ADVERTISEMENT

വീടു പണിയുടെ ബാക്കി സാധനങ്ങൾ കൊണ്ട് ഗ്രിൽ അടുപ്പൊരുക്കി കുളത്തിൽ നിന്നും പിടിച്ച വളർത്തു മീനായ ഗിഫ്റ്റ് തിലോപ്പിയ കനലിൽ ചുട്ടെടുത്ത കഥ. വീടിന്റെ മേൽക്കുരയുടെയും ബേ വിൻഡോയുടെ മുകളിലും പ്രാവ് കൂട് വയ്ക്കാതിരിക്കാൻ ഘടിപ്പിച്ച നെറ്റിന്റെ ബാക്കി കഷ്ണമാണ് പൊടിയെല്ലാം കഴുകിയെടുത്ത് ഗ്രിൽ ആക്കിയത്. ഗേറ്റിൽ നിന്നും വീട്ടിലേക്കുള്ള നടപ്പാത വിരിക്കാൻ കൊണ്ടു വന്ന പൂട്ടുകട്ടയുടെ ബാക്കിയും സിമിന്റ് എടുക്കാനായി വാങ്ങിയ ഇരുമ്പ് ചട്ടിയും കൊണ്ട് അലക്കു കല്ലിനു മുകളിൽ അനുജൻ റഫിയും മക്കളുമായി ചേർന്ന് അടുപ്പൊരുക്കി. 

വലിയ തിലോപ്പിയ വെട്ടി കഴുകി മുറിക്കാതെ ആഴത്തിൽ വരഞ്ഞ് എടുക്കണം . മുളക്, മഞ്ഞൾ, കുരുമുളക് പൊടികളും ഉപ്പും വിനാഗിരി ഒഴിച്ച് കുഴച്ച് അരപ്പാക്കിയത് മീനിൽ നന്നായി തേച്ച് പുരട്ടണം. ഒരു മണിക്കൂറോളം അതവിടെ ഇരിക്കട്ടെ ; ഈ നേരം കൊണ്ട് അടുപ്പൊരുക്കാം. 

നേരത്തെ വാങ്ങി വെച്ച കൽക്കരിയും രണ്ട് ചിരട്ടയും തീ പിടിപ്പിക്കാൻ എണ്ണ മുക്കിയ തുണിയും തയാറാക്കി വയ്ക്കുക. കർപ്പൂരം ഉണ്ടെങ്കിൽ തുണിയിൽ പൊതിഞ്ഞ് വെച്ചാൽ എളുപ്പം കത്തും.  പൂട്ടു കട്ട അടുക്കി അടുപ്പു പോലാക്കി ഇരുമ്പ് ചട്ടി വയ്ക്കാനുള്ള ഉയരം ഇട്ട് നെറ്റ് വയ്ക്കുക. ചട്ടിയിൽ ചിരട്ട വെച്ച് എണ്ണ മുക്കിയ തുണികത്തിച്ച് തീ പിടിച്ച് വരുമ്പോൾ കൽക്കരി മുകളിലേക്ക് വിതറുക , വിശറി കൊണ്ട് വീശി കനൽ എരിക്കാം. ഇരുട്ടിലാണങ്കിൽ കനൽ പറക്കുന്ന കാഴ്ച കുട്ടികൾക്ക് രസകരമായിരിക്കും. 

ചേരുവകൾ :

  • തിലോപ്പിയ വലുത് – 3
  • മുളക്പൊടി – 4 സ്പൂൺ
  • മഞ്ഞൾപ്പൊടി – 2 സ്പൂൺ
  • കുരുമുളക് പൊടി – 1 സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • വെളിച്ചെണ്ണ – ഒരു കപ്പ്
  • വിനാഗിരി – രണ്ട് സ്പൂൺ

കനൽ നന്നായി എരിഞ്ഞു വരുമ്പോൾ നേരത്തെ മസാല പുരട്ടി വച്ച മീൻ എടുത്ത്  ഗ്രില്ലിനു മുകളിൽ നിരത്താം. കറി വേപ്പില കൊണ്ട് വെളിച്ചെണ്ണ മീനിനു മുകളിൽ തൂത്തു കൊടുക്കാം. 10 മിനിറ്റിനു ശേഷം മീൻ കൊടിൽ കൊണ്ട് മറിച്ചിട്ട് ചെറുതായി എണ്ണ പകരാം. മറിച്ചിടുമ്പോൾ മീനിന്റെ തൊലി ചെറുതായി അടർന്ന് പോകാം , അവിടെ മീനിൽ‌ പുരട്ടിയ അരപ്പിന്റെ ബാക്കിയുള്ളത് പുരട്ടിക്കൊടുക്കാം. 10 മിനിറ്റ് കഴിഞ്ഞാൽ ഗ്രിൽഡ് തിലോപ്പിയ റെഡി... 

Grill-Fish
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com