ADVERTISEMENT

ഓണ സദ്യയ്ക്കുള്ള സാമ്പാർ തയാറാക്കുമ്പോൾ എല്ലാ പച്ചക്കറികളും ഉപയോഗിക്കാറില്ല, ഉരുളക്കിഴങ്ങ് സവാളയൊന്നും ചേർക്കാതെയാണ് ഇവിടെ സാമ്പാർ തയാറാക്കുന്നത്. ഓണ സദ്യയ്ക്ക് രുചികരമായ സാമ്പാർ തയാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

1. സാമ്പാർ മുളക് (തൊണ്ടൻ മുളക് –ചെറുതായി അരിഞ്ഞത്) – 5 എണ്ണം
2. കത്രിക്ക (ഇടത്തരം) – 1 എണ്ണം
3. മത്തങ്ങ – 100 ഗ്രാം
4. ചേമ്പ് – 100 ഗ്രാം
5. മുരിങ്ങയ്ക്ക (വലുത്) – 1 എണ്ണം
6. വെണ്ടയ്ക്ക – 4–5 എണ്ണം
7. തക്കാളി (വലുത്) – 1 എണ്ണം
8. ചെറിയ ഉള്ളി – 15 എണ്ണം
9. തുവര പരിപ്പ് – 1 ¼ കപ്പ്
10. മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
11. വെള്ളം – 2 ½ കപ്പ്

(പച്ചക്കറികൾ എല്ലാം ചതുരത്തിൽ അരിഞ്ഞു വയ്ക്കുക)

ചേർക്കേണ്ട മറ്റു ചേരുവകൾ

1. പുളി – 1 എണ്ണം
2. വെള്ളം – 4 കപ്പ്
3. വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
4. ജീരകം – ¼ ടീസ്പൂൺ
5. മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
6. ശർക്കര – 1 ½ ടീസ്പൂൺ
7. കായം – 1 ചെറിയ കഷണം (കായപ്പൊടി ആണെങ്കിൽ –1 ടീസ്പൂൺ (5 ഗ്രാം)
8. കശ്മീരി മുളകുപൊടി – 1 ½ ടേബിൾ സ്പൂൺ
9. മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
10. വെളിച്ചെണ്ണ – 1 ടീസ്പൂൺ
11. ഉപ്പ് – പാകത്തിന്
12. കറിവേപ്പില

താളിക്കാൻ

1. വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
2. കടുക് – 1 ടീസ്പൂൺ
3. വറ്റൽ മുളക് (മുറിച്ചിടുക)– 4 എണ്ണം
4. കറിവേപ്പില
5. കായപ്പൊടി – ¼ ടീസ്പൂൺ
6. ഉലുവാപ്പൊടി – 1 നുള്ള്

തയാറാക്കുന്ന വിധം

പച്ചക്കറികൾ നന്നായി കഴുകുക. ആദ്യം തൊണ്ടൻ മുളക് അരിഞ്ഞ് പ്രത്യേകം വയ്ക്കുക. കത്രിക്ക അരിഞ്ഞ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിനുശേഷം മത്തൻ, ചേമ്പ് മുരിങ്ങിയ്ക്ക എന്നിവ മുറിച്ചു വയ്ക്കുക, പിന്നെ വെണ്ടയ്ക്ക, തക്കാളി എന്നിവ അരിയുക. ചെറിയ ഉള്ളി പൊളിച്ച് എടുത്തു വയ്ക്കാം.

ഒന്നേകാൽ കപ്പ് സാമ്പാർ പരിപ്പ് വേവിക്കുക. കുക്കറിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അതിന്റെ കൂടെ രണ്ടര കപ്പ് വെള്ളവും ഒഴിച്ച് വേകാൻ വയ്ക്കുക. രണ്ട് വിസിൽ മതി വേകാൻ അതിനു ശേഷം മൂന്ന് മിനിറ്റിനുശേഷം കുക്കറിന്റെ അടപ്പ് തുറക്കാവൂ.

ഇനി പുളിവെള്ളം എടുക്കാൻ വേണ്ടി വാളൻ പുളി ചെറിയ നെല്ലിക്കാ വലുപ്പത്തിൽ എടുത്ത് നാല് കപ്പ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇനി നെല്ലിക്കാ വലുപ്പത്തിൽ ശർക്കര കൂടി എടു ക്കുക. ശർക്കര വേണ്ട എങ്കിൽ ചേർക്കേണ്ട. ഒരു കഷണം കായം എടുക്കുക.

ഇനി ഒരുപാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് കാല്‍ ടീസ്പൂൺ ഉലുവ ഇട്ട് പൊട്ടിച്ചതിനുശേഷം ചെറിയ ഉള്ളിയും അരിഞ്ഞു വച്ചിരിക്കുന്ന തൊണ്ടൻ മുളകും കൂടി ഇട്ട് ഇളക്കുക. അതിനുശേഷം പുളി പിഴിഞ്ഞെടുത്ത (4 കപ്പ്) വെള്ളം ഒഴിക്കുക. ഇനി ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി (കാൽ ടീസ്പൂൺ പരിപ്പിൽ ചേർത്തിരുന്നു) അതിനുശേഷം കായവും ശർക്കരയും ചേർക്കുക. കായപ്പൊ ടിയാണെങ്കിൽ 1 ടീസ്പൂൺ ചേർക്കുക. ഇത് നന്നായി തിള യ്ക്കണം. തിളച്ചശേഷം ആദ്യം മത്തൻ, മുരിങ്ങയ്ക്ക ചേമ്പ് ഈ മൂന്ന് പച്ചക്കറികളാണ് ആദ്യം ഇടുന്നത്. വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഈ പച്ചക്കറികൾ ഇടുന്നു ഇത് പാതി വേവാകുമ്പോൾ കത്രിക്ക ഇടുക. കത്രിക്ക ഏകദേശം വെന്തു വരുമ്പോൾ വെണ്ടയ്ക്ക ചേർക്കുക.

വെണ്ടയ്ക്ക ഇട്ടു കഴിഞ്ഞ് ഒരു രണ്ടു മിനിട്ടു കഴിയുമ്പോൾ പൊടികൾ ചേർക്കാം. (ഫ്രൈപാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒന്നര ടേബിൾസ്പൂൺ പിരിയൻ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടിയും ചൂടാക്കി ചേർക്കാം)

വെള്ളം പോരാ എന്നു തോന്നിയാൽ കുറച്ച് തിളച്ച വെള്ളം കൂടി ചേർക്കുക. അതിനുശേഷം ഇതിലേക്കു വെന്തിരിക്കുന്ന പരിപ്പ് കൂടി ചേർക്കുക. ആവശ്യത്തിന് ഉപ്പും തക്കാളിയും ചേർക്കുക. നന്നായി തിളയ്ക്കണം. തക്കാളി ഒന്നു വാടിയാൽ മതി. ഇതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർക്കാം.

താളിക്കാൻ

ഒരു ചീനച്ചട്ടിയിൽ ഒന്നോ ഒന്നരയോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഒരു ടീസ്പൂൺ കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് സാമ്പാറിലേക്ക് ഒഴിക്കുക. അവസാനം ഒരു നുള്ള് കായപ്പൊടിയും ഒരു നുള്ള് ഉലുവപ്പൊടിയും വിതറി പാത്രം അടച്ചു വയ്ക്കുക. സദ്യ സാമ്പാർ റെഡി.

ശ്രദ്ധിക്കാൻ

∙പച്ചക്കറി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ആദ്യം ആദ്യം മത്തൻ, മുരിങ്ങയ്ക്ക, വെണ്ടയ്ക്ക, ചേമ്പ് ഇവ വേവിക്കുക. അതിനുശേഷം കത്രിക്ക അതുകഴിഞ്ഞേ വെണ്ടയ്ക്ക ചേർക്കാവൂ. ഏറ്റവും അവസാനം തക്കാളിക്ക ചേർക്കുക. തക്കാളി നന്നായി വേവിക്കണ്ട, ഒന്നു വാടിയാൽ മതിയാവും.

ടിപ്സ്

  • നല്ല പരിപ്പാണെങ്കിൽ രണ്ട് വിസിൽ മതി വേകാൻ. ഇനി അധിക വേവുള്ള പരിപ്പാണെങ്കിൽ
  • കറി വയ്ക്കുന്നതിന് അരമണിക്കൂർ മുൻപ് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ കറക്ട് രണ്ട് വിസിൽ കൊണ്ട് പരിപ്പ് വേകും.
  • പരിപ്പ് കുക്കറിൽ ഇടുന്നതിനൊപ്പം കുറച്ച് വെളിച്ചെണ്ണയും കൂടി ഒഴിച്ച് വേവിക്കുമ്പോൾ പെട്ടെന്ന് വേകും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com