എണ്ണയും നെയ്യും ചേർക്കാതെ രുചികരമായ വെജിറ്റബിൾ ബിരിയാണി

veg-biryani-by-veena
SHARE

എണ്ണയും നെയ്യും ചേർക്കാതെ രുചികരമായ ബിരിയാണി എങ്ങനെ തയാറാക്കാമെന്നു പരിചയപ്പെടുത്തുകയാണ് വീണാസ് കറിവേൾഡ്.

ചേരുവകൾ

 • റൈസ് – 2 കപ്പ്
 • സവാള – 1 എണ്ണം
 • പച്ചമുളക് – 1 എണ്ണം
 • ചിരകിയ തേങ്ങ– 4 ടേബിൾസ്പൂൺ
 • പുതിനയില - 1 ടേബിൾസ്പൂൺ
 • മല്ലിയില - ടേബിൾസ്പൂൺ
 • ഗരംമസാല – 1 ¼ ടീസ്പൂൺ
 • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
 • കാരറ്റ് –1 എണ്ണത്തിന്റെ പകുതി
 • ബീൻസ്–4 എണ്ണം
 • ബട്ടർ മഷ്റൂം –4 എണ്ണം
 • സോയാചങ്ക്സ് – 10 എണ്ണം
 • തക്കാളി – 1 എണ്ണം
 • വെള്ളം – ½ കപ്പ്
 • അണ്ടിപ്പരിപ്പും  ഉണക്ക മുന്തിരിയും
 • ഉപ്പ് – ആവശ്യത്തിന്
 • നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
 • തേങ്ങാപ്പാൽ – ½ കപ്പ് (ആവശ്യമെങ്കിൽ)


റൈസ് തയാറാക്കാൻ

 • ഏലയ്ക്ക – 2 എണ്ണം
 • ഗ്രാമ്പൂ– 2 എണ്ണം
 • കറുവപട്ട– ചെറിയ കഷണം
 • വെള്ളം – 10 കപ്പ്


തയാറാക്കുന്ന വിധം

 • മല്ലിയിലയും പുതിനയിലയും ചെറുതായി അരിഞ്ഞു വയ്ക്കുക. ഇതിലേക്ക് ഒരു പിടി ചിരകിയ തേങ്ങയും ഒരു ടീസ്പൂൺ ഗരംമസാലയും ചേർത്ത് നന്നായി തിരുമ്മി വയ്ക്കുക.
 • അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും അൽപം വെള്ളത്തിൽ കുതിരാൻ വയ്ക്കുക.
 • സോയാ, കാരറ്റ്, ബട്ടർ മഷ്റൂം, ബീൻസ്,സവാള, പച്ചമുളക്, തക്കാളി ഇവയെല്ലാം അരിഞ്ഞ് വയ്ക്കുക.
 • രണ്ട് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി 20 മിനിറ്റ് നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കുക.

പാചകം
വലിയ ഒരു പാത്രത്തിൽ 10 ഗ്ലാസ് വെള്ളം ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, രണ്ടേകാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട എന്നിവ ഒരു അരിപ്പ ഉപയോഗിച്ച് കോരിമാറ്റാം. ആ വെള്ളത്തിലേക്ക് കുതിർത്ത അരി ഊറ്റിയത് ഇട്ട് നല്ല തീയിൽ മുക്കാൽ വേവാകുന്നതു വരെ വേവിക്കുക. മുക്കാല്‍ വേവായ അരി ഒരു അരിപ്പയിലേക്ക് മാറ്റി വയ്ക്കാം (വെള്ളം നന്നായി പോകണം).

ഒരു കടായ് അടുപ്പിൽ വച്ച് അതിലേക്ക് പച്ചക്കറികൾ എല്ലാം ചേർത്ത് സോയാ ചങ്ക്സും അണ്ടിപ്പരിപ്പും കിസ്മിസും ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇടത്തരം തീയിൽ അടച്ചു വച്ച് വേവിക്കുക. വെള്ളം ചേർക്കരുത്. കുറച്ചു സമയം കഴിയുമ്പോൾ അടപ്പ് മാറ്റി കാൽ ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. വീണ്ടും അടച്ച് വച്ച് വേവിക്കുക. പച്ചക്കറികള്‍ മുക്കാൽ വേവാകുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർക്കുക. വീണ്ടും 5 മിനിറ്റ് നേരം വേവിച്ചതിനുശേഷം യോജിപ്പിച്ചു വച്ചിരിക്കുന്ന പുതിന, മല്ലിയില, നാളികേരം, ഗരംമസാല കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ഗരം മസാലയില്ലെങ്കിൽ ബിരിയാണി മസാല ചേർത്താലും മതി. പുളി നോക്കി ആവശ്യമെങ്കിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കുക.

ദം ചെയ്യാൻ വേണ്ടി ഒരു ദോശ തവ അടുപ്പിൽ വച്ച് അതിന്റെ മുകളിലായി ദം ചെയ്യാനുള്ള പാത്രം വച്ച് അതിലേക്ക് ചോറിന്റെ ഒരു ലെയർ ആദ്യം ഇട്ടുകൊടുക്കുക. അതിന്റെ മുകളിലായി മസാല ഇട്ടുകൊടുക്കുക. വേണമെങ്കിൽ ഇതിന്റെ മുകളിലായി ഗരംമസാലയും മല്ലിയിലയും പുതിനയിലയും വിതറിക്കൊടുക്കാം. മുഴുവൻ ചോറും മസാലയും ഇങ്ങനെ ലെയർ ചെയ്യുക. അതിനുശേഷം അടച്ചു വച്ച് ഇടത്തരം തീയിൽ 10 മിനിറ്റ് നേരം ചൂടാക്കുക. (ഓവനിൽ ചെയ്യണമെന്നുള്ളവർക്ക് 1800 C 10 മിനിറ്റ് നേരം ബേക്ക് ചെയ്യുക ) 10 മിനിറ്റ് നേരം ദം ചെയ്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇതിന്റെ കൂടെ സാലഡും അച്ചാറും ചേർത്ത് കഴിക്കാം.

∙ബിരിയാണിയിൽ ഉപ്പ് കുറഞ്ഞു പോയാൽ ഉപ്പ് കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് ബിരിയാണിയിൽ ഇടയ്ക്ക് ഇടയ്ക്ക് തളിച്ചു കൊടുത്ത് നന്നായി മിക്സ് ചെയ്താൽ മതി.

English Summary: No Ghee, No Oil, Easy Vegetable Biryani, Healthy Biriyani 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA