നാടൻ രുചിയിൽ കൂരി മുളകിട്ടത് അഥവാ മുളകേട്ട

SHARE

വേമ്പനാട് കായലിലും കായലിനോട് ചേർന്ന കൈത്തോടുകളിലും ധാരാളമായി കാണുന്ന കൂരി മത്സ്യത്തെ ചൂണ്ടയിട്ടും വലവീശിയുമാണ് പിടിക്കുന്നത്. പുറത്തേക്ക്  നീണ്ടു നിൽക്കുന്ന കൂർത്ത മുള്ള് ഉള്ളതിനാൽ നീട്ടുവലയിലും ധാരാളമായി കുടുങ്ങും. വീടിനു മുന്നിലേക്ക് ഒന്നു ചൂണ്ടയുമായി ഇറങ്ങിയാൽ തന്നെ ഒരു കറിക്കുള്ള മീനായി. വടക്കൻ കേരളത്തിൽ പുഴയിൽ നിന്നു കിട്ടിയാൽ വെള്ളേട്ട കടലിൽ നിന്നായാൽ വലിയേട്ട. ചുണ്ട് നീണ്ട വെള്ളേട്ടയാണ് രുചിയിൽ മുൻപൻ.  തെക്കൻ കേരളത്തിലേക്ക് വരുമ്പോൾ കടലിൽനിന്നു പിടിക്കുന്ന വലിയ കൂരിയാണ് ഏട്ട എന്നപദവിയിലുളളത് ! 

ഹെലികോപ്റ്ററിന്റെ രൂപസാദൃശ്യമുള്ളതു കൊണ്ട് മുകളിലെ മുള്ളിൽ പിടിച്ച് പറത്തിക്കളിച്ചത് ബാല്യ കൗതുകം.   വെട്ടിക്കഴുകി ഉപ്പിട്ട് നന്നായി ഉരച്ചാൽ കുപ്പിച്ചില്ലുപോലെ വെളുത്ത് തിളങ്ങും ഈ മീൻ.  കൂരിക്ക് ഉറച്ച മാംസമാണ്, മുളകിട്ട് അടിച്ചാൽ ഫസ്റ്റ് ക്ലാസ്. ചോറിനും പുട്ടിനുമൊപ്പം കിടിലൻ കോമ്പിനേഷൻ... കഴിച്ചുനോക്കൂ..

Cat Fish Recipe

മുളകിട്ട കൂരി അഥവാ മുളകേട്ട...

ചേരുവകൾ

  • കൂരി –1 കിലോ
  • മുളകുപൊടി – 3 സ്പൂൺ
  • മല്ലിപ്പൊടി – 2 സ്പൂൺ
  • മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
  • ഉലുവ – ഒരു നുള്ള്
  • കറിവേപ്പില – 4 തണ്ട്
  • കുടംപുളി – 3 അല്ലി

തയാറാക്കുന്ന വിധം

മൺചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ട് പൊട്ടിച്ചശേഷം ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കണം.  ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർത്ത് ഇളക്കണം. പൊടികൾ കരിയാതെ നോക്കണം. ചെറുതാക്കിയ കുടംപുളിയും ഉപ്പും ചേർത്ത് രണ്ടു ഗ്ലാസ് വെള്ളവും ഒഴിക്കാം. തിളച്ചു വരുമ്പോൾ വെട്ടിക്കഴുകിയ മീൻ ചട്ടിയിലേക്ക് ഇടാം. 4 തണ്ട് കറിവേപ്പിലയും മുകളിൽ നിരത്തി ചട്ടി മൂടി ഇളം തീയിൽ 20 മിനിറ്റ് വേകിക്കണം. കട്ടിയുള്ള മത്സ്യം ആയതിനാൽ വേവ് കൂടുതൽ വേണം.

മീൻതലയും ഇതേ രീതിയിൽ കറിവയ്ക്കാം.

English Summary: Etta Koori Curry, Cat Fish Curry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHEFS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA