ഇറച്ചിക്കറിയുടെ ഡ്യൂപ് എന്റെ ഇഷ്ടവിഭവം; പാചകം ചെയ്ത് മണികണ്ഠൻ

SHARE

കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് മണികണ്ഠൻ. ചമ്പക്കര മാർക്കറ്റിൽ മീൻ വെട്ടിക്കൊടുത്തിരുന്ന തൊഴിലാളിയിൽ നിന്നും ആദ്യ സിനിമയ്ക്ക് തന്നെ സംസ്ഥാനഅവാർഡ് നേടുന്ന നടനിലേക്കുള്ള മണികണ്ഠന്റെ യാത്ര ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. 

manikandan-soya-cooking
മണികണ്ഠൻ പാചകത്തിൽ

നടൻ എന്നതിലുപരി നല്ലൊരു പാചകക്കാരനും ഭക്ഷണപ്രേമിയുമാണ് മണി. ഷൂട്ടിങ്ങില്ലാത്തപ്പോൾ മിക്കവാറും മൂന്നുനേരവും വീട്ടിൽ തന്നെ ഭക്ഷണം സ്വയം പാചകം ചെയ്യും. ജീവിതത്തിലെ നല്ലൊരു കാലഘട്ടത്തിലും വെപ്പും കുടിയുമെല്ലാം തനിച്ചായിരുന്നു. അങ്ങനെ 'വയറ്റിപ്പിഴപ്പ്' കൊണ്ടാണ് പാചകം പഠിച്ചത് എന്ന് മണി പറയുന്നു. 

അമ്മ സസ്യാഹാരിയാണ്. അതുകൊണ്ട് ഞങ്ങളുടെ ചെറുപ്പത്തിൽ വീട്ടിൽ ഇറച്ചിക്കറി വയ്ക്കില്ല. ഞങ്ങൾ മക്കൾക്കാണെങ്കിൽ മാംസാഹാരത്തോട് പ്രിയമായിരുന്നു. അതിനു പരിഹാരമായി അമ്മ കണ്ടുപിടിച്ച വിദ്യയാണ് സോയ ബീൻസ്. കുറച്ചു സോയ ബോൾസ് വാങ്ങി ഇറച്ചിമസാലയുമിട്ട് വേവിച്ച് ഞങ്ങൾക്ക് തരും. കാണാനും കഴിക്കാനും ഇറച്ചി പോലെതന്നെ! അങ്ങനെ സോയ ബോൾ  ഫ്രൈ എന്റെ പ്രിയ കറിയായി മാറി. അതുണ്ടാക്കുന്ന വിധമാണ് ഇനി പറയുന്നത്. 

manikandan-cooking

ആവശ്യമുള്ള സാധനങ്ങൾ 

 • സോയ– 1 ബൗൾ
 • സവാള വലുത് – 1 എണ്ണം
 • പച്ചമുളക്– 3 എണ്ണം
 • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
 • മുളകുപൊടി – 1 ടീസ്പൂൺ
 • ചിക്കൻ കറി മസാല പൗഡർ– 2 ടേബിൾ സ്പൂൺ
 • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • വെള്ളം – ആവശ്യത്തിന്
 • കടുക് – 1 ടീസ്പൂൺ
 • കറിവേപ്പില

തയാറാക്കുന്ന വിധം

 • ആദ്യം സ്റ്റൗ കത്തിച്ച് ഒരു പാത്രത്തിൽ സോയാബോള്‍സും കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. അതിനുശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി വെള്ളം നന്നായി പിഴിഞ്ഞ് എടുത്തു വയ്ക്കുക. 
 • ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് മൂപ്പിച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് വഴന്നു കഴിയുമ്പോൾ ഇതിലേക്ക് ആദ്യം മഞ്ഞൾപ്പൊടിയും അല്പം മുളകുപൊടിയും കുറച്ച് ചിക്കൻ മസാലയും ചേർത്ത്  ഒന്നു ചൂടായി കഴിയുമ്പോൾ സോയാബോൾസ് ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് നന്നായി ഇളക്കി പാത്രം അടച്ചു വച്ചു വേവിക്കുക. വെള്ളം നന്നായി വറ്റി ഡ്രൈ ആക്കിയെടുക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞു ചേർക്കുക. അതിനു മുകളിലായി കുറച്ചു കറിവേപ്പിലയും കൂടി വിതറുക. സോയ റെഡി. 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
FROM ONMANORAMA