സ്പെഷൽ ഗരംമസാല ചേർത്ത് ഹൈദരാബാദി ചിക്കൻ ദം ബിരിയാണി

hyderabadi-biryani
SHARE

ആവിപറക്കുന്ന ചൂടൻ ചിക്കൻ ബിരിയാണി, സ്പെഷൽ രുചിയിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • ബസ്മതി റൈസ് – 3 കപ്പ്
  സവാള വലുത് – 4 എണ്ണം
  റിഫൈൻഡ് ഓയിൽ – വറുക്കാൻ ആവശ്യത്തിന്
  ബേ ലീഫ് – 1 എണ്ണം
  പട്ട – 1 വലിയ കഷണം
  ഏലയ്ക്ക – 6 എണ്ണം
  ഗ്രാമ്പൂ– 7–8 എണ്ണം
  ഉപ്പ് – ആവശ്യത്തിന്
  കുങ്കുമപൂവ്
  അണ്ടിപ്പരിപ്പ് – 25 ഗ്രാം
  ഉണക്കമുന്തിരി – 25 ഗ്രാം
  കുരുമുളക് – 1 ടീസ്പൂൺ
  സാജീരകം– 1 ടീസ്പൂൺ
  പട്ട– 1 വലിയ കഷണം
  ഏലയ്ക്ക– 5 എണ്ണം
  ഗ്രാമ്പൂ– 6 എണ്ണം
  ചിക്കൻ – 20–25 കഷണങ്ങളാക്കിയത്
  വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
  ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
  പച്ചമുളക് ചെറുതായി അരിഞ്ഞത് – 2–4 എണ്ണം
  മഞ്ഞൾപൊടി – ¼ ടീസ്പൂൺ
  കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
  സ്പെഷൽ ഗരംമസാല പൊടി – 2 ½ ടീസ്പൂൺ
  മല്ലിയില – ¾ കപ്പ്
  മിന്റ് ലീവ്സ്– ¾ കപ്പ്
  നാരങ്ങ നീര് – 1 ½ – 2 ടേബിൾ സ്പൂണ്‍
  ഫ്രൈഡ് ഒനിയൻ ഓയിൽ – 2 ടേബിൾ സ്പൂൺ
  വെള്ളം– ½ കപ്പ്
  നെയ്യ് – ½ കപ്പ്
  സ്പെഷൽ ഗരംമസാല പൊടി – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം 3 കപ്പ് ബസ്മതി റൈസ് കഴുകി വൃത്തിയാക്കി വയ്ക്കുക. 15 കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ബേ ലീഫ്, ഒരു വലിയ കഷണം പട്ട, ആറ് ഏലയ്ക്ക, 8 ഗ്രാമ്പൂ എന്നിവ ഇട്ട് തിളച്ചു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് അരി വേവിക്കുക. മുക്കാൽ വേവാകുമ്പോൾ അരി ഊറ്റി എടുത്ത് വയ്ക്കുക.

മറ്റൊരു അടുപ്പിൽ ഒരു പാനിൽ എണ്ണ ചൂടാക്കി നാല് സവാള അരിഞ്ഞതും കുറച്ച് ഉപ്പും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക. ആ എണ്ണയിലേക്ക് ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും വറുത്തെടുക്കുക. വറുത്തു വച്ചിരിക്കുന്ന ഉള്ളി സവാള മാറ്റി വച്ച് ഒരു മിക്സിയുടെ ചെറിയ ജാറിൽ പൊടിച്ചെടുത്തു വയ്ക്കുക.

ഒരു പാത്രത്തിൽ അര കപ്പ് പാല്‍ ചൂടാക്കി അതിൽ കുങ്കുമപ്പൂവ് ചാലിച്ച് വയ്ക്കുക.

സ്പെഷൽ ഗരംമസാല തയാറാക്കുന്ന വിധം

ഒരു ടീസ്പൂൺ കുരുമുളകും ഒരു ടീസ്പൂൺ സാജീരകം, ഒരു വലിയ കഷണം പട്ട, അഞ്ച് ഏലയ്ക്ക, ആറ് ഗ്രാമ്പൂ എന്നിവ ഒന്നു പൊടിച്ചെടുത്ത് ഒരു പാത്രം കൊണ്ട് അടച്ചു വയ്ക്കുക.

