ADVERTISEMENT

ലോക്ഡൗൺ ദിവസങ്ങൾ ബോറടിപ്പിക്കുകയേയില്ലെന്ന് ഉറപ്പിച്ചു പറയുന്നു ഷെഫ് സുരേഷ് പിള്ള. പുറത്തിറങ്ങാതെ വീട്ടിലിരിക്കുമ്പോൾ, ഭക്ഷണകാര്യത്തിൽ പുതുതായി എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്നു പറയുന്നു അദ്ദേഹം. കൊല്ലം റാവിസ് അഷ്ടമുടിയിലെ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ള പറയുന്നു. ‘ലോക്ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങരുത് എന്ന നിർദേശം അക്ഷരംപ്രതി പാലിക്കണം. വീട്ടുവളപ്പിലെ ചക്ക, മാങ്ങ, പപ്പായ തുടങ്ങിയവ ഉപയോഗിച്ചുള്ള പാചകത്തിനു മുൻഗണന നൽകാം. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ അവസാനത്തേക്കു കരുതിവയ്ക്കാം.


പഴമയിലേക്കുള്ള തിരിച്ചുപോക്കിന്റെ കാലം കൂടിയാണിത്. അധികം ചേരുവകൾ ആവശ്യമില്ലാതെ, വീട്ടിലുള്ളവ ഉപയോഗിച്ചു തയാറാക്കാവുന്ന കറികൾ ഈ സമയത്ത് നമുക്ക് ഉച്ചഭക്ഷണത്തിനായി തയാറാക്കാം. അത്തരത്തിലുള്ള പുളിക്കറികൾ പരീക്ഷിക്കാവുന്നതാണ്. നല്ല വെയിലുള്ള സമയമായതിനാൽ കപ്പ പോലുള്ളവ വാങ്ങി ഉണക്കി സൂക്ഷിക്കാം. പിന്നീട് അത് ഉപയോഗിക്കുകയുമാകാം. ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും ശേഖരിക്കാം. ചേമ്പ്, ചേനയുടെ തണ്ട്, ഇലകൾ എന്നിവ ഉപയോഗിച്ചുള്ള കറികൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താം. ഈ സമയത്തു പാചകപരീക്ഷണങ്ങളാവാം. എന്നാൽ നമുക്ക് ഇപ്പോൾ ലഭ്യമായവയും നാടൻ ചേരുവകൾ ഉപയോഗിച്ചുള്ളതുമായ വിഭവങ്ങളുടെ മാത്രം പരീക്ഷണം. ചേരുവകൾ കുറവുള്ളവ വിഭവങ്ങൾക്കു പ്രാധാന്യം നൽകണം. വീട്ടിലുള്ള പച്ചക്കറികളും മറ്റും ഉപയോഗിച്ചുള്ള ചെറിയ പരീക്ഷണങ്ങൾ വേണം നടത്താൻ. 

ഗോതമ്പിന്റെ ഭക്ഷണം ദിവസവും ഉൾപ്പെടുത്താൻ പറ്റിയ സമയമാണിത്. ഗോതമ്പിനിപ്പോൾ വിലക്കുറവാണ്. ഗോതമ്പ് ഉപയോഗിച്ചുള്ള ഭക്ഷണം ഒരുനേരം ഉൾപ്പെടുത്താം. വീട്ടിലുള്ള എല്ലാവരും ചേർന്നു പാചകം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. അതേറെ മാനസിക ഉല്ലാസം നൽകും. ഒരുമിച്ചു പാചകം ചെയ്യുക, ഒരുമിച്ചു കഴിക്കുക എന്നൊരു നല്ല ശീലം കൂടി നമ്മളിൽ വളർന്നു വരട്ടെ...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com