കൃത്രിമ ചേരുവകൾ ഇല്ലാതെ നാടൻ ഉണ്ണിയപ്പം!; വിഡിയോയുമായി ലക്ഷ്മി നായർ

Unniyappam-wheat
SHARE

ഒന്നൊന്നര ഉണ്ണിയപ്പം വീട്ടിൽ തയാറാക്കുന്ന വിഡിയോയുമായി ലക്ഷ്മിനായർ. സോഡാപ്പൊടിയും ബേക്കിങ് പൗഡറും ഇതിൽ ചേർക്കുന്നില്ല. കൃത്രിമത്വം ഒട്ടും ഇല്ലാത്ത നാടൻ ഉണ്ണിയപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ആട്ട– 2 കപ്പ്
  • ശർക്കര ചീകിയത് – 2 കപ്പ്
  • വെള്ളം – ½ കപ്പ്
  • പഴം (പാളയംകോടൻവലുത്, നന്നായി പഴുത്തത്) – 3 എണ്ണം
  • എള്ള്– 3 ടീസ്പൂൺ‌
  • ഏലയ്ക്ക പൊടി – 1 ടീസ്പൂൺ
  • നെയ്യ് – 2–3 ടീസ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം റെഡിയാക്കി വയ്ക്കേണ്ട കാര്യങ്ങൾ

∙ശർക്കര ചീകി വയ്ക്കുക

∙പഴം മിക്സിയിൽ അരച്ചെടുക്കുക

∙ശർക്കര ഒരു പാത്രത്തിൽ അര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാൻ വയ്ക്കുക. ശർക്കര ഉരുക്കി അതൊന്നു തണുത്തു കഴിയുമ്പോൾ അതിന്റെ മുകളിലത്തെ പാട ഒരു സ്പൂൺ ഉപയോഗിച്ച് മാറ്റണം. അതിനു ശേഷം അരിച്ചെടുക്കുക.

ഇനി ഒരു പാത്രത്തിൽ 2 കപ്പ് ഗോതമ്പുമാവെടുത്ത് അതിലേക്ക് ആദ്യം ശർക്കര ഉരുക്കിയതും പഴം അരച്ചതും അല്പം വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. സ്പൂണിൽ കോരി ഒഴിക്കാൻ പറ്റുന്നതാണ് പാകം. ഇതിലേക്ക് രണ്ട് ടീസ്പൂൺ എള്ള്, ഒരു ടീസ്പൂൺ ഏലയ്ക്ക അല്പം പഞ്ചസാര ചേർത്ത് പൊടിച്ചതും (നന്നായി പൊടിയാൻ വേണ്ടിയാണ് പഞ്ചസാര ചേർത്തത്) ചേർത്ത് മിക്സ് ചെയ്യുക. (തേങ്ങക്കൊത്ത് വേണമെങ്കിൽ ചേർക്കാം) അതിനുശേഷം രണ്ട് ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് മിക്സ് ചെയ്യുക. അതിനു ശേഷം പാത്രം ഒരു അടപ്പു കൊണ്ട് മൂടി അരമണിക്കൂർ വയ്ക്കുക.

ഇനി ഗ്യാസ് സ്റ്റൗ കത്തിച്ച് ഉണ്ണിയപ്പം ഉണ്ടാക്കുന്ന അച്ചിലേക്ക് മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടായ ശേഷം ഒരു തവി കൊണ്ട് ഉണ്ണിയപ്പ അച്ചിന്റെ കുഴിയിലേക്ക് മുക്കാൽ ഭാഗം വരുന്ന രീതിയിൽ മാവ് ഒഴിച്ച് കൊടുക്കുക. പാകത്തിന് വെന്തു വരുമ്പോൾ ഒരു സ്പൂൺ കൊണ്ട് മറിച്ചിട്ട് രണ്ടു വശവും പാകത്തിന് വെന്തശേഷം കുത്തിയെടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙നന്നായി പഴുത്ത പാളയം കോടൻ പഴം ഉപയോഗിക്കുക.
∙ശർക്കര നല്ല ക്വാളിറ്റിയുള്ളതായിരിക്കണം.
∙എണ്ണയുടെ ചൂട് ക്രമീകരിക്കുന്നത്
∙മാവ് ഒഴിക്കുന്ന അളവ്
∙തിരിച്ചും മറിച്ചുമിടുന്ന കാര്യങ്ങൾ എന്നിവ ശ്രദ്ധിക്കുക. 

English Summary:  Wheat Unniyappam Video by Lekshmi Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA