ADVERTISEMENT

മിക്കവീടുകളിൽ വൈകുന്നേരത്തെ ഭക്ഷണം ചപ്പാത്തിയാണ്, വ്യത്യസ്തമായ കറികൾ പരീക്ഷിക്കുന്ന കൂട്ടത്തിൽ ഈ മിക്സഡ് വെജിറ്റബിൾ കുറുമ തയാറാക്കി നോക്കൂ.

ചേരുവകൾ

  • സവാള (ഇടത്തരം) – 2 എണ്ണം
  • വെളിച്ചെണ്ണ – 2–3 ടേബിൾ സ്പൂൺ
  • ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
  • വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • കാരറ്റ് (വലുത് ചതുരകഷണങ്ങളായി മുറിച്ചത്)– ഒരെണ്ണം
  • ബീൻസ് – 5–6 എണ്ണം 
  • കോളിഫ്ളവർ (ചെറുത്)– 1 (വലുതാണെങ്കിൽ പകുതി) 
  • ഉരുളക്കിഴങ്ങ് (ഇടത്തരം, ചതുര കഷണങ്ങളാക്കിയത്)– 2 എണ്ണം
  • തക്കാളി (ഇടത്തരം) – 2 എണ്ണം 
  • കറുവ പട്ട – ഒരു കഷണം
  • ഗ്രാമ്പൂ – 3 എണ്ണം
  • ഏലയ്ക്ക – 4 എണ്ണം
  • ഗ്രീൻപീസ് – അര കപ്പ് (വെള്ളത്തിൽ കുതിർത്തത്)
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
  • വെള്ളം – 1 കപ്പ്
  • കശുവണ്ടി (കുതിർത്തത്)– 25 ഗ്രാം
  • കശകശ – 1–2 ടീസ്പൂൺ
  • തേങ്ങാപ്പാൽ – 1 കപ്പ്
  • മല്ലിയില – ¼ കപ്പ്

  ആവശ്യമുള്ള എല്ലാ സാധനങ്ങളും കഴുകി വൃത്തിയാക്കി വയ്ക്കുക. 

  ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. 

  കശുവണ്ടിയും കശകശയും ഓരോ പാത്രത്തിൽ കുതിരാൻ വയ്ക്കുക. തേങ്ങാപ്പാൽ റെഡിയാക്കി വയ്ക്കുക. 

തയാറാക്കുന്ന വിധം

ഒരു കുക്കറിൽ കുറച്ച് എണ്ണ (2–3 ടേബിൾ സ്പൂൺ) ഒഴിച്ച് ചെറുതായി അരിഞ്ഞ സവാളയും ഓരോ ടീസ്പൂൺ വെളുത്തുള്ളി – ഇഞ്ചി പേസ്റ്റും രണ്ട് പച്ചമുളക് രണ്ടായി മുറിച്ചതും ചേർത്ത് വഴറ്റുക. 

വഴന്നു വരുന്ന സവാളയുടെ കൂടെ ഒരു ചെറിയ കഷണം പട്ട ചേർക്കാം (അല്ലെങ്കിൽ അവസാനം ഗരം മസാല പൊടി ചേർത്താലും മതി) അതിന്റെ കൂടെ രണ്ടോ മൂന്നോ ഗ്രാമ്പൂ മൂന്ന് ഏലയ്ക്ക ഇത്രയും കൂടി ഇട്ട് ഇളക്കുക. ഇതിലേക്ക് ആദ്യം തക്കാളി ഇട്ട് വഴറ്റുക (എല്ലാം കൂടി വഴറ്റാൻ   വേണ്ടത് 7 മിനിറ്റാണ്) തക്കാളി ഇട്ട് രണ്ട് മിനിറ്റ് കഴിയുമ്പോൾ ബീൻസും കോളിഫ്ളവറും കാരറ്റും ചേർത്ത് നന്നായി ഇളക്കു ക. അതിനുശേഷം വെള്ളത്തിൽ ഇട്ട ഗ്രീൻ പീസും ഉരുളക്കിഴങ്ങും കുറച്ച് ഉപ്പും കൂടി ചേർത്ത് രണ്ട് മിനിറ്റ് ഇളക്കി കൊടുക്കണം. 

അതിനു ശേഷം പൊടികൾ ചേർക്കാം. ആദ്യം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഓരോ ടീസ്പൂൺ മല്ലിപ്പൊടിയും പിരിയൻ മുളക് പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഈ പൊടികളെല്ലാം പച്ചചുവ മാറുന്നതുവരെ ഇളക്കുക. അതിനുശേഷം ഒരു കപ്പ് വെള്ളം ചേർത്ത് കുക്കർ അടച്ചു വയ്ക്കുക. ഒരു ഫുൾ വിസിൽ വന്നതിനുശേഷം രണ്ടോ മൂന്നോ മിനിറ്റു കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. അപ്പോൾ പാകത്തിന് എല്ലാം വെന്തിട്ടുണ്ടാകും. ആ സമയത്ത് കുതിർത്തു വച്ചിരിക്കുന്ന 25 ഗ്രാം കശുവണ്ടി രണ്ട് ടീസ്പൂൺ കശകശയും കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ  പേസ്റ്റ് പോലെ അരച്ചെടുക്കുക. 

കുക്കറിന്റെ ആവി പോയിക്കഴിഞ്ഞതിനുശേഷം തുറന്ന് കശുവണ്ടി – കശകശ പേസ്റ്റ് ചേർക്കുക.  വീണ്ടും തീകത്തിച്ച് ഒന്നു തിളയ്ക്കാൻ വയ്ക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. വേണമെങ്കിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തേങ്ങ അരച്ചും ചേർക്കാം. ഒരുപാട് കുറുകിപോയെങ്കിൽ കുറച്ച് ചൂടു വെള്ളം ചേർത്ത് നീട്ടാം. തിള വന്നതിനുശേഷം മല്ലിയിലയോ കറിവേപ്പിലയോ ചേർത്ത് വാങ്ങാം.  അങ്ങനെ ഒരു മിക്സ്ഡ് റസ്റ്ററന്റ് സ്റ്റൈൽ വെജിറ്റബിൾ കുറുമ റെഡി.

Note

കശ കശ ചൂടുവെള്ളത്തിൽ കുതിരാൻ വയ്ക്കുന്നത് നല്ലതാണ് വേഗത്തിൽ കുതിരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com