ADVERTISEMENT

ചെറു മധുരം നിറഞ്ഞ പാലപ്പം കഴിച്ച് ദിവസം ആരംഭിച്ചാലോ? രുചികരമായ പാലപ്പം പലവിധത്തിൽ തയാറാക്കാറുണ്ട്. തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് മധുരമുള്ള അപ്പം രുചികരമായി തയാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.

ചേരുവകൾ

  • അരിപ്പൊടി (വറുക്കാത്തത്) – 6 കപ്പ്
  • അരിപ്പൊടി (വറുക്കാത്തത്) – ½ കപ്പ് ആദ്യമെടുത്തത് കൂടാതെ
  • വെള്ളം – 2 കപ്പ്
  • ഇൻസറ്റന്റ് ഈസ്റ്റ് – 1 ടീസ്പൂണ്‍
  • പഞ്ചസാര – 2–4 ടേബിൾ സ്പൂൺ (മധുരം അനുസരിച്ച്)
  • കട്ടി തേങ്ങാപ്പാൽ – 1– 1 ½ കപ്പ്

തയാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ വറുക്കാത്ത അരിപ്പൊടി ആറ് കപ്പ് എടുത്തു വയ്ക്കുക. അതിനുശേഷം അരക്കപ്പ് വറുക്കാത്ത അരിപ്പൊടി എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് കപ്പി കാച്ചാൻ വയ്ക്കുക. കട്ടയില്ലാതെ ഇളക്കി മിക്സ് ചെയ്തു ചെറിയ തീയിൽ സാവധാനം കുഴമ്പു രൂപത്തിൽ കുറുക്കിയെടുക്കുക. കൈ എടുക്കാതെ ഇളക്കിക്കൊടുക്കുക. 5–7 മിനിട്ട് വരെ സമയം എടുക്കും അതിനുശേഷം ഇത് നന്നായി തണുപ്പിച്ചശേഷം മാവിലേക്ക് വടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ് ചേർക്കുക (ഇൻസ്റ്റന്റ് ഈസ്റ്റായതു കൊണ്ട് നേരിട്ട് ചേർക്കാം) ഇതെല്ലാം കൂടി കൈ കൊണ്ട് നന്നായൊന്നു യോജിപ്പിക്കുക. ഒരു തുള്ളി വെള്ളം പോലും ചേർക്കരുത്. കപ്പി ഉപയോഗിച്ചു വേണം മുഴുവൻ മാവും കുഴച്ചെടുക്കാൻ. ആവശ്യത്തിന് ലൂസായി കിട്ടും. പാത്രം ഒരു മുക്കാൽ ഭാഗം അടച്ച് എട്ടു മണിക്കൂർ അടച്ചു വയ്ക്കുക. എട്ടു മണിക്കൂർ കഴിഞ്ഞ് പുളിച്ച മാവിലേക്ക് ഒന്നര കപ്പ് തേങ്ങാപ്പാൽ, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് മധുരം (ഇവിടെ ചേർത്തിരിക്കുന്നത് 3 ടേബിൾ സ്പൂൺ പഞ്ചസാരയാണ്) ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം പാത്രം മുക്കാൽഭാഗം മൂടി വയ്ക്കുക. 15 – 30 മിനിറ്റ് നേരം ഇങ്ങനെ മൂടി വയ്ക്കണം. അരമണിക്കൂറു വരെ ഇരിക്കുന്നതാണ് നല്ലത്. അപ്പോൾ മാവ് നന്നായി പൊങ്ങിവരും. ഒരു നോൺസ്റ്റിക് പാന്‍ നന്നായി ചൂടാക്കിയ ശേഷം തീ കുറച്ചു വച്ച് വേണം മാവൊഴിക്കാൻ മാവൊഴിക്കുന്നതിനു മുൻപ് നന്നായി മിക്സ് ചെയ്യണം. ഇനി അപ്പം ചുട്ടെടുക്കാം. ഇങ്ങനെ നല്ല സോഫ്റ്റായ പാലപ്പം ചുട്ടെടുക്കാം.

ശ്രദ്ധിക്കാൻ

∙അരി വാങ്ങുമ്പോൾ പശയില്ലാത്ത അപ്പത്തിനുള്ള, ഒട്ടും തരിയില്ലാത്ത പച്ചരി എന്നു പറഞ്ഞു വേണം വാങ്ങിക്കാൻ

∙അരി അരച്ചുണ്ടാക്കുന്ന പാലപ്പം ഒരുപാട് മൂപ്പിക്കരുത്. അത് തണുത്ത ശേഷം വല്ലാതെ കട്ടിയാകും. 

English Summary: How To Make Soft And Easy Palappam, Kerala Style Palappam, Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com