മഴക്കാലത്ത് കഴിക്കാൻ ആവി പറക്കും തായ് ചിക്കൻ സൂപ്പ്

SHARE

മഴ പെയ്ത് തണുപ്പു പിടിച്ചിരിക്കുന്ന ഈ മൺസൂൺ കാലത്ത് ആവി പറക്കുന്ന ഒരു ചിക്കൻ സൂപ്പ് കഴിക്കാൻ തോന്നുന്നത് സ്വാഭാവികം. ശരീരത്തിന് ചൂടു പകരുന്നതുപോലെ പോഷകസമ്പുഷ്ടവുമാണ് സൂപ്പുകൾ. തായ് രുചിയിൽ തേങ്ങാപ്പാൽ ചേർത്തു തയ്യാറാക്കുന്ന ഉഗ്രനൊരു ചിക്കൻ സൂപ്പ് പരിചയപ്പെടുത്തുകയാണ് ഷെഫ് അശ്വനി ഗീത ഗോപാലകൃഷ്ണൻ. തായ് ഭാഷയിൽ തൊം ഖാ കായ് (Tom kha kai) എന്നു വിളിക്കുന്ന ഈ സൂപ്പിൽ തായ് ജിഞ്ചറും ലെമൻ ഗ്രാസും നാരകത്തിന്റെ ഇലയുമാണ് പ്രത്യേക രുചിക്കായി ചേർക്കുന്നത്. 

കുറച്ചു കൂണുകളും ഇലയും

തായ് ചിക്കൻ സൂപ്പിന്റെ പ്രത്യേകത അതിലുപയോഗിക്കുന്ന മറ്റു ചേരുവകളാണ്. അതിൽ പ്രധാനമാണ് കൂണുകൾ. ലഭ്യത അനുസരിച്ച് പല തരത്തിലുള്ള കൂണുകൾ ചേർക്കാം. രണ്ടു തരത്തിലുള്ള ഷിംജി മഷ്റൂംസും ബട്ടൺ മഷ്റൂമുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നാരകത്തിന്റെ ഇല അതിന്റെ നടുവിലെ നാര് കളഞ്ഞതിനു ശേഷം സൂപ്പിൽ ചേർക്കാം. ഇ‍ഞ്ചിപ്പുല്ലിന്റെ തണ്ടു ചെറുതായി ചതച്ചിട്ടാണ് ഈ സൂപ്പിൽ ചേർക്കുക. ഇഞ്ചിപ്പുല്ലിന്റെ രുചി നഷ്ടമാകാതെ പൂർണമായി ലഭിക്കുന്നതിന് ഇത് ഉപകരിക്കും. അതുപോലെ തന്നെ മല്ലിത്തണ്ടും ചെറുതായി ചതച്ചു ചേർക്കും. ഇല ഒഴിവാക്കി തണ്ട് മാത്രമാണ് സൂപ്പിൽ ചേർക്കുന്നത്. 

chicken-soup

സൂപ്പ് തയ്യാറാക്കാൻ ആവശ്യമായ വിഭവങ്ങൾ പരിചയപ്പെടാം. 

 • തേങ്ങാപ്പാൽ– 300 മില്ലി
 • ലെമൺ ഗ്രാസ്– 2 തണ്ട്
 • ഗലങ്കൽ (തായ് ജിഞ്ചർ)– 1 കഷണം
 • തായ് റെഡ് ചില്ലി– 2 എണ്ണം
 • മല്ലി തണ്ട്– ആവശ്യാനുസരണം
 • നാരകത്തിന്റെ ഇല– 3 എണ്ണം
 • കൂൺ– 100 ഗ്രാം
 • ചിക്കൻ സ്റ്റോക്ക്– 1 കപ്പ്
 • ചിക്കൻ– 200 ഗ്രാം
 • ചില്ലി പേസ്റ്റ്– 2 ടീസ്പൂൺ
 • ഫിഷ് സോസ്– 1 ടീസ്പൂൺ
 • ലെമൺ ജ്യൂസ്– 2 ടീസ്പൂൺ
 • ഉപ്പും പഞ്ചസാരയും – ആവശ്യാനുസരണം

തയാക്കുന്ന വിധം

ഒരു കപ്പ് ചിക്കൻ സ്റ്റോക്ക് ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ലെമൺ ഗ്രാസ്, മല്ലിത്തണ്ട്, അരിഞ്ഞു വച്ചിരിക്കുന്ന തായ് റെഡ് ചില്ലി, ഗലങ്കൽ (തായ് ജിഞ്ചർ), നാരകത്തിന്റെ ഇല എന്നിവ ചേർക്കുക. ഇത് നന്നായി തിളച്ചതിനു ശേഷം തേങ്ങാപ്പാൽ ചേർത്തിളക്കാം. ചെറുതായി തിളച്ചു വരുമ്പോൾ അതിലേക്ക് പാകത്തിന് ചില്ലി പേസ്റ്റ്, ഫിഷ് സോസ്, ഉപ്പ്, പഞ്ചസാര എന്നിവ ചേർക്കുക. അതിനൊപ്പം ചിക്കനും ചേർക്കാം. ചിക്കൻ വെന്തു കഴിഞ്ഞതിനു ശേഷം കൂൺ ചേർക്കുക. പാകത്തിന് വെന്തു കഴിയുമ്പോൾ ലെമൺ ജ്യൂസ് കൂടി ചേർത്താൽ സൂപ്പ് റെഡി!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA