നന്നായി ചൂടായശേഷം നല്ലെണ്ണ തൂത്ത് കൊടുക്കുക. കല്ല് നന്നായി ചൂടായിരിക്കുകയാണെങ്കിൽ ദോശ നന്നായി പരത്താൻ പറ്റില്ല. അപ്പോൾ ആ ചൂടൊന്നു കുറയ്ക്കാൻ വേണ്ടി കുറച്ച് വെള്ളം ദോശക്കല്ലിലേക്ക് ഒഴിച്ചു കൊടുക്കുക. അല്ലെങ്കിൽ ചൂട് ദോശക്കല്ലിലേക്ക് മാവ് ഒഴിച്ചാൽ കനം കുറച്ച് പരത്താൻ പറ്റില്ല കല്ലിൽ ഒട്ടിപ്പിടിക്കും വെള്ളം ശരിക്കും പറ്റുന്നവരെ വെയ്റ്റ് ചെയ്താൽ കറക്ട് ചൂടിൽ ദോശ മാവ് ഒഴിച്ച് നല്ല കനം കുറഞ്ഞ ദോശ ഉണ്ടാക്കാൻ പറ്റും. ഇനി ദോശ മാവ് ഒഴിച്ച് ചെറുതായി ഒന്ന് വാടിതുടങ്ങുമ്പോൾ കുറച്ച് നെയ്യ് ഒഴിക്കുക. നെയ് കൂടുന്നത നുസരിച്ച സ്വാദ് കൂടും. മൊരിഞ്ഞു വരുന്ന ദോശയിലേക്ക് മസാല മിക്സ് വച്ച് മടക്കി എടുക്കുക. ഈ സമയം തീ കുറച്ച് വയ്ക്കുക. അങ്ങനെ ഈസി മസാല ദോശ റെഡി.

പ്രത്യേകം ശ്രദ്ധിക്കാൻ

മസാല ദോശ അല്ലെങ്കിൽ ഗീ റോസ്റ്റ് ഉണ്ടാക്കുന്നതിന് ഒന്നാമതായി കല്ലിന്റെ ചൂട് കറക്ടായിരിക്കണം. ഒരു പാട് ചൂടിലും ആവറേജ് ചൂടിലും ദോശ പരത്താൻ പ്രയാസമായിരിക്കും. ചൂട് നന്നായി കുറച്ചിട്ടു വേണം പരത്താൻ. ഒന്നുകിൽ വെള്ളമൊഴിച്ചു കുറയ്ക്കുക. അതല്ലെങ്കിൽ ആദ്യം ഉണ്ടാക്കിയ ദോശ മൂത്ത് തുടങ്ങുന്ന സമയത്ത് തീ നന്നായി കുറയ്ക്കുക. ചെറു തീയിൽ ഇട്ട് വേവിക്കുക. അപ്പോൾ അടുത്ത ദോശയ്ക്കുള്ള മാവ് ഒഴിക്കുമ്പോൾ ചൂട് കുറച്ച് കുറഞ്ഞിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com