ADVERTISEMENT

പെട്ടെന്നു തയാറാക്കാവുന്ന നാലു വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലക്ഷ്മി നായർ. ഇഞ്ചി പച്ചടി, സാമ്പാർ, കാബേജ് തോരൻ, മുട്ട റോസ്റ്റ് എന്നിവയാണ് വിഭവങ്ങൾ.

ഈസി സാമ്പാർ

ചേരുവകൾ

  • വെള്ളരിക്ക – ½ മുറി
  • കത്രിക്ക – 1 എണ്ണം
  • തക്കാളി – 1 എണ്ണം
  • ഉരുളക്കിഴങ്ങ് – 1 എണ്ണം
  • കാരറ്റ് – 1 എണ്ണം
  • വെണ്ടയ്ക്ക – 3 എണ്ണം
  • സവാള – 1 എണ്ണം
  • തുവര പരിപ്പ് – ¾  കപ്പ്
  • വെള്ളം – 4–5 കപ്പ്
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • കശ്മീരി മുളകുപൊടി – ¾ – 1 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി –  ¾ ടേബിൾ സ്പൂൺ
  • കായപ്പൊടി –  ½ ടീസ്പൂൺ
  • ഉലുവപ്പൊടി – ¼ ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്
  • പുളി – നെല്ലിക്ക വലുപ്പത്തിൽ
  • മല്ലിയില – ആവശ്യത്തിന്

 താളിക്കാൻ

  • വെളിച്ചെണ്ണ – 1 ½ ടേബിൾസ്പൂണ്
  • കടുക് – 1 ടീസ്പൂൺ
  • വറ്റൽ മുളക് മുറിച്ചത് – 2 എണ്ണം

തയാറാക്കുന്ന വിധം

ആദ്യമേ കഷണങ്ങളെല്ലാം കഴുകി വൃത്തിയാക്കി വയ്ക്കുക. കുക്കറിൽ മുക്കാൽ കപ്പ് പരിപ്പും അരി‍ഞ്ഞു വച്ചിരിക്കുന്ന കഷണങ്ങളും നാല് –അഞ്ച് കപ്പ് വെള്ളവും അരടീസ്പൂൺ മഞ്ഞൾപ്പൊടിയും പിരിയൻ മുളകിന്റെ പൊടി മുക്കാൽ ടീസ്പൂൺ, മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ, അര ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ഉലുവ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി വേകാൻ വയ്ക്കുക. ഇടത്തരം തീയിൽ ഒറ്റ വിസിൽ മതിയാകും. വിസിൽ കേൾക്കാത്ത കുക്കറാണെങ്കിൽ 15 മിനിറ്റ് വേവിക്കുക. ആവി പോയശേഷം കുക്കർ തുറന്ന് വീണ്ടും അടുപ്പ് കത്തിച്ച് കുതിർത്തു വച്ചിരിക്കുന്ന പുളി കഴുകി ഒഴിക്കുക. നല്ല തിള വന്നശേഷം കുറച്ച് മല്ലിയില മുറിച്ചിടുക. ഇനി ഒരുപാത്രത്തിൽ ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ കടുകും വറ്റൽമുളക് മുറിച്ചതും കറിവേപ്പിലയും ഇട്ട് മൂപ്പിച്ച്. നല്ലവണ്ണം തിളച്ച സാമ്പാറിലേക്ക് ഒഴിക്കുക. ഈസി സാമ്പാർ റെഡി. 

കാബേജ് തോരൻ

ചേരുവകൾ

  • വെളിച്ചെണ്ണ – 1 ½  ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • വറ്റൽ മുളക് – 3 എണ്ണം
  • കറിവേപ്പില
  • ഇഞ്ചി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
  • പച്ചമുളക് – 1 എണ്ണം
  • മഞ്ഞൾപ്പൊടി – ½ – ¾  ടീസ്പൂൺ
  • മല്ലിപ്പൊടി –  ½ ടീസ്പൂൺ
  • സവാള – 1 എണ്ണം
  • കാബേജ് – ½ കിലോ
  • ഉപ്പ് – പാകത്തിന്
  • തേങ്ങ ചിരകിയത് – 1 കപ്പ്

തയാറാക്കുന്ന വിധം

കാബേജ് അരിഞ്ഞതും ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ അിഞ്ഞതും ജീരകപ്പൊടിയും (ജീരകത്തിനു പകരം ചേർക്കുന്നത്)റെഡിയാക്കി വയ്ക്കുക. ഒരു ഫ്രൈ പാനിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുകും വറ്റൽ മുളകും കറിവേപ്പിലയും കൂടി മൂപ്പിച്ച് അതിലേക്ക് ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി ഇളക്കുക ഇതിലേക്ക് അര ടീസ്പൂൺ ജീരക പൊടിയും ചേർത്ത് മൂപ്പിക്കുക. ഇനി സവാള അരിഞ്ഞതും ചേർത്ത് ഒന്നു വാടിയശേഷം അരിഞ്ഞു വച്ച കാബേജും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അഞ്ചുമിനിറ്റ് മതിയാകും വേകാൻ. ഇനി ഇതിലേക്ക് ഒരു കപ്പ് തേങ്ങയും കൂടി ചേർത്ത് വീണ്ടും അഞ്ചു മിനിറ്റ് പാത്രം അടച്ചു വച്ച് വേവിക്കുക. വീണ്ടും പാത്രം തുറന്ന് വച്ച് അഞ്ച് മിനിറ്റു കൂടി വേവിക്കുക. കാബേജ് തോരൻ റെഡി 

മുട്ട റോസ്റ്റ്

ചേരുവകൾ

  • വെളിച്ചെണ്ണ – 1 ½ ടേബിൾ സ്പൂൺ
  • പുഴുങ്ങിയ മുട്ട – 5 എണ്ണം
  • സവാള (ഇടത്തരം)– 3 എണ്ണം
  • ഉപ്പ് – പാകത്തിന്
  • മഞ്ഞൾപ്പൊടി –  ½ ടീസ്പൂൺ
  • മല്ലിപ്പൊടി – 3 ടേബിൾസ്പൂൺ
  • കശ്മീരി മുളകു പൊടി – 1 ടേബിൾ സ്പൂൺ
  • തേങ്ങാപ്പാൽ (കട്ടിപ്പാൽ)– ¼ –  ½  കപ്പ്
  • വിനാഗിരി – 1 ½ ടീസ്പൂൺ
  • കറിവേപ്പില

തയാറാക്കുന്ന വിധം

പുഴുങ്ങിയ മുട്ട ഒന്നു വരഞ്ഞു വയ്ക്കുക. ഇനി ഒരു ഫ്രൈപാനിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടായതിലേക്ക് പുഴുങ്ങിയ മുട്ട ഇട്ട് വറുത്തെടുക്കുക. അതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. സവാള നന്നായി മൂത്ത് എണ്ണ തെളിഞ്ഞ ശേഷം അര ടീസ്പൂൺ മ‍ഞ്ഞൾപ്പൊടിയും, മൂന്ന് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ പിരിയൻ മുളക് പൊടിയും ചേർത്ത് ഇളക്കണം (തീ നല്ലതു പോലെ കുറച്ച് വച്ച് ചെയ്യുക) ഇതിലേക്ക് വറുത്തു വച്ച മുട്ട ചേർത്തിളക്കുക. ഇതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ (അര കപ്പ് പാല്‍ വേണമെങ്കിൽ ഒഴിക്കാം) കട്ടി തേങ്ങാപ്പാലും ചേർത്തിളക്കുക. എണ്ണ തെളിഞ്ഞു വരുന്നതാണ് പാകം. ഒന്നര ടീസ്പൂൺ വിനാഗിരിയും കുറച്ച് കറിവേപ്പിലയും കൂടി ചേർത്താൽ എഗ്ഗ് റോസ്റ്റ് റെഡി. 

ഇഞ്ചി പച്ചടി

ചേരുവകൾ

  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • വറ്റൽമുളക് മുറിച്ചത് – 2 എണ്ണം
  • കറിവേപ്പില
  • പച്ചമുളക് –  ½ – 1 എണ്ണം
  • ഇഞ്ചി പേസ്റ്റ് – 1 ½ ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്
  • തേങ്ങാപ്പാൽ (കട്ടിപ്പാൽ)–  ½ കപ്പ്
  • തൈര് – 1 കപ്പ്

തയാറാക്കുന്ന വിധം

ആദ്യം താളിക്കണം. ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ കടുകും വറ്റൽമുളകും കറിവേപ്പിലയും പച്ചമുളകും ചേർത്ത് ചൂടാക്കുക. ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചിപേസ്റ്റും  ഉപ്പും ചേർത്ത് നന്നായി വഴറ്റി മൂപ്പിക്കുക. തീ നല്ലവണ്ണം കുറച്ച് വച്ച് നല്ലവണ്ണം മൂത്ത ഇഞ്ചിയിലേക്ക് നല്ല കട്ടി തേങ്ങാപ്പാൽ (അരകപ്പ്) കൂടി ചേർത്ത് നന്നായി ചൂടാക്കുക. തിള വരാൻ പാകത്തിൽ ആകുമ്പോൾ തീ ഓഫ് ചെയ്ത് ഒന്നു തണുത്തു കഴിയുമ്പോൾ അര – മുക്കാൽ കപ്പ് നല്ല കട്ടിയുള്ള തൈരും കൂടി ചേർത്തു കഴിയുമ്പോൾ ഇഞ്ചി പച്ചടി റെഡി.

English Summary: Manchester Series, Easy Egg Roast, Inji Pachadi , Sambar , Cabbage Thoran , Recipe by  Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com