ADVERTISEMENT

മുരിങ്ങക്കായും മാങ്ങയും ചേർത്ത ചൂരക്കറി, തിരുവന്തപുരം സ്റ്റൈൽ മീൻ കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

1. പച്ചമാങ്ങ – 5–6 കഷണം

2. മുരിങ്ങയ്ക്ക – 1 എണ്ണം

3. തൊണ്ടൻ മുളക് (സാമ്പാർ മുളക്) – 2 എണ്ണം

4. പച്ചമുളക് – 2 എണ്ണം

5. തേങ്ങ ചിരകിയത് – 2 കപ്പ്

6. കാശ്മീരി മുളക് പൊടി – 1 ½ ടേബിൾസ്പൂൺ 

7. മല്ലിപ്പൊടി – ¾  ടേബിൾ സ്പൂൺ 

8. മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

9. ചെറിയ ഉള്ളി – 4 എണ്ണം

10. വെള്ളം – 2 കപ്പ്

11. ഉപ്പ് – പാകത്തിന്

12. ഉലുവ – 1 ടീസ്പൂൺ

13. കറിവേപ്പില

14. വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

നല്ല പുളിയുള്ള മാങ്ങയുടെ (നല്ല പുളിയുള്ള താണെങ്കിൽ മാങ്ങയുടെ കാൽ ഭാഗം മതിയാകും) പകുതി തൊലി ചെത്തിയെടുക്കുക. അതിനു ശേഷം ഒരു മുരിങ്ങയ്ക്ക തൊലികളഞ്ഞ് കഷണങ്ങളാക്കി നടുവെ മുറിച്ചിടുക. അതിനു ശേഷം രണ്ട് തൊണ്ടൻ മുളക് രണ്ടായി മുറിച്ചതും രണ്ട് പച്ചമുളകും മുറിച്ചിടുക. ഇനി അരപ്പിനുള്ള തേങ്ങ (രണ്ട് കപ്പ്) റെഡിയാക്കാം വലിയ തേങ്ങയാണെങ്കിൽ ഒരു പകുതി മതിയാകും ചെറുതാണെങ്കിൽ ഒരു തേങ്ങ മുഴുവനായി എടുക്കാം. ഇനി തേങ്ങ ചിരകിയതിൽ ഒന്നര ടേബിൾ സ്പൂൺ പിരിയൻ മുളകിന്റെ പൊടിയും മുക്കാൽ ടേബിൾ സ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും നാല് ചെറിയ ഉള്ളിയും ചേർത്ത് ഒരു മിക്സിയുടെ ജാറിൽ കുറച്ച് വെളളവും കൂടി ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടു ക്കുക. ഈ അരപ്പ് ഒരു മൺചട്ടിയിലേക്ക് ഒഴിച്ച് രണ്ട് കപ്പ് വെള്ളവും(മിക്സി കഴുകിയ വെള്ളം) ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് മിക്സ് ചെയ്യുക. മാങ്ങാ, മുരിങ്ങക്കോൽ, തൊണ്ടൻ മുളക് , കറിവേപ്പില എന്നിവ ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിക്കുക. നല്ല തിള വന്നശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന ചൂര കഷണങ്ങളും തലയും, മുള്ളും എല്ലാം കൂടി ഇട്ട്  പാത്രം ഒരു മുക്കാൽ ഭാഗം അടച്ച് വേവിയ്ക്കുക. 5–10 മിനിറ്റ് കഴിയുമ്പോൾ ചട്ടി ഒന്നു ചുറ്റിച്ചു കൊടുക്കുക. കാൽ ടീസ്പൂൺ ഉലുവ പൊടിയും കൂടി ഇട്ട് ഇളക്കി ചെറിയ തീയിൽ പാത്രം തുറന്നു വച്ച് വേവിക്കുക. എണ്ണ തെളിഞ്ഞു വരുന്നതാണ് പാകം. അവസാന കുറച്ച് കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണയും ഒഴിച്ച് അഞ്ചു മിനിറ്റും കൂടി തുറന്ന് വച്ച് വേവിക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ ഓഫ് ചെയ്ത് പാത്രം നന്നായി മൂടി വയ്ക്കുക. തിരുവനന്തപുരം സ്റ്റൈൽ മീൻകറി റെഡി. 

ശ്രദ്ധിക്കാൻ

∙ചാറ് വേണ്ടതിനനുസരിച്ച് രണ്ടോ രണ്ടര കപ്പോ വെള്ളം ചേർക്കാം. 

∙ഇവിടെ മാങ്ങ ചേർക്കുന്നതു കൊണ്ട് വാളൻ‌ പുളി േചർക്കുന്നില്ല. മാങ്ങ ചേർക്കാതെ വയ്ക്കുകയാണെങ്കിൽ ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയും ചേർത്ത് അരയ്ക്കുക.

∙പുളി പോരെന്നു തോന്നിയാൽ കുറച്ച് വാളൻ പുളി പിഴിഞ്ഞൊഴിച്ചാൽ മതി. ഇനി പുളി കൂടുതൽ തോന്നിയാൽ കറി അടുപ്പിൽ നിന്നു വാങ്ങുന്നതിനു മുൻപായി മാങ്ങയുടെ കഷണങ്ങൾ കറിയിൽ നിന്നും മാറ്റുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com