ADVERTISEMENT

ആരോഗ്യകരമായ ഭക്ഷണശീലത്തിൽ എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ ആളാണ് മമ്മൂക്ക. മമ്മൂക്ക എന്തു കഴിച്ചിട്ടാണ് ദുൽഖറിനെപ്പോലും തോൽപിക്കുന്ന ഫിറ്റ്നസും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നത്? ശരാശരി മലയാളിയുടെ എന്നത്തെയും കൗതുകങ്ങളിലൊന്നാണത്. അതിന്റെ രഹസ്യം മമ്മൂക്കയുടെ ഭക്ഷണശീലമാണെന്നു പറയുന്നു വൈക്കം സ്വദേശി ലെനീഷ്– മമ്മൂട്ടിയുടെ സ്വന്തം കുക്ക്.

lenish-image
ലെനീഷ് മമ്മൂട്ടിയ്ക്കൊപ്പം

പത്തുവർഷത്തോളമായി സിനിമാ ലൊക്കേഷനുകളിൽ മമ്മൂട്ടിക്കൊപ്പം നിന്ന് ഭക്ഷണകാര്യങ്ങൾ നോക്കി ഇഷ്ടരുചികൾ വിളമ്പുന്നുണ്ട് ലെനീഷ്. കഴിഞ്ഞ അഞ്ചുവർഷമായി ടി.കെ സിനിമ മെസ്സ് എന്ന സംരംഭത്തിലൂടെ സിനിമാ ലൊക്കേഷനുകളിലേക്കുള്ള ഭക്ഷണവും ഒരുക്കുന്നുണ്ട്. മലയാള സിനിമാതാരങ്ങളുടെ രുചിയിഷ്ടങ്ങൾ മനസ്സിലാക്കി ലൊക്കേഷനിൽനിന്നു ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് അദ്ദേഹം. പാചകപഠനം കഴിഞ്ഞ് നേരെ മമ്മൂട്ടിയെ കാണാനെത്തിയതാണ് ലെനീഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

lenish-01

‘ഹോട്ടൽ മാനേജ്മെന്റ് പഠനം ട്രെൻഡായി നിന്ന സമയത്ത്, പ്രീഡിഗ്രി കഴിഞ്ഞ് കൊച്ചിയിൽനിന്ന് ഒരു വർഷത്തെ കുക്കറി കോഴ്സ് പഠിച്ചിറങ്ങിയപ്പോൾ പ്രത്യേകിച്ചു ലക്ഷ്യമൊന്നും ഇല്ലായിരുന്നു. നാട്ടുകാരനും മമ്മുക്കയുടെ അടുത്ത സുഹൃത്തുമായ അപ്പുക്കിളിയെന്ന അപ്പു ചേട്ടനാണ് മമ്മൂക്കയ്ക്ക് കുക്കിനെ ആവശ്യമുണ്ട്, നോക്കുന്നോ എന്നു ചോദിച്ചത്. ബസ്കണ്ടക്ടർ എന്ന സിനിമയുടെ ലൊക്കേഷനിൽ കൊണ്ടുപോയി അപ്പുച്ചേട്ടൻ മമ്മൂക്കയെ പരിചയപ്പെടുത്തി. പിറ്റേദിവസം തന്നെ ജോലിക്കു കയറിക്കൊള്ളാൻ പറഞ്ഞു, അപ്പോൾ മമ്മൂക്കയ്ക്ക് ഒരു കുക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ജോലി തുടങ്ങി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മമ്മൂക്കയുടെ ഭക്ഷണതാത്പര്യങ്ങൾ എല്ലാം മനസ്സിലാക്കി. അടുത്ത സിനിമയായ  ബെൽറാം Vs താരാദാസ് ലൊക്കേഷനിൽ മമ്മുക്കയുടെ ആവശ്യപ്രകാരം  കോഴിക്കോട് ഷൂട്ടിങ് ലൊക്കേഷനിൽ, അവിടെ കിട്ടുന്ന കക്ക പോലെ തോടു പൊട്ടിച്ച് എടുക്കുന്ന ഇറച്ചി കൊണ്ട് തയാറാക്കിയ വിഭവം ലൊക്കേഷനിൽ സൂപ്പർഹിറ്റായി’. അങ്ങനെയാണ് ലെനീഷ് മമ്മൂട്ടിയുടെ പഴ്സനൽ കുക്കായത്. പിന്നീട് എല്ലാ മമ്മൂട്ടി ചിത്രങ്ങളിലും ഈ വൈക്കംകാരൻ ഭക്ഷണം വിളമ്പി. പത്തു വർഷത്തിനു ശേഷം, സിനിമാ യൂണിറ്റിലുള്ള എല്ലാവർക്കും ഭക്ഷണമെത്തിക്കുന്ന ആശയം പറഞ്ഞപ്പോഴും മമ്മൂക്ക സമ്മതിച്ചു. തന്റെ സിനിമകളിൽ ഭക്ഷണകാര്യങ്ങളിൽ ഇപ്പോഴും ഒപ്പം കൂട്ടുന്നു. ഫഹദിന്റെയും പൃഥ്വിരാജിന്റെയും കുഞ്ചാക്കോ ബോബന്റെയും സിനിമാ ലൊക്കേഷനിലും ലെനീഷിന്റെ ഭക്ഷണം സൂപ്പറാണ്.

മമ്മൂക്കയുടെ ഭക്ഷണ ഇഷ്ടങ്ങൾ

ഭക്ഷണം വാരിവലിച്ചുകഴിക്കുന്ന കൂട്ടത്തിൽപ്പെട്ടയാളല്ല മമ്മൂക്ക. മീനാണ് താൽപര്യം. എരിവും പുളിയും കുറച്ച്, മസാലകൾ അധികം ചേർക്കാതെയുള്ള കറികളാണ് മമ്മൂക്കയ്ക്ക് ഇഷ്ടം. ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. പകരം ഓട്സ് കൊണ്ടുള്ള അരക്കുറ്റി പുട്ട്. ഒപ്പം തേങ്ങചേർത്ത മീൻകറി നിർബന്ധം. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീൻ, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണെങ്കിൽ നല്ലത്. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറി വച്ചാലും ഇഷ്ടമാണ്. ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്, കുരുമുളകുപൊടി വിതറിയ പച്ചക്കറി സാലഡ്. നാലു മണിക്ക് കാര്യമായി ഒന്നും കഴിക്കില്ല. 

രാത്രി ഗോതമ്പിന്റെയോ ഓട്‌സിന്റെയോ ദോശ. പരമാവധി മൂന്നെണ്ണമേ കഴിക്കൂ. ഒപ്പം തേങ്ങാപ്പാൽ ചേർത്ത് അധികം മസാലയിടാത്ത നാടൻ ചിക്കൻ കറി. അതില്ലെങ്കിൽ ചമ്മന്തിയായാലും മതി. ശേഷം മഷ്‌റൂം സൂപ്പ്. ആകെ ദുശ്ശീലമെന്നു പറയാവുന്നത് ഇടയ്ക്കിടെയുള്ള കട്ടൻചായയാണ്. ലൊക്കേഷനിൽ ഭക്ഷണം വച്ചാൽ മാത്രം പോരാ ലെനീഷ് തന്നെ വിളമ്പിക്കൊടുക്കുകയും വേണം. അഭിപ്രായം അപ്പോൾത്തന്നെ ചൂടോടെ വാങ്ങിക്കാം.

മമ്മുക്ക ചില ഭക്ഷണങ്ങൾ ഇഷ്ടമുണ്ടെങ്കിലും കഴിക്കില്ല. മട്ടനോ ബീഫോ കഴിക്കണമെന്ന് ആഗ്രഹം തോന്നിയാലും കഴിക്കില്ല. വല്ലപ്പോഴും ഒരു ബിരിയാണി മാത്രം അങ്ങനെ ആഗ്രഹം തോന്നുമ്പോൾ ഒരു ബിരിയാണി ഉണ്ടാക്കാൻ പറയും. ഭക്ഷണകാര്യത്തിൽ കൃത്യമായ നിയന്ത്രണമുണ്ട്. ചോറു കഴിക്കുന്നത് വല്ലപ്പോഴും മാത്രം. സെറ്റിൽ ഓണസദ്യയും മറ്റും തയാറാക്കുമ്പോൾ വളരെ കുറച്ചു കഴിക്കും. ആരോഗ്യകരമായ ഭക്ഷണശീലത്തിൽ എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ ആളാണ് മമ്മൂക്ക. മമ്മൂക്കയ്ക്കൊപ്പമുള്ള ജോലി ഇതുവരെ തടസ്സമില്ലാതെയാണ് പോകുന്നത്. സിനിമാ മെസ്സിൽ ലെനീഷിനു സഹായികളുമുണ്ട്.

ലാൽ സാറിന് ഇഷ്ടമുള്ളതൊക്കെ

സിനിമ ലൊക്കേഷനിൽ ഏറ്റവും കൂടുതൽ ഭക്ഷണം ഒരുക്കിയത് കായംകുളം കൊച്ചുണ്ണിക്കു വേണ്ടിയാണ്, ദിവസവും 400 – 450 പേർക്ക് ഭക്ഷണം തയാറാക്കിയിരുന്നു. കർണാടകയിലെ നെല്ലിയാടിയിൽ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ട് നടക്കുമ്പോൾ മമ്മൂട്ടിയുടെ മാമാങ്കം ഷൂട്ടും അതിനടുത്തായിരുന്നു. കായംകുളം കൊച്ചുണ്ണി  വലിയ പ്രോജക്ടാണ്. അത് ആദ്യം ഏറ്റെടുത്തതു കൊണ്ട് മാമാങ്കത്തിന്റെ ലൊക്കേഷനിൽ ഭക്ഷണം തയാറാക്കാനുള്ള കരാർ ഏറ്റെടുത്തിരുന്നില്ല. പക്ഷേ കൊച്ചുണ്ണിയുടെ ലൊക്കേഷനിൽനിന്ന് മമ്മൂക്കയ്ക്കു വേണ്ടി ഭക്ഷണം തയാറാക്കി ലൊക്കേഷനിലും ഹോട്ടലിലുമൊക്കെ എത്തിക്കുമായിരുന്നു. ആ സമയത്താണ് കൊച്ചുണ്ണിയിൽ അതിഥി വേഷം ചെയ്യാൻ മോഹൻലാൽ അവിടെ എത്തുന്നത്. മമ്മൂക്ക ഷൂട്ട് കഴിഞ്ഞു പോകുമ്പോൾ പ്രത്യേകം പറഞ്ഞിരുന്നു ലാൽ സാറിന് എന്താണു വേണ്ടതെന്നു വച്ചാൽ കൃത്യമായി തയാറാക്കി കൊടുക്കണമെന്ന്.

സിനിമലൊക്കേഷനിലെ ഭക്ഷണക്രമം

പ്രഭാത ഭക്ഷണം രണ്ട് ഐറ്റം കാണും, പുട്ട്–ദോശ, ഇഡ്​ഡലി – പൂരി, ഇഡിയപ്പം – നെയ്റോസ്റ്റ്, അപ്പം – പൊറോട്ട, കല്ലപ്പം, ഗോതമ്പ് പുട്ട്... ബ്രേക്ക് ഫാസ്റ്റ് ലിസ്റ്റ് തീരുന്നില്ല. 

അത് കൂടാതെ മുപ്പതോളം പേർക്ക് ഉപ്പുമാവ്. മീൻകറിയും മീൻ വറുത്തതും മറ്റു വിഭവങ്ങളും ചേർത്ത് സദ്യ. ആഴ്ചയിൽ ഒന്ന് ബിരിയാണി. 40 – 45 ദിവസത്തെ ഷെഡ്യൂളിലാണ് മിക്കവാറും പടങ്ങളുടെ ചിത്രീകരണം. 

മമ്മുക്കയ്ക്ക് ഇഷ്ടപ്പെട്ട കരിമീൻ പൊള്ളിച്ചത് – റെസിപ്പി 

വൃത്തിയാക്കിയ കരിമീൻ വരഞ്ഞ് എടുക്കുക. മിക്സിയുടെ ചെറിയ ജാറിൽ ഇഞ്ചി, പച്ചമുളക്, രണ്ടര സ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിനു മഞ്ഞൾപ്പൊടി, കുറച്ച് മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇതിൽ പകുതി കരിമീനിൽ തേച്ചു പിടിപ്പിക്കുക. പകുതി അരപ്പിനായി  ഉപയോഗിക്കാം. അരപ്പ് തയാറാക്കാൻ പാനിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച് ഈ മസാലയും കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കാം. പച്ചച്ചുവ മാറിക്കഴിഞ്ഞ് അൽപം വെള്ളം കൂടി ചേർത്ത് കുറുക്കി എടുക്കുക. കരിമീൻ പകുതി മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളം വേണം. ഇതിലേക്ക് ആവശ്യത്തിന് കുടംപുളി ചേർക്കാം. ഇതിലേക്ക് കരിമീൻ ഇട്ട് മറിച്ചും തിരിച്ചും ഇട്ട് വേവിച്ചെടുക്കണം. ആവശ്യത്തിന് തേങ്ങാപ്പാലും ചേർത്ത് വാങ്ങാം. 

English Summary: Film Star Mammoottys Diet And Food Habits 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com