ADVERTISEMENT

നല്ല കുടംപുളിയിട്ട ഈ മീൻകറിയുടെ ചാറ് മാത്രം മതി, രണ്ടു പ്ളേറ്റ് ചോറ് അധികമുണ്ണാൻ.കോട്ടയം സ്റ്റൈൽ മീൻകറി എളുപ്പത്തിൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു കാണിച്ചു തരികയാണ് ലക്ഷ്മി നായർ.

ചേരുവകൾ

1. അയല – 3 എണ്ണം
2. പുളി (കുടംപുളി)– 4–6 അല്ലി
3. കശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ
4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
5. ഇഞ്ചി പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
6. വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
7. ഉലുവ – 1 ടീസ്പൂൺ‌
8. മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്
10. വെള്ളം – 2 കപ്പ്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ അയല (മൂന്നെണ്ണം) ഒരു ചട്ടിയില്‍ കുറച്ച് ഉപ്പു പൊടിയോ കല്ലുപ്പോ കൊണ്ട് വീണ്ടും ഉരച്ച് കഴുകുക. അതിനുശേഷം രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകുക. ഇനി ഈ മീൻ മുഴുവനായോ കഷണങ്ങളാക്കിയോ വയ്ക്കുക.

6 കഷണം കുടം പുളി ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു വയ്ക്കുക. അതുപോലെ തന്നെ രണ്ട് ടേബിൾസ്പൂൺ പിരിയൻ മുളകിന്റെ പൊടിയും കുറച്ച് വെള്ളമൊഴിച്ച് മിക്സ് ചെയ്തു വയ്ക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ ഇനി ഇഞ്ചിയും വെളുത്തുള്ളിയും മൂന്ന് േടബിൾ സ്പൂൺ വീതം ചെറുതായി അരിഞ്ഞു വയ്ക്കുക (ചതച്ചിടുകയും ചെയ്യാം)

ചൂടായ മൺ ചട്ടിയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളിയും ചേർക്കുക(ഗോൾഡൻ ബ്രൗൺ നിറമാണ് പാകം). ഇ‍ഞ്ചി വെളുത്തുള്ളി നിറം മാറി കഴിയുമ്പോൾ തീ കുറച്ച് കലക്കി വച്ചിരിക്കുന്ന മുളകു പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കുറച്ച് ഉപ്പും കുറച്ച് വെള്ളവും കൂടി ഒഴിച്ച് നന്നായി ഇളക്കുക. എണ്ണ തെളിഞ്ഞു വരുന്നതാണ് പാകം. എണ്ണതെളിഞ്ഞു വന്ന ശേഷം വീണ്ടും കുറച്ച് വെള്ളവും കുടംപുളിയും കൂടി ഒഴിച്ച് ഇളക്കി കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിള വന്നശേഷം മീൻ കഷണങ്ങൾ ഇടുക. അതിനുശേഷം ഒരുപാത്രം വച്ച് അടയ്ക്കുക. (മുഴുവനായി അടയ്ക്കാതെ പകുതിമാത്രം മൂടുക) 5–6 മിനിറ്റ് നല്ല തീയിൽ വേവിക്കുക അതിനുശേഷം തീ കുറച്ച് വേവിക്കുക. കോട്ടയം സ്റ്റൈൽ മീന്‍കറി ഇങ്ങനെ തയാറാക്കാം.

ടിപ്സ്

∙ മുളകു പൊടി കുറച്ച് വെള്ളമൊഴിച്ചു കലക്കി വച്ചിട്ട് കറിയിൽ ചേർക്കുകയാണെങ്കിൽ നല്ല കൊഴുപ്പ് കിട്ടും. പൊടിയായി നേരെ എണ്ണയിലേക്കിടുമ്പോൾ ചിലപ്പോൾ കരിഞ്ഞ് പോകുന്നതും ഒഴിവാക്കാം.

∙നല്ല കുടംപുളി ആണെങ്കിൽ പുളി വല്ലാതെ കൂടാതിരിക്കാൻ മീൻ വെന്ത് വാങ്ങുന്നതിന് മുൻപായി രണ്ടോ മൂന്നോ കുടംപുളി കറിയിൽ നിന്ന് മാറ്റാം. അപ്പോൾ പുളി അധികം ആവില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com