‘ഇത് ധാരാളിത്തമുള്ള ജീവിതരീതിക്കു പറ്റിയ സമയമല്ല. പാചകത്തിൽ ചേരുവകളുടെ കാര്യത്തിൽ മിതത്വം പാലിക്കണം. സാധനങ്ങൾ ഓടിപ്പോയി വാങ്ങാൻ പറ്റിയ സാഹചര്യമല്ല ഇപ്പോഴെന്നും പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ എല്ലാവരും ചേർന്ന് പാചകം ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്. വീട്ടിലിരിക്കുമ്പോൾ എല്ലാവരും ചേർന്ന് ജോലികൾ ചെയ്താൽ മുഷിച്ചിൽ തോന്നില്ല. ലോക്ഡൗൺ സമയത്ത് പല മേഖലകളിൽ അഹോരാത്രം ജോലി ചെയ്യുന്നവരെ നന്ദിയോടെ ഓർക്കുകയും ചെയ്യണം’ – പാചക വിദഗ്ധ ലക്ഷ്മി നായർ സംസാരിക്കുന്നു.
പുരുഷന്മാർക്കും അടുക്കളയിൽ തിളങ്ങാം
ഒാഫിസ് തിരക്കുകൾ മൂലം അടുക്കളയിൽ കയറാൻ ഇതുവരെ സമയം കിട്ടിയില്ലെന്ന് പറയുന്ന പുരുഷൻമാർക്ക് അടുക്കളയിൽ തിളങ്ങാനൊരു അവസരമാണ് ലോക്ഡൗൺ കാലം. പാചകത്തിൽ താത്പര്യമുള്ളവർക്ക് ലഭ്യമായ വിഭവങ്ങൾ കൊണ്ട് പാചകവിധികൾ പരീക്ഷിക്കാം, വീട്ടുജോലിയിൽ സഹായിക്കാം. വീട്ടു ജോലി അടുക്കള മാത്രമല്ലല്ലോ. വീട് വൃത്തിയാക്കുന്ന ജോലികളിൽ സഹായിക്കാം. പാത്രം കഴുകുക, പച്ചക്കറി അരിയുക, തേങ്ങാ തിരുമ്മി എടുക്കുക എന്നിവ ചെയ്യാം. ഭാര്യയിൽനിന്ന് പാചകം പഠിക്കാനുള്ള അവസരവുമാണിത്. കുട്ടികളെയും കൂട്ടാം. ഇതെല്ലാം വീട്ടമ്മയെ സന്തോഷിപ്പിക്കും.
ഏഴു കാര്യങ്ങൾ ശ്രദ്ധിക്കാം
1. ലഭ്യമായ വിഭവങ്ങൾക്കനുസരിച്ച് വേണം മെനുവും പാചകപരീക്ഷണങ്ങളും.
2. വിഭവങ്ങളുടെ എണ്ണം കുറയ്ക്കുക. കുടുംബാംഗങ്ങളുടെ അഭിരുചി മനസ്സിലാക്കി തയ്യാറാക്കണം.
3. ഭക്ഷണം പാഴാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചപ്പാത്തി, പുട്ട്, പൂരി ഇതൊക്കെ ബാക്കി വന്നാൽ വേറേ വിഭവങ്ങൾ തയാറാക്കാം. ഒരു നേരം ഉണ്ടാക്കുമ്പോൾ അൽപം കൂടുതൽ ഉണ്ടാക്കി ഫ്രിജിൽ സൂക്ഷിച്ചാൽ പിറ്റേദിവസം ഉപയോഗിക്കാം.
4. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. അടുക്കോടും ചിട്ടയോടും കൂടി എല്ലാവരും ചേർന്നു കാര്യങ്ങൾ ചെയ്താൽ ജോലിഭാരം കുറയും സമയലാഭവും ഉണ്ടാകും. ഭക്ഷണം കഴിച്ചാൽ അവരവർ തന്നെ പാത്രം കഴുകിയാൽ സമയവും ജോലിഭാരവും കുറയ്ക്കാം.
5. വിദ്യാർഥികൾ പഠനത്തിനുവേണ്ടി അൽപ സമയം മാറ്റിവയ്ക്കണം. സ്കൂൾ തുറക്കുമ്പോൾ പരീക്ഷാസമയം വളരെ ബുദ്ധിമുട്ടാകും.
6. വൈറ്റമിൻ സി ധാരാളമുള്ള ഭക്ഷണങ്ങൾ കഴിച്ച് ജലദോഷത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിൽ ലഭ്യമായ പച്ചക്കറികൾ മെനുവിൽ ഉൾപ്പെടുത്തണം. പ്രൊട്ടീൻ ധാരാളമുള്ള പയറു വർഗങ്ങൾ കഴിക്കണം. ഗ്യാസ്ട്രിക് പ്രശ്നങ്ങൾ വരുന്നത് തടയാൻ കറികൾ തയാറാക്കുമ്പോൾ കായം, ഇഞ്ചി, വെളുത്തുള്ളി എന്നിവ അനുയോജ്യമായ അളവിൽ ചേർക്കുക. മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് കറികൾ തയാറാക്കാം.
7. അടുക്കളത്തോട്ടത്തിന്റെ പരിപാലനവും വളരെ പ്രധാനമാണ്. ലഭ്യമായ എല്ലാ വിളകളും സ്ഥലവും സൗകര്യങ്ങളും അനുസരിച്ച് ചെറിയ ചട്ടികളിൽ വീടുകളിൽ വച്ചു പിടിപ്പിക്കാം. ഭാവിയിലേക്കു വേണ്ടിയുള്ള കരുതലാണ്.
English Summary: Lakshmi Nair talking about lockdown time