ADVERTISEMENT

ഉള്ളം തണുപ്പിക്കാൻ ഐസ്ക്രീം...അതും ഇഷ്ടപ്പെട്ട രുചിയിൽ വീട്ടിൽ തന്നെ തയാറാക്കാം. ഇത് ഉണ്ടാക്കിക്കഴിഞ്ഞാൽ ഇഷ്ടമുള്ള ഫ്ലേവർ ചേർത്ത് എത്ര തരം ഐസ്ക്രീമുകൾ വേണമെങ്കിലും തയാറാക്കാമെന്നതാണ് പ്രത്യേകത. നാലു തരത്തിലുള്ള ഐസ്ക്രീം രുചിയാണ് ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്.

ചേരുവകൾ

  • വിപ്പിങ് ക്രീം– 2 കപ്പ്
  • ഫ്രെഷ് സ്ട്രോബെറി – 10–12 എണ്ണം
  • പഞ്ചസാര – 2 ടേബിള്‍ സ്പൂൺ
  • വെള്ളം – ¼ കപ്പ്
  • ഫ്രെഷ് ക്രീം – ½ കപ്പ്
  • കണ്ടെൻസ്ഡ് മിൽക്ക് – 1 ടിൻ
  • മാംഗോ എസ്സൻസ് – ¼ ടീസ്പൂൺ
  • സ്ട്രോബെറി എസ്സൻസ് – ¼ ടീസ്പൂൺ
  • വാനില എസ്സന്‍സ് – ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം രണ്ട് കപ്പ് വിപ്പിങ് ക്രീം എടുത്ത് ഹാൻഡ് ബ്ലെൻഡറിൽ ഒഴിച്ച് നന്നായി വിപ്പ് ചെയ്തെടുക്കുക. അതിനുശേഷം അതിലേക്ക് അരകപ്പ് ഫ്രെഷ് ക്രീം ചേർത്ത് വീണ്ടും വിപ്പ് ചെയ്യുക. ഇതിലേക്ക് ഒരു ടിൻ കണ്ടൻസ്ഡ് മിൽക്കും കൂടി ചേർത്ത് വീണ്ടും നന്നായി വിപ്പ് ചെയ്യുക. ഇതാണ് ഐസ്ക്രീം ബേസ്, ഇതിലേക്ക് പഴച്ചാറുകൾ ചേർത്താണ് ഓരോ രുചിയും തയാറാക്കുന്നത്.

ഇവിടെ മാംഗോ, സ്ട്രോബെറി, കുക്കീസ്, വാനില എന്നിങ്ങനെ നാല് ഫ്ലേവറുകളിൽ ഉള്ള ഐസ്ക്രീമുകളാണ് തയാറാക്കുന്നത്.

സ്ട്രോബെറി പ്യൂറി തയാറാക്കുന്നതിനു വേണ്ടി സ്ട്രോബെറി (10 എണ്ണം) അരിഞ്ഞ് ഒരു പാത്രത്തിൽ എടുത്ത് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും കാല്‍ കപ്പ് വെള്ളവും ചേർത്ത് ഗ്യാസ് സ്റ്റൗവിൽ വച്ച് വേവിക്കുക. വെന്തു കഴിഞ്ഞ് ഇത് നന്നായി തണുത്തശേഷം മിക്സിയിൽ അരച്ചെടുക്കുക. സ്ട്രോബെറി രുചി റെഡി.

മാംഗോ പ്യൂരി തയാറാക്കുന്നതിനു വേണ്ടി മാമ്പഴം അരിഞ്ഞ് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.

കുക്കീസ് ഫ്ലേവർ തയാറാക്കുന്നതിനു വേണ്ടി ആറോ ഏഴോ ഓറിയോ ബിസ്കറ്റുകൾ പൊടിച്ചെടുക്കുക. 

ഇത്രയും തയാറാക്കി വച്ചതിനു ശേഷം ഓരോ ഐസ് ക്രീമിനും വേണ്ട ബേസ് ഓരോ പാത്രത്തിലും എടുത്ത് തയാറാക്കി വച്ചിരിക്കുന്ന ഓരോ ഫ്ലേവറും ചേർത്ത് നന്നായി യോജിപ്പിക്കാം. ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് വാനില ബേസ് ഐസ്ക്രീം എടുത്ത് അതിലേക്ക് മാംഗോ പ്യൂരി ചേർത്ത് ഒരു തവി ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. അതിനുശേഷം കാൽ ടീസ്പൂൺ മാംഗോ എസ്സൻസും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുന്നു. മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് വാനില ബേസ് ഐസ്ക്രീമിൽ സ്ട്രോബെറി പ്യൂരി ചേർത്ത് നന്നായി യോജിപ്പിച്ച് കാൽ ടീസ്പൂൺ സ്ട്രോബെറി എസൻസും ചേർത്ത് മിക്സ് ചെയ്യുക. അതേപോലെ മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് വാനില ബേസ് ഐസ്ക്രീമിൽ പൊടിച്ച ഓറിയോ കുക്കീസ് േചർത്ത് കാൽ ടീസ്പൂൺ വാനില എസൻസും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. കുക്കീസ് ഐസ്ക്രീം മിക്സിന്റെ മുകളിലായി മുകളിലായി ഒരു കുക്കീസ് പൊടിച്ച് ഇടുക.

ബാക്കിയുള്ള വാനില ബേസ് ഐസ്ക്രീമിലേക്ക് കാൽ ടീസ്പൂൺ വാനില എസ്സൻസ് ചേർത്ത് വാനില ഐസ്ക്രീമായി ഉപയോഗിക്കാം. ഇനി ഇവയെല്ലാം ഓരോ എയർടൈറ്റ് കണ്ടെയ്നറില്‍ ആക്കി നന്നായി അടച്ച് ഫ്രീസറിൽ 6–8 മണിക്കൂർ വരെ തണുക്കാൻ വയ്ക്കുക.രണ്ട് കപ്പ് വിപ്പിങ് ക്രീം എടുത്താൽ നാല് ഫ്ലേവറിൽ ഉള്ള എട്ട് കപ്പ് ഐസ്ക്രീം ഉണ്ടാക്കാം. 

English Summary: How to make Ice Cream Recipe Video by Lekshmi Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com