ഇനി ചിക്കൻ മാരിനേഷൻ ചെയ്യാനായി മല്ലിയിലയും പുതിനയിലയും ആദ്യം ഓരോ കപ്പ് എടുത്ത് റെ‍ഡിയാക്കി വയ്ക്കുക. വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ, ഇഞ്ചി പേസ്റ്റ് 1 ടീസ്പൂൺ പച്ചമുളക് അരിഞ്ഞത്, വറുത്ത ഉള്ളി പൊടിച്ചത് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ പിരിയൻ മുളകിന്റെ പൊടി, രണ്ടര ടീസ്പൂൺ സ്പെഷൽ ഗരംസമാലപ്പൊടി മുക്കാൽ കപ്പ് മല്ലിയില, മുക്കാൽ കപ്പ് പുതിനയില, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീര്, രണ്ട് ടേബിൾ സ്പൂൺ സവാള വറുത്ത എണ്ണയും ചേർത്ത് ചിക്കൻ കഷണങ്ങളിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യുക. അഞ്ച് മിനിറ്റോളം ഇത് ഇങ്ങനെ നന്നായി കഷണങ്ങളിൽ തേച്ച് പിടിപ്പിക്കുക. ഇങ്ങനെ രണ്ടു മണിക്കൂർ വയ്ക്കുക. രണ്ടു മണിക്കൂർ കഴിഞ്ഞതിനു ശേഷം ഒരു ഫ്രൈ പാനിൽ ചിക്കനും അരകപ്പ് വെള്ളവും ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. ചാറ് കുറുകി വരുന്നതാണ് പാകം.

സ്റ്റൗ ഓൺ ചെയ്ത് ഒരു പാത്രത്തിൽ കാൽ കപ്പ് നെയ്യ് ഒഴിച്ച് തീ നന്നായി കുറച്ച് വേവിച്ചെടുത്ത ചോറിന്റെ പകുതി ഇട്ട് ഇതിന്റെ മേലെ കുങ്കുമപ്പൂവ് ചേർത്ത പാൽ രണ്ട് മൂന്ന് സ്പൂൺ ഒഴിച്ചു കൊടുക്കുക. അതിന്റെ മുകളിലായി ഈ ചിക്കൻ ഒരു ലെയറായി ഇട്ടു കൊടുക്കുക. അതിന്റെ മുകളിൽ കുറച്ച് പുതിന ഇല വിതറി ബാക്കി റൈസ് അതിന്റെ മുകളിലായി ലെയറായി ഇടുക ബാക്കിയുള്ള കുങ്കുമപ്പൂ ചേർത്ത പാൽ ഒഴിച്ച് അതിന്റെ മുകളിൽ വീണ്ടും പുതിനയിലയും അര ടീസ്പൂൺ സ്പെഷൽ ഗരംമസാലപൊടിയും വിതറി ബാക്കിയുള്ള കാൽ കപ്പ് നെയ്യും അതിന്റെ മുകളിലായി ചേർത്ത് പാത്രം അടച്ചു വച്ച് 7–8 മിനിറ്റ് ചെറിയ തീയിൽ ആവി കേറ്റുക. അതിനു ശേഷം തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് സേർവ് ചെയ്ത് അതിന്റെ മുകളിൽ വറുത്ത ഉള്ളി, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് അലങ്കരിക്കാം.

ശ്രദ്ധിക്കാൻ

∙അടി കട്ടിയില്ലാത്ത പാത്രമാണെങ്കിൽ ഒരു ദോശക്കല്ലിന്റെ മുകളിൽ വച്ച് ആവി കയറ്റുക.
∙കുങ്കുമപ്പൂവിനു പകരം കുറച്ച് മഞ്ഞൾപ്പൊടി കലക്കി ഉപയോഗിക്കാം.

English Summary: How to make Easy Hyderabadi Chicken Biryani 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA