ADVERTISEMENT

കല്ല്യാണ സദ്യയ്ക്കു വിളമ്പുന്ന രീതിയിലുള്ള നല്ല കറുമുറ മിക്സഡ് വെജിറ്റബിൾ തോരൻ തയാറാക്കുന്നതെങ്ങനെയെന്നതിനൊപ്പം തെക്കൻ സ്റ്റൈലിലുള്ള ഓലൻ‍ രുചിക്കൂട്ടും പരിചയപ്പെടാം. സദ്യവട്ടങ്ങൾ ആദ്യമായി തയാറാക്കുന്നവർക്ക് വളരെ സഹായകരമാകുന്ന രുചിക്കൂട്ടുകളാണിത്. എളുപ്പത്തിൽ വിഭവങ്ങൾ തയാറാക്കാൻ ആവശ്യമായ പച്ചക്കറികൾ തിരഞ്ഞെടുത്ത് ഒരുമിച്ച് അരിഞ്ഞ് വച്ചതിനു ശേഷം പാചകം ആരംഭിക്കുക.

ചേരുവകൾ

1. സവാള(വലുത്) – 1 എണ്ണം
2. കാരറ്റ്(വലുത്) – 1 എണ്ണം
3. കാബേജ് – 200 ഗ്രാം
4. ബീൻസ് – 5–6 എണ്ണം
5. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
6. കടുക് – 1 ടീസ്പൂൺ
7. ഉഴുന്ന് – 1 ടേബിൾ സ്പൂൺ
8. വറ്റൽ മുളക് – 4 എണ്ണം
9. കറിവേപ്പില – ആവശ്യത്തിന്
10. തേങ്ങ ചിരകിയത് – 1 കപ്പ്
11. മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
12. കശ്മീരി മുളകുപൊടി – ¼ ടീസ്പൂൺ
13. ജീരകപ്പൊടി – ¼ ടീസ്പൂൺ
14. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
15. വെളുത്തുള്ളി (ഇടത്തരം) ചതച്ചത് – 2 അല്ലി
16. ഉപ്പ് – പാകത്തിന്
17. മഞ്ഞൾപ്പൊടി (ആദ്യം എടുത്തത് കൂടാതെ) – ¼ ടീസ്പൂൺ
18. ജീരകപ്പൊടി (ആദ്യം എടുത്തത് കൂടാതെ) – ¼ ടീസ്പൂൺ
19. കശ്മീരി മുളകു പൊടി (ആദ്യം എടുത്തത് കൂടാതെ) – ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം സവാള, കാരറ്റ്, ബീൻസ്, കാബേജ് ഈ ക്രമത്തിൽ എല്ലാ പച്ചക്കറികൾ നല്ല പൊടിയായി അരിയുക. ഇനി ചിരകി വച്ചിരിക്കുന്ന തേങ്ങ ഒരു കപ്പ് മാറ്റി വയ്ക്കുക. വലിയ അല്ലി വെളുത്തുള്ളി ചതച്ചെടുക്കുക. ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ (2 ടേബിൾ സ്പൂൺ) ഒഴിച്ച് കടുകും 1 ടീസ്പൂൺ ഉഴുന്നുപരിപ്പും 1 ടേബിൾ സ്പൂൺ വറ്റൽമുളക് എന്നിവ ഇട്ട് താളിച്ച് മാറ്റിവയ്ക്കുക. ഇതേ ചീനച്ചട്ടിയിലേക്ക് ചിരകിവച്ചിരിക്കുന്ന തേങ്ങ (ഒന്നര കപ്പ്) ഇട്ട് നന്നായി വറക്കണം. തേങ്ങയുടെ കളർ ചെറുതായി മാറുന്നതു വരെ ഇളക്കുക. തീകുറച്ച് വച്ച് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ ജീരകപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. (തേങ്ങ ബ്രൗൺ നിറമാകേണ്ട) പാകത്തിന് മൂത്ത് കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വയ്ക്കുക.

ഇവിടെ ഒരു ഉരുളിയിലാണ് തോരൻ തയാറാക്കുന്നത്. ഉരുളി വച്ച് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി ചതച്ചു വച്ചിരിക്കുന്നത് ഇടുക ഒന്നു മൂക്കുമ്പോൾ സവോള അരിഞ്ഞത് ചേർത്ത് വഴറ്റുക. സവോളയുടെ നിറം ഒന്നു മാറുമ്പോൾ ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ചേർത്ത് ഇളക്കുക (കാബേജ്, കാരറ്റ്, ബീൻസ്) കുറച്ച് ഉപ്പും കൂടി ചേർത്ത് ഇളക്കുക. വീണ്ടും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ ജീരകപ്പൊടിയും ചേർക്കുക. നന്നായി ഇളക്കുക. പച്ചക്കറികളെല്ലാം നന്നായി വെന്ത് മൊരിഞ്ഞു വരണം. വീണ്ടും ഇതിലേക്ക് കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന തേങ്ങയും കൂടി ചേർത്ത് ഇളക്കുക. ഇനി താളിച്ചു വച്ചിരിക്കുന്നത് ഇതിന്റെ കൂടെ ചേർത്ത് നന്നായി ഇളക്കുക. ഇങ്ങനെ ഇടയ്ക്കിടെ ഇളക്കി കൊടുത്ത് പച്ചക്കറികൾ നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക. മിക്സഡ് വെജിറ്റബിൾ തോരൻ റെ‍ഡി.

ഓലൻ

1. കുമ്പളങ്ങ – 2 കപ്പ്
2. മത്തൻ – 1 കപ്പ്
3. അച്ചിങ്ങ പയർ – 4–5 എണ്ണം
4. ചേമ്പ് – 5–6 കഷണങ്ങൾ
5. തൊണ്ടൻ മുളക് – 3 എണ്ണം
6. പച്ചമുളക് – 2 എണ്ണം (എരിവ് അനുസരിച്ച്)
7. ഉപ്പ് – പാകത്തിന്
8. വെള്ളം – ½ കപ്പ്
9. വൻപയർ – ½ –1 കപ്പ്
10. തേങ്ങാപ്പാൽ – ¾ കപ്പ്
11. കട്ടി തേങ്ങാപ്പാൽ – ¼ കപ്പ്
12. കറിവേപ്പില
13. വെളിച്ചെണ്ണ – 1 ½ കപ്പ്

തയാറാക്കുന്ന വിധം

ഇവിടെ എടുത്തിരിക്കുന്നത് പഴുത്ത മത്തനാണ് ഇത് പെട്ടെന്ന് വെന്ത് കുഴഞ്ഞു പോവും. അതുകൊണ്ട് പച്ച മത്തനാണ് നല്ലത്.

ആദ്യം കുമ്പളങ്ങ, മത്തൻ, അച്ചിങ്ങ, തൊണ്ടൻ മുളക് (3 എണ്ണം), ചേമ്പ് എന്നിവ ചെറിയ കഷണങ്ങളായി അരിയുക. ഒരു പാത്രത്തിൽ ഈ പച്ചക്കറികളെല്ലാം കൂടി കുറച്ച് ഉപ്പും ഒരു കപ്പ് വെള്ളവും ഒഴിച്ച് അടച്ച് വച്ച് വേവിയ്ക്കുക. പച്ചമുളക് രണ്ടെണ്ണം ചതച്ചെടുക്കുക. ഇത് അടുപ്പിൽ വച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഇടുക. വേവിച്ചുവച്ച പയർ (1 കപ്പ്) ഇതിലേക്ക് ചേർക്കുക.(വൻപയർ തലേദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കുക. അല്ലെങ്കിൽ പാകം ചെയ്യുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപേ വെള്ളത്തിലിട്ടു വച്ചാൽ കുക്കറിൽ വയ്ക്കാതെ തന്നെ പയർ പെട്ടെന്ന് വെന്തു കിട്ടും) ഇതിലേക്ക് കുറുകിയ തേങ്ങാപ്പാൽ മുക്കാൽ കപ്പ് ചേർക്കുക ഇത് അടച്ചു വച്ച് വേവിക്കുക. കുഴഞ്ഞിരിക്കുന്നതാണ് പാകം. വെന്ത് കഴിയുമ്പോൾ കാൽ കപ്പ് കട്ടിതേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത് ഇളക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ (ഒന്നോ ഒന്നരയോ ടേബിൾ സ്പൂൺ ചേർക്കാം) വെളിച്ചെണ്ണയും ഒഴിക്കുക. സ്വാദിഷ്ടമായ ഓലൻ റെഡി.

ടിപ്സ്
ആദ്യം പച്ചക്കറികൾ തൊലികളയാനുള്ളവയെല്ലാം തൊലി കളഞ്ഞു വയ്ക്കുക. അതിനുശേഷം അവയെല്ലാം നന്നായി കഴുകുക. ‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